ഫെഡറർക്ക് പുറകെ എ ടി പി ഫൈനൽസിൽ നദാലിനും തോൽവിയോടെ തുടക്കം

എ. ടി. പി ഫൈനൽസിൽ റോജർ ഫെഡറർക്ക് പുറകെ ഒന്നാം സീഡ് റാഫേൽ നദാലിനും ആദ്യ മത്സരത്തിൽ തോൽവി. നിലവിലെ ജേതാവ് അലക്‌സാണ്ടർ സെവർവ്വ് ആണ് നദാലിനെ തോൽപ്പിച്ചത്. ഇത് വരെ നേരിട്ട 5 മത്സരങ്ങളിലും നദാലിനെ തോൽപ്പിക്കാൻ ആവാതിരുന്ന സെവർവ്വിനു ഇത് വലിയ ആത്മവിശ്വാസം ആവും നൽകുക. ആന്ദ്ര അഗാസി ഗ്രൂപ്പിൽ ഇനി ഡാനിൽ മെദ്വദേവ്, സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് എന്നിവരെ നേരിടേണ്ട നദാൽക്ക് വരും മത്സരങ്ങളിൽ ഇനി ജയം നിർബന്ധമാണ്. തന്റെ ആദ്യ എ. ടി. പി ഫൈനൽസ് കിരീടവും വർഷാവസാനത്തെ ഒന്നാം റാങ്കും ലക്ഷ്യമിടുന്ന നദാലിന് ടൂർണമെന്റിൽ സെമിഫൈനലിൽ എങ്കിലും എത്തേണ്ടതുണ്ട്.

മുമ്പ് ഫെഡറർ, ജ്യോക്കോവിച്ച് എന്നിവരെ എ. ടി. പി ഫൈനൽസിൽ തോൽപ്പിച്ച സെവർവ്വിനു ഈ ജയം നിർണായകമാവും. ആദ്യ സെറ്റിൽ നദാൽ തന്റെ മികവിലേക്ക്‌ ഉയരാതിരുന്നപ്പോൾ ഒന്നിന് പിറകെ ഒന്നായി സർവ്വീസ് ഭേദിച്ച ജർമ്മൻ താരം 6-2 നു ആദ്യ സെറ്റ് സ്വന്തമാക്കി നയം വ്യക്തമാക്കി. രണ്ടാം സെറ്റിൽ നദാലിന്റെ ആദ്യ സർവ്വീസ് തന്നെ ഭേദിച്ച സെവർവ്വിന്റെ സർവ്വീസ് തുടർന്ന് ഭേദിച്ച് പൊരുതാനുള്ള ശ്രമം നദാൽ നടത്തിയെങ്കിലും സെവർവ്വ് വിട്ട് കൊടുത്തില്ല. നദാലിന്റെ സർവ്വീസ് അത്ര മികവ് പുലർത്താതിരുന്നപ്പോൾ ഇത് കൃത്യമായി മുതലെടുത്തു സെവർവ്വ്. 6-4 നു രണ്ടാം സെറ്റും മത്സരവും ജർമ്മൻ താരം കൈക്കലാക്കി. എ. ടി. പി ഫൈനൽസിൽ ഇന്ന് റോജർ ഫെഡറർ മാറ്റിയോ ബരേറ്റിനിയെ നേരിടുമ്പോൾ ജയം തുടരാൻ നൊവാക് ജ്യോക്കോവിച്ച്, ഡൊമനിക് തീം എന്നിവർ മുഖാമുഖം വരും

Previous articleഉനായ് എമെറിയെ പുറത്താക്കില്ല, പിന്തുണയുമായി ആഴ്സണൽ ബോർഡ്
Next articleമാറ്റ്യുഡിക്ക് പരിക്ക്, ആഴ്സണൽ യുവതാരം ഫ്രഞ്ച് ടീമിൽ