ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ സഹായം

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ താരങ്ങള്‍ക്ക് പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി ബിസിസിഐയുടെ സാമ്പത്തിക സഹായം. 10 കോടി രൂപയാണ് ഇതിനായി ബിസിസിഐ നല്‍കുന്നതെന്നും തീരൂമാനത്തിന് ബിസിസിഐ അപ്പെക്സ് കൗൺസിൽ അംഗീകാരം നല്‍കിയെന്നുമാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കാനിരിക്കുന്നത്. സാമ്പത്തിക പരാധീനതകള്‍ കാരണം പരിശീലനം മുടങ്ങിയ ഇന്ത്യന്‍ അത്‍ലീറ്റുകള്‍ക്ക് ഈ തീരുമാനം ചെറിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സെയിലിംഗില്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ താരങ്ങളായ നേത്ര കുമനന്‍, വിഷ്ണു ശരവണന്‍, വരുണ്‍ താക്കര്‍, കെസി ഗണപതി എന്നിവര്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടി. നേത്ര ലേസര്‍ റേഡിയല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരിയായാണ് യോഗ്യത നേടിയത്. സെയിലിംഗില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി കൂടി നേത്ര സ്വന്തമാക്കി.

Vishnusaravanan

വിഷണു ശരവണന്‍ ലേസര്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് വിഭാഗത്തിലാണ് യോഗ്യത നേടിയത്. സെയിലിംഗ് ജോഡികളായ വരുണ്‍ താക്കര്‍, കെസി ഗണപതി എന്നിവര്‍ പുരുഷന്മാരുടെ 49er ക്ലാസ്സില്‍ യോഗ്യത നേടി.

ഒമാനിലാണ് യോഗ്യത മത്സരങ്ങള്‍ നടന്നത്.

ടോക്കിയോ ഒളിമ്പിക്സ് പുതിയ തീയ്യതി പ്രഖ്യാപിച്ചു

2020ല്‍ നടക്കാനിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊറോണ വ്യാപനം മൂലം അടുത്ത വര്‍ഷത്തേക്ക് നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി മാറ്റിയിരുന്നു. ഇന്ന് അടുത്ത വര്‍ഷം നടക്കുന്ന ഗെയിംസിന്റെ തീയ്യതി കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഗെയിംസ് നടത്തുക.

2021ലാണ് നടത്തുകയെങ്കിലും ടോക്കിയോ ഒളിമ്പിക്സ് 2020 എന്ന് തന്നെയാവും ഗെയിംസിനെ വിളിക്കുക.

ഒടുവില്‍ അംഗീകാരം, ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് നീക്കി

ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. നേരത്തെ തന്നെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങള്‍ തങ്ങള്‍ സംഘത്തെ അയയ്ക്കില്ലെന്നും പല രാജ്യങ്ങള്‍ ഗെയിംസ് മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

ഇനിയും വൈകരുത്, ടോക്കിയോ ഒളിമ്പിക്സ് മാറ്റണമെന്ന് അമേരിക്കയും ന്യൂസിലാണ്ടും

ടോക്കിയോ ഒളിമ്പിക്സ് നീട്ടി വയ്ക്കണമെന്ന ആവശ്യവുമായി യുഎസ് ഒളിമ്പിക്ക് കമ്മിറ്റിയും ന്യൂസിലാണ്ട് കമ്മിറ്റിയും. കാനഡ തങ്ങള്‍ ഒളിമ്പിക്സിനില്ലെന്നും ഓസ്ട്രേലിയ ഒളിമ്പിക്സ് നീട്ടണമെന്നും ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. നാലായിരത്തോളം ഒളിമ്പിക്സ് പാരാലിമ്പിക്സ് കായികതാരങ്ങള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയ ശേഷമാണ് കമ്മിറ്റിയുടെ ഈ തീരുമാനം.

പൊതുവേ കായിക താരങ്ങള്‍ക്കും ഈ അവസരത്തില്‍ മത്സരവുമായി മുന്നോട്ട് പോകുന്നതിനോട് താല്പര്യമില്ലെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ ഒളിമ്പിക്സുമായി മുന്നോട്ട് പോകരുതെന്നുമാണ് അമേരിക്കയുടെ ആവശ്യം.

നേരത്തെ ന്യൂസിലാണ്ട് ഒളിമ്പിക്സ് കമ്മിറ്റിയും ഇത്തരതില്‍ ഒരു സര്‍വ്വേ നടത്തിയിരുന്നു. അതിനെ മാതൃകയാക്കിയാണ് അമേരിക്കയും ഈ സമീപനം സ്വീകരിച്ചത്.

ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് നടത്തുക ദുഷ്കരം

ടോക്കിയോ ഒളിമ്പിക്സുമായി മുന്നോട്ട് പോകുക രാജ്യത്തിന് ദുഷ്കരമാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബേ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ടോക്കിയോ ഒളിമ്പിക്സ് മാറ്റി വയ്ക്കേണ്ടി വരുമെന്ന് അബേ പറഞ്ഞത്. അത്‍ലറ്റുകളുടെ സുരക്ഷ പരമപ്രധാനമായ കാര്യമാണെന്നും ഗെയിംസ് മാറ്റിവയ്ക്കുന്നത് ഒരു ഉപാധിയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ തങ്ങള്‍ ഇത്തവണ ഒളിമ്പിക്സിനില്ലെന്ന് കാനഡയും താരങ്ങള്‍ 2021ലേക്ക് തയ്യാറെടുപ്പ് ആരംഭിക്കണമെന്ന് ഓസ്ട്രേലിയയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും, താരങ്ങളോട് 2021ലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ നിര്‍ദ്ദേശം

ടോക്കിയോ ഒളിമ്പിക്സ് 2020ല്‍ നടക്കില്ലെന്നും 2021ല്‍ നടക്കുന്ന ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുവാന്‍ താരങ്ങളോട് നിര്‍ദ്ദേശം നല്‍കി ഓസ്ട്രേലിയയുടെ ഒളിമ്പിക്സ് കമ്മിറ്റി. ഇത് ഒളിമ്പിക്സിന് ഇപ്പോള്‍ ഈ കൊറോണ കാലത്ത് തങ്ങള്‍ ടീം അയയ്ക്കില്ലെന്ന സൂചനയാണ് ഓസ്ട്രേലിയ നല്‍കുന്നത്.

നേരത്തെ കാനഡ തങ്ങള്‍ ടോക്കിയോ ഒളിമ്പിക്സിന് ടീം അയയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. ഓസ്ട്രേലിയ ഒളിമ്പിക്സ് 2021ലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കി മേരി കോം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വനിത ബോക്സര്‍മാര്‍, സാക്ഷി ചൗധരി പുറത്ത്

ഏഷ്യ ഓഷ്യാന ബോക്സിംഗ് യോഗ്യത മത്സരങ്ങളിലെ പ്രകടനത്തിലൂടെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി നാല് ഇന്ത്യന്‍ വനിത ബോക്സര്‍മാര്‍. അഞ്ച് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് യോഗ്യ നേടാനാകാതെ മടങ്ങിയത്. 48-51 കിലോ വിഭാഗത്തില്‍ മേരി കോം, 57-60 കിലോ വിഭാഗത്തില്‍ സിമ്രന്‍ജിത്ത് കൗര്‍, 64-69 കിലോ വിഭാഗത്തില്‍ ലോവ്‍ലീന ബോര്‍ഗോഹൈന്‍, 69-75 കിലോ വിഭാഗത്തില്‍ പൂജ റാണി എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ താരങ്ങള്‍.

അതേ സമയം ഇന്ത്യയുടെ സാക്ഷി ചൗധരിയ്ക്ക് യോഗ്യത നേടാനായില്ല.

രവികുമാറിന് പിന്നാലെ ബജ്റംഗ് പൂനിയയും ടോക്കിയോ ഒളിമ്പിക്സിന്

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ വിഭാഗം മത്സരത്തിന്റെ സെമിയിലെത്തിയ ബജ്റംഗ് പൂനിയയ്ക്ക് ഒളിമ്പിക്സ് യോഗ്യത. ഇന്ത്യയ്ക്കായി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന മൂന്നാമത്തെ താരമാണ് ബജ്റംഗ് പൂനിയ. വടക്കന്‍ കൊറിയയുടെ ജോംഗ് സോളിനെ 8-1 എന്ന സ്കോറിനാണ് ബജ്റംഗ് പൂനിയ പരാജയപ്പെടുത്തിയത്. പൂനിയ ഇതാദ്യമായാണ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.

ആദ്യ റൗണ്ടില്‍ പോളണ്ടിന്റെ താരത്തെ 9-2 എന്ന സ്കോറിനും രണ്ടാം റൗണ്ടില്‍ സ്ലൊവേനിയയുടെ താരത്തെ 3-0 എന്ന സ്കോറിനും കീഴടക്കിയാണ് തന്റെ ആദ്യ മത്സരഹ്ങളില്‍ ബജ്റംഗ് പൂനിയ മികവ് പുലര്‍ത്തിയത്.

രവികുമാറും ടോക്കിയോയിലേക്ക്, മുന്‍ ലോക ചാമ്പ്യനെ വീഴ്ത്തി സെമിയിലേക്ക്

ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രവികുമാര്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ യൂക്കി തകാഹാഷിയെ 6-1 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ താരം 57 കിലോ വിഭാഗത്തിന്റെ സെമിയില്‍ എത്തിയത്. സെമിയിലെത്തിയതിന്റെ ആനുകൂല്യത്തിലാണ് ഒളിമ്പിക്സ് യോഗ്യത താരം നേടിയത്.

നേരത്തെ വിനേഷ് ഫോഗട്ട് യോഗ്യത നേടിയിരുന്നു. താരം 53 കിലോ വനിത വിഭാഗത്തിലാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്.

വെങ്കല മെഡല്‍ മത്സരത്തിന് അര്‍ഹത നേടി വിനേഷ് ഫോഗട്ട്, ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ 53 കിലോ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ഇന്നലെ പരാജയപ്പെട്ടുവെങ്കിലും റെപ്പേഷാഗേയിലൂടെ വെങ്കലത്തിന് വേണ്ടി പോരാടുവാനുള്ള അവസരം ലഭിച്ച വിനേഷ് ഫോഗട്ട് നിലവിലെ വെള്ളി മെഡല്‍ ജേതാവായ സാറ ഹില്‍ഡേബ്രാണ്ടടിനെ 8-2 എന്ന സ്കോറിന് പരാജയപ്പെടുത്തി വെങ്കല മെഡല്‍ മത്സരത്തിന് യോഗ്യത യോഗ്യത നേടിയിട്ടുണ്ട്.

വിനേഷിനെ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ മായു മുകെയ്ഡയാണ് പരാജയപ്പെടുത്തിയത്. നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയായ മായു ഫൈനലിലെത്തിയതോടെയാണ് വിനേഷിന് റെപ്പേഷാഗേ അവസരം ലഭിച്ചത്.

ടോക്കിയോ ഒളിമ്പിക്സ്, ഹോക്കി യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ എതിരാളികളെ അറിയാം

2020 ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കി യോഗ്യതയ്ക്കായി ഇന്ത്യയുടെ എതിരാളികള്‍ ആയി. പുരുഷ വിഭാഗത്തില്‍ റഷ്യയെയും വനിത വിഭാഗത്തില്‍ യുഎസ്എയും ആണ് ടീം നേരിടുക. വനിത വിഭാഗത്തില്‍ കാനഡയും കൊറിയയും ബെല്‍ജിയവുമായിരുന്നു ഡ്രോയിലുണ്ടായിരുന്ന മറ്റ് ടീമുകള്‍. പുരുഷ വിഭാഗത്തില്‍ റഷ്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ഓസ്ട്രിയ എന്നിവരായിരുന്ന ഇന്ത്യയ്ക്ക് സാധ്യമായ എതിരാളികള്‍.

രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യയിലാണ് നടക്കുക. വിജയികള്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടും.

Exit mobile version