യുപിയെ തകര്‍ത്ത് മുംബൈ, വിജയം 17 പോയിന്റിനു

17 പോയിന്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി യുമുംബ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ യുപി യോദ്ധയെ 41-24 എന്ന സ്കോറിനാണ് മുംബൈ കെട്ടുകെട്ടിച്ചത്. ആദ്യ പകുതിയ അവസാനിക്കുമ്പോള്‍ പിന്നില്‍ നിന്ന് കയറി വന്ന് 15-14ന്റെ ലീഡ് മുംബൈ കൈവശപ്പെടുത്തുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുവാന്‍ മിനുട്ടുകള്‍ ശേഷിക്കെ ലീഡ് യുപിയ്ക്കായിരുന്നുവെങ്കിലും പിന്നീട് മത്സരം മാറി മറിയുകയായിരുന്നു.

7 പോയിന്റ് വീതം നേടി സിദ്ധാര്‍ത്ഥ് ദേശായി, സുരേന്ദര്‍ സിംഗ്, ദര്‍ശന്‍ കഡിയന്‍ എന്നിവര്‍ക്കൊപ്പം ഫസല്‍ അത്രച്ചാലിയും ആറ് പോയിന്റുമായി മുംബൈ നിരയില്‍ തിളങ്ങി. 5 വീതം പോയിന്റ് നേടിയ നരേന്ദറും സച്ചിന്‍ കുമാറുമാണ് യുപിയുടെ ടോപ് സ്കോറര്‍മാര്‍. ശ്രീകാന്ത് ജാഥവ് 4 പോയിന്റ് കരസ്ഥമാക്കി.

15-10നു റെയിഡിംഗിലും 18-13നു പ്രതിരോധത്തിലും മുന്നിട്ട് നിന്ന മുംബൈ മൂന്ന് തവണ യുപിയെ ഓള്‍ഔട്ട് ആക്കി. അധിക പോയിന്റില്‍ 2-1ന്റെ ലീഡും മുംബൈ കരസ്ഥമാക്കിയിരുന്നു.

യുപിയ്ക്ക് സമനില മാറി, പകരം തോല്‍വി

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിയേണ്ടി വന്ന യുപി യോദ്ധയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ഫലം തോല്‍വി. ബെംഗളൂരു ബുള്‍സിനെതിരെ 37-27 എന്ന സ്കോറിനാണ് യുപി പിന്നില്‍ പോയത്. പകുതി സമയത്ത് 19-11നു ലീ‍ഡ് ചെയ്യുകയായിരുന്നു ബെംഗളൂരു തുടര്‍ന്നും മികവ് പുലര്‍ത്തിയപ്പോള്‍ വലിയ ബുദ്ധിമുട്ടില്ലാതെ ജയം ഉറപ്പാക്കി.

റെയിഡിംഗില്‍ ബെംഗളൂരു 19-14നു മുന്നില്‍ നിന്നപ്പോള്‍ പ്രതിരോധത്തില്‍ ഇരു ടീമുകളും 12 പോയിന്റ് വീതം നേടി നിന്നു. രണ്ട് തവണ യുപിയെ ഓള്‍ഔട്ട് ആക്കിയത് വഴി നാല് ഓള്‍ഔട്ട് പോയിന്റ് ബെംഗളൂരു സ്വന്തമാക്കി. 2-1 നു അധിക പോയിന്റിലും ബെംഗളൂരു തന്നെ മുന്നില്‍ നിന്നു.

പവന്‍ ഷെഹ്റാവത്ത്(11), രോഹിത് കുമാര്‍(7), മഹേന്ദര്‍ സിംഗ്(6) എന്നിവര്‍ ബെംഗളൂരു ബുള്‍സിനായി മികവ് പുലര്‍ത്തിയപ്പോള്‍ നിതേഷ് കുമാര്‍(6), ഋഷാംഗ് ദേവഡിഗ(5), സച്ചിന്‍ കുമാര്‍(5) എന്നിവരായിരുന്നു യുപിയുടെ പ്രധാന പോയിന്റ് നേട്ടക്കാര്‍.

വീണ്ടും ഒരു സമനില കുരുക്കില്‍ യുപി, ഇത്തവണ ഒപ്പം പിടിച്ചത് തെലുഗു ടൈറ്റന്‍സ്

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനിലയുമായി മടങ്ങേണ്ടി വന്ന് യുപി യോദ്ധ. ബംഗാള്‍ വാരിയേഴ്സിനോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ യുപി ഇത്തവ തെലുഗു ടൈറ്റന്‍സുമായി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 19-10നു ബഹുദൂരു മുന്നിലായിരുന്നു യുപിയാണ് രണ്ടാം പകുതിയില്‍ പിന്നോട്ട് പോകുന്ന കാഴ്ച കണ്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 26-26 എന്നായിരുന്നു സ്കോര്‍.

രണ്ടാം പകുതിയില്‍ സടകുടഞ്ഞെഴുന്നേറ്റ ടൈറ്റന്‍സിനു മുന്നില്‍ പതറിപ്പോയെങ്കിലും തോല്‍വി വഴങ്ങേണ്ടി വന്നില്ലെന്നതില്‍ യുപിയ്ക്ക് ആശ്വിസിക്കാം. സച്ചിന്‍ കുമാര്‍(5), ശ്രീകാന്ത് ജാഥവ്(4), ഋഷാംഗ് ദേവഡിഗ(4), നിതേഷ് കുമാര്‍(4) എന്നിവര്‍ യുപിയ്ക്കായി പോയിന്റുകള്‍ നേടിയപ്പോള്‍ നിലേഷ് സാലുങ്കേ(4), മൊഹ്സെന്‍ മഗ്സൗദ്ലു(4), അബോസര്‍ മിഗാനി(4) എന്നിവരാണ് ടൈറ്റന്‍സിനു തുണയായത്.

റെയിഡിംഗ് പോയിന്റില്‍ 13-11നു തെലുഗു ടൈറ്റന്‍സ് മുന്നില്‍ നിന്നപ്പോള്‍ 13-11നു യുപി പ്രതിരോധത്തില്‍ മികച്ച് നിന്നു. ഇരു ടീമുകളും മത്സരത്തില്‍ ഒരു തവണ ഓള്‍ൗട്ട് ആയി.

സമാസമം യുപിയും ബംഗാളും

ഇന്നലെ നടന്ന രണ്ടാം പ്രൊ കബഡി മത്സരത്തില്‍ ഒപ്പം പിടിച്ച് യുപി യോദ്ധയും ബംഗാള്‍ വാരിയേഴ്സും. 30-30നു ഫൈനല്‍ വിസില്‍ സമയത്ത് ടീമുകള്‍ തുല്യത പാലിച്ചപ്പോള്‍ പകുതി സമയത്ത് നേരിയ ലീഡ് ബംഗാളിനായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 12-11നു ബംഗാള്‍ മുന്നിലായിരുന്നു. റെയിഡിംഗില്‍ 19-19നു ടീമുകള്‍ തുല്യത പാലിച്ചപ്പോള്‍ 8-7നു യുപി പ്രതിരോധത്തില്‍ മുന്നിട്ട് നിന്നു.

ഇരു ടീമുകളും ഓരോ തവണ മത്സരത്തില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അധിക പോയിന്റുകളില്‍ 2-1ന്റെ ലീഡ് ബംഗാള്‍ നേടിയപ്പോള്‍ ടീമുകള്‍ പോയിന്റുകളില്‍ തുല്യത പാലിച്ചു. ബംഗാളിന്റെ മനീന്ദര്‍ സിംഗ് 14 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. യുപി നിരയില്‍ ഋഷാംഗ് ദേവഡിഗയാണ് പത്ത് പോയിന്റുമായി തിളങ്ങിയത്.

ബുള്‍സിനെ മെരുക്കാനാകാതെ യോദ്ധ

ബെംഗളൂരു ബുള്‍സിനു മുന്നില്‍ വീണ് യുപി യോദ്ധ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബുള്‍സ് 35-29 എന്ന സ്കോറിനാണ് യുപി യോദ്ധയെ മറികടന്നത്. ആദ്യ പകുതിയില്‍ 20-15നു അഞ്ച് പോയിന്റ് ലീഡ് കരസ്ഥമാക്കിയ ശേഷമാണ് യുപി യോദ്ധ മത്സരത്തില്‍ പിന്നോക്കം പോയത്. 14 പോയിന്റ് നേടിയ രോഹിത് കുമാറിന്റെ നിര്‍ണ്ണായക പ്രകടനമാണ് ബെംഗളൂരു നിരയില്‍ വ്യത്യസ്തമായത്. 6 പോയിന്റുമായി പവന്‍ ഷെഹ്റാവത്ത് രോഹിത്തിനു മികച്ച പിന്തുണ നല്‍കി.

യുപിയ്ക്കായി പ്രശാന്ത് കുമാര്‍ 7 പോയിന്റും ശ്രീകാന്ത് ജാഥവ് അഞ്ച് പോയിന്റും നേടി. മത്സരത്തില്‍ ഇരു ടീമുകളും പ്രതിരോധത്തിലും ഓള്‍ഔട്ട് പോയിന്റിലും ഒപ്പമായിരുന്നുവെങ്കിലും രോഹിത് കുമാറിന്റെ മാസ്മരിക പ്രകടനത്തില്‍ 20-12 നു റെയിഡിംഗില്‍ ബെംഗളൂരു മുന്നില്‍ നിന്നു. 12-12 എന്ന നിലയില്‍ പ്രതിരോധത്തിലും 2 പോയിന്റ് വീതം നേടി ഓള്‍ഔട്ട് പോയിന്റുകളിലും ടീമുകള്‍ ഒപ്പം നിന്നു. 3-1നു യുപിയ്ക്കായിരുന്നു അധിക പോയിന്റുകളില്‍ മുന്‍തൂക്കം.

യോദ്ധാക്കളെ മലര്‍ത്തിയടിച്ച് തലൈവാസ്, ജയം 22 പോയിന്റിനു

യുപി യോദ്ധയെ 22 പോയിന്റിനു കീഴടക്കി തമിഴ് തലൈവാസ്. 46-24 എന്ന സ്കോറിനാണ് യുപി യോദ്ധയെ തമിഴ് തലൈവാസ് മലര്‍ത്തിയടിച്ചത്. 26-11 എന്ന സ്കോറിനു പകുതി സമയത്ത് ലീഡ് ചെയ്ത തമിഴ് തലൈവാസ് രണ്ടാം പകുതിയില്‍ 20 പോയിന്റുകള്‍ കൂടി നേടി മത്സരം സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു.

സുകേഷ് ഹെഗ്ഡേ(9), അജയ് താക്കൂര്‍(9), മഞ്ജീത്ത് ചില്ലര്‍(8) എന്നിവര്‍ക്കൊപ്പം അമിത് ഹൂഡയും(6) തിളങ്ങിയതാണ് തലൈവാസിന്റെ കൂറ്റന്‍ ജയത്തിനു കാരണം. യുപിയ്ക്കായി പ്രശാന്ത് കുമാര്‍ റായ് 7 പോയിന്റ് നേടി. മൂന്ന് തവണ തലൈവാസ് യുപിയെ ഓള്‍ഔട്ട് ആക്കി. റെയിഡിംഗില്‍ 19-14നു ലീഡ് ചെയ്ത ടീം ടാക്കിള്‍ പോയിന്റുകളില്‍ 19-9 ന്റെ ലീഡും കൈവശപ്പെടുത്തി.

ഡല്‍ഹിയെ മറികടന്ന് യുപി

ശ്രീകാന്ത് ജാഥവിന്റെയും പ്രശാന്ത് റായിയുടെയും റെയിഡിംഗ് മികവില്‍ ഡല്‍ഹിയെ 38-36 എന്ന സ്കോറിനു കീഴടക്കി യുപി. ഇന്ന് നടന്ന ആവേശകമായ മത്സരത്തില്‍ ഡല്‍ഹിയുടെ കടുത്ത ചെറുത്ത്നില്പിനെ മറികടന്നാണ് ടീമിന്റെ വിജയം. ലീഡ് നില മാറി മറിഞ്ഞ മത്സരത്തില്‍ പകുതി സമയത്ത് 8 പോയിന്റ് ലീഡ് യുപി സ്വന്തമാക്കിയെങ്കിലും ശക്തമായ തിരിച്ചുവരവ് ഡല്‍ഹി നടത്തിയെങ്കിലും ടീമിനു വിജയം പിടിച്ചെടുക്കാന്‍ സാധിച്ചില്ല. ഹാള്‍ ടൈമില്‍ യുപി 25-17നു മുന്നിലായിരുന്നു.

ഡല്‍ഹിയ്ക്കായി നവീന്‍ കുമാര്‍ 13 പോയിന്റ് നേടി മത്സരത്തിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ചന്ദ്രന്‍ രഞ്ജിത്ത് 11 പോയിന്റുമായി മികച്ച പിന്തുണ നല്‍കി. യുപി നിരയില്‍ ശ്രീകാന്ത് 12 പോയിന്റും പ്രശാന്ത് റായി 11 പോയിന്റും നേടി. 25-24നു റെയിഡിംഗില്‍ നേരിയ ലീഡ് യുപി സ്വന്തമാക്കിയപ്പോള്‍ 9-8നു പ്രതിരോധ പോയിന്റുകളിലും ടീം മുന്നിട്ട് നിന്നു. രണ്ട് തവണ ഡല്‍ഹി ഓള്‍ഔട്ട് ആയപ്പോള്‍ യുപിയ്ക്ക് ഒരു തവണ കാലിടറി. 2 അധിക പോയിന്റുകള്‍ നേടി ഡല്‍ഹി ആ മേഖലയില്‍ മികച്ച് നിന്നു.

പൂനെയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി, യുപിയോട് 6 പോയിന്റിനു പരാജയം

യുപി യോദ്ധയോട് 29-23 എന്ന സ്കോറിനു പരാജയമേറ്റു വാങ്ങി പുനേരി പള്‍ട്ടന്‍. ഇന്നലെ തമിഴ് തലൈവാസിനോട് പരാജയപ്പെട്ട ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പൂനെ ഇന്ന് പരാജയം ഏറ്റുവാങ്ങുന്നത്. പകുതി സമയത്ത് 16-12നു ലീഡ് കൈവശപ്പെടുത്തിയ യുപി രണ്ടാം പകുതിയിലും അതേ അന്തരം തുടര്‍ന്ന് മുന്നോട്ട് പോകുകയായിരുന്നു.

പ്രശാന്ത് കുമാര്‍ റായിയും(8) ശ്രീകാന്ത് ജാധവും(6) ആണ് യുപിയ്ക്കായി മികവ് പുലര്‍ത്തിയത്. ഋഷാംഗ് ദേവഡിഗയും 4 പോയിന്റ് നേടി. അതേ സമയം മോനു(7), നിതിന്‍ തോമര്‍ (5) എന്നിവര്‍ പൂനെ നിരയില്‍ തിളങ്ങി.

റെയിഡിംഗിലും(18-14) പ്രതിരോധത്തിലും(9-5) പൂനെയെക്കാള്‍ മെച്ചപ്പെട്ട പ്രകടനം യുപിയാണ് പുറത്തെടുത്തത്. മത്സരത്തില്‍ ഒരു ടീമും ഓള്‍ഔട്ട് ആയില്ല. അധിക പോയിന്റില്‍ മുന്‍ തൂക്കം പൂനെയ്ക്കായിരുന്നു. 4-2 നു ആയിരുന്നു ടീം ഈ മേഖലയില്‍ ലീഡ് കൈവരിച്ചത്.

80 പോയിന്റുകള്‍ക്ക് ശേഷം സമനിലയില്‍ പിരിഞ്ഞ് യുപിയും ബംഗാളും

റെയ്ഡര്‍മാര്‍ പോയിന്റ് വാരിക്കൂട്ടിയ മത്സരത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് ബംഗാള്‍ വാരിയേഴ്സും യുപി യോദ്ധയും. 40-40 എന്ന സ്കോറിനു ടീമുകള്‍ പിരിഞ്ഞപ്പോള്‍ അവസാന റെയിഡിലാണ് യുപി സമനില പിടിച്ചെടുത്തത്. പകുതി സമയത്ത് 18-15നു യുപിയായിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയില്‍ സ്ഥിതി മെച്ചപ്പെടുത്തുവാന്‍ ബംഗാളിനു സാധിച്ചിരുന്നു.

ഇരു ടീമുകളിലെയും റെയ്ഡര്‍ മാര്‍ 25 വീതം പോയിന്റാണ് മത്സരത്തില്‍ നിന്ന് നേടിയത്. പ്രതിരോധത്തില്‍ ബംഗാള്‍ 12 പോയിന്റ് നേടിയപ്പോള്‍ യുപി സ്വന്തമാക്കിയത് 8 പോയിന്റാണ്. ഇരു ടീമുകളും മത്സരത്തില്‍ ഒരു തവണ ഓള്‍ഔട്ട് ആയി. അധിക പോയിന്റിലെ മേല്‍ക്കൈ ആണ് യുപിയ്ക്ക് സമനില നേടുവാന്‍ സഹായകരമായത്. 5-1നു ഈ വിഭാഗത്തില്‍ യുപിയായിരുന്നു മുന്നില്‍.

16 പോയിന്റ് നേടിയ ബംഗാളിന്റെ മനീന്ദര്‍ സിംഗ് ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. ജാംഗ് കുന്‍ ലീ ഏഴ് പോയിന്റും സുര്‍ജിത്ത് സിംഗ് ആറ് പോയിന്റും നേടി. യുപിയ്ക്കായി പ്രശാന്ത് കുമാര്‍ റായ് പതിമൂന്ന് പോയിന്റും ഋഷാംഗ് ദേവഡിഗ 9 പോയിന്റും നേടി.

തോല്‍വി ഒഴിയാതെ യുപി, പട്നയോടും തോല്‍വി

തുടര്‍ തോല്‍വികളില്‍ ആടിയുലഞ്ഞ് യുപി യോദ്ധ. ഇന്ന് പ്രൊ കബഡി ലീഗിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനോട് 43-37 എന്ന സ്കോറിന് പരാജയമേറ്റു വാങ്ങുകയായിരുന്നു യുപി യോദ്ധ. ഇടവേള സമയത്ത് ലീഡ് രണ്ട് പോയിന്റായി ചുരുക്കുവാന്‍ യുപിയ്ക്കായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനവുമായി പട്ന പൈറേറ്റ്സ് വിജയം ഉറപ്പാക്കുകയായിരുന്നു. പകുതി സമയത്ത് 19-17നായിരുന്നു വിജയികള്‍ ലീഡ് ചെയ്തത്.

ശ്രീകാന്ത് ജാഥവിന്റെയും(17 പോയിന്റ്) ഋഷാംഗ് ദേവഡിഗയുടെയും(11) പ്രകടന മികവിനെ പര്‍ദീപ് നര്‍വാലിലൂടെയും(14) ദീപക് നര്‍വാലിലൂടെയും(10) പിടിച്ച് നില്‍ക്കുവാന്‍ പട്നയ്ക്ക് സാധിക്കുകയായിരുന്നു. റെയിഡിംഗിലും(29-28) ടാക്കിള്‍ പോയിന്റുകളിലും(8-6) നേരിയ ലീഡ് പട്നയ്ക്ക് നേടുവാന്‍ സാധിച്ചതും ടീമിനു തുണയായി.

രണ്ട് തവണ യുപി മത്സരത്തില്‍ ഓള്‍ഔട്ട് ആയപ്പോള്‍ പട്ന പുറത്തായത് ഒരു തവണയാണ്. അധിക പോയിന്റുകളിലും 2-1നു പട്ന മുന്നിട്ടു നിന്നു.

ടൈറ്റന്‍സിനു ആവേശ ജയം, പരാജയപ്പെടുത്തിയത് യുപി യോദ്ധയെ

യുപി യോദ്ധയെ 34-29 എന്ന സ്കോറിനു പരാജയപ്പെടുത്തി തെലുഗു ടൈറ്റന്‍സ്. രാഹുല്‍ ചൗധരി(11), അബോസാര്‍ മിഗാനി(6), നിലേഷ് സാലുങ്കേ(5) എന്നിവരുടെ മികവിലാണ് ടൈറ്റന്‍സ് വിജയം നേടിയത്. പകുതി സമയത്ത് 18-13നു തെലുഗു ടൈറ്റന്‍സ് ലീഡ് ചെയ്യുകയായിരുന്നു. യുപിയ്ക്കായി 11 പോയിന്റുമായി പ്രശാന്ത് കുമാര്‍ റായ്, 7 പോയിന്റ് നേടിയ ഋഷാംഗ ദേവഡിഗ എന്നിവരാണ് തിളങ്ങിയത്.

റെയിഡിംഗില്‍ ഇരു ടീമുകളും ഒപ്പം നിന്നപ്പോള്‍ ഒരു പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് തെലുഗു ടൈറ്റന്‍സിനു നേടാനായത്. എന്നാല്‍ ടാക്കിള്‍ പോയിന്റില്‍ 15-11 എന്ന സ്കോറിനു ടൈറ്റന്‍സ് വ്യക്തമായ മുന്‍തൂക്കം നേടി. മത്സരത്തില്‍ ആരും തന്നെ ഓള്‍ഔട്ട് ആയില്ല. 2 പോയിന്റ് വീതം അധിക പോയിന്റായി ഇരു ടീമുകളും നേടുകയും ചെയ്തു.

ചാമ്പ്യന്മാര്‍ക്കും ജയം, യുപിയുടെ വെല്ലുവിളി അതിജീവിച്ച് പട്ന പൈറേറ്റ്സ്

പ്രൊ കബഡി ലീഗിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി പട്ന പൈറേറ്റ്സ്. യുപി യോദ്ധയുടെ വെല്ലുവിളിയെ അതിജീവിച്ച് 43-41 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 21-20നു നേരിയ ലീഡ് പട്നയ്ക്കായിരുന്നു. രണ്ടാം പകുതിയിലും പര്‍ദീപ് നര്‍വാളിന്റെ മാസ്മരിക പ്രകടനത്തില്‍ വിജയം നേടുവാന്‍ പട്നയ്ക്ക് സാധിച്ചു. ആദ്യ പകുതിയ അവസാനിക്കുവാന്‍ 4 മിനുട്ടില്‍ താഴെ മാത്രമുള്ളപ്പോള്‍ 20-15നു യുപി ലീഡ് നേടിയെങ്കിലും പിന്നീട് വന്‍ തിരിച്ചുവരവ് പട്ന നടത്തുകയായിരുന്നു.

16 പോയിന്റുമായി പര്‍ദീപ് നര്‍വാളിനു പിന്തുണയായി ദീപക് നര്‍വാള്‍(7), ജവഹര്‍(5) എന്നിവരും തിളങ്ങിയപ്പോള്‍ യുപി നിരയില്‍ ശ്രീകാന്ത് ജാധവ്(12), ഋഷാംഗ് ദേവഡിഗ(8), പ്രശാന്ത് കുമാര്‍ റായ്(6) എന്നിവരാണ് തിളങ്ങിയവര്‍.

റെയ്ഡിംഗില്‍ 27-26നു യുപിയായിരുന്നു മുന്നിലെങ്കില്‍ 11-7നു പ്രതിരോധത്തില്‍ പട്ന പിടിമുറുക്കി. ഇരു ടീമുകളും രണ്ട് തവണ പുറത്തായപ്പോള്‍ അധിക പോയിന്റില്‍ നേരിയ മുന്‍തൂക്കം (3-2) യുപി സ്വന്തമാക്കി. എന്നാല്‍ പ്രതിരോധത്തിലെ മികവില്‍ പട്ന മത്സരം സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു.

Exit mobile version