ചാമ്പ്യന്മാര്‍ക്കും ജയം, യുപിയുടെ വെല്ലുവിളി അതിജീവിച്ച് പട്ന പൈറേറ്റ്സ്

പ്രൊ കബഡി ലീഗിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി പട്ന പൈറേറ്റ്സ്. യുപി യോദ്ധയുടെ വെല്ലുവിളിയെ അതിജീവിച്ച് 43-41 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 21-20നു നേരിയ ലീഡ് പട്നയ്ക്കായിരുന്നു. രണ്ടാം പകുതിയിലും പര്‍ദീപ് നര്‍വാളിന്റെ മാസ്മരിക പ്രകടനത്തില്‍ വിജയം നേടുവാന്‍ പട്നയ്ക്ക് സാധിച്ചു. ആദ്യ പകുതിയ അവസാനിക്കുവാന്‍ 4 മിനുട്ടില്‍ താഴെ മാത്രമുള്ളപ്പോള്‍ 20-15നു യുപി ലീഡ് നേടിയെങ്കിലും പിന്നീട് വന്‍ തിരിച്ചുവരവ് പട്ന നടത്തുകയായിരുന്നു.

16 പോയിന്റുമായി പര്‍ദീപ് നര്‍വാളിനു പിന്തുണയായി ദീപക് നര്‍വാള്‍(7), ജവഹര്‍(5) എന്നിവരും തിളങ്ങിയപ്പോള്‍ യുപി നിരയില്‍ ശ്രീകാന്ത് ജാധവ്(12), ഋഷാംഗ് ദേവഡിഗ(8), പ്രശാന്ത് കുമാര്‍ റായ്(6) എന്നിവരാണ് തിളങ്ങിയവര്‍.

റെയ്ഡിംഗില്‍ 27-26നു യുപിയായിരുന്നു മുന്നിലെങ്കില്‍ 11-7നു പ്രതിരോധത്തില്‍ പട്ന പിടിമുറുക്കി. ഇരു ടീമുകളും രണ്ട് തവണ പുറത്തായപ്പോള്‍ അധിക പോയിന്റില്‍ നേരിയ മുന്‍തൂക്കം (3-2) യുപി സ്വന്തമാക്കി. എന്നാല്‍ പ്രതിരോധത്തിലെ മികവില്‍ പട്ന മത്സരം സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു.

Exit mobile version