Picsart 24 07 07 02 48 29 183

20 കൊല്ലത്തിന് ശേഷം ഡച്ച് പട യൂറോ കപ്പ് സെമിഫൈനലിൽ, മനം കവർന്നു തുർക്കി മടങ്ങി

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ തുർക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഹോളണ്ട് യൂറോ കപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ ടർക്കിഷ് പോരാട്ടവീര്യം അതിജീവിച്ചു ആണ് ഡച്ച് പട വിജയം കണ്ടത്. തുർക്കി സുന്ദരമായി കളിച്ച ആദ്യ പകുതിയിൽ 35 മത്തെ മിനിറ്റിൽ അവർ അർഹിച്ച ഗോൾ പിറന്നു. ആർദ ഗുളറിന്റെ മനോഹരമായ ക്രോസിൽ നിന്നു പ്രതിരോധതാരം സമത് അക്യാദിൻ ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടുക ആയിരുന്നു. തുടർന്നും മികച്ച അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചു.

രണ്ടാം പകുതിയിൽ ലഭിച്ച ഒരു ഫ്രീക്കിക്കിൽ നിന്നു ആർദ ഗുളറിന്റെ മികച്ച ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. സമനില ഗോളിന് ആയി ഓറഞ്ച് പട ആക്രമണം കടപ്പിച്ച സമയത്തും ഡച്ച് പ്രതിരോധത്തെ വേഗമേറിയ കൗണ്ടർ കൊണ്ട് തുർക്കി പരീക്ഷിച്ചു കൊണ്ടിരുന്നു. 70 മത്തെ മിനിറ്റിൽ പക്ഷെ ഡച്ച് പടയുടെ ശ്രമങ്ങൾ ജയം കണ്ടു. മെമ്പിസ് ഡീപായുടെ ക്രോസിൽ നിന്നു പ്രതിരോധ താരം സ്റ്റെഫാൻ ഡി വൃജിന്റെ ബുള്ളറ്റ് ഹെഡർ അത് വരെ പിടിച്ചു നിന്ന തുർക്കി പ്രതിരോധത്തെ മറികടന്നു. തുടർന്ന് തുടർച്ചയായ ഡച്ച് ആക്രമണം ആണ് കാണാൻ ആയത്. 6 മിനിറ്റിനുള്ളിൽ ഇതിനു ഫലവും കണ്ടു.

ഡംഫ്രിസിന്റെ മികച്ച ക്രോസ് കോഡി ഗാക്പോയിലേക്ക് എത്താതെ തടയാനുള്ള റൈറ്റ് ബാക്ക് മെററ്റ് മുൾഡറിന്റെ ശ്രമം സ്വന്തം ഗോളിൽ പതിക്കുക ആയിരുന്നു. ഇതോടെ മത്സരത്തിൽ ആദ്യമായി ഡച്ച് മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് സമനിലക്ക് ആയി സകല കരുത്തും പുറത്തെടുത്തു തുർക്കി ശ്രമിച്ചു. പകരക്കാരനായി ഇറങ്ങിയ അർതുകോഗ്ലുവിന്റെ ഗോൾ എന്ന ഷോട്ട് ഗോളിയെ മറികടന്നെങ്കിലും വാൻ ഡ വെൻ അവിശ്വസനീയം ആയ വിധം ബ്ലോക്ക് ചെയ്തു. തുടർന്ന് ടോസന്റെ ശ്രമം തടഞ്ഞ ഡച്ച് ഗോൾ കീപ്പർ വെർബ്രുഗൻ 92 മത്തെ മിനിറ്റിൽ കിലിസോയിയുടെ ക്ലോസ് റേഞ്ച് ശ്രമം അവിശ്വസനീയം ആയി ആണ് രക്ഷിച്ചത്. 20 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഹോളണ്ട് യൂറോ കപ്പ് സെമിയിൽ എത്തുന്നത്. തങ്ങളുടെ ആറാം യൂറോ കപ്പ് സെമിയിൽ ഇംഗ്ലണ്ട് ആണ് റൊനാൾഡ് കോമന്റെ ടീമിന്റെ എതിരാളികൾ. തോറ്റെങ്കിലും തല ഉയർത്തി സുന്ദര ഫുട്‌ബോൾ സമ്മാനിച്ചു ആണ് തുർക്കി ജർമ്മനിയിൽ നിന്നു മടങ്ങുന്നത്.

Exit mobile version