പോസിറ്റീവായി യസീര്‍ ഷായുടെയും ബാബര്‍ അസമിന്റെയും പ്രകടനങ്ങള്‍ മാത്രം

ഓസ്ട്രേലിയയ്ക്കെതിരെ ഇരു ടെസ്റ്റുകളിലും ഇന്നിംഗ്സ് തോല്‍വി ഏറ്റുവാങ്ങിയ ശേഷം പരമ്പരയില്‍ നിന്ന് തങ്ങളുടെ പോസ്റ്റീവ് വശത്തെക്കുറിച്ച് പറഞ്ഞ് ക്യാപ്റ്റന്‍ അസ്ഹര്‍ അലി. പരമ്പരയില്‍ യസീര്‍ ഷായും ബാബര്‍ അസമും മാത്രമാണ് പാക്കിസ്ഥാന് ഓര്‍ത്തിരിക്കുവാനുള്ള നിമിഷങ്ങള്‍ തന്നതെന്ന് പറഞ്ഞ് അസ്ഹര്‍ അലി.

ഓരോ ഇന്നിംഗ്സിലും യസീര്‍ ഷാ മികച്ച രീതിയിലാണ് പൊരുതിയത്. അതേ സമയം ബാബര്‍ അസം ടീമിന്റെ വലിയ താരമായി ഭാവിയില്‍ മാറുമെന്ന സൂചന നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ടീമെന്ന നിലയില്‍ ഒട്ടനവധി കാര്യങ്ങള്‍ പാക്കിസ്ഥാന്‍ മെച്ചപ്പെടാനുണ്ടെന്നും അസ്ഹര്‍ അലി പറഞ്ഞു. ബൗളിംഗ് യൂണിറ്റ് റണ്‍സ് നിയന്ത്രിക്കാനും ഫീല്‍ഡിംഗില്‍ താരങ്ങള്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനുണ്ടെന്ന് പറഞ്ഞ അസ്ഹര്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുവാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിയണമെന്നും അഭിപ്രായപ്പെട്ടു.

തങ്ങള്‍ക്ക് ആതിഥ്യം വഹിച്ച ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നന്ദി പറഞ്ഞ അസ്ഹര്‍ കളി കാണാനെത്തിയ കാണികളും മികച്ചവരായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

തന്നെ യസീര്‍ ഷാ ഏഴ് തവണ പുറത്താക്കിയെന്നത് തനിക്ക് നിശ്ചയമില്ലായിരുന്നു, യസീര്‍ ഷായുടെ വെല്ലുവിളി സ്വീകരിച്ചുവെന്ന് സ്റ്റീവന്‍ സ്മിത്ത്

യസീര്‍ ഷായുടെ തനിക്കെതിരെയുള്ള ആഘോഷം തനിക്ക് കൂടുതല്‍ പ്രഛോദനം നല്‍കുന്നുവെന്ന് അറിയിച്ച് സ്റ്റീവന്‍ സ്മമിത്ത്. ഗാബയില്‍ നാല് റണ്‍സിന് സ്മിത്തിനെ പുറത്താക്കിയ ശേഷമുള്ള യസീര്‍ ഷായുടെ ആഘോഷത്തിനെക്കുറിച്ചാണ് സ്മിത്തിന്റെ പ്രതികരണം.

ഏഴ് തവണ തന്നെ പുറത്താക്കിയ യസീര്‍ ഷാ അത് തന്നെ കഴിഞ്ഞ ഇന്നിംഗ്സില്‍ പുറത്താക്കിയ ശേഷമുള്ള ആഘോഷത്തില്‍ ഏഴ് വിരലുകള്‍ ഉയര്‍ത്തിയത് തന്നെ കൂടുതല്‍ പ്രഛോദിതനാക്കിയെന്ന് സ്മിത്ത് വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ തങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ തന്റെ വിക്കറ്റ് അത്ര വേഗം താന്‍ നല്‍കില്ലെന്ന് സ്മിത്ത് വ്യക്തമാക്കി.

അഡിലെയ്ഡില് നവംബര്‍ 29 വെള്ളിയാഴ്ചയാണ് പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള അടുത്ത മത്സരം. തന്നെ യസീര്‍ ഷാ 7 തവണ പുറത്താക്കിയെന്നത് തനിക്ക് നിശ്ചയമില്ലായിരുന്നുവെന്നും താന്‍ കരുതിയത് രണ്ടോ മൂന്നോ തവണയാണെന്നും സ്മിത്ത് വ്യക്തമാക്കി.

വാര്‍ണറെ വെല്ലുന്ന പ്രകടനവുമായി ലാബൂഷാനെ, ഓസ്ട്രേലിയ 580 റണ്‍സിന് ഓള്‍ഔട്ട്, പാക്കിസ്ഥാന് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുകയെന്ന കടുപ്പമേറിയ ലക്ഷ്യം

340 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഓസ്ട്രേലിയ. ഗാബ ടെസ്റ്റിന്റെ മൂന്നാം ദിവസം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 580 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുകയെന്ന വലിയ കടമ്പയാണ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 64/3 എന്ന നിലയിലാണ്. 27 റണ്‍സുമായി ഷാന്‍ മസൂദും 20 റണ്‍സുമായി ബാബര്‍ അസമുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 39 റണ്‍സ് നേടിയിട്ടുണ്ട്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ 276 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.

രണ്ടാം ദിവസത്തെ സ്കോറായ 312/1 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറെയാണ് ആദ്യം നഷ്ടമായത്. 154 റണ്‍സ് നേടിയ താരത്തെ നസീം ഷാ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ സ്റ്റീവന്‍ സ്മിത്തിനെ യസീര്‍ ഷാ പുറത്താക്കി.

പിന്നീട് 110 റണ്‍സ് കൂട്ടുകെട്ട് നേടിയ ലാബൂഷാനെ-മാത്യുവെയ്ഡ് കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു. ഹാരിസ് സൊഹൈല്‍ 60 റണ്‍സ് നേടിയ വെയിഡിനെയും 24 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെയും പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയന്‍ വാലറ്റത്തെ യസീര്‍ ഷാ പുറത്താക്കി.

185 റണ്‍സ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍ ആയ മാര്‍നസ് ലാബൂഷാനെയുടെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയ്ക്കായിരുന്നു. ഷഹീന്‍ ടിം പെയിനിന്റെ വിക്കറ്റും നേടിയിരുന്നു. ഏഴാം വിക്കറ്റായി ലാബൂഷാനെ പുറത്തായ ശേഷം തന്റെ നാല് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി യസീര്‍ ഷാ ഓസ്ട്രേലിയയെ 580 റണ്‍സിന് ഓള്‍ഔട്ട് ആക്കി.

പാക്കിസ്ഥാനെ തോല്പിക്കുവാന്‍ പോന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ, ഇനി ദൗത്യം ബൗളര്‍മാരുടേത്  

ഒരു ഘട്ടത്തില്‍ 101/4 എന്ന നിലയിലേക്ക് വീണ ശേഷം പാക്കിസ്ഥാനെതിരെ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ ഗ്ലെന്‍ മാക്സ്വെല്‍-അലെക്സ് കാറെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 134 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 140/5 എന്ന നിലയില്‍ നിന്ന് 274/6 എന്ന സ്കോറിലേക്ക് നീക്കിയത്.

തുടക്കത്തില്‍ ആരോണ്‍ ഫിഞ്ചും(39)-ഉസ്മാന്‍ ഖവാജയും(62) മികവ് പുലര്‍ത്തിയ ശേഷം ഓസ്ട്രേലിയ തകര്‍ന്നടിയുകയായിരുന്നു. യസീര്‍ ഷായും ഇമാദ് വസീമും രണ്ട് വീതം വിക്കറ്റ് നേടിയാണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി നല്‍കിയത്. ഉസ്മാന്‍ ഷെന്‍വാരി 76 റണ്‍സില്‍ നില്‍ക്കെ മാക്സ്വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും നോ ബോള്‍ ആയതിനാല്‍ താരത്തിനു ഒരവസരം കൂടി ലഭിച്ചു.

അവസാന ഓവറില്‍ റണ്ണൗട്ട് ആവുമ്പോള്‍ തന്റെ ശതകത്തിനു 2 റണ്‍സ് അകലെയാണ് മാക്സ്വെല്‍ പുറത്തായത്. 82 പന്തില്‍ നിന്ന് 9 ഫോറും 3 സിക്സും സഹിതമായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ആറാം വിക്കറ്റില്‍ 134 റണ്‍സാണ് മാക്സ്വെല്‍ -കാറെ കൂട്ടുകെട്ട് നേടിയത്. കാറെ 55 റണ്‍സ് നേടി പുറത്തായി.

യസീര്‍ ഷായെ പുറത്താക്കിയത് ഏറ്റവും വലിയ തെറ്റ്: റമീസ് രാജ

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിനു പാക്കിസ്ഥാന്‍ ചാമ്പ്യന്‍ സ്പിന്നര്‍ യസീര്‍ ഷായെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ഏറ്റവും വലിയ തെറ്റെന്ന് പറഞ്ഞ് റമീസ് രാജ. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് കാര്യമായി ഒന്നും തന്നെ ചെയ്യുവാന്‍ യസീറിനു സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ബാറ്റിംഗ് ശക്തിപ്പെടുത്തുവാനും കൂടിയായി പാക്കിസ്ഥാന്‍ രണ്ട് ഓള്‍റൗണ്ടര്‍മാരെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ഷദബ് ഖാന്‍, ഫഹീം അഷ്റഫ് എന്നിവരെയാണ് ജോഹാന്നസ്ബര്‍ഗില്‍ പാക്കിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇരുവരും പന്ത് കൊണ്ട് മികവ് പുലര്‍ത്തുകയും ചെയ്തു.

എന്നാല്‍ യസീറിന്റെ കഴിവുകള്‍ വെച്ച് താരത്തിനെതിരെയുള്ള നടപടി ഏറെ സങ്കടകരമെന്നാണ് മുന്‍ പാക് താരം പറഞ്ഞത്. പാക് ബാറ്റ്സ്മാന്മാരുടെ പരാജയമാണ് ഒരു കണക്കിനു യസീറിനെ ടീമില്‍ നിന്ന് ഒഴിവാക്കുവാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞ റമീസ് ഇത് ഏറ്റവും വലിയ മണ്ടത്തരമാണെന്നും പറഞ്ഞു.

ദക്ഷിണാഫ്രിക്കയെ യസീര്‍ ഷാ ബുദ്ധിമുട്ടുക്കുമെന്ന പ്രതീക്ഷയില്‍ സര്‍ഫ്രാസ് അഹമ്മദ്

തന്റെ ഫോമിന്റെ ഏറ്റവും ഉന്നതിയിലുള്ള യസീര്‍ ഷായ്ക്ക് ദക്ഷിണാഫ്രിക്കയെ വെള്ളം കുടിയ്പ്പിക്കാനാകുമന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇന്ന് സെഞ്ചൂറിയണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലെ പിച്ച് പൊതുവേ പേസിനും ബൗണ്‍സിനും തുണയുള്ളതാണെങ്കില്‍ അടുത്തിടെ സ്പിന്‍ ബൗളര്‍മാര്‍ക്കും ഇത് മികച്ച പിന്തുണ നല്‍കുന്നുവെന്നാണ് പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റിന്റെ പ്രതികരണം.

ന്യൂസിലാണ്ടിനെതിരെയും പൊതുവേ ഈ സീസണില്‍ മികച്ച ഫോമിലുള്ള യസീര്‍ ഷായുടെ മികവില്‍ തങ്ങള്‍ക്ക് പ്രതീക്ഷിക്കുവാന്‍ വകയുണ്ടെന്നാണ് പാക്കിസ്ഥാന്‍ നായകന്റെ അഭിപ്രായം. സെഞ്ചൂറിയണില്‍ നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുക ശ്രമകരമാണെന്നിരിക്കെ യസീറിനെപ്പോലുള്ള താരം ടീമിലുള്ളത് പാക്കിസ്ഥാനു ഗുണം ചെയ്യും.

മുഹമ്മദ് അബ്ബാസും ഷദബ് ഖാനും സെലക്ഷനു ലഭ്യമല്ലെങ്കിലും തന്റെ ടീമില്‍ മികവുള്ള ബൗളര്‍മാര്‍ വേറെയുമുണ്ടെന്നും ദക്ഷിണാഫഅരിക്കയെ പ്രതിരോധത്തിലാക്കുവാനുള്ള ബൗളിംഗ് കരുത്ത് തങ്ങള്‍ക്കുണ്ടെന്നും സര്‍ഫ്രാസ് പറഞ്ഞു.

അഞ്ചാം ദിവസം വെടിക്കെട്ടുമായി ന്യൂസിലാണ്ട്, 9 ഓവറുകള്‍ക്ക് ശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു

അഞ്ചാം ദിവസം പുതിയ ബാറ്റിംഗ് തന്ത്രവുമായി ന്യൂസിലാണ്ട്. 9 ഓവറില്‍ നിന്ന് 81 റണ്‍സ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ടീം പാക്കിസ്ഥാനു 280 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് 79 ഓവറില്‍ നിന്ന് നല്‍കിയത്. തങ്ങളുടെ ഇന്നിംഗ്സ് അധികം ദീര്‍ഘിപ്പിക്കാതെ ആക്രമിച്ച് കളിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലാണ്ട് അഞ്ചാം ദിവസം ഗ്രൗണ്ടിലിറങ്ങിയത്.

കെയിന്‍ വില്യംസണെ(139) നഷ്ടമായ ശേഷം ഹെന്‍റി നിക്കോളസും(129*), കോളിന്‍ ഡി ഗ്രാന്‍ഡോം(26), ടിം സൗത്തി(15*) എന്നിവര്‍ ചേര്‍ന്ന് ടീം സ്കോര്‍ 353/7 എന്നെത്തിച്ചപ്പോളാണ് ന്യൂസിലാണ്ടിന്റെ ഡിക്ലറേഷന്‍ വന്നത്. ഇന്ന് വീണ മൂന്ന് വിക്കറ്റുകളില്‍ യസീര്‍ ഷാ രണ്ടും ഹസന്‍ അലി ഒരു വിക്കറ്റും നേടി. ഷാ ഇന്നിംഗ്സിലെ വിക്കറ്റ് നേട്ടം 4 ആയി.

യസീര്‍ ഷാ, അതിവേഗം 200ലേക്ക്, മറികടന്നത് 82 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

അതിവേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി യസീര്‍ ഷാ. ഇന്ന് ന്യൂസിലാണ്ടിനെതിരൊയ ടെസ്റ്റിന്റെ നാലാം ദിവസം വില്യം സോമര്‍വില്ലേയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 33 ഇന്നിംഗ്സുകളില്‍ നിന്നാണ് യസീര്‍ ഷാ 200 വിക്കറ്റുകള്‍ നേടിയത്. 82 വര്‍ഷം നീണ്ട് നിന്ന റെക്കോര്‍ഡാണ് ഷാ ഇന്ന് തകര്‍ത്തത്.

ന്യൂസിലാണ്ടില്‍ ജനിച്ച്, ഓസ്ട്രേലിയയ്ക്കും വേണ്ടി ക്രിക്കറ്റ് കളിച്ച ക്ലാരി ഗ്രിമെറ്റിന്റെ റെക്കോര്‍ഡാണ് യസീര്‍ ഷാ ഇന്ന് മറികടന്നത്. 36 ടെസ്റ്റ് മത്സരങ്ങളില് നിന്നാണ് ഗ്രിമെറ്റ് തന്റെ 200 ടെസ്റ്റ് വിക്കറ്റുകളിലേക്ക് എത്തിയത്.

വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലാണ്ട്, അവസാന സെഷനില്‍ പാക്കിസ്ഥാന്റെ തിരിച്ചടി

ആദ്യ ദിവസം യസീര്‍ ഷായുടെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ പതറിയ ന്യൂസിലാണ്ടിനെ കരകയറ്റി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ബിജെ വാട്‍ളിംഗും.  72/4 എന്ന നിലയിലേക്ക് വീണ ടീമിനെ അഞ്ചാം വിക്കറ്റില്‍ 104 റണ്‍സ് നേടിയാണ് കെയിന്‍ വില്യംസണും – വാട്ളിംഗും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. 89 റണ്‍സ് നേടിയ കെയിന്‍ വില്യംസണെ ഹസന്‍ അലി പുറത്താക്കിയെങ്കിലും വാട്‍ളിംഗും കോളിന്‍ ഡി ഗ്രാന്‍ഡോമും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഒന്നാം ദിവസം അവസാനത്തോട് അടുക്കുമ്പോള്‍ ന്യൂസിലാണ്ടിനു വീണ്ടും രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 229/7 എന്ന നിലയിലാണ്. 42 റണ്‍സുമായി വാട്‍ളിംഗും 12 റണ്‍സുമായി വില്യം സോമെര്‍വില്ലയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ നിന്ന ന്യൂസിലാണ്ടിനു ഹസന്‍ അലിയാണ് പാക്കിസ്ഥാനു ബ്രേക്ക് ത്രൂ നല്‍കിയത്. ഒന്നാം ദിവസത്തിന്റെ അവസാനത്തോടെ ബിലാല്‍ ആസിഫ് രണ്ട് വിക്കറ്റുമായി പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. കോളിന്‍ ഡി ഗ്രാന്‍ഡോമിനെയും ടിം സൗത്തിയെയും തൊട്ടടുത്ത തന്റെ ഓവറുകളിലാണ് ബിലാല്‍ പുറത്താക്കിയത്. 20 റണ്‍സാണ് ഗ്രാന്‍ഡോം നേടിയത്.

നേരത്തെ യസീര്‍ ഷാ ഒരോവറില്‍ ജീത്ത് റാവലിനെയും റോസ് ടെയിലറിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്. ടോം ലാഥമിനെ(4) അരങ്ങേറ്റക്കാരന്‍ ഷഹീന്‍ അഫ്രീദി പുറത്താക്കിത ശേഷം ജീത്ത് റാവലും കെയിന്‍ വില്യംസണും ന്യൂസിലാണ്ടിനെ 70/1 എന്ന നിലയില്‍ എത്തിച്ചിരുന്നു. 45 റണ്‍സ് നേടിയ റാവലിനെ പുറത്താക്കിയ യസീര്‍ അടുത്ത പന്തില്‍ റോസ് ടെയിലറെ മടക്കിയയ്ച്ചു. ഏതാനും ഓവറുകള്‍ക്ക് ശേഷം ഹെന്‍റി നിക്കോളസിനെയും യസീര്‍ ഷാ ബൗള്‍ഡാക്കിയപ്പോള്‍ 70/1 എന്ന നിലയില്‍ നിന്ന് ന്യൂസിലാണ്ട് 72/4 എന്ന നിലയിലേക്ക് ലഞ്ചിനു മുമ്പ് തന്നെ വീണു.

ന്യൂസിലാണ്ടിനു തിരിച്ചടി നല്‍കി വീണ്ടും യസീര്‍ ഷാ

ടോം ലാഥത്തിനെ അരങ്ങേറ്റക്കാരന്‍ ഷഹീന്‍ അഫ്രീദി തുടക്കത്തില്‍ തന്നെ പുറത്താക്കിയ ശേഷം മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കി യസീര്‍ ഷാ. അടുത്തടുത്ത പന്തുകളില്‍ ജീത്ത് റാവലിനെയും റോസ് ടെയിലറെയും പുറത്താക്കിയാണ് യസീര്‍ വീണ്ടും ന്യൂസിലാണ്ടിനെ കുഴപ്പത്തിലാക്കിയത്. 70/1 എന്ന നിലയില്‍ നിന്ന് 72/4 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് വീഴുകയായിരുന്നു.

46 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി ജീത്ത് റാവലും(45) കെയിന്‍ വില്യംസണും ന്യൂസിലാണ്ടിനെ സുരക്ഷിത തീരങ്ങളിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് തിരിച്ചടിയായി ഈ ഇരട്ട വിക്കറ്റുകള്‍ വീണത്. അധികം വൈകാതെ ഹെന്‍റി നിക്കോളസിനെയും യസീര്‍ ഷാ പുറത്താക്കി. ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ന്യൂസിലാണ്ട് 73/4 എന്ന നിലയിലാണ്.

21 റണ്‍സുമായി കെയിന്‍ വില്യംസണും റണ്ണൊന്നുമെടുക്കാതെ ബിജെ വാട്ളിംഗുമാണ് ന്യൂസിലാണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്.

മത്സരത്തില്‍ നിന്ന് പത്ത് വിക്കറ്റാണ് പ്രതീക്ഷിച്ചത്, ഒറ്റ ദിവസം തന്നെ കിട്ടി – യസീര്‍ ഷാ

താന്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പത്ത് വിക്കറ്റാണ് പ്രതീക്ഷിച്ചതെങ്കില്‍ അത് തനിക്ക് മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ കിട്ടിയെന്ന് പറഞ്ഞ് യസീര്‍ ഷാ. മൂന്നാം ദിവസം മാത്രം രണ്ട് ഇന്നിംഗ്സുകളിലായി 10 വിക്കറ്റുകള്‍ നേടിയ യസീര്‍ ഇരു ഇന്നിംഗ്സുകളിലായി 14 വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിംഗ്സില്‍ എട്ട് വിക്കറ്റുകള്‍ നേടിയ യസീര്‍ ഒരോവറില്‍ തന്നെ മൂന്ന് വിക്കറ്റ് നേടിയിരുന്നു. ടോം ലാഥം, റോസ് ടെയിലര്‍, ഹെന്‍റി നിക്കോളസ് എന്നിവരായിരുന്നു ഇരകള്‍.

മൂന്നാം ദിവസം തന്നെ ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും നേടി യസീര്‍ ഷാ ദിവസത്തെ വിക്കറ്റ് നേട്ടം പത്താക്കി. നാലാം ദിവസം നാല് വിക്കറ്റ് കൂടി നേടി താരം 14 വിക്കറ്റുകളിലേക്ക് നീങ്ങുകയും പാക്കിസ്ഥാനെ ഇന്നിംഗ്സ് ജയത്തിലേക്ക് നയിക്കുകയും ചെയ്തു. മൂന്നാം ദിവസം ഗ്രൗണ്ടിലെത്തുമ്പോള്‍ തന്റെ മനസ്സില്‍ പത്ത് വിക്കറ്റ് മത്സരത്തില്‍ നിന്ന് നേടുകയെന്ന മോഹം മാത്രമേയുണ്ടായിരുന്നുള്ളുവെന്ന് പറഞ്ഞ താരം തനിക്ക് ഇത് ഒറ്റ ദിവസത്തില്‍ ലഭിയ്ക്കുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞു.

പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം സമ്മാനിച്ച് യസീര്‍ ഷാ

ആദ്യ ഇന്നിംഗ്സിലേത് പോലെ രണ്ടാം ഇന്നിംഗ്സിലും യസീര്‍ ഷാ സംഹാര താണ്ഡവമാടിയപ്പോള്‍ പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം. ആദ്യ ഇന്നിംഗ്സില്‍ 8 വിക്കറ്റ് നേടിയ യസീര്‍ ഷാ രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റാണ് നേടിയത്. മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഹസന്‍ അലി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 112.5 ഓവറില്‍ ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 312 റണ്‍സില്‍ അവസാനിച്ചു.

82 റണ്‍സ് നേടിയ റോസ് ടെയിലര്‍ ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹെന്‍റി നിക്കോളസ് 77 റണ്‍സും ടോം ലാഥം 50 റണ്‍സും നേടി. തലേ ദിവസത്തെ സ്കോറായ 131/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിനു ഏറെ വൈകാതെ ടോം ലാഥമിനെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി ഹസന്‍ അലിയും യസീര്‍ ഷായും പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബിലാല്‍ ആസിഫിനു ഒരു വിക്കറ്റ് ലഭിച്ചു.

Exit mobile version