വിടവാങ്ങൽ ചോദ്യങ്ങൾക്ക് മുന്നിൽ കണ്ണീരണിഞ്ഞു സെറീന വില്യംസ്

Serena Williams Australian Open

വിടവാങ്ങൽ അഭ്യൂഹങ്ങൾ ശക്തമാവുന്നതിനു പിറകെ വാർത്ത സമ്മേളനത്തിൽ വികാരീതയായി സെറീന വില്യംസ്. ഇന്ന് നയോമി ഒസാക്കക്ക് എതിരായ സെമിഫൈനൽ മത്സരശേഷം സെറീന വില്യംസ് ആരാധകരെ അഭിവാദ്യം ചെയ്ത രീതി താരത്തിന്റെ അവസാനത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരം ആണ് ഇതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരുന്നു. ചിലപ്പോൾ ഈ വർഷം യു.എസ് ഓപ്പണിന് ശേഷം സെറീന വിരമിക്കൽ പ്രഖ്യാപിക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനെ തുടർന്നുള്ള ചോദ്യങ്ങൾ ആണ് സെറീനയെ വികാരീതയാക്കിയത്.

വിടവാങ്ങുക ആണെങ്കിൽ താൻ ആരോടും പറയാതെ ആവും ആ തീരുമാനം എടുക്കുക എന്നാണ് വിടവാങ്ങൽ ചോദ്യങ്ങൾക്ക് സെറീന നൽകിയ ഉത്തരം. തുടർന്ന് കണ്ണീരണിഞ്ഞ സെറീന മത്സരം കഴിഞ്ഞ വാർത്താസമ്മേളനത്തിൽ നിന്നു പെട്ടെന്ന് പുറത്ത് പോവുകയും ചെയ്തു. ഏറ്റവും കൂടുതൽ സിംഗിൾസ് ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡ് പിന്തുടരുന്ന സെറീന നിലവിൽ 1 ഗ്രാന്റ് സ്‌ലാം മാത്രം പിറകിൽ ആണ്. നിലവിൽ കോർട്ടിനു 24 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ഉള്ളപ്പോൾ സെറീനക്ക് 23 എണ്ണം ആണുള്ളത്. ഈ റെക്കോർഡ് മറികടന്ന ശേഷം സെറീന വിരമിക്കും എന്ന പ്രതീക്ഷയിൽ ആണ് ലോകമെങ്ങുമുള്ള സെറീന വില്യംസ് ആരാധകർ. എന്നാൽ 39 കാരിയായ സെറീനക്ക് ഇനിയൊരു ഗ്രാന്റ് സ്‌ലാം ഉയർത്താനുള്ള ബാല്യം ഉണ്ടോ എന്ന് കണ്ടറിയണം.

Previous articleഫിഞ്ചിനും ഹെയില്‍സിനും ജേസണ്‍ റോയയ്ക്കും ആവശ്യക്കാരില്ല, ആദ്യ സെറ്റില്‍ വിറ്റ് പോയത് സ്റ്റീവ് സ്മിത്ത് മാത്രം
Next articleമുസ്തഫിസുർ റഹ്മാൻ രാജസ്ഥാൻ റോയൽസിൽ