അനായാസം അൽകാരസും ഷപവലോവിന്റെ 5 സെറ്റ് വെല്ലുവിളി അതിജീവിച്ചു റൂബ്ലേവും യു.എസ് ഓപ്പൺ അവസാന പതിനാറിൽ

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. അമേരിക്കൻ താരം ജെൻസൻ ബ്രൂക്സ്ബിയെ 6-3, 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തകർത്തത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സ്പാനിഷ് താരം എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. 28 സീഡ് ഡാനിഷ് താരം ഹാൾഗർ റൂണയെ 7-5, 6-4, 6-1 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത ബ്രിട്ടീഷ് ഒന്നാം നമ്പറും ഏഴാം സീഡും ആയ കാമറൂൺ നോറിയും അവസാന പതിനാറിൽ എത്തി. ആധികാരിക പ്രകടനം ആണ് ബ്രിട്ടീഷ് താരം പുറത്ത് എടുത്തത്.

യു.എസ് ഓപ്പൺ

ഒമ്പതാം സീഡ് റഷ്യയുടെ ആന്ദ്ര റൂബ്ലേവും 19 സീഡ് കാനഡയുടെ ഡെന്നിസ് ഷപവലോവും തമ്മിൽ 5 സെറ്റ് പൊരിഞ്ഞ പോരാട്ടം ആണ് കാണാൻ ആയത്. മത്സരത്തിൽ 23 ഏസുകൾ ഷപവലോവ് ഉതിർത്തപ്പോൾ 9 ഏസുകൾ റൂബ്ലേവും ഉതിർത്തു. 6-4 നു ആദ്യ സെറ്റ് നേടിയ റൂബ്ലേവ് രണ്ടും മൂന്നും സെറ്റുകൾ 6-2, 7-6 എന്ന സ്കോറിന് കൈവിട്ടു. നാലാം സെറ്റ് 6-4 നു നേടിയ റൂബ്ലേവ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. സൂപ്പർ ടൈബ്രൈക്കറിൽ ഒടുവിൽ 7-6/10-7 എന്ന സ്കോറിന് ജയം കണ്ടാണ് റൂബ്ലേവ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. അവസാന പതിനാറിൽ ആന്ദ്ര റൂബ്ലേവ് കാമറൂൺ നോറിയെ നേരിടും. അതേസമയം അർജന്റീനയുടെ 14 സീഡ് ഡീഗോ ഷ്വാർട്സ്മാനെ 7-6, 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ചു അമേരിക്കയുടെ 22 സീഡ് ഫ്രാൻസസ് ടിയഫോയും അവസാന പതിനാറിൽ എത്തി.