അനായാസജയവുമായി തീമും, ഷ്വാർട്ട്സ്മാനും ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിൽ

20201001 015143
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിൽ അനായാസജയവുമായി കളിമണ്ണ് കോർട്ടിലെ രാജകുമാരൻ ഡൊമിനിക് തീം. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജാക്ക് സോക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മൂന്നാം സീഡ് ആയ ഓസ്ട്രിയൻ താരം മറികടന്നത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത തീം 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ആദ്യ രണ്ടു സെറ്റുകളിൽ കാര്യമായ വെല്ലുവിളി നേരിടേണ്ടി വരാതിരുന്ന തീം 6-1, 6-3 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകളും കയ്യിലാക്കി. മൂന്നാം സെറ്റിൽ പൊരുതിയ ജാക്ക് സോക്ക് സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. എന്നാൽ ടൈബ്രേക്കറിൽ ജയം കണ്ട തീം മത്സരം സ്വന്തം പേരിൽ കുറിച്ചു.

സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം ലോറൻസോ ഗുസ്റ്റിനോയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മികച്ച ഫോമിലുള്ള അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാൻ മറികടന്നത്. 12 സീഡ് ആയ ഷ്വാർട്ട്സ്മാൻ മത്സരത്തിൽ 10 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-1 നു അനായാസം നേടിയ ഷ്വാർട്ട്സ്മാൻ പക്ഷെ രണ്ടാം സെറ്റിൽ മികച്ച വെല്ലുവിളി നേരിട്ടു. എങ്കിലും 7-5 നു സെറ്റ് കയ്യിലാക്കിയ ഷ്വാർട്ട്സ്മാൻ മത്സരം കയ്യെത്തും ദൂരെയാക്കി. മൂന്നാം സെറ്റിൽ എതിരാളിക്ക് ഒരു പോയിന്റ് പോലും നൽകാതിരുന്ന അർജന്റീനൻ താരം തന്റെ മികവിലേക്ക് ഉയർന്നപ്പോൾ 6-0 നു മൂന്നാം സെറ്റും മത്സരവും ഷ്വാർട്ട്സ്മാനു സ്വന്തം.

Advertisement