ഓസ്‌ട്രേലിയയിലെ കാട്ട് തീയെയും അതിജീവിച്ച് വർഷത്തിലെ ആദ്യ ഗ്രാന്റ് സ്‌ലാം ആയ ഓസ്‌ട്രേലിയൻ ഓപ്പണ് മുമ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ തുടക്കം. ആദ്യ ദിനമായ ഇന്ന് പുരുഷവിഭാഗത്തിൽ ഏതാണ്ട് അനായാസമായ തുടക്കം ആണ് പ്രമുഖ താരങ്ങൾക്ക് ലഭിച്ചത്. രാവിലെ സീഡ് ചെയ്യാത്ത അമേരിക്കൻ താരം സ്റ്റീവ് ജോൺസന് എതിരെ തന്റെ മികച്ച പ്രകടനം ആണ് 20 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ സ്വിസ് ഇതിഹാസതാരം റോജർ ഫെഡറർ പുറത്തെടുത്തത്. ഇത്തവണ ഓസ്‌ട്രേലിയയിൽ മൂന്നാം സീഡ് ആയ ഫെഡറർ 82 മിനിറ്റ് നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജോൺസന്റെ വെല്ലുവിളി അവസാനിപ്പിച്ചു. 6-3,6-2,6-2 എന്ന സ്കോറിന് അവസാനിച്ച മത്സരത്തിൽ ഉടനീളം പൂർണ്ണ ആധിപത്യം ആണ് ഫെഡറർ പുറത്തെടുത്തത്.
ഈ മികച്ച തുടക്കം ടൂർണമെന്റിൽ ഫെഡറർക്ക് വലിയ ആത്മവിശ്വാസം ആവും പകരുക. 2020 ൽ ആദ്യ മത്സരം കളിച്ച ഫെഡറർക്ക് വർഷത്തിലെ ആദ്യ ജയം കൂടിയായിരുന്നു ഇത്. അതേസമയം ഈ വർഷം അടുത്ത തലമുറയിൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്ന എ. ടി. പി ജേതാവ് കൂടിയായ ആറാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് തന്റെ തുടക്കം അതിഗംഭീരമാക്കി. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം കരൂസോക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട ഗ്രീക്ക് താരം തന്നെ അത്ര എളുപ്പം കിരീടപോരാട്ടത്തിൽ നിന്ന് എഴുതി തള്ളേണ്ട എന്ന വ്യക്തമായ സൂചന നൽകി. ആദ്യ സെറ്റിൽ എതിരാളിക്ക് ഒരു പോയിന്റ് പോലും നൽകാതിരുന്ന ഗ്രീക്ക് താരം രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-3 നും സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
അതേസമയം ഓസ്‌ട്രേലിയൻ താരം ആൻഡ്രൂ ഹാരിസിനെ മറികടന്ന് യുവ ഇറ്റാലിയൻ താരം എട്ടാം സീഡ് മാറ്റിയോ ബരേറ്റിനിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ബരേറ്റിനിയുടെ ജയം. സ്‌കോർ : 6-3,6-1,6-3. അതേസമയം 18 സീഡ് ഗ്രിഗോർ ദിമിത്രോവും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അർജന്റീനയുടെ ലോണ്ടേറോക്ക് എതിരെ ആദ്യ സെറ്റ് 4-6 നു നഷ്ടമായ ശേഷം ആയിരുന്നു ദിമിത്രോവിന്റെ ജയം. സ്‌കോർ : 4-6, 6-2,6-0,6-4.