ഓസ്‌ട്രേലിയൻ ഓപ്പണിൽ ഓസ്‌ട്രേലിയയുടെ 4 പതിറ്റാണ്ട് നീണ്ട കിരീട കാത്തിരിപ്പ് അവസാനിപ്പിച്ചു ആഷ് ബാർട്ടി

Wasim Akram

Ashbarty2

വനിത വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടി ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി. 1978 നു ശേഷം ഇത് ആദ്യമായാണ് ഒരു ഓസ്‌ട്രേലിയൻ താരം ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗത്തിൽ കിരീടം നേടുന്നത്. ഫൈനലിൽ 27 സീഡ് ആയ അമേരിക്കൻ താരം ഡാനിയേൽ കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ബാർട്ടി കിരീടം ചൂടിയത്. ടൂർണമെന്റിൽ ഒരു സെറ്റ് പോലും കൈവിടാതെ ഫൈനലിൽ എത്തിയ ബാർട്ടി ആദ്യ സെറ്റിൽ ആ മികവ് തുടർന്നു. നിർണായക ബ്രൈക്ക് സെറ്റിൽ നേടിയ ബാർട്ടി മികച്ച സർവീസ് ഗെയിമുകളും ആയി സെറ്റ് 6-3 നു നേടി ഓസ്‌ട്രേലിയൻ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകി.

Ashbarty

അനായാസം ആയി ബാർട്ടി ജയിക്കും എന്നു കരുതിയ മത്സരത്തിൽ രണ്ടാം സെറ്റിൽ കോളിൻസ് തിരിച്ചടിച്ചു. ഇരട്ട ബ്രൈക്ക് നേടി ഒരു ഘട്ടത്തിൽ 5-1 നു സെറ്റിൽ മുന്നിലെത്തി അമേരിക്കൻ താരം. എന്നാൽ ബാർട്ടിയുടെ മികവിന് മുന്നിൽ അമേരിക്കൻ താരം വീണു പോവുന്നത് ആണ് പിന്നീട് കണ്ടത്. ഇരട്ട ബ്രൈക്ക് നേടി തിരിച്ചടിച്ച ബാർട്ടി സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ഒടുവിൽ അനായാസം ടൈബ്രേക്കറിലും ജയം കണ്ട ആഷ് ബാർട്ടി 44 വർഷത്തെ ഓസ്‌ട്രേലിയൻ കാത്തിരിപ്പിന് അന്ത്യം കുറിച്ചു. മത്സരത്തിൽ 10 ഏസുകൾ ആണ് ബാർട്ടി ഉതിർത്തത്. സമീപകാലത്ത് എതിരാളികൾ ഇല്ലാതെ കുതിക്കുന്ന ആഷ് ബാർട്ടിക്ക് വരുന്ന ഗ്രാന്റ് സ്‌ലാമുകളിൽ ഇത് വലിയ ഊർജ്ജം ആവും എന്നുറപ്പാണ്. ബാർട്ടിയെ തടയുക എന്നത് ആവും ഡബ്യു.ടി.എ ടൂറിൽ മറ്റ് താരങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി.