ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി ഷാപോവലോവ്

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി കാനഡയുടെ യുവതാരവും 13 സീഡുമായ ഡെന്നിസ് ഷാപോവലോവ്. മാർട്ടൺ ഫുസോവിക്സ് ആണ് കനേഡിയൻ താരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അന്ത്യമിട്ടത്. നാല് സെറ്റ് നീണ്ട മത്സരത്തിൽ പക്ഷെ തന്റെ മികച്ച പ്രകടനം നടത്താൻ കനേഡിയൻ താരത്തിന് ആയില്ല. ആദ്യ സെറ്റ് 6-3 നു കൈവിട്ട ഷാപോവലോവ് രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ തിരിച്ചു പിടിച്ചു എങ്കിലും മൂന്നാം സെറ്റ് 6-1 നു സ്വന്തമാക്കിയ മാർട്ടൺ മത്സരത്തിൽ ആധിപത്യം പിടിച്ചു. നാലാം സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടാൻ ഷാപോവലോവിന് ആയെങ്കിലും അനിവാര്യമായ തോൽവി പക്ഷെ ഒഴിവാക്കാൻ ആയില്ല.

അതേസമയം 25 സീഡ് ക്രൊയേഷ്യയുടെ ബോർണ കോരിക്കും ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ വലിയ സർവീസുകൾക്ക് പേര് കേട്ട സീഡ് ചെയ്യാത്ത സാം ക്യൂറേയാണ് കോരിക്കിനെ അട്ടിമറിച്ചത്. 6-3,6-4,6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ക്യൂറേയുടെ ജയം. മത്സരത്തിൽ 18 ഏസുകൾ ആണ് അമേരിക്കൻ താരം ഉതിർത്തത്. അതേസമയം 22 സീഡ് അർജന്റീനയുടെ പെല്ല ഓസ്‌ട്രേലിയൻ താരം ജോൺ പാട്രിക്‌ സ്മിത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ – 6-3,7-5,6-4.

Previous articleഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഫെഡറർ, സ്റ്റിസ്റ്റിപാസ്
Next articleഅൽ മദീനയ്ക്ക് സീസണിലെ ആദ്യ ഫൈനൽ യോഗ്യത