ത്രില്ലറിൽ പട്ന പൈറേറ്റ്സിനെ വീഴ്ത്തി യുപി യോദ്ധ

പ്രൊ കബഡി ലീഗിന്റെ എട്ടാം സീസണിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ യുപി യോദ്ധയ്ക്ക് വിജയം. 36 – 35 എന്ന സ്കോറിനാണ് പട്ന പൈറേറ്റ്സിനെ പിന്തള്ളി യുപി യോദ്ധ വിജയം കൈവരിച്ചത്.

പട്ന നിരയിൽ പര്‍ദീപ് നര്‍വാള്‍ 12 പോയിന്റുമായി ടോപ് സ്കോറര്‍ ആയെങ്കിലും യുപിയ്ക്കായി സച്ചിന്‍ പത്തും പ്രശാന്ത് കുമാര്‍ 8 പോയിന്റും നേടിയപ്പോള്‍ മുഹമ്മദ്റീസ ചിയാനേഹ് ഏഴ് പോയിന്റും നേടി.

ആദ്യ പകുതിയിൽ 20-17ന് പട്നയായിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയിൽ 19-15 എന്ന സ്കോറിന് യുപി മുന്നിട്ട് നിന്നു.

വലിയ ജയവുമായി ഗുജറാത്ത്, തകര്‍ത്തത് യുപിയെ

പ്രൊകബഡി ലീഗിന്റെ പത്താം മത്സരത്തില്‍ 25 പോയിന്റ് വിജയവുമായി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 44-19 എന്ന സ്കോറിനാണ് യുപി യോദ്ധയെ നിഷ്പ്രഭമാക്കിയ പ്രകടനവുമായി ഗുജറാത്ത് വിജയം കൈവരിച്ചത്. പകുതി സമയത്ത് 19-9 എന്ന സ്കോറിന് ഗുജറാത്ത് ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗുജറാത്ത് 25 പോയിന്റ് നേടിയപ്പോള്‍ യുപി 10 പോയിന്റാണ് നേടിയത്.

11 പോയിന്റ് നേടിയ രോഹിത് ഗൂലിയയും 6 വീതം പോയിന്റ് നേടിയ സച്ചിനും പര്‍വേഷ് ബൈന്‍സ്‍വാലയും 5 പോയിന്റ് നേടിയ മോര്‍ ജി ബിയുമാണ് ഗുജറാത്തിന്റെ പ്രധാന സ്കോറര്‍മാര്‍. 5 പോയിന്റ് നേടിയ ശ്രീകാന്ത് ജാധവ് ആണ് യുപിയുടെ പ്രധാന സ്കോറര്‍.

23-12 ന് റെയിഡിംഗിലും 14-5ന് ടാക്കിള്‍ പോയിന്റുകളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഗുജറാത്ത് മൂന്ന് തവണ യുപിയെ ഓള്‍ഔട്ട് ആക്കി. അധിക പോയിന്റില്‍ 2-1ന് യുപി മേല്‍ക്കൈ നേടി.

31 പോയിന്റിന്റെ വലിയ വിജയവുമായി ബംഗാള്‍ വാരിയേഴ്സ്, ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം

48-17 എന്ന വലിയ മാര്‍ജിനിലുള്ള വിജയം നേടി ബംഗാള്‍ വാരിയേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ യുപി യോദ്ധയെയാണ് ബംഗാള്‍ വാരിയേഴ്സ് നിഷ്പ്രഭമാക്കിയത്. പ്രൊകബഡി ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള വിജയമായിരുന്നു ഇന്നലെ ടീം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും തമ്മില്‍ വലിയ അന്തരമൊന്നുമില്ലായിരുന്നുവെങ്കിലും 17-9 എന്ന സ്കോറിന് ബംഗാള്‍ തന്നെയായിരുന്നു മുന്നില്‍. പിന്നീട് രണ്ടാം പകുതിയില്‍ ബംഗാളിന്റെ പൂര്‍ണ്ണാധിപത്യമാണ് കണ്ടത്.

ബംഗാളിന് വേണ്ടി മുഹമ്മദ് നബിബക്ഷ് പത്ത് പോയിന്റും മനീന്ദര്‍ സിംഗ്, ബല്‍ദേവ് സിംഗ എന്നിവര്‍ യഥാക്രമം 9, 7 പോയിന്റുകളും നേടി. യുപിയ്ക്കായി മോനു ഗോയത് 6 പോയിന്റുമായി ടോപ് സ്കോറര്‍ ആയി.

നാല് തവണയാണ് യുപി മത്സരത്തില്‍ ഓള്‍ഔട്ട് ആയത്. 24-10 എന്ന സ്കോറിന് റെയിഡിംഗിലും 14-5 എന്ന സ്കോറിന് പ്രതിരോധത്തിലും വ്യക്തമായ മേല്‍ക്കൈ നേടിയത് ബംഗാള്‍ വാരിയേഴ്സ് തന്നെയായിരുന്നു.

യുപിയെന്ന തടസ്സം നീക്കി ഗുജറാത്ത്, ഇനി ബെംഗളൂരുവുമായി ഫൈനല്‍ പോരാട്ടം

പ്രൊകബഡി ലീഗ് സീസണ്‍ ആറ് ഫൈനലിനു യോഗ്യത നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ യുപി യോദ്ധയെ കീഴടക്കിയാണ് ഫൈനലില്‍ ബെംഗളൂരു ബുള്‍സിനെ നേരിടുവാനുള്ള അവസരം ഗുജറാത്ത് സ്വന്തമാക്കിയത്. 38-31 എന്ന സ്കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം. ഇടവേള സമയത്ത് 19-14നു ഗുജറാത്ത് മുന്നിലായിരുന്നു.

10 പോയിന്റുമായി സച്ചിന്‍ ഗുജറാത്തിന്റെ പ്രധാന സ്കോറര്‍ ആയി. ശ്രീകാന്ത് ജാഥവ്(7), നിതേഷ് കുമാര്‍(6) എന്നിവര്‍ യുപിയ്ക്കായി തിളങ്ങി. റെയിഡിംഗില്‍ 22-17നു ഗുജറാത്ത് മുന്നിട്ട് നിന്നപ്പോള്‍ ഇരു ടീമുകളും 10 പോയിന്റ് വീതം നേടി പ്രതിരോധത്തില്‍ ഒപ്പം നിന്നു. രണ്ട് തവണ യുപി ഓള്‍ഔട്ട് ആയപ്പോള്‍ ഗുജറാത്ത് ഒരു തവണ ഓള്‍ഔട്ട് ആയി.

ഫൈനല്‍ മത്സരം ശനിയാഴ്ച, ജനുവരി അഞ്ചിനു മുംബൈയില്‍ നടക്കും.

ബെംഗളൂരു ഫൈനലില്‍, ഫൈനലിലേക്ക് യോഗ്യതയ്ക്കായി ഗുജറാത്തും യുപിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും

കൊച്ചിയില്‍ നടന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ജയിച്ച് കയറി പ്രൊകബഡി ലീഗ് സീസണ്‍ ആറിന്റെ ഫൈനലിനു യോഗ്യത നേടി ബെംഗളൂരു ബുള്‍സ്. ഫൈനലിലേക്ക് യോഗ്യതയ്ക്കായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും യുപിയും ഏറ്റുമുട്ടും. ലീഗ് ഘട്ടം കടന്ന് ആറ് ടീമുകളാണ് പ്ലേ ഓഫുകള്‍ക്കായി യോഗ്യത നേടിയത്. യു മുംബ, ബെംഗളൂരു ബുള്‍സ്, യുപി യോദ്ധ, ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്, ദബാംഗ് ഡല്‍ഹി, ബംഗാള്‍ വാരിയേഴ്സ് എന്നീ ടീമുകളായിരുന്നു യോഗ്യത നേടിയത്.

ഫൈനലിലേക്ക് യോഗ്യതയുള്ള ആദ്യ ക്വാളിഫയറില്‍ ബെംഗളൂരു ബുള്‍സും ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സുമാണ് ഏറ്റുമുട്ടിയത്. 41-29 എന്ന സ്കോറിനു മേധാവിത്വത്തോടെ മത്സരം ബെംഗളൂരു വിജയിക്കുകയായിരുന്നു. പവന്‍ ഷെഹ്റാവത്ത്(13), രോഹിത് കുമാര്‍(11) എന്നിവര്‍ക്കൊപ്പം 6 പോയിന്റ് നേടി മഹേന്ദര്‍ സിംഗും ബെംഗളൂരു നിരയില്‍ തിളങ്ങുകയായിരുന്നു. വിജയത്തോടെ ബെംഗളൂരു നേരിട്ട് ഫൈനലിലേക്ക് കടന്നപ്പോള്‍ ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ എതിരാളിലേക്ക് പോയി. സച്ചിന്‍ പത്ത് പോയിന്റുമായി ഗുജറാത്ത് നിരയില്‍ തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ക്ക് വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാനാകാതിരുന്നത് ടീമിനു തിരിച്ചടിയായി.

നേരത്തെ ഒന്നാം എലിമിനേറ്ററില്‍ യുപി യോദ്ധയും യുമുംബയും ഏറ്റമുട്ടിയപ്പോള്‍ 5 പോയിന്റ് മാര്‍ജിനില്‍ യുപി വിജയം കൊയ്യുകയായിരുന്നു. ജയത്തോടെ യുപി മൂന്നാം എലിമിനേറ്ററിലേക്ക് യോഗ്യത നേടി. 34-29 എന്ന സ്കോറിനായിരുന്നു യുപിയുടെ വിജയം. റെയിഡിംഗില്‍ മുംബൈ 18-12നു ലീഡ് ചെയ്തപ്പോള്‍ 18-11നു പ്രതിരോധത്തില്‍ യുപിയായിരുന്നു മുന്നില്‍. രണ്ട് ഓള്‍ഔട്ട് പോയിന്റുകളും രണ്ട് അധിക പോയിന്റുകളും നേടി യുപി മത്സരം സ്വന്തം പക്ഷത്തേക്കാക്കുകയായിരുന്നു. യുപിയ്ക്കായി നിതേഷ് കുമാറും(8), ശ്രീകാന്ത് ജാഥവും(5) തിളങ്ങി. സിദ്ധാര്‍ത്ഥ് ദേശായി(7), രോഹിത് ബലിയന്‍(5) എന്നിവരായിരുന്നു മുംബൈയുടെ സാരഥികള്‍.

രണ്ടാം എലിമിനേറ്ററില്‍ ദബാംഗ് ഡല്‍ഹിയും ബംഗാള്‍ വാരിയേഴ്സും ഏറ്റമുട്ടിയപ്പോള്‍ ദബാംഗ് മികച്ച വിജയം നേടി മൂന്നാം എലിമിനേറ്ററിലേക്ക് യോഗ്യത നേടി. 39-28 എന്ന സ്കോറിനു ഡല്‍ഹിയുടെ വിജയത്തില്‍ തിളങ്ങിയത് 11 പോയിന്റ് നേടിയ നവീന്‍ കുമാറും 8 പോയിന്റ് നേടിയ ചന്ദ്രന്‍ രഞ്ജിത്തുമാണ്. ബംഗാളിനായി മനീന്ദര്‍ സംഗ് ആണ് എട്ട് പോയിന്റുമായി തിളങ്ങിയത്. ജയത്തോടെ യുപിയെ നേരിടുവാന്‍ ഡല്‍ഹിയ്ക്ക് യോഗ്യത ലഭിയ്ക്കുകയായിരുന്നു.

മൂന്നാം എലിമിനേറ്ററില്‍ യുപിയും ഡല്‍ഹിയും ഏറ്റുമുട്ടിയപ്പോള്‍ യുപിയ്ക്കായിരുന്നു വിജയം. ജയത്തോടെ രണ്ടാം ക്വാളിഫയറിലേക്ക് കടന്ന യുപി ഫൈനല്‍ യോഗ്യതയ്ക്കായി ഗുജറാത്തിനെ നേരിടും. 45-33 എന്ന സ്കോറിനായിരുന്നു യുപിയുടെ തകര്‍പ്പന്‍ ജയം. പ്രശാന്ത് കുമാര്‍ റായ് 13 പോയിന്റും ഋഷാംഗ് ദേവഡിഗ 8 പോയിന്റും നേടി യുപിയ്ക്കായി തിളങ്ങി. 10 പോയിന്റ് നേടിയ നവീന്‍ കുമാറും 7 പോയിന്റ് നേടിയ ചന്ദ്രന്‍ രഞ്ജിത്തുമാണ് ഡല്‍ഹിയുടെ താരകങ്ങള്‍.

വലിയ വിജയവുമായി പ്ലേ ഓഫ് ഉറപ്പിച്ച് യുപി യോദ്ധ

ബംഗാള്‍ വാരിയേഴ്സിനെതിരെ മികച്ച വിജയം സ്വന്തമാക്കി പ്രൊകബഡി ലീഗ് പ്ലേ ഓഫ് ഉറപ്പാക്കി യുപി യോദ്ധ. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ ഇതോടെ വിജയിച്ചാണ് പ്ലേ ഓഫിലേക്ക് യുപി കടക്കുന്നത്. 41-25 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സ് പുറത്തായി. 19-11നു ആദ്യ പകുതിയില്‍ ലീഡ് നേടിയ യുപി രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന് മുന്നേറി.

ഋഷാംഗ് ദേവഡിഗ(9), ശ്രീകാന്ത് ജാഥവ്(6), നിതേഷ് കുമാര്‍(6) എന്നിവര്‍ക്കൊപ്പം സച്ചിന്‍ കുമാര്‍ അഞ്ച് പോയിന്റുമായി യുപി നിരയില്‍ തിളങ്ങി. ബംഗാളിനായി ആരും തന്നെ അഞ്ച് പോയിന്റിനു മേലെ നേടിയില്ല. 19-16നു റെയിഡിംഗില്‍ യുപി മുന്നിട്ട് നിന്നപ്പോള്‍ 14-7 എന്ന വലിയ ലീഡാണ് പ്രതിരോധത്തില്‍ ടീം സ്വന്തമാക്കിയത്. മൂന്ന് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും യുപിയ്ക്ക് സാധിച്ചു.

മുംബൈയുടെ വെല്ലുവിളി അതിജീവിച്ച് യുപി യോദ്ധ

യു-മുംബൈയുടെ അതി ശക്തമായ വെല്ലുവിളി അതിജീവിച്ച് വിജയം പിടിച്ചെടുത്ത് യുപി യോദ്ധ. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 34-32 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ഇടവേള സമയത്ത് 18-15നു യുപി മുന്നിലായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ മുംബൈയും യുപിയും ഒപ്പമെത്തിയെങ്കിലും നേരിയ ലീഡിനു മത്സരം സ്വന്തമാക്കുവാന്‍ യുപിയ്ക്ക് സാധിച്ചു.

മുംബൈ നിരയില്‍ പത്ത് പോയിന്റുമായി രോഹിത് ബലിയന്‍ തിളങ്ങിയപ്പോള്‍ അബോല്‍ഫസല്‍ മഗ്സോദ്ലു അഞ്ച് പോയിന്റ് നേടി. യുപി നിരയില്‍ 8 പോയിന്റ് നേടി പ്രശാന്ത് കുമാര്‍ റായ്ക്കൊപ്പം ഋഷാംഗ് ദേവഡിഗ, സച്ചിന്‍ കുമാര്‍ എന്നിവര്‍ ഏഴ് വീതം പോയിന്റ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

പ്രതിരോധത്തിലും(13-12) റെയിഡിംഗിലും(19-17) നേരിയ ലീഡ് കരസ്ഥമാക്കുവാന്‍ യുപിയ്ക്ക് സാധിച്ചിരുന്നു. ഇരു ടീമുകളും മത്സരത്തില്‍ ഓരോ തവണ ഓള്‍ഔട്ട് ആവുകയും ചെയ്തു. ഒരു അധിക പോയിന്റ് മത്സരത്തില്‍ നിന്ന് മുംബൈ നേടി.

ചാമ്പ്യന്മാരെ വലിയ മാര്‍ജിനില്‍ വീഴ്ത്തി യുപി യോദ്ധ

നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ 16 പോയിന്റ് വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞ യുപി യോദ്ധ. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 47-31 എന്ന സ്കോറിനായിരുന്നു യുപിയുടെ വിജയം. ഇടവേള സമയത്ത് 22-17 എന്ന സ്കോറിനു നേരിയ ലീഡ് മാത്രമാണ് യുപിയ്ക്കുണ്ടായിരുന്നതെങ്കിലും രണ്ടാം പകുതിയില്‍ യുപി പിടിമുറുക്കുകയായിരുന്നു.

26 റെയിഡ് പോയിന്റുകളുമായി യുപി മത്സരത്തില്‍ ആധിപത്യമുറപ്പാക്കിയപ്പോള്‍ 21 പോയിന്റാണ് പട്ന ഈ ഗണത്തില്‍ സ്വന്തമാക്കിയത്. 13-9 എന്ന നിലയില്‍ ടാക്കിള്‍ പോയിന്റുകളിലും യുപി തന്നെയായിരുന്നു മുന്നില്‍. മൂന്ന് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കിയും യുപി തങ്ങളുടെ കഴിവ് പുറത്തെടുത്തു.

11 പോയിന്റുമായി പ്രശാന്ത് കുമാര്‍ റായിയും 8 പോയിന്റ് നേടി ശ്രീകാന്ത് ജാഥവുമാണ് യുപിയ്ക്കായി തിളങ്ങിയത്. സച്ചിന്‍ കുമാര്‍ അഞ്ച് പോയിന്റ് നേടി. അതേ സമയം പട്നയ്ക്ക് തിരിച്ചടിയായത് പര്‍ദീപ് നര്‍വാളിന്റെ നിറം മങ്ങിയ പ്രകടനമാണ്. പത്ത് പോയിന്റുമായി മഞ്ജീത്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

സൂപ്പര്‍ 10 നേടി ഗോയത്, പക്ഷേ ടീമിനു ജയമില്ല

ഹരിയാന സ്റ്റീലേഴ്സിനെ തുടര്‍ച്ചയായ രണ്ടാം ജയത്തിലേക്ക് നയിക്കാനാകാതെ മനു ഗോയത്. താരം മികച്ച ഫോമില്‍ കളിച്ച രണ്ടാം മത്സരത്തില്‍ ഒരു പോയിന്റിനാണ് ഹരിയാന യുപി യോദ്ധയോട് കീഴടങ്ങിയത്. 30-29 എന്ന സ്കോറിനാണ് യുപിയുടെ വിജയം. ഇടവേള സമയത്ത് 15-12നു ഹരിയാനയായിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയില്‍ യുപി മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു.

8 വീതം പോയിന്റുമായി ശ്രീകാന്ത് ജാഥവും പ്രശാന്ത് കുമാര്‍ റായിയും യുപിയ്ക്കായി മികവ് പുലര്‍ത്തിയപ്പോള്‍ സച്ചിന്‍ കുമാര്‍ 6 പോയിന്റ് നേടി. മറു ഭാഗത്ത് 11 പോയിന്റ് നേടി മോനു ഗോയതും 7 പോയിന്റ് നേടിയ വികാസ് ഖണ്ഡോലയും തിളങ്ങി.

റെയിഡിംഗില്‍ 22-19നു 3 പോയിന്റ് ലീഡ് ഹരിയാന സ്വന്തമാക്കിയപ്പോള്‍ പ്രതിരോധത്തിലെ മികവില്‍ 9-5നും 2 ഓള്‍ഔട്ട് പോയിന്റും നേടി യുപി ലീഡ് തിരികെ പിടിച്ചു. 2 അധിക പോയിന്റുകള്‍ ഹരിയാന നേടിയെങ്കിലും ഒരു പോയിന്റ് മാര്‍ജിനില്‍ ടീം പരാജയമേറ്റു വാങ്ങി.

പത്ത് പോയിന്റ് ജയവുമായി ബെംഗളൂരു ബുള്‍സ്, പരാജയപ്പെടുത്തിയത് യുപി യോദ്ധയെ

യുപി യോദ്ധയ്ക്കെതിരെ 37-27 എന്ന സ്കോറിന്റെ വിജയം നേടി ബെംഗളൂരു ബുള്‍സ്. 18-12നു ഇടവേള സമയത്ത് ലീഡ് ചെയ്ത ടീം രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട് വിജയം കുറിയ്ക്കുകയായിരുന്നു. പവന്‍ ഷെഹ്റാവത്ത് 10 പോയിന്റും രോഹിത് കുമാര്‍(7), മഹേന്ദര്‍ സിംഗ്(5) എന്നിവരുടെ ശ്രദ്ധേയമായ പ്രകടനവുമാണ് ബുള്‍സിനെ വിജയത്തിലേക്ക് നയിച്ചത്. യുപിയ്ക്കായി 12 പോയിന്റ് നേടി ശ്രീകാന്ത് ജാഥവ് മത്സരത്തിലെ തന്നെ ടോപ് സ്കോറര്‍ ആയി. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വലിയ പ്രകടനം വരാത്തത് ടീമിനു തിരിച്ചടിയായി.

രണ്ട് തവണ മത്സരത്തില്‍ ഓള്‍ഔട്ട് ആയ യുപി റെയിഡിംഗിലും ഏറെ പിന്നിലായിരുന്നു. 20-14നു ബുള്‍സ് റെയിഡിംഗിലും 13-12ന്റെ നേരിയ ലീഡ് പ്രതിരോധത്തിലും സ്വന്തമാക്കിയിരുന്നു.

ഗുജറാത്തിനു വിജയത്തുടര്‍ച്ച, യുപിയ്ക്കെതിരെ നേരിയ മാര്‍ജിനില്‍ വിജയം

പ്രൊ കബഡി ലീഗില്‍ 71ാം മത്സരത്തില്‍ മികച്ച വിജയം നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 37-32 എന്ന സ്കോറിനു യുപി യോദ്ധയ്ക്കെതിരെ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ജയം ഉറപ്പാക്കുകയായിരുന്നു. ഇടവേള സമയത്ത് 20-10നു ഗുജറാത്തായിരുന്നു മുന്നില്‍. രണ്ടാം പകുതിയില്‍ യുപി മെച്ചപ്പെട്ടുവെങ്കിലും ലീഡ് മറികടക്കുവാന്‍ ടീമിനായില്ല.

റെയിഡിംഗില്‍ ഇരു ടീമുകളും 17 പോയിന്റ് വീതം നേടി ഒപ്പം നിന്നപ്പോള്‍ 12-11നു ഗുജറാത്ത് നേരിയ ലീഡ് പ്രതിരോധത്തില്‍ സ്വന്തമാക്കി. 4-2 നു ഓള്‍ഔട്ട് പോയിന്റിലും ഗുജറാത്ത് തന്നെയായിരുന്നു മുന്നില്‍. അധിക പോയിന്റിലും ഇതേ മാര്‍ജിനില്‍ ഗുജറാത്ത് മുന്നിട്ട് നിന്നു.

ഗുജറാത്തിനായി സച്ചിന്‍ 8 പോയിന്റും സുനില്‍ കുമാര്‍ 5 പോയിന്റും നേടി. അതേ സമയം യുപിയുടെ ശ്രീകാന്ത് ജാഥവ് 11 പോയിന്റുമായി മത്സരത്തിലെ തന്നെ ടോപ് സ്കോറര്‍ ആയി. നിതേഷ് കുമാര്‍ അഞ്ച് പോയിന്റും നേടി.

ജയിച്ച് കയറി ജയ്‍പൂര്‍, മൂന്ന് തവണ ഓള്‍ഔട്ട് ആയി യുപി

യുപി യോദ്ധയ്ക്കെതിരെ 17 പോയിന്റിന്റെ വിജയം കുറിച്ച് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. ഇന്നത്തെ രണ്ടാം മത്സരത്തില്‍ 45-28 എന്ന സ്കോറിനാണ് ജയ്പൂരിന്റെ വിജയം. റെയിഡിംഗില്‍ 20-14നു മുന്നിട്ട് നിന്ന ജയ്പൂര്‍ പ്രതിരോധത്തില്‍ 19-11നും 6 ഓള്‍ഔട്ട് പോയിന്റും കരസ്ഥമാക്കി വലിയ ലീഡ് സ്വന്തമാക്കുകയായിരുന്നു.

പകുതി സമയത്ത് 20-15ന്റെ ലീഡാണ് ജയ്പൂര്‍ നേടിയത്. ഒരു ഘട്ടത്തില്‍ 19-10നു പാന്തേഴ്സ് മുന്നിട്ട് നിന്നുവെങ്കിലും അവസാന നിമിഷങ്ങളില്‍ യുപി മികച്ച തിരിച്ചുവരവ് നടത്തി ലീഡ് കുറച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ യുപിയെ നിഷ്പ്രഭമാക്കി ജയ്പൂര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. യുപിയ്ക്കായി ഋഷാംഗ് ദേവഡിഗയും നിതീഷ് കുമാറും 7 വീതം പോയിന്റ് നേടിയെങ്കിലും പ്രതിരോധത്തിലെ മികവില്‍ ജയ്പൂര്‍ മത്സരം സ്വന്തമാക്കി.

ദീപക് ഹൂഡ 10 പോയിന്റ് നേടിയപ്പോള്‍ അഞ്ച് പോയിന്റുമായി സുനില്‍ സിദ്ധഗാവലി, അനൂപ് കുമാര്‍, സന്ദീപ് ദുല്‍ എന്നിവരും ദീപക് ഹൂഡയ്ക്ക് മികച്ച പിന്തുണ നല്‍കി.

Exit mobile version