തെലുഗു ടൈറ്റന്‍സിനെതിരെ വലിയ വിജയം നേടി പുനേരി പള്‍ട്ടന്‍

15 പോയിന്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ തെലുഗു ടൈറ്റന്‍സിനെയാണ് പുനേരി പള്‍ട്ടന്‍ കശക്കിയെറിഞ്ഞത്. ഇടവേള സമയത്ത് 17-10ന്റെ ലീഡായിരുന്നു പൂനെയുടെ കൈവശമെങ്കില്‍ അത് ഇരട്ടിയാക്കുവാന്‍ രണ്ടാം പകുതിയില്‍ ടീമിനു സാധിച്ചു. ജിബി മോറെ നേടിയ സൂപ്പര്‍ 10ന്റെ മികവിലാണ് പൂനെയുടെ തകര്‍പ്പന്‍ ജയം. രവി കുമാര്‍ അഞ്ചും സന്ദീപ് നര്‍വാല്‍ നാലും പോയിന്റ് നേടി. ടൈറ്റന്‍സിനു വേണ്ടി ഫര്‍ഹാദ് മിലാഗ്ഹാര്‍ദാന്‍ അഞ്ച് പോയിന്റ് നേടി.

റെയിഡിംഗില്‍ 14-15നു പൂനെ പിന്നില്‍ പോയെങ്കിലും 16-5നു 11 പോയിന്റ് വ്യത്യാസത്തിലാണ് ടീം പ്രതിരോധത്തില്‍ മേല്‍ക്കൈ നേടിയത്. രണ്ട് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും പൂനെയ്ക്ക് സാധിച്ചു.

ഹരിയാന ലെഗില്‍ വിജയത്തുടക്കവുമായി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്

ഹരിയാനയില്‍ പ്രൊ കബഡി ലീഗ് സീസണ്‍ ലെഗ് ആരംഭിക്കുമ്പോള്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ജയം സ്വന്തമാക്കി പിങ്ക് പാന്തേഴ്സ്. ടീം ഇന്ന് നടന്ന മത്സരത്തില്‍ പുനേരി പള്‍ട്ടനെയാണ് കീഴടക്കിയത്. 36-23 എന്ന സ്കോറിനു 13 പോയിന്റ് മാര്‍ജിനിലാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 21-9നു ജയ്പൂര്‍ മുന്നിലായിരുന്നു. 8 വീതം പോയിന്റ് നേടി സുനില്‍ സിദ്ധഗാവ്‍ലിയും ദീപക് ഹൂഡയുമാണ് ജയ്പൂരിന്റെ പ്രധാന സ്കോറര്‍മാര്‍. അമിത് കുമാര്‍ 5 പോയിന്റ് നേടി. പൂനെ നിരയില്‍ മോറെ 5 പോയിന്റും സന്ദീപ് 4 പോയിന്റും നേടി.

റെയിഡിംഗില്‍ 14 വീതം പോയിന്റുമായി ഇരു ടീമുകളും ഒപ്പം നില്‍ക്കുകയായിരുന്നു. അതേ സമയം 17-9 എന്ന വലിയ ലീഡാണ് ജയ്പൂര്‍ പ്രതിരോധ മേഖലയില്‍ നേടിയത്. 4 ഓള്‍ഔട്ട് പോയിന്റും ഒരു അധിക പോയിന്റും നേടി ജയ്പൂര്‍ മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചു.

തിരിച്ചുവരവ് നടത്തി പട്‍ന പൈറേറ്റ്സ്, 53 പോയിന്റ് നേടി ടീം, 27 പോയിന്റുമായി പര്‍ദീപ് നര്‍വാല്‍

വലിയ തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി പട്‍ന പൈറേറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പട്ന പൈറേറ്റ്സ് പുനേരി പള്‍ട്ടനെ 17 പോയിന്റ് വ്യത്യാസത്തിലാണ് കീഴ്പ്പെടുത്തിയത്. 53-36 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. പാതി സമയത്തും പട്ന തന്നെയാണ് ലീഡ് ചെയ്തതെങ്കിലും 24-19 എന്ന സ്കോറിനു 5 പോയിന്റ് ലീഡ് മാത്രമാണ് കൈവശമുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ പട്ന പൂനെയെ കശക്കിയെറിയുകയായിരുന്നു.

പര്‍ദീപ് നര്‍വാല്‍ നേടിയ 27 പോയിന്റുകളാണ് പട്നയുടെ കൂറ്റന്‍ വിജയത്തിന്റെ അടിത്തറ. പൂനെയ്ക്കായി മോറെ 13 പോയിന്റും സന്ദീപ് നര്‍വാല്‍ 7 പോയിന്റും നേടി. 33 റെയിഡിംഗ് പോയിന്റുകള്‍ പട്ന നേടിയപ്പോള്‍ 28 പോയിന്റുമായി പൂനെ തൊട്ടുപുറകെയെത്തി. 12-6നു പ്രതിരോധത്തിലും മികവ് പട്നയ്ക്കായിരുന്നു. മൂന്ന് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും പൈറേറ്റ്സിനു സാധിച്ചു.

പൂനെയെ വീഴ്ത്തി ഡല്‍ഹി

പുനേരി പള്‍ട്ടനെതിരെ 11 പോയിന്റ് വ്യത്യാസത്തില്‍ വിജയം കുറിച്ച് ദബാംഗ് ഡല്‍ഹി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പൂനെ 35-24 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ഇടവേള സമയത്ത് 18-10നായിരുന്നു ഡല്‍ഹി മുന്നിട്ട് നിന്നത്. ഇരു ടീമുകളും റെയിഡിംഗില്‍ 17 വീതം പോയിന്റ് നേടി ഒപ്പം നിന്നുവെങ്കിലും പ്രതിരോധത്തില്‍ ഡല്‍ഹി 13-7 എന്ന ലീഡ് സ്വന്തമാക്കി. രണ്ട് തവണ ഡല്‍ഹി പൂനെയെ ഓള്‍ഔട്ടും മത്സരത്തിലാക്കി.

നായകന്‍ മെറാജ് ഷെയ്ഖും നവീന്‍ കുമാറും 7 വീതം പോയിന്റുമായി ഡല്‍ഹി നിരയിലെ പ്രധാന സ്കോറര്‍മാരായി. പൂനെയ്ക്കായി മിന്നും പ്രകടനവുമായി ദീപക് കുമാര്‍ ദഹിയ തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ടീമിനു ലഭിച്ചില്ല. 10 പോയിന്റാണ് ദീപക് ഒറ്റയ്ക്ക് നേടിയത്.

ഗുജറാത്തിന്റെ തേരോട്ടത്തില്‍ കടപുഴകി വീണ് പുനേരി പള്‍ട്ടന്‍

ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സിന്റെ തേരോട്ടം തുടരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് പൂനേരി പള്‍ട്ടനെ 15 പോയിന്റ് വ്യത്യാസത്തില്‍ പരാജയപ്പെടുത്തുകയായിരുന്നു. മത്സരം 35-20 എന്ന സ്കോറിനു വിജയിച്ച ഗുജറാത്ത് ആദ്യ പകുതിയില്‍ 20-11നു ലീഡ് ചെയ്യുകയായിരുന്നു. 7 പോയിന്റ് വീതം നേടിയ പൂനെയുടെ സന്ദീപ് നര്‍വാലും ഗുജറാത്തിന്റെ സച്ചിനുമാണ് മത്സരത്തിലെ ടോപ് സ്കോറര്‍മാര്‍.

രണ്ട് തവണ മത്സരത്തില്‍ പൂനെ ഓള്‍ഔട്ട് ആയപ്പോള്‍ റെയിഡിംഗില്‍ 13-6ന്റെ ലീഡും പ്രതിരോധത്തില്‍ 14-12ന്റെ നേരിയ ലീഡും ഗുജറാത്ത് കൈക്കലാക്കി. 4-2 എന്ന നിലയില്‍ അധിക പോയിന്റുകളിലും ഗുജറാത്ത് മുന്‍കൈ സ്വന്തമാക്കി.

തുല്യരായി പിരിഞ്ഞ് ജയ്പൂരും പുനെയും

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പുനേരി പള്‍ട്ടനും ജയ്പൂര്‍ പിങ്ക് പാന്തേഴ്സും സമനിലയില്‍ പിരിഞ്ഞു. മുഴുവന്‍ സമയത്ത് 30 വീതം പോയിന്റ് നേടി ഇരു ടീമുകളും തുല്യരായി നിന്നപ്പോള്‍ പകുതി സമയത്ത് 17-10നു ലീഡ് ജയ്പൂരിനൊപ്പമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ പൂനെ മത്സരത്തിലെ അവസാന നിമിഷങ്ങളില്‍ ലീഡ് കൈവശപ്പെടുത്തുന്ന നിലയിലെത്തിയെങ്കിലും ജയ്പൂര്‍ അവസാന മിനുട്ടില്‍ ഒപ്പമെത്തുകയായിരുന്നു.

15-14നു റെയിഡിംഗിലും 12-9നു പ്രതിരോധത്തിലും ലീഡ് ചെയ്തത് ജയ്പൂരായിരുന്നുവെങ്കിലും അധിക പോയിന്റില്‍ 5-1ന്റെ ലീഡ് പൂനെയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയി. 12 പോയിന്റ് നേടിയ ദീപക് ഹൂഡ ജയ്പൂരിന്റെയും മത്സരത്തിലെയും ടോപ് സ്കോറര്‍ ആയപ്പോള്‍ പൂനെയ്ക്കായി ഗിരീഷ് മാരുതി എര്‍ണാക് ആറും മോറെ, ദീപക് കുമാര്‍ ദഹിയ എന്നിവര്‍ അഞ്ച് വീതം പോയിന്റും നേടി.

ലോ സ്കോറിംഗ് ത്രില്ലറില്‍ വിജയം ബംഗാള്‍ വാരിയേഴ്സിനു

വളരെ കുറച്ച് പോയിന്റുകള്‍ മാത്രം പിറന്ന മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിനു വിജയം. പുനേരി പള്‍ട്ടനെ 26-22 എന്ന സ്കോറിനാണ് ബംഗാള്‍ വാരിയേഴ്സ് ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. ഇടവേള സമയത്ത് 13-12 എന്ന സ്കോറിനു പൂനെ ആയിരുന്നു ലീഡെങ്കിലും രണ്ടാം പകുതിയില്‍ മത്സരം ബംഗാള്‍ സ്വന്തമാക്കുകയായിരുന്നു.

9 പോയിന്റ് നേടി മോറെയാണ് പൂനെയുടെ ടോപ് സ്കോറര്‍. ബംഗാളിനായി മനീന്ദര്‍ സിംഗ് ആറ് പോയിന്റും രവീന്ദ്ര രമേഷ് കുമാവത് അഞ്ച് പോയിന്റും നേടി. 13-12 എന്ന സ്കോറിനു റെയിഡിംഗില്‍ പൂനെ ആയിരുന്നു മുന്നിലെങ്കിലും 10-6നു ബംഗാള്‍ പ്രതിരോധത്തില്‍ മുന്നിട്ട് നിന്നു. ഒരു തവണ ബംഗാള്‍ പൂനെയെ ഓള്‍ഔട്ട് ആക്കിയ മത്സരത്തില്‍ അധിക പോയിന്റുകളില്‍ 3-2ന്റെ ലീഡ് പൂനെയ്ക്കായിരുന്നു.

പോയിന്റുകള്‍ക്ക് പഞ്ഞം, പുനേരി പള്‍ട്ടനെ വീഴ്ത്തി തെലുഗു ടൈറ്റന്‍സ്

ഇന്ന് നടന്ന ആദ്യ പ്രൊ കബഡി ലീഗ് മത്സരത്തില്‍ പുനേരി പള്‍ട്ടന്റെ ചെറുത്ത് നില്പിനെ മറികടന്ന് തെലുഗു ടൈറ്റന്‍സിനു വിജയം. 28-25 എന്ന സ്കോറിനാണ് ടൈറ്റന്‍സിന്റെ വിജയം. പോയിന്റുകള്‍ അത്ര കണ്ട് പിറക്കാത്ത മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 27-20നു ടൈറ്റന്‍സ് ലീഡ് ചെയ്തുവെങ്കിലും അവസാന നിമിഷങ്ങളിലെ മികവില്‍ ലീഡ് നില കുറയ്ക്കുവാന്‍ പൂനെയ്ക്ക് സാധിച്ചു. എന്നാല്‍ അവസാന നിമിഷ വെല്ലുവിളിയെ അതിജീവിച്ച് തെലുഗു ടൈറ്റന്‍സ് വിജയം ഉറപ്പാക്കുകയായിരുന്നു. പകുതി സമയത്ത് 17-11നു വ്യക്തമായ ലീഡ് കൈവശപ്പെടുത്തുവാന്‍ ടൈറ്റന്‍സിനു സാധിച്ചിരുന്നു.

റെയിഡിംഗില്‍ 14-12 എന്ന സ്കോറിനും പ്രതിരോധത്തില്‍ 10-9 എന്ന സ്കോറിനും ടൈറ്റന്‍സ് ആണ് മുന്നില്‍ നിന്നത്. രണ്ട് തവണ മത്സരത്തില്‍ പൂനെ ഓള്‍ഔട്ട് ആയപ്പോള്‍ തെലുഗു ഒരു തവണ ഓള്‍ഔട്ട് ആയി. മത്സരത്തില്‍ 2 അധിക പോയിന്റ് പൂനെയ്ക്ക് സ്വന്തമാക്കുവാനായിരുന്നു.

8 പോയിന്റ് നേടിയ രാഹുല്‍ ചൗധരി മത്സരത്തിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ നിലേഷ് സാലുങ്കേ(6), ക്രുഷ്ണ മഡാനേ(4) എന്നിവരും രാഹുലിനൊപ്പം തെലുഗു ടീമിനു വേണ്ടി തിളങ്ങി. പൂനെ നിരയില്‍ ഏഴ് പോയിന്റുമായി സന്ദീപ് നര്‍വാലും 5 പോയിന്റ് നേടിയ അക്ഷയ് ജാഥവുമാണ് തിളങ്ങിയ താരങ്ങള്‍.

മഹാരാഷ്ട്ര ഡര്‍ബിയില്‍ ജയം മുംബൈയ്ക്ക്

പുനേരി പള്‍ട്ടനെതിരെ മികച്ച വിജയം നേടി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 31-22 എന്ന സ്കോറിനാണ് മുംബൈയുടെ ജയം. പകുതി സമയത്ത് 19-10നു മുംബൈ ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും 12 വീതം പോയിന്റ് നേടിയെങ്കിലും ആദ്യ പകുതിയുടെ മികവിന്റെ പുറത്ത് ജയം മുംബൈ കരസ്ഥമാക്കി.

അഭിഷേക് സിംഗ് 7 പോയിന്റുമായി മുംബൈയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ സുരേന്ദര്‍ സിംഗ്, വിനോദ് കുമാര്‍, ഫസല്‍ അത്രച്ചാലി എന്നിവര്‍ നാല് വീതം പോയിന്റ് നേടി. പൂനെയ്ക്കായി 4 പോയിന്റ് നേടിയ മോറെ ആണ് ടോപ് സ്കോററായത്.

11-7നു റെയിഡിംഗിലും 14-12നു ടാക്കിള്‍ പോയിന്റിലും മുംബൈ ലീഡ് നേടി. രണ്ട് തവണ പൂനെയെ ഓള്‍ഔട്ട് ആക്കിയും മുംബൈ ആധിപത്യം ഉറപ്പിയ്ക്കുകയായിരുന്നു. അധിക പോയിന്റില്‍ 3-2നു പൂനെ ലീഡ് ചെയ്തു.

ഡല്‍ഹിയെ മറികടന്ന് പൂനെ

ഇന്നലെ ഗുജറാത്തിനോട് പരാജയപ്പെട്ടുവെങ്കിലും അതില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ് വീണ്ടും വിജയ വഴിലേക്ക് എത്തി പുനേരി പള്‍ട്ടന്‍. 31-27 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 22-15ന്റെ ലീഡാണ് ടീം വൈകശപ്പെടുത്തിയതെങ്കിലും രണ്ടാം പകുതി പൂനെ അധികം പോയിന്റുകള്‍ നേടിയില്ല. ഡല്‍ഹി മികവ് പുലര്‍ത്തിയെങ്കിലും ലീഡ് 4 പോയിന്റായി കുറയ്ക്കുവാന്‍ സാധിച്ചുവെങ്കിലും ടീമിനു വിജയം നേടുവാന്‍ സാധ്യമായില്ല.

ഡല്‍ഹിയുടെ നവീന്‍ കുമാര്‍ ഏഴ് പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോഗീന്ദര്‍ നര്‍വാല്‍ നാലും ചന്ദ്രന്‍ രഞ്ജിത്ത് 3 പോയിന്റും നേടി. സംയുക്ത ശ്രമങ്ങളുമായാണ് പൂനെ ഡല്‍ഹിയുടെ നേട്ടങ്ങളെ മറികടന്നത്. മോറെ(5), ദീപക് കുമാര്‍ ദഹിയ(4), സന്ദീപ് നര്‍വാല്‍(4), റിങ്കു നര്‍വാല്‍(4) എന്നിവരാണ് പൂനെയ്ക്കായി തിളങ്ങിയത്.

റെയിഡിംഗില്‍ 13-11നു പൂനെ മുന്നില്‍ നിന്നപ്പോള്‍ 12-9ന്റെ ലീഡ് ടാക്കിള്‍ പോയിന്റില്‍ പൂനെ സ്വന്തമാക്കി. ഇരു ടീമുകളും മത്സരത്തില്‍ ഓരോ തവണ ഓള്‍ഔട്ട് ആയി. അധിക പോയിന്റില്‍ ഡല്‍ഹി 5 പോയിന്റും പൂനെ 4 പോയിന്റും നേടി.

ഗുജറാത്ത് മുന്നോട്ട് തന്നെ, പൂനെയെയും വീഴ്ത്തി

പ്രൊകബഡി ലീഗില്‍ ഉജ്ജ്വല ജയവുമായി ഗുജറാത്ത്. ഇന്നലെ നടന്ന മത്സരത്തില്‍ 37-27 എന്ന സ്കോറിനാണ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിന്റെ വിജയം. സച്ചിന്റെ 10 പോയിന്റുകള്‍ക്കൊപ്പം മഹേഷ് ഗൗഡ് നേടിയ ആറ് പോയിന്റുകള്‍ കൂടിയായപ്പോള്‍ റെയിഡിംഗില്‍ ഗുജറാത്ത് മുന്നില്‍ നിന്നു. 18-13നു റെയിഡിംഗില്‍ മുന്നില്‍ നില്‍ക്കുവാന്‍ ഗുജറാത്തിനായെങ്കിലും പൂനെയായിരുന്നു പ്രതിരോധത്തില്‍ നേരിയ മുന്‍തൂക്കം നേടിയത്. 13-12നാണ് ടീം ഈ വിഭാഗത്തില്‍ മുന്നില്‍ നിന്നത്.

രണ്ട് തവണ പൂനെ ഓള്‍ഔട്ട് ആയപ്പോള്‍ ആ ഗണത്തില്‍ നാല് പോയിന്റ് ഗുജറാത്ത് സ്വന്തമാക്കി. 3-1 നു അധിക പോയിന്റിലും ഗുജറാത്ത് മുന്നിട്ട് നിന്നു. നിതിന്‍ തോമര്‍ ആറ് പോയിന്റ് നേടിയപ്പോള്‍ രവി കുമാര്‍ നാല് പോയിന്റ് നേടി പൂനെയ്ക്കായി തിളങ്ങി.

പൂനെയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി, യുപിയോട് 6 പോയിന്റിനു പരാജയം

യുപി യോദ്ധയോട് 29-23 എന്ന സ്കോറിനു പരാജയമേറ്റു വാങ്ങി പുനേരി പള്‍ട്ടന്‍. ഇന്നലെ തമിഴ് തലൈവാസിനോട് പരാജയപ്പെട്ട ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പൂനെ ഇന്ന് പരാജയം ഏറ്റുവാങ്ങുന്നത്. പകുതി സമയത്ത് 16-12നു ലീഡ് കൈവശപ്പെടുത്തിയ യുപി രണ്ടാം പകുതിയിലും അതേ അന്തരം തുടര്‍ന്ന് മുന്നോട്ട് പോകുകയായിരുന്നു.

പ്രശാന്ത് കുമാര്‍ റായിയും(8) ശ്രീകാന്ത് ജാധവും(6) ആണ് യുപിയ്ക്കായി മികവ് പുലര്‍ത്തിയത്. ഋഷാംഗ് ദേവഡിഗയും 4 പോയിന്റ് നേടി. അതേ സമയം മോനു(7), നിതിന്‍ തോമര്‍ (5) എന്നിവര്‍ പൂനെ നിരയില്‍ തിളങ്ങി.

റെയിഡിംഗിലും(18-14) പ്രതിരോധത്തിലും(9-5) പൂനെയെക്കാള്‍ മെച്ചപ്പെട്ട പ്രകടനം യുപിയാണ് പുറത്തെടുത്തത്. മത്സരത്തില്‍ ഒരു ടീമും ഓള്‍ഔട്ട് ആയില്ല. അധിക പോയിന്റില്‍ മുന്‍ തൂക്കം പൂനെയ്ക്കായിരുന്നു. 4-2 നു ആയിരുന്നു ടീം ഈ മേഖലയില്‍ ലീഡ് കൈവരിച്ചത്.

Exit mobile version