ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യൻ താരം സുമിത് നാഗൽ ആദ്യ റൗണ്ടിൽ പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷ ആയിരുന്ന സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. കഴിഞ്ഞ 2 യു.എസ് ഓപ്പണുകളിൽ രണ്ടാം റൗണ്ടിൽ ഡൊമനിക് തീമിനെതിരെയും ഒന്നാം റൗണ്ടിൽ സാക്ഷാൽ റോജർ ഫെഡറർക്ക് എതിരെയും പുറത്തെടുത്ത പോരാട്ടവീര്യം കൊണ്ട് ശ്രദ്ധേയനായ നാഗൽക്ക് പക്ഷെ ഇത്തവണ എതിരാളിക്ക് മേൽ വലിയ വെല്ലുവിളി ഒന്നും ഉയർത്താൻ ആയില്ല. റികാർഡസ് ബെരാങ്ക്സിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ താരം പരാജയം ഏറ്റു വാങ്ങിയത്.

മത്സരത്തിൽ 11 ബ്രൈക്ക് പോയിന്റ് അവസരങ്ങൾ സൃഷ്ടിച്ച സുമിത്തിനു പക്ഷെ രണ്ടെണ്ണം മാത്രം ആണ് ജയിക്കാൻ ആയത്. അതേസമയം 6 ബ്രൈക്ക് പോയിന്റുകൾ വഴങ്ങുകയും ചെയ്തു. ആദ്യ സെറ്റ് 6-2 നു നഷ്ടമായ ശേഷം രണ്ടാം സെറ്റിൽ പൊരുതി നോക്കിയെങ്കിലും അവസാന സർവീസ് ബ്രൈക്ക് ചെയ്ത റികാർഡസ് സെറ്റ് 7-5 നു നേടി. മൂന്നാം സെറ്റ് 6-3 നു കൈവിട്ടതോടെ ഇന്ത്യൻ താരത്തിന്റെ ഓസ്‌ട്രേലിയൻ ഓപ്പൺ സ്വപ്നങ്ങൾക്ക് അവസാനം ആയി. കഴിഞ്ഞ വർഷങ്ങളിൽ ഗ്രാന്റ് സ്‌ലാം വേദിയിൽ ഇന്ത്യൻ പതാക ഏന്തുന്ന സുമിത് തുടർന്നും അത് തുടരാൻ തന്നെയാവും ശ്രമിക്കുക.

Previous articleപാപയുടെ ഇരട്ട ഗോളിൽ പഞ്ചാബിന് ജയം
Next articleചെന്നൈ സിറ്റി വിജയ വഴിയിൽ തിരികെയെത്തി