പോസിറ്റീവായി യസീര്‍ ഷായുടെയും ബാബര്‍ അസമിന്റെയും പ്രകടനങ്ങള്‍ മാത്രം

ഓസ്ട്രേലിയയ്ക്കെതിരെ ഇരു ടെസ്റ്റുകളിലും ഇന്നിംഗ്സ് തോല്‍വി ഏറ്റുവാങ്ങിയ ശേഷം പരമ്പരയില്‍ നിന്ന് തങ്ങളുടെ പോസ്റ്റീവ് വശത്തെക്കുറിച്ച് പറഞ്ഞ് ക്യാപ്റ്റന്‍ അസ്ഹര്‍ അലി. പരമ്പരയില്‍ യസീര്‍ ഷായും ബാബര്‍ അസമും മാത്രമാണ് പാക്കിസ്ഥാന് ഓര്‍ത്തിരിക്കുവാനുള്ള നിമിഷങ്ങള്‍ തന്നതെന്ന് പറഞ്ഞ് അസ്ഹര്‍ അലി.

ഓരോ ഇന്നിംഗ്സിലും യസീര്‍ ഷാ മികച്ച രീതിയിലാണ് പൊരുതിയത്. അതേ സമയം ബാബര്‍ അസം ടീമിന്റെ വലിയ താരമായി ഭാവിയില്‍ മാറുമെന്ന സൂചന നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ടീമെന്ന നിലയില്‍ ഒട്ടനവധി കാര്യങ്ങള്‍ പാക്കിസ്ഥാന്‍ മെച്ചപ്പെടാനുണ്ടെന്നും അസ്ഹര്‍ അലി പറഞ്ഞു. ബൗളിംഗ് യൂണിറ്റ് റണ്‍സ് നിയന്ത്രിക്കാനും ഫീല്‍ഡിംഗില്‍ താരങ്ങള്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനുണ്ടെന്ന് പറഞ്ഞ അസ്ഹര്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുവാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിയണമെന്നും അഭിപ്രായപ്പെട്ടു.

തങ്ങള്‍ക്ക് ആതിഥ്യം വഹിച്ച ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നന്ദി പറഞ്ഞ അസ്ഹര്‍ കളി കാണാനെത്തിയ കാണികളും മികച്ചവരായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

Exit mobile version