ആരുണ്ട് തടുക്കാൻ? പുരുഷടെന്നീസിലെ തുടരുന്ന ബിഗ് 3 ആധിപത്യം!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ടെന്നീസിൽ 2017 ഓസ്‌ട്രേലിയൻ ഓപ്പൺ മുതൽ ഈ ഓസ്‌ട്രേലിയൻ ഓപ്പൺ വരെ നടന്ന 13 ഗ്രാന്റ് സ്‌ലാമുകളിൽ ജേതാക്കൾ ആയത് 11 പേര് ആണ്. സെറീന വില്യംസിൽ തുടങ്ങി സോഫിയ കെനിൻ വരെയുള്ള ജേതാക്കളിൽ ഒട്ടുമിക്ക താരങ്ങൾക്കും അത്‌ തങ്ങളുടെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടവും ആയിരുന്നു. ആഷ്‌ലി ബാർട്ടിയും, നയോമി ഒസാക്കയും, ബിയാങ്ക ആന്ദ്രീസ്ക്കയും ഇപ്പോൾ സോഫിയ കെനിനും വരെ പുതിയ താരങ്ങളുടെ ഉയർച്ച ആണ് ഈ കാലഘട്ടം കണ്ടത്. സെറീന വില്യംസിന്റെ ആധിപത്യം കൊണ്ട് ഒരുകാലത്ത് വിരസം ആയ വനിത ടെന്നീസ് ഒരു പ്രവചനങ്ങൾക്കും പിടി തരാത്ത, ആർക്കും ജയിക്കാവുന്ന ഒരു ഇനം ആയി മാറിയത് ആരാധകർക്കും ആവേശം പകർന്നു. എന്നാൽ സമാനമായ കാലത്ത് എന്താണ് പുരുഷ ടെന്നീസിൽ നടന്നത് എന്നു നോക്കിയാൽ എന്താണ് കാണാൻ ആവുക. 2016 യു.എസ് ഓപ്പണിൽ സ്വിസ് താരം സ്റ്റാൻ വാവറിങ്ക കിരീടം ഉയർത്തിയ ശേഷം നടന്ന 13 ഗ്രാന്റ് സ്‌ലാമുകൾ 3 പേരിൽ മാത്രം ഒതുങ്ങി. അതെ ടെന്നീസ് കണ്ട ഏറ്റവും മഹത്തായ ആ മൂന്ന് പേരിൽ തന്നെ, ആ പ്രസിദ്ധമായ ബിഗ് 3 ൽ തന്നെ. മറ്റ് താരങ്ങൾക്ക് സ്വപ്നം കാണാൻ പോലും ആവാത്ത ഉയരത്തിൽ അവർ ഗ്രാന്റ് സലാമിനെ ഈ കാലയളവിൽ പ്രതിഷ്ഠിച്ചു എന്ന് പറയുന്നത് ആവും ശരി.

2017 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം റോജർ ഫെഡറർ ഉയർത്തിയ ശേഷം നൊവാക് ജ്യോക്കോവിച്ച് ഉയർത്തിയ ഈ ഓസ്‌ട്രേലിയൻ ഓപ്പൺ വരെ നടന്ന 13 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും സ്വിസ് ഇതിഹാസം റോജർ ഫെഡറർ, സ്പാനിഷ് താരം റാഫേൽ നദാൽ, സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ച് എന്നിവർ വീതിച്ച് എടുത്തു. 13 ൽ 2017, 2018, 2019 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും 2017, 2019 യു.എസ് ഓപ്പൺ കിരീടങ്ങളും അടക്കം 5 കിരീടങ്ങൾ റാഫേൽ നദാൽ നേടിയപ്പോൾ 2017, 2018 ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങളും 2017 വിംബിൾഡൺ കിരീടവും നേടിയ റോജർ ഫെഡറർ 3 സ്‌ലാമുകൾ സ്വന്തമാക്കി. ജ്യോക്കോവിച്ച് ആവട്ടെ 2018, 2019 വിംബിൾഡൺ കിരീടങ്ങളും 2019, 2020 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾക്കും ഒപ്പം 2018 ലെ യു.എസ് ഓപ്പൺ കിരീടവും അടക്കം 5 ഗ്രാന്റ് സ്‌ലാമുകൾ സ്വന്തം പേരിൽ കുറിച്ചു. ഇതിനിടയിൽ നടന്ന എ. ടി. പി 1000 മാസ്റ്റേഴ്സ്കളിലും അടക്കം വലിയ ആധിപത്യം ഈ മൂന്ന് താരങ്ങൾ പുലർത്തിയിട്ടും ഉണ്ട്. റാങ്കിംഗിൽ ആവട്ടെ ഇപ്പോഴും ഇവർ തന്നെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

ഇത് മാത്രമല്ല ഈ നടന്ന മിക്ക ഗ്രാന്റ് സ്‌ലാം ഫൈനലുകളിലും മൂന്ന് താരങ്ങളിൽ ആരെങ്കിലും 2 പേർ ആയിരുന്നു മത്സരിച്ചത് എന്ന് അറിയുമ്പോൾ ആണ് ഈ ആധിപത്യം എത്രത്തോളം ആണെന്ന് മനസ്സിലാവുക. ഇത്തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലും പുതിയ തലമുറയുടെ പോരാട്ടം ഫൈനലിൽ ഡൊമനിക് തീമിലൂടെ അവസാനിച്ചപ്പോൾ തുടർന്നത് ഈ സാമാനതകൾ ഇല്ലാത്ത ബിഗ് 3 യുടെ ആധിപത്യം തന്നെയാണ്. 38 കാരൻ ആയ റോജർ ഫെഡറർ 20 ഗ്രാന്റ് സ്‌ലാമുകളും ആയി മുന്നിൽ നിൽക്കുമ്പോൾ 19 കിരീടവും ആയി 33 കാരൻ ആയ നദാൽ രണ്ടാമതും 32 കാരൻ ആയ ജ്യോക്കോവിച്ച് 17 കിരീടവും ആയി മൂന്നാമതും ആണ്. മാത്രമല്ല 2003 ൽ ആദ്യമായി ഫെഡറർ ഗ്രാന്റ് സ്‌ലാം കിരീടം നേടിയ ശേഷം നടന്ന 66 ഗ്രാന്റ് സ്‌ലാമുകളിൽ 56 ലും ബിഗ് 3 കിരീടം ഉയർത്തിയത് എന്നതിൽ ഇവരുടെ ആധിപത്യം തെളിഞ്ഞു കാണാം. ചിലപ്പോൾ വേറെ ഏതൊരു കായിക ഇനത്തിലും ഒരു കാലത്തും ആ ഇനത്തിൽ ഏറ്റവും മഹത്തായ താരം എന്നു വിളിക്കുന്ന 3 താരങ്ങൾ തമ്മിൽ ഒരേകാലഘട്ടത്തിൽ ഇത് പോലൊരു മത്സരം നടന്ന് കാണില്ല എന്നുറപ്പാണ്. ഈ ആധിപത്യത്തെ പോരാട്ടത്തെ ഒരു ഭാഗ്യം ആയി കാണുന്ന ആരാധകർ ആണ് അധികം എങ്കിലും ഇതിനെ വിരസമാണ് എന്ന് വിളിക്കുന്ന ഒരു ചെറിയ വിഭാഗവും ഇതിനിടയിൽ ഉണ്ട്.

ആർക്ക് ബിഗ് 3 യുടെ ഈ അവിശ്വസനീയമായ കുതിപ്പ് തടയാൻ ആവും എന്ന ചോദ്യം ആണ് പല ടെന്നീസ് ആരാധകരും ഉയർത്തുന്നത്. ഇവരുടെ തലമുറയിലെ തന്നെ മുമ്പ് ഗ്രാന്റ് സ്‌ലാം നേടിയ സ്റ്റാൻ വാവറിങ്കക്കോ, മാരിൻ സിലിച്ചിനോ അതിന് ഒരിക്കൽ കൂടി ആവില്ല എന്നു കരുതുന്ന ആരാധകർ പ്രതീക്ഷ വക്കുന്നത് പുതിയ തലമുറ എന്ന് കേളികേട്ട ഡാനിൽ മെദ്വദേവിലും സ്റ്റെഫാൻ സ്റ്റിസ്റ്റിപാസിലും അലക്‌സാണ്ടർ സെറവിലും ഇവരെക്കാൾ ലേശം പ്രായമുള്ള ഡൊമനിക് തീമിലും ആണ്. രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിന് മുമ്പിൽ തോറ്റ ഇത്തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ജ്യോക്കോവിച്ചിനോട് തോറ്റ തീം തന്നെയാണ് കൂട്ടത്തിൽ ഇത് വരെ ഗ്രാന്റ് സ്‌ലാമുകളിൽ ഏറ്റവും കൂടുതൽ തിളങ്ങിയ താരം. ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ട് തവണ തന്റെ വഴി മുടക്കിയ നദാലിനെ മറികടക്കാൻ തീമിനു ആയി എങ്കിലും ജ്യോക്കോവിച്ചിനു മുന്നിൽ ഓസ്ട്രിയൻ താരം വീണു. അതേസമയം കഴിഞ്ഞ യു.എസ് ഓപ്പൺ ഫൈനലിൽ സമാനമായ വിധി ആയിരുന്നു റഷ്യൻ താരം മെദ്വദേവിനെയും കാത്തിരുന്നത്. ഫൈനലിൽ നദാലിനോട് പൊരുതിയ ശേഷം വീണു മെദ്വദേവ് യു.എസ് ഓപ്പണിൽ. അതേസമയം 2018 ൽ എ. ടി. പി മാസ്റ്റേഴ്സ് കിരീടം ഉയർത്തിയ ജർമ്മൻ താരം അലക്‌സാണ്ടർ സാഷ സെറവ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിയിൽ ആണ് ഇത്തവണ കടന്നത്. ഗ്രീക്ക് താരമായ സ്റ്റിസ്റ്റിപാസ് ആവട്ടെ കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫെഡററെ വീഴ്ത്തി തന്റെ മൂല്യം എന്താണ് എന്നും തെളിയിച്ചു കൂടാതെ 2019 ലെ എ. ടി. പി മാസ്റ്റേഴ്സ് കിരീടവും ഉയർത്തി. എന്നാൽ ഈ പുതിയ തലമുറ അടുത്ത് എങ്ങാനും ബിഗ് 3 യെ ഗ്രാന്റ് സ്‌ലാമിൽ വീഴ്ത്തുമോ അല്ല ടെന്നീസിൽ പതിവ് കാഴ്ചകൾ തുടരുമോ എന്ന ചോദ്യത്തിന് ഉത്തരത്തിനു തന്നെയാവും ടെന്നീസിൽ ആരാധകർ കാത്തിരിക്കുന്നത്.