യു എസ് ഓപ്പൺ, അൽകാരാസ് വീണു, മെദ്‌വദേവ് – ജോക്കോവിച് ഫൈനൽ!!

ഇന്ന് പുലർച്ചെ നടന്ന സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരാസിനെ തോൽപ്പിച്ച മെദ്‌വദേവ് യു എസ് ഓപ്പൺ ഫൈനലിൽ എത്തി. ഫൈനലിൽ നൊവാക് ജോക്കോവിച്ച് ആകും ഡാനിൽ മെദ്‌വദേവിന്റെ എതിരാളി. 2021 ലെ യുഎസ് ഓപ്പൺ ഫൈനലിലും ഇവർ ഏറ്റുമുട്ടിയിരുന്നു. വിംബിൾഡൺ സെമിയിൽ അൽകാരാസിനോട് പരാജയപ്പെട്ട മെദ്‌വദേവ് ഇന്ന് അതിന് പക വീട്ടുക ആയിരുന്നു.

7-6, 6-1, 3-6, 6-3 എന്ന സ്‌കോറിനാണ് മെദ്‌വദേവ് ഇന്ന് വിജയിച്ചത്. നേരത്തെ ആദ്യ സെമിയിൽ ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് യുഎസ് ഓപ്പൺ ഫൈനലിൽ കടന്നത്. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരം 6-3, 6-2, 7-6 (6-4) എന്ന സ്‌കോറിനാണ് സെർബിയൻ താരം ജയിച്ചത്. രണ്ട് മണിക്കൂറും 41 മിനിറ്റും ആ മത്സരം നീണ്ടു നിന്നു. വിജയത്തോടെ, ജോക്കോവിച് തന്റെ 36-ാം ഗ്രാൻഡ്സ്ലാം ഫൈനലിലേക്ക് കടന്നു, ഓപ്പൺ എറയിലെ ഇത്രയും കൂടുതൽ ഗ്ലാൻഡ്സ്ലാം ഫൈനൽ ആരും കളിച്ചിട്ടില്ല.

യു.എസ് ഓപ്പൺ ഫൈനലിൽ ബോപ്പണ്ണ സഖ്യത്തിന് പരാജയം

യു.എസ് ഓപ്പൺ പുരുഷ ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യത്തിന് പരാജയം. അമേരിക്കയുടെ രാജീവ് റാം, ബ്രിട്ടന്റെ ജോ സാലിസ്ബറി സഖ്യത്തോട് ആണ് അവർ പരാജയപ്പെട്ടത്. തുടർച്ചയായ മൂന്നാം യു.എസ് ഓപ്പൺ കിരീടം ആണ് അമേരിക്കൻ, ബ്രിട്ടീഷ് സഖ്യത്തിന് ഇത്.

മൂന്നാം സീഡ് ആയ രാജീവ് റാം, ജോ സാലിസ്ബറി സഖ്യം ആദ്യ സെറ്റ് 2-6 നു നഷ്ടമായ ശേഷം തിരിച്ചു വന്നു രണ്ടും മൂന്നും സെറ്റുകൾ 6-3, 6-4 എന്ന സ്കോറിന് നേടിയാണ് ആറാം സീഡ് ആയ ബോപ്പണ്ണ സഖ്യത്തിന് എതിരെ വിജയം നേടിയത്. ഓപ്പൺ യുഗത്തിൽ ഇത് ആദ്യമായാണ് ഒരു ടീം തുടർച്ചയായി മൂന്നു യു.എസ് ഓപ്പൺ കിരീടങ്ങൾ നേടുന്നത്. തോറ്റെങ്കിലും ഗ്രാന്റ് സ്ലാം ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ചരിത്രം എഴുതി ബോപ്പണ്ണ.

ആദ്യ സെറ്റ് 6-0 നു നഷ്ടമായ ശേഷം തിരിച്ചു വന്നു ജയിച്ചു ആര്യാന സബലങ്ക യു.എസ് ഓപ്പൺ ഫൈനലിൽ

യു.എസ് ഓപ്പണിൽ അമേരിക്കൻ ഫൈനൽ എന്ന സ്വപ്നം തകർത്തു ബലാറസ് താരവും പുതിയ ലോക ഒന്നാം നമ്പറും ആയ ആര്യാന സബലങ്ക ഫൈനലിൽ. സെമിഫൈനലിൽ രണ്ടാം സീഡ് ആയ സബലങ്ക 17 സീഡ് അമേരിക്കൻ താരം മാഡിസൺ കീയ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. അവിശ്വസനീയം ആയ തിരിച്ചു വരവ് ആണ് സബലങ്ക നടത്തിയത്. ആദ്യ സെറ്റിൽ സബലങ്ക നിലം തൊട്ടില്ല. 6-0 നു സെറ്റ് കീയ്സ് നേടി. രണ്ടാം സെറ്റിൽ ബ്രേക്ക് കണ്ടത്തിയ കീയ്സ് 5-3 നു മുന്നിൽ എത്തി.

ആരാധകർ മുഴുവൻ തനിക്ക് എതിരായപ്പോൾ നിരാശ കൊണ്ടു ഇടക്ക് തന്റെ ശാന്ത സ്വഭാവം കൈവിടുന്നു സബലങ്കയും രണ്ടാം സെറ്റിൽ കണ്ടു. എന്നാൽ തിരിച്ചു വന്ന സബലങ്ക രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ 7-1 നു ജയം കണ്ട സബലങ്ക മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. തുടർന്ന് കടുത്ത പോരാട്ടം തന്നെയാണ് മൂന്നാം സെറ്റിലും കണ്ടത്. ഇരുവരും വിട്ട് കൊടുക്കാതെ പൊരുതിയപ്പോൾ മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടു. തുടർന്ന് 10-5 നു ടൈബ്രേക്കർ ജയിച്ച സബലങ്ക ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം ഫൈനലും ആദ്യ യു.എസ് ഓപ്പൺ ഫൈനലും ആണ് സബലങ്കക്ക് ഇത്. ഫൈനലിൽ അമേരിക്കയുടെ 19 കാരി കൊക്കോ ഗോഫിനെ ആണ് സബലങ്ക നേരിടുക.

19കാരിയായ കൊക്കോ ഗൗഫ് യു എസ് ഓപ്പൺ ഫൈനലിൽ

ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയെ പരാജയപ്പെടുത്തി അമേരിക്കൻ കൗമാര താരം കൊക്കോ ഗൗഫ് തന്റെ കന്നി യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിന് യോഗ്യത നേടി. ചെക്ക് താരത്തിനെതിരെ 6-4, 7-5 എന്ന സ്‌കോറിന് ആണ് ഗൗഫ് വിജയിച്ചത്‌. 19കാരിയായ അമേരിക്കൻ താരം ചരിത്രത്തിലാദ്യമായാണ് യുഎസ് ഓപ്പൺ ഫൈനലിൽ ഇടം നേടിയത് ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഗൗഫ് രണ്ടാം സീഡ് അരിന സബലെങ്കയെയോ സഹതാരം മാഡിസൺ കീസിനെയോ ആകും നേരിടുക.

അമേരിക്കൻ യുവതാരം തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാകും ലക്ഷ്യമിടുന്നത്. 1999-ൽ സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ വനിതയായി ഗൗഫ് ഇന്ന് മാറി.

ചരിത്രം!! ഗ്രാൻസ്ലാം ഫൈനലിൽ എത്തുന്ന പ്രായം കൂടിയ താരമായി രോഹൻ ബൊപ്പണ്ണ

13 വർഷത്തിന് ശേഷം രോഹൻ ബൊപ്പണ്ണ വീണ്ടും യുഎസ് ഓപ്പൺ ഫൈനലിൽ‌. ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായംകൂടിയ പുരുഷനായി 43കാരനായ ഇന്ത്യക്കാരൻ ഇന്ന് മാറി. ഡാനിയൽ ബെസ്റ്ററിന്റെ 43 വയസ്സും മൂന്ന് മാസവും പ്രായം ഉള്ളപ്പോൾ ഫൈനലിൽ എത്തിയ റെക്കോർഡ് ആണ് 43 വയസ്സും 6 മാസവും പ്രായമുള്ള ബൊപ്പണ്ണ തകർത്തത്. ഹെർബർട്ട്-മഹട്ട് എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ എബ്ഡൻ സഖ്യം ഫൈനലിലെത്തിയത്. 7-6, 6-2 എന്നായിരുന്നു സ്കോർ.

ക്വാർട്ടർ ഫൈനലിൽ അവർ 15ാം സീഡ് ലാമൺസ് – വിത്രോ സഖ്യത്തെയും നേരിട്ടുള്ള ഗെയിമുകളിലാണ് തോൽപ്പിച്ചത്.7-6, 6-1 എന്ന സ്കോറിനായിരുന്നു അന്നത്തെ വിജയം. രോഹന്‍ ബൊപ്പണ്ണ യുഎസ് ഓപ്പൺ പുരുഷ ഡബിള്‍സിൽ ഇത് രണ്ടാം തവണയാണ് ഫൈനലിൽ.

യു എസ് ഓപ്പൺ, കാർലോസ് അൽകാരാസ് സെമി ഫൈനലിൽ

ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരാസ് യു എസ് ഓപ്പൺ സെമി ഫൈനലിൽ എത്തി. ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ അലക്‌സാണ്ടർ സ്വെരേവിനെ 6-3, 6-2, 6-4 എന്ന സ്‌കോറിന് തോൽപ്പിച്ച് ആണ് അൽകാരസ് യു.എസ് ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ചത്‌. അൽകാരാസിന് സ്വെരേവ് വലിയ വെല്ലുവിളി ഉയർത്തും എന്നൊക്കെ പ്രതീക്ഷിച്ചു എങ്കിലും നേരിട്ട സെറ്റുകൾക്ക് തന്നെ അൽകാരാസ് വിജയിച്ചു.

സെമി ഫൈനലിൽ മെദ്വദേവ് ആകും അൽകാരാസിന്റെ എതിരാളി. എട്ടാം സീഡ് ആന്ദ്രേ റുബ്ലേവിനെ 6-4, 6-3, 6-4 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് മെദ്‌വദേവ് അവസാന നാലിൽ ഇടം പിടിച്ചത്.

യുഎസ് ഓപ്പൺ പുരുഷ ഡബിള്‍സ് സെമിയിൽ കടന്ന് രോഹന്‍ ബൊപ്പണ്ണ സഖ്യം

യുഎസ് ഓപ്പൺ 2023ന്റെ പുരുഷ ഡബിള്‍സ് സെമിയിലെത്തി രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ഡന്‍ സഖ്യം. 15ാം സീഡ് ലാമൺസ് – വിത്രോ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിലാണ് ബൊപ്പണ്ണയും പങ്കാളിയും പരാജയപ്പെടുത്തിയത്. ആദ്യ സെറ്റിൽ എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളി അതിജീവിച്ചുവെങ്കില്‍ രണ്ടാം ഗെയിമിൽ അനായാസ വിജയം ആണ് ടീം നേടിയത്.

7-6, 6-1 എന്ന സ്കോറിനാണ് രോഹന്‍ – എബ്ഡന്‍ ജോഡി വിജയിച്ചത്. രോഹന്‍ ബൊപ്പണ്ണ യുഎസ് ഓപ്പൺ പുരുഷ ഡബിള്‍സിൽ ഇത് രണ്ടാം തവണയാണ് സെമിയിലെത്തുന്നത്.

രോഹൻ ബൊപണ്ണ യു എസ് ഓപ്പൺ ക്വാർട്ടറിൽ

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലിയൻ കാഷിനെയും ഹെൻറി പാറ്റനെയും തോൽപ്പിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ഡനും യുഎസ് ഓപ്പണിൽ പുരുഷ ഡബിൾസ് ക്വാർട്ടറിലെത്തി.

ആറാം സീഡായ ഇന്തോ-ഓസ്‌ട്രേലിയൻ ജോഡി ബ്രിട്ടീഷ് ജോഡികളായ ക്യാഷ് ആൻഡ് പാറ്റൻ സഖ്യത്തിൽ നിന്ന് വലിയ വെല്ലുവിളി തന്നെ നേരിട്ടു. 6-4, 6-7(5), 7-6(10-6) എന്ന സ്കോറിനായിരുന്നു വിജയം. രണ്ട് മണിക്കൂറിനും 22 മിനുട്ടും മത്സരം നീണ്ടു നിന്നു.

ടോപ്പ് സീഡുകളായ നെതർലൻഡ്‌സിന്റെ വെസ്‌ലി കൂൾഹോഫും യുണൈറ്റഡ് കിംഗ്‌ഡത്തിന്റെ നീൽ സ്‌കുപ്‌സ്‌കിയും പ്രാദേശിക ജോഡികളായ നഥാനിയൽ ലാമൺസും ജാക്‌സൺ വിത്രോയും തമ്മിലുള്ള മൂന്നാം റൗണ്ട് മത്സരത്തിലെ വിജയികളെ ആകും ബൊപ്പണ്ണ ഇനി നേരിടുക.

എതിരാളിക്ക് പരിക്ക്, കാർലോസ് അൽകാരസ് യു എസ് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക്

യുഎസ് ഓപ്പണിൽ, നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അദ്ദേഹത്തിന്റെ എതിരാളി ഡൊമിനിക് കോഫെർ കണങ്കാലിന് പരിക്കേറ്റതിനാൽ കളിക്കിടയിൽ റിട്ടയർ ചെയ്യാൻ നിർബന്ധിതനായതിനാൽ അൽകാരസ് അടുത്ത റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.

അൽകാരാസ് ഒരു ഷോട്ട് മടക്കാൻ പിന്നിലേക്ക് നീങ്ങുന്നതിനിടയിൽ ഇടത് കണങ്കാലിന് പരിക്കേൽക്കുകയാണ്. കോർട്ടിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം, 29 കാരനായ കോഫെർ രണ്ടാം സെറ്റിന്റെ പകുതിയിൽ വെച്ച് പിന്മാറാനുള്ള തീരുമാനമെടുത്തു. 6-2, 3-2 എന്ന നിലയിൽ ആയിരുന്നു അപ്പോൾ സ്കോർ.

രണ്ടാം റൗണ്ടിൽ ദക്ഷിണാഫ്രിക്കൻ താരം ലോയ്ഡ് ഹാരിസിനെ ആകും അൽകാരസ് നേരിടുക.

യു എസ് ഓപ്പൺ, ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അങ്കിത പുറത്ത്

ഇന്ത്യയുടെ അങ്കിത റെയ്‌ന 2023 യുഎസ് ഓപ്പൺ യോഗ്യതാ റൗണ്ടിൽ അവസാന ഘട്ടത്തിൽ പുറത്തായി. ഡബ്ല്യുടിഎ റാങ്കിങ്ങിൽ 155-ാം സ്ഥാനത്തുള്ള സ്വീഡിഷ് പ്രതിഭ മിർജാം ബ്ജോർക്ലണ്ടിനെ നേരിട്ട അങ്കിത റെയ്ന നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. 2-6, 2-6 എന്നായിരുന്നു സ്കോർ. ഇതോടെ യു എസ് ഓപ്പൺ സിംഗിൾസ് മെയിൻ ഡ്രോയിൽ ഒരു ഇന്ത്യൻ താരവും ഉണ്ടാകില്ല എന്ന് ഉറപ്പായി. അങ്കിത ആയിരുന്നു ഇന്ത്യയുടെ അവസാന പ്രതീക്ഷ‌.

അങ്കിത ഒതുവരെ ഒരു ഗ്രാന്റ്സ്ലാമിന്റെയും മെയിൻ ഇവന്റിന്റെ ഭാഗമായിട്ടില്ല. കഴിഞ്ഞ റൗണ്ടിൽ സ്‌പെയിനിന്റെ അലിയോണ ബോൾസോവ സാഡോയ്‌നോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിക്കാൻ അങ്കിതക്ക് ആയിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പറാണ് അങ്കിത റെയ്‌ന

യു എസ് ഓപ്പൺ യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടത്തിലേക്ക് മുന്നേറി അങ്കിത റെയ്ന

ഇന്ത്യയുടെ അങ്കിത റെയ്‌ന 2023 യുഎസ് ഓപ്പൺ യോഗ്യതാ റൗണ്ടിൽ അവസാന ഘട്ടത്തിലേക്ക് എത്തി. ഇനി ഒരു മത്സരം കൂടെ ജയിച്ചാൽ അങ്കിതയ്ക്ക് യു എസ് ഓപ്പൺ മെയിൻ ഇവന്റിലേക്ക് യോഗ്യത നേടാം. അങ്കിത ഒതുവരെ ഒരു ഗ്രാന്റ്സ്ലാമിന്റെയും മെയിൻ ഇവന്റിന്റെ ഭാഗമായിട്ടില്ല. സ്‌പെയിനിന്റെ അലിയോണ ബോൾസോവ സാഡോയ്‌നോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ന് അങ്കിത പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഒന്നാം നമ്പറായ റെയ്‌ന 6-4, 6-3 എന്ന സ്കോറിനായിരുന്നു ജയിച്ചത്.

ബോൾസോവയ്‌ക്കെതിരായ അങ്കിതയുടെ ആദ്യ വിജയമാണിത്. മുൻ മീറ്റിംഗുകളും അങ്കിത അവരോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് അങ്കിത റെയ്‌ന ഏതെങ്കിലും ഗ്രാൻഡ് സ്ലാമിന്റെ ഫൈനൽ യോഗ്യതാ റൗണ്ടിൽ എത്തുന്നത്, രണ്ട് വർഷം മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പണിലും അങ്കിത യോഗ്യത റൗണ്ടിന്റെ അവസാന റൗണ്ടിൽ എത്തിയിരുന്നു. ഡബ്ല്യുടിഎ റാങ്കിങ്ങിൽ 155-ാം സ്ഥാനത്തുള്ള സ്വീഡിഷ് പ്രതിഭ മിർജാം ബ്ജോർക്ലണ്ടിനെയാണ് അവസാന യോഗ്യതാ റൗണ്ടിൽ അങ്കിത നേരിടുക.

അങ്കിത റെയ്‌ന യു എസ് ഓപ്പൺ 2023 യോഗ്യതാ റൗണ്ട് 2ലേക്ക് മുന്നേറി

യുഎസ് ഓപ്പൺ 2023 വനിതാ സിംഗിൾസ് യോഗ്യതാ മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ ടെന്നീസ് സെൻസേഷൻ അങ്കിത റെയ്‌നക്ക് വിജയം. റൊമാനിയയുടെ മിറിയം ബൾഗാരുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് അങ്കിത പുറത്താക്കി. 6-3, 7-5 എന്ന സ്‌കോറിനാണ് രാജ്യത്തിന്റെ ഒന്നാം റാങ്കിലുള്ള താരം വിജയിച്ചത്.

യോഗ്യത റൗണ്ടിന്റെ രണ്ടാം ഘട്ടത്തിൽ 14-ാം സീഡായ സ്പെയിനിൽ നിന്നുള്ള ബോൾസോവയെ ആകും അങ്കിത നേരിടുക. 114ആം റാങ്കുകാരിയാണ് സ്പാനിഷ് താരം. യോഗ്യതാ റൗണ്ടിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ സിംഗിൾസ് താരമാണ് അങ്കിത. രണ്ട് വിജയങ്ങൾ കൂടെ നേടിയാൽ അങ്കിത യു എസ് ഓപ്പൺ മെയിൻ ഡ്രോക്ക് യോഗ്യത നേടും‌.

Exit mobile version