ദക്ഷിണാഫ്രിക്കയില്‍ വെച്ച് തനിക്ക് കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ടായിരുന്നു

ഇക്കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് തനിക്ക് കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീഷ്. ദക്ഷിണാഫ്രിക്കയില്‍ ഇംഗ്ലണ്ട് സ്ക്വാഡിന്റെ ഭാഗമായിരുന്ന ജാക്ക് ലീഷിന് സെഞ്ചൂറിയണ്‍ ടെസ്റ്റിന് മുമ്പ് പനി പിടിക്കുകയും നാട്ടിലേക്ക് മടങ്ങേണ്ടിയും വരികയായിരുന്നു. അന്ന് തനിക്കുണ്ടായ രോഗ ലക്ഷണങ്ങള്‍ കൊറോണയ്ക്ക് സമാനമായിരുന്നുവെന്നും ഇംഗ്ലണ്ട് താരം വെളിപ്പെടുത്തി.

വിന്‍ഡീസിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ 30 അംഗ സ്ക്വാഡില്‍ അംഗമാണ് ജാക്ക് ലീഷ്. ഇംഗ്ലണ്ടിനായി ഇതുവരെ പത്ത് ടെസ്റ്റുകളിലും താരം കളിച്ചിട്ടുണ്ട്. ബോര്‍ഡ് ഒരുക്കിയ ബയോ സുരക്ഷിതമായ അന്തരീക്ഷത്തില്‍ തനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ടെന്നും താരം വ്യക്തമാക്കി.

ഇംഗ്ലണ്ട് സ്ക്വാഡില്‍ ലീഷ് ഉള്‍പ്പെടെ അഞ്ച് സ്പിന്നര്‍മാരാണുള്ളത്.

ഫില്‍ സിമ്മണ്‍സ് സെല്‍ഫ് ഐസൊലേഷനില്‍

വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് സെല്‍ഫ് ഐസൊലേഷനില്‍. ഈ മരണാന്തര ചടങ്ങില്‍ പങ്കെടുത്തതോടെയാണ് സിമ്മണ്‍സ് സെല്‍ഫ് ഐസൊലേഷനില്‍ പോയത്. വിന്‍ഡീസ് സ്ക്വാഡിനൊപ്പം ചേരുന്നതിന് മുമ്പ് രണ്ട് കൊറോണ പരിശോധനയില്‍ ഇദ്ദേഹം നെഗറ്റീവാണെന്ന് തെളിയിക്കണം. സിമ്മണ്‍സ് ഓള്‍ഡ് ട്രാഫോര്‍ഡിലെ തന്റെ ഹോട്ടല്‍ മുറിയിലാണ് ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുന്നത്.

എന്നാല്‍ സിമ്മണ്‍സിന്റെ അഭാവം തങ്ങളെ ബാധിക്കില്ലെന്നും വലിയൊരു കോച്ചിംഗ് സ്റ്റാഫാണ് വിന്‍ഡീസിനുള്ളതെന്നും അല്‍സാരി ജോസഫ് വ്യക്തമാക്കി. നാളെ നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ സഹ പരിശീലകരായ റോഡി എസ്റ്റ്വിക്കിനും റയണ്‍ ഗ്രിഫിത്തിനുമാകും ചുമതല.

കാണികളുടെ അഭാവത്തില്‍ ബയോ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ഈ സന്നാഹ മത്സരവും നടക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ജൂണ്‍ 8ന് ആവും ആരംഭിക്കുക.

സന്നാഹ മത്സരത്തിലെ അഞ്ച് വിക്കറ്റ് പ്രകടനം, ടെസ്റ്റ് ടീമില്‍ മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയുമായി റെയ്മണ്‍ റീഫര്‍

വിന്‍ഡീസന്റെ ഇന്റര്‍ സ്ക്വാഡ് മത്സരത്തിലെ മികച്ച പ്രകടനവുമായി റെയ്മണ്‍ റീഫര്‍. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ താരം തന്റെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് സ്വപ്നം കാണുകളാണ്. ന്യൂസിലാണ്ടില്‍ 2017ല്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ ഒരു ടെസ്റ്റില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടില്‍ കൂടുതല്‍ മത്സരങ്ങള്‍ തനിക്ക് ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

ഡ്യൂക്ക് ബോളില്‍ ഇംഗ്ലണ്ടില്‍ ബൗളര്‍മാര്‍ക്ക് നല്ല അവസരമാണെന്നാണ് ഇന്നലത്തെ പ്രകടനത്തിന് ശേഷം റീഫര്‍ പറഞ്ഞ്. കുറച്ച് ഷൈന്‍ കൂടി നേടുവാന്‍ സാധിക്കുകയാണെങ്കില്‍ മികച്ച രീതിയില്‍ പന്ത് മൂവ് ചെയ്ത് ബാറ്റ്സ്മാന്മാരെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാകുമെന്നും റീഫര്‍ വ്യക്തമാക്കി.

ബ്രാവോയുടെയും ഹെറ്റ്മ്യറിന്റെയും അഭാവം ബാധിക്കില്ല, സീനിയര്‍ താരങ്ങള്‍ ആവശ്യത്തിനുപകരിക്കുമെന്നാണ് പ്രതീക്ഷ

ഇംഗ്ലണ്ട് ടൂറില്‍ നിന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറിയ ഡാരെന്‍ ബ്രാവോയുടെയും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെയും അഭാവം തന്റെ ടീമിനെ ബാധിക്കില്ലെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. സീനിയര്‍ താരങ്ങളായ ഷായി ഹോപും ക്രെയിഗ് ബ്രാത്‍വൈറ്റും അവസരത്തിനൊത്തുയരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

മാനസികമായി അവര്‍ ഏറെ കരുത്തരാണ്. റോസ്റ്റണ്‍ ചേസ്, ഷായി ഹോപ്, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നീ താരങ്ങളെല്ലാം പരിചയമ്പന്നരാണ്. അവര്‍ അന്താരാഷ്ട്ര തലത്തില്‍ പല വട്ടം മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്, ഇവിടെയും അവര്‍ അവസരത്തിനൊത്തുയരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കോച്ച് അഭിപ്രായപ്പെട്ടു.

ആദ്യ ടെസ്റ്റിനുള്ള ടീമിന്റെ ബാറ്റിംഗ് ലൈനപ്പ് സന്നാഹ മത്സരത്തിന് ശേഷം തീരുമാനിക്കുമെന്നാണ് സിമ്മണ്‍സ് വ്യക്തമാക്കിയത്. ഹെറ്റ്മ്യറിന് പകരം ആറാം നമ്പറില്‍ ആരെന്നതാണ് വിന്‍ഡീസിന്റെ ഏറ്റവും വലിയ ചോദ്യമെങ്കിലും ജേസണ്‍ ഹോള്‍ഡറോ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഷെയിന്‍ ഡോവ്റിച്ചോ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുവാനാണ് സാധ്യത.

ഗബ്രിയേല്‍ ഫിറ്റായി കാണപ്പെടുന്നു, സന്നാഹ മത്സരത്തിലെ പ്രകടനം നോക്കി താരത്തെ 14 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഫില്‍ സിമ്മണ്‍സ്

പരിക്ക് മൂലം ഏറെ കാലം പുറത്തായിരുന്ന ഷാനണ്‍ ഗബ്രിയേലിനെ വിന്‍ഡീസ് തങ്ങളുടെ സ്ക്വാഡില്‍ ട്രാവലിംഗ് റിസര്‍വ് ആയാണ് ഉള്‍പ്പെടുത്തിയിരുന്നത്. താരം ഇപ്പോള്‍ ഫിറ്റായി കാണപ്പെടുന്നുവെന്നും പഴയ രീതിയില്‍ പന്തെറിയുന്നുണ്ടെന്നാണ് തനിക്ക് തോന്നിയതെന്ന് വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

പരിശീലന മത്സരത്തില്‍ താരം മികവ് പുലര്‍ത്തുകയാണെങ്കില്‍ ഗബ്രിയേലിനെ വിന്‍ഡീസിന്റെ 14 അംഗ ഔദ്യോഗിക ടൂര്‍ സംഘത്തിലേക്ക് ഉള്‍പ്പെടുമെന്നും സിമ്മണ്‍സ് വ്യക്തമാക്കി. ടീമിന്റെ ബൗളിംഗ് നിര കരുത്തുറ്റതാണെന്നും അതിനാല്‍ തന്നെ ഇലവനിലെത്തുക എന്നത് പ്രകടനങ്ങളുടെ ബലത്തിലാവുമെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

ക്വാറന്റൈന്‍ അവസാനിച്ചു, വിന്‍ഡീസിന്റെ ആദ്യ സന്നാഹ മത്സരം ഇന്ന്

ജൂലൈയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് ഏറെ ദിവസം മുമ്പ് തന്നെ ഇംഗ്ലണ്ടില്‍ എത്തിയ വിന്‍ഡീസിന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ കാലം അവസാനിച്ചു. മാഞ്ചസ്റ്ററിലെ ബയോ സുരക്ഷിതമായ അന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്ന വിന്‍ഡീസ് തങ്ങളുടെ രണ്ട് സന്നാഹ മത്സരങ്ങളില്‍ ആദ്യത്തേതിന് ഇന്ന് ഇറങ്ങും.

അതേ സമയം ഇംഗ്ലണ്ട് സ്ക്വാഡ് അംഗങ്ങള്‍ ഏജീസ് ബൗളില്‍ എത്തുന്നതോടെ അംഗങ്ങളെ മുഴുവന്‍ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അവര്‍ 24 മണിക്കൂര്‍ അവരവരുടെ ബെഡ് റൂമുകളില്‍ ഫലം എത്തുന്നത് വരെ കഴിയണമെന്നാണ് മാനദണ്ഡം. ഇംഗ്ലണ്ടിന്റെ സന്നാഹ മത്സരം ജൂലൈ ഒന്നിന് നടക്കും. പരിശീലനത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഇംഗ്ലണ്ട് രാവിലെയും ഉച്ചയ്ക്ക് ശേഷവും പരിശീലനത്തില്‍ ഏര്‍പ്പെടും.

വിന്‍ഡീസിന്റെ ബൗളിംഗ് കരുത്ത് മികച്ചത്, അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്തുവാനാകും

വൈവിധ്യമാര്‍ന്നതും മികച്ചതുമാണ് വിന്‍ഡീസ് ബൗളിംഗെന്നും അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ടീമിനാവുമെന്നാണ് കരുതുന്നതെന്നും പറഞ്ഞ് വിന്‍ഡീസ് താരം ഷെയിന് ‍ഡോവ്റിച്ച്. വിന്‍ഡീസിന്റെ നാല് പേസര്‍മാരെ നോക്കിയാല്‍ അവര്‍ വ്യത്യസ്തരാണെന്ന് കാണാം. കെമര്‍ റോച്ച് ഇരുവശത്തേക്കും പന്ത് മൂവ് ചെയ്യുവാന്‍ കഴിവുള്ള താരമാണെങ്കില്‍ ഷാനണ്‍ ഗബ്രിയേലും അല്‍സാരി ജോസഫും മികച്ച പേസുള്ളവരാണ്.

ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ്. ഇവരുടെയൊപ്പം പുതുമുഖ താരം ചെമര്‍ ഹോള്‍ഡറിനെയും പരിഗണിക്കുമ്പോള്‍ ഇത്രയേറെ വൈവിധ്യമാര്‍ന്ന ബൗളിംഗ് യൂണിറ്റിന് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ക്കെതിരെ മികവ് പുലര്‍ത്താനാകുമെന്ന് ഉറപ്പാണെന്നും ഡോവ്റിച്ച് വ്യക്തമാക്കി.

ജോഫ്രയ്ക്കെതിരെ ബാര്‍ബഡോസില്‍ കളിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്ന് അറിയാം

താന്‍ ജോഫ്രയ്ക്കെതിരെ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്നുള്ള ബോധമുണ്ടെന്നും പറഞ്ഞ് വിന്‍ഡീസ് താരം റോസ്ടണ്‍ ചേസ്. ബാര്‍ബഡോസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അന്ന് ജോഫ്ര ആര്‍ച്ചറും ബാര്‍ബഡോസില്‍ സസ്സെക്സ് പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു.

അന്ന് ചേസിന്റെ ഉള്‍പ്പെടെ വിക്കറ്റുകള്‍ നേടിയ ജോഫ്ര ചേസിന്റെ ടീമായ കുക്ക്ഫീല്‍ഡിനെ 8/5 എന്ന നിലയിലേക്ക് തള്ളിയിട്ടിരുന്നു. പിന്നീട് താരത്തിന് പരിക്കേറ്റ് പുറത്ത് പോയ ശേഷമാണ് തന്റെ ടീം മത്സരത്തിലേക്ക് തിരികെ എത്തിയതെന്നും ചേസ് വ്യക്തമാക്കി. താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി എന്നും ചേസ് ഓര്‍ത്തെടുത്തു പറഞ്ഞു.

ജോഫ്രയുടെ പരിക്ക് തന്റെ ടീമായ കുക്ക്ഫീല്‍ഡിനെ വലിയ വിജയത്തിലേക്ക് നയിച്ചുവെന്നും ചേസ് വ്യക്തമാക്കി. അന്നത്തെതിലും പേസ് ഉള്ള താരം ഇപ്പോള്‍ കൂടുതല്‍ അപകടകാരിയാണെന്നും ചേസ് വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ 30 അംഗ പരിശീലന സംഘത്തെ പ്രഖ്യാപിച്ചു

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 30 അംഗ ഇംഗ്ലണ്ട് സംഘത്തെ പ്രഖ്യാപിച്ചു. മോയിന്‍ അലി തിരികെഎത്തുന്നു എന്നതാണ് ഏറ്റവും പ്രധാനമേറിയ കാര്യം. കോവിഡ് പശ്ചാത്തലത്തില്‍ 30 അംഗത്തിന്റെ പരിശീലന സംഘത്തെയാണ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം മോയിന്‍ അലിയെ ടെസ്റ്റില്‍ പരിഗണിക്കപ്പെടുകയാണ്. അവസാന ഇലവനിലേക്ക് താരം എത്തുമോ എന്ന് ഇപ്പോളും ഉറപ്പില്ല. 2019-20 സീസണില്‍ ടെസ്റ്റിലെ കേന്ദ്ര കരാര്‍ താരത്തിന് നഷ്ടമായിരുന്നു.

കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സും തിരികെ സ്ക്വാഡിലേക്ക് എത്തുന്നുണ്ട്. ഏതാനും പുതുമുഖ താരങ്ങളും സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. ജെയിംസ് ബ്രേസെ, ഡാന്‍ ലോറന്‍സ്, ഒല്ലി റോബിന്‍സണ്‍, അമീര്‍ വാര്‍ഡി, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവരാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടില്ലാത്ത താരങ്ങള്‍. സാകിബ് മഹമ്മൂദ്, മാറ്റ് പാര്‍കിന്‍സണ്‍, ലൂയിസ് ഗ്രിഗറി എന്നിവര്‍ മുമ്പ് ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

ഇംഗ്ലണ്ട് 30 അംഗ പരിശീലക സംഘം: Moeen Ali, James Anderson, Jofra Archer, Jonathan Bairstow, Dominic Bess, James Bracey, Stuart Broad, Rory Burns, Jos Buttler, Zak Crawley, Sam Curran, Joe Denly, Ben Foakes, Lewis Gregory, Keaton Jennings, Dan Lawrence, Jack Leach, Saqib Mahmood, Craig Overton, Jamie Overton, Matthew Parkinson, Ollie Pope, Ollie Robinson, Joe Root, Dom Sibley, Ben Stokes, Olly Stone, Amar Virdi, Chris Woakes, Mark Wood.

എതിരാളികളുമായി അല്പം ബാന്റര്‍ ആവാമെന്ന് ഷാനണ്‍ ഗബ്രിയേല്‍

ഗ്ലണ്ടിനെതിരെ തനിക്ക് ടെസ്റ്റ് കളിക്കുവാന്‍ അവസരം കിട്ടുകയാണെങ്കില്‍ അല്പം ബാന്റര്‍ ആവുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട് വിന്‍ഡീസ് പേസര്‍ ഷാനണ്‍ ഗബ്രിയേല്‍. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ എട്ട് റിസര്‍വ്വ് താരങ്ങളില്‍ ഒരാളാണ് ഷാനണ്‍ ഗബ്രിയേല്‍. കഴിഞ്ഞ തവണ സെയിന്റ് ലൂസിയയിലെ അവസാന ടെസ്റ്റില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടുമായി കോര്‍ത്ത ഷാനണ്‍ ഗബ്രിയേലിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു.

ആ സംഭവത്തെക്കുറിച്ച് തനിക്ക് വലിയ ചിന്തയില്ലെന്നും ജോ റൂട്ടോ ബെന്‍ സ്റ്റോക്സോ ആര് തന്നെയായാലും അവരെ പുറത്താക്കുവാനുള്ള ശ്രമം താന്‍ തുടരുമെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം റൂട്ടിനോട് “ആണ്‍കുട്ടികളെ ഇഷ്ടമാണോ” എന്ന ചോദ്യമാണ് ഗബ്രിയേല്‍ ബാന്ററിനിടയില്‍ ചോദിച്ചത്. അതിന് “ഗേ ആവുന്നത് ഒരു തെറ്റല്ലെന്ന”മറുപടി റൂട്ട് നല്‍കി.

ഈ വിവാദം ആവശ്യത്തില്‍ കൂടുതല്‍ ഊതി പെരുപ്പിച്ചതാണെന്നാണ് ഗബ്രിയേല്‍ വ്യക്തമാക്കുന്നത്. ഇത്തിരി ബാന്റര്‍ ഒക്കെയുണ്ടെങ്കിലേ ക്രിക്കറ്റില്‍ മത്സരം രസകരമാകൂ എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ഗബ്രിയേല്‍ വ്യക്തമാക്കി.

വിന്‍ഡീസ് യുവ പേസര്‍മാര്‍ക്കൊപ്പം പന്തെറിയുന്നതില്‍ ആവേശം – കെമര്‍ റോച്ച്

വിന്‍ഡീസിന്റെ യുവ പേസര്‍മാര്‍ക്കൊപ്പം പന്തെറിയുന്നതിനെ താന്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞ് കെമര്‍ റോച്ച്. അവരുടെ വളര്‍ച്ചയ്ക്ക് സഹായകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ താന്‍ ഒരുക്കമാണെന്നും വിന്‍ഡീസ് സീനിയര്‍ താരം വ്യക്തമാക്കി. ചെമര്‍ ഹോള്‍ഡര്‍, ഒഷെയ്ന്‍ തോമസ്, കീമോ പോള്‍ എന്നിങ്ങനെ പുതുമുഖ താരങ്ങള്‍ ആണ് വിന്‍ഡീസ് പേസ് നിരയിലുള്ളത്.

ഒഷെയ്ന്‍ തോമസിനെ ഏറ്റവും വേഗതയേറിയ കരീബിയന്‍ ഫാസ്റ്ററ്റ് ബൗളറെന്ന് വ്യക്തമാക്കുകയായിരുന്നു കെമര്‍ റോച്ച്. അത് പോലെ തന്നെ കിയോണ്‍ ഹാര്‍ഡിംഗും വിന്‍ഡീസ് പേസ് നിരയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് താരം പറഞ്ഞു. അവരെല്ലാം വിന്‍ഡീസിന്റെ ഭാവിയാണെന്നും അതിനാല്‍ തന്നെ ഈ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മികച്ച ഫലം വിന്‍ഡീസ് ബൗളിംഗിന് കൊണ്ടുവരുവാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെമര്‍ വ്യക്തമാക്കി.

ബ്രാവോയും ഹെറ്റ്മ്യറും പിന്‍വാങ്ങിയത് ദൗര്‍ഭാഗ്യകരം, എന്നാല്‍ വിന്‍ഡീസിന്റേത് മികച്ച സ്ക്വാഡ് തന്നെ

ഡാരെന്‍ ബ്രാവോയും ഷിമ്രണ്‍ ഹെറ്റ്മ്യറും വിന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇത്തരത്തിലൊരു പര്യടനം അനുയോജ്യമല്ലെന്ന കാരണത്താലാണ് ഇരുവരും പര്യടനത്തില്‍ പങ്കെടുക്കാതെ പിന്മാറിയത്. എന്നാല്‍ അവരുടെ അസാന്നിദ്ധ്യത്തിലും മികച്ച സ്ക്വാഡ് തന്നെയാണ് വിന്‍ഡീസിന്റേതെന്ന് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

ഇരുവരുടെയും തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും കളിക്കാരെന്ന നിലയില്‍ അവരുടെ കഴിവ് ഏവര്‍ക്കും സുപരിചതമാണെന്ന് പറഞ്ഞ് ഫില്‍ സിമ്മണ്‍സ്, ഈ താരങ്ങളുടെ അഭാവത്തിലും ശക്തമായ സ്ക്വാഡ് തന്നെയാണ് വിന്‍ഡീസിനുള്ളതെന്ന് വ്യക്തമാക്കി. അവര്‍ക്ക് പകരക്കാരായി എത്തുന്നവര്‍ മികച്ച പ്രകടനം നടത്തി അവരുടെ അഭാവം നികത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സിമ്മണ്‍സ് വ്യക്തമാക്കി.

Exit mobile version