ആരു ജയിച്ചാലും ചരിത്രം! ഇത് നൂറ്റാണ്ടിന്റെ ടെന്നീസ് മത്സരം!

Img 20201011 Wa0327
- Advertisement -

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നൊവാക് ജ്യോക്കോവിച്ചും റാഫേൽ നദാലും നേർക്കുനേർ വരുമ്പോൾ അത് ചിലപ്പോൾ ഈ നൂറ്റാണ്ടിന്റെ തന്നെ മത്സരം എന്നു വിലയിരുത്തപ്പെടുന്നത് വെറുതെയല്ല. ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു താരങ്ങൾ നേർക്കുനേർ വരുമ്പോൾ റോളണ്ട് ഗാരോസിൽ തീപാറും എന്നുറപ്പാണ്. ഒന്നാം സീഡ് ആയ സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ചും രണ്ടാം സീഡ് ആയ റാഫേൽ നദാലും ഇത് 56 മത്തെ പ്രാവശ്യം ആണ് നേർക്കുനേർ വരിക. ടെന്നീസ് കണ്ട ഏറ്റവും വലിയ ശത്രുതകളിൽ ഒന്നാണ് ജ്യോക്കോവിച്ച് നദാൽ പോരാട്ടം. ഇത് വരെ കളിച്ച 55 മത്സരങ്ങളിൽ 29 തവണ ജ്യോക്കോവിച്ച് ജയിച്ചപ്പോൾ 26 തവണ നദാലും ജയം കണ്ടു. ഫൈനലുകളിൽ 26 തവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ ജ്യോക്കോവിച്ച് 15 തവണയും നദാൽ 11 തവണയും ജയം കണ്ടു.

ഗ്രാന്റ് സ്‌ലാമുകളിൽ ഇരുവരും 15 തവണയാണ് നേർക്കുനേർ വന്നത്. അതിലും നദാൽ ആണ് മുന്നിൽ, 9 തവണ ഗ്രാന്റ് സ്‌ലാമിൽ നദാൽ ജയം കണ്ടപ്പോൾ 6 തവണ ജ്യോക്കോവിച്ച് ജയം കണ്ടു. വിംബിൾഡണിൽ കളിച്ച 3 കളികളിൽ രണ്ടെണ്ണത്തിൽ ജ്യോക്കോവിച്ച് ജയം കണ്ടപ്പോൾ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിച്ച 2 കളികളിലും സെർബിയൻ താരം ജയം കണ്ടു. അതേസമയം യു.എസ് ഓപ്പണിൽ മൂന്നിൽ രണ്ട് കളിയും ജയിച്ച നദാൽ ആണ് മുന്നിൽ. കളിമണ്ണ് കോർട്ടിലെ ദൈവം ആയ നദാലിനെ ഒരിക്കൽ ഫ്രഞ്ച് ഓപ്പണിൽ തോൽപ്പിച്ച ചരിത്രവും ഉണ്ട് ജ്യോക്കോവിച്ചിന്. ഇത് വരെ റോളണ്ട് ഗാരോസിൽ 7 തവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ 2015 ൽ ജ്യോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ നദാലിനെ വീഴ്‌ത്തി. ഫ്രഞ്ച് ഓപ്പണിൽ നദാൽ വഴങ്ങിയ വെറും രണ്ടാമത്തെ മാത്രം തോൽവി ആയിരുന്നു ഇത്.

ഫ്രഞ്ച് ഓപ്പണിൽ നദാലിനെ വീഴ്ത്തുക എന്നത് അസാധ്യം തന്നെയാണ്. ഇത് വരെ കളിച്ച 12 ഫൈനലിലും ജയം നദാലിന് ഒപ്പം ആയിരുന്നു. 2016 ൽ കിരീടം ഉയർത്താൻ ആയ ജ്യോക്കോവിച്ചിനു രണ്ടാം ഫ്രഞ്ച് ഓപ്പൺ ഉയർത്തണം എങ്കിൽ അത്ഭുതം തന്നെയാണ് കാണിക്കേണ്ടത്. അതേസമയം നദാൽ അത്ര ഫോമിലല്ല എന്നത് വസ്തുത ആണ്. ആരു ജയിച്ചാലും റോളണ്ട് ഗാരോസിൽ ഇന്ന് പിറക്കുക ചരിത്രം ആണ്. നദാൽ ജയിച്ചാൽ അത് നൂറാം ഫ്രഞ്ച് ഓപ്പൺ ജയവും, 13 മത്തെ കിരീടവും, 20 മത്തെ ഗ്രാന്റ് സ്‌ലാം നേട്ടവും ആവും. മറുവശത്ത് ജ്യോക്കോവിച്ച് ജയിക്കുക ആണെങ്കിൽ അത് താരത്തിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടവും 18 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും ആവും. അതോടൊപ്പം ഒരു പുരുഷ ടെന്നീസ്‌ താരത്തിനും ഓപ്പൺ യുഗത്തിൽ ചെയ്യാൻ ആവാത്ത നാലു ഗ്രാന്റ് സ്‌ലാം കിരീടവും ഒന്നിൽ കൂടുതൽ തവണ നേടുക എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ നേട്ടവും ജ്യോക്കോവിച്ച് ഇന്ന് ജയിക്കുക ആണെങ്കിൽ കൈവരിക്കും. അതിനാൽ തന്നെ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ടെന്നീസ് മത്സരങ്ങളിൽ ഒന്നായി ഇത് മാറും. നദാലിന്റെ വീഴ്ചകൾ മുതലാക്കി നദാലിനെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ വീഴ്ത്തുക എന്ന അസാധ്യനേട്ടം ജ്യോക്കോവിച്ച് കൈവരിക്കുമോ എന്നു കാത്തിരുന്നു കാണാം.

Advertisement