മിസ്റ്റർ ഐ പി എൽ ഇനി കളത്തിൽ ഇല്ല, സുരേഷ് റെയ്ന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് ട്വിറ്ററിലൂടെ ആണ് റെയ്ന താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചത്. ബി സി സി ഐ, തന്റെ മുൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്, ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ എന്നിവർക്ക് സുരേഷ് റെയ്ന നന്ദി പറഞ്ഞു.

തന്നെ വിശ്വസിച്ചതും സ്നേഹിച്ചതുമായ ആരാധകരോടും റെയ്ന നന്ദി പറഞ്ഞു. അവസാന ഐ പി എല്ലിൽ റെയ്നയെ ആരും വാങ്ങാത്ത അവസ്ഥ വന്ന സമയത്ത് തന്നെ താരം വിരമിക്കും എന്ന് വാർത്തകൾ വന്നിരുന്നു. 35കാരനായ താരം 10 സീസണുകളോളം ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഐ പി എല്ലിലും ഉണ്ടായിരുന്നു. ഗുജറാത്ത് ലയൺസിനായും താരം ഐ പി എൽ കളിച്ചിട്ടുണ്ട്.

ഇന്ത്യക്ക് ആയി 226 ഏകദിന മത്സരങ്ങളും 18 ടെസ്റ്റും 78 ടി20യും റെയ്ന കളിച്ചിട്ടുണ്ട്. ഐ പി എല്ലിൽ 205 മത്സരങ്ങളിൽ നിന്ന് 5528 റൺസും താരം നേടിയിട്ടുണ്ട്.

ഫൈനലില്‍ നേരിയ മുന്‍തൂക്കം ഗുജറാത്തിന് – സുരേഷ് റെയ്‍ന

രാജസ്ഥാനെ അപേക്ഷിച്ച് ഗുജറാത്തിനാണ് ഫൈനൽ മത്സരത്തിൽ നേരിയ മുന്‍തൂക്കം എന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. എന്നാൽ രാജസ്ഥാനെ നിസ്സാരമാക്കുവാനാകില്ലെന്നും റെയ്‍ന കൂട്ടിചേര്‍ത്തു. ഐപിഎല്‍ 2022 സീസണിൽ രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ഗുജറാത്തിനായിരുന്നു ജയം. ആദ്യ ക്വാളിഫയറിലും രാജസ്ഥാനെ മറികടന്ന് വിജയം നേടുവാന്‍ ഗുജറാത്തിന് സാധിച്ചിരുന്നു.

കൂടുതൽ വിശ്രമം ലഭിച്ചതും ഗുജറാത്തിന് മത്സരത്തിൽ മെച്ചപ്പെട്ട പ്രകടനം നൽകുമെന്നാണ് സുരേഷ് റെയ്‍ന വ്യക്തമാക്കിയത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ഒന്നാം സ്ഥാനക്കാരായത് 20 പോയിന്റുമായിരുന്നു. ആ ഫോം ഫൈനലിലും ടീം തുടരുമെന്നാണ് താന്‍ കരുതുന്നതെന്ന് റെയ്‍ന സൂചിപ്പിച്ചു.

ധോണി അടുത്ത വര്‍ഷം ഐപിഎൽ കളിക്കുന്നില്ലെങ്കിൽ താനും കളിക്കില്ലെന്ന് സുരേഷ് റെയ്‍ന

ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ ഐപിഎലില്‍ മാത്രമാണ് സജീവമായി കളിക്കുന്നത്. ഈ സീസണോടു കൂടി ഐപിഎലില്‍ താരത്തിന്റെ വിരമിക്കലുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തവണ ചെന്നൈയ്ക്ക് കിരീടം നേടാനായാൽ താന്‍ ധോണിയെ ഒരു വര്‍ഷം കൂടി ഐപിഎൽ കളിക്കുവാന്‍ സമ്മതിപ്പിച്ചെടുക്കുമെന്നാണ് ചെന്നൈയിൽ ധോണിയുടെ സഹതാരവും ചെന്നൈയുടെ നെടുംതൂണുമായ സുരേഷ് റെയ്‍ന പറയുന്നത്.

ഐപിഎലിൽ ഇനി ധോണി കളിക്കില്ലെന്നാണ് തീരുമാനമെങ്കില്‍ താനും അടുത്ത സീസൺ കളിക്കില്ലെന്നും സുരേഷ് റെയ്‍ന കൂട്ടിചേര്‍ത്തു. സെപ്റ്റംബര്‍ പകുതിയോട് കൂടി യുഎഇയിലാണ് ബാക്കി 31 ഐപിഎൽ മത്സരങ്ങള്‍ സംഘടിപ്പിക്കുവാനായി ബിസിസിഐ ആലോചിക്കുന്നത്.

തന്നിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുവാൻ ധോണിക്ക് സാധിച്ചിരുന്നു

എംഎസ് ധോണിയ്ക്ക് തന്നിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ എന്നും സാധിച്ചിരുന്നുവെന്നും അതാണ് ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പര്‍ കിംഗ്സിലും തനിക്ക് മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചതിന് കാരണമെന്നും മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്‍ന വ്യക്തമാക്കി.

ചില ഭാഗത്ത് നിന്ന് ധോണിയുമായി അടുപ്പമുള്ളതിനാലാണ് സുരേഷ് റെയ്‍ന ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമായി മാറിയതെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇന്ത്യയുടെ മധ്യനിരയിലെ നിര്‍ണ്ണായക ഘടകമായിരുന്നു റെയ്‍ന.

തന്റെ ടീമിലെ സ്ഥാനം ധോണിയുടെ നല്ല ബന്ധത്തിനുള്ള പ്രതിഫലമാണെന്ന് ആളുകള്‍ പറയുമ്പോള്‍ അത് വേദനാജനകം ആയിരുന്നുവെന്നും റെയ്‍ന സൂചിപ്പിച്ചു. തന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അത്തരത്തിൽ ധോണിയുടെ വിശ്വാസവും ബഹുമാനവും താന്‍ പിടിച്ച് പറ്റിയിട്ടുണ്ടെന്നും റെയ്‍ന പറഞ്ഞു.

എന്തൊക്കെ വിവാദമുണ്ടായാലും ഗ്രെഗ് ചാപ്പലാണ് ഇന്ത്യയെ വിജയിക്കുവാന്‍ പഠിപ്പിച്ചത് – സുരേഷ് റെയ്‍ന

ഗ്രെഗ് ചാപ്പൽ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിജയിപ്പിക്കുവാന്‍ പഠിപ്പിച്ചതെന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. ഗ്രെഗ് ചാപ്പലിനെ ചുറ്റിപ്പറ്റി എന്തൊക്കെ വിവാദം ഉണ്ടായാലും ഇക്കാര്യം നമുക്ക് മറക്കാനാകില്ല എന്ന് റെയ്‍ന പറഞ്ഞു. തന്റെ ആത്മകഥയായ “Believe, What Life and Cricket Taught me” ല്‍ ആണ് റെയ്‍ന ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദ കോച്ചിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

2005 മുതഷ 2007 വരെയാണ് ഗ്രെഗ് ചാപ്പൽ ഇന്ത്യന്‍ കോച്ചായി തുടര്‍ന്നത്. 2007 ലോകകപ്പിൽ ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. തന്റെ അഭിപ്രായത്തിൽ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു തലമുറയെ വാര്‍ത്തെടുത്തതിന്റെ ക്രെഡിറ്റ് ഗ്രെഗ് ചാപ്പലിന് അര്‍ഹമായതാണെന്നാണ് എന്നും അദ്ദേഹം പാകിയ വിത്തുകളാണ് ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം 2011ൽ നല്‍കിയതെന്നും റെയ്‍ന പറഞ്ഞു.

അദ്ദേഹത്തിന്റെ കരിയറിൽ വിവാദങ്ങളായിരുന്നു കൂടുതലെങ്കിലും വിജയത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യന്‍ താരങ്ങളെ പഠിപ്പിച്ചത് ഗ്രെഗ് ചാപ്പലായിരുന്നുവെന്ന് റെയ്‍ന വ്യക്തമാക്കി. വളരെ അഗ്രസീവും ഭയമില്ലാത്തതുമായ കോച്ചിംഗ് ശൈലിയായിരുന്നു ചാപ്പലിന്റേതെന്നും 90കളിലും 2000ത്തിലും ഇന്ത്യ വ്യക്തി കേന്ദ്രീകൃതമായിരുന്നുവെങ്കില്‍ ചാപ്പലെത്തിയ ശേഷമാണ് ടീം ആയി ഇന്ത്യ ഉയര്‍ന്നതെന്നും റെയ്‍ന വ്യക്തമാക്കി.

ഇന്ത്യ 14 മത്സരങ്ങള്‍ തുടര്‍ച്ചയായി ചേസ് ചെയ്ത് വിജയിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നുവെന്നാമ് റെയ്‍ന പറഞ്‍ത്. ധോണി, യുവരാജ്, തന്നെ ഉള്‍പ്പെടെ പലരെയും ചാപ്പൽ സഹായിച്ചിട്ടുണ്ടെന്നും മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിക്കുക എന്ന ദൗത്യം തങ്ങളെ ഏല്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റെയ്‍ന വ്യക്തമാക്കി.

ചെന്നൈയുടെ വൈസ് ക്യാപ്റ്റനെ വൈകി മാത്രമേ പ്രഖ്യാപിക്കുകയുള്ളു

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പ് മുംബൈയില്‍ ആരംഭിച്ചുവെങ്കിലും എംഎസ് ധോണിയുടെ ഡെപ്യൂട്ടിയായി ആരെന്നുള്ളത് ടീം ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സീസണ്‍ വരെ സുരേഷ് റെയ്‍നയായിരുന്നു ടീമിന്റെ ഉപനായകന്‍. താരം വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ സീസണ്‍ ഐപിഎലില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. റെയ്നയെ തന്റെ പഴയ സ്ഥാനത്തേക്ക് ഫ്രാഞ്ചൈസി വീണ്ടും പുനഃസ്ഥാപിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.

വൈസ് ക്യാപ്റ്റന് ‍ആരെന്നത് ടീം ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനോട് അടുക്കുമ്പോള്‍ മാത്രമാകും തീരുമാനിക്കുക എന്നാണ് ടീം സിഇഒ കാശി വിശ്വനാഥ് പറഞ്ഞത്. റെയ്നയ്ക്ക് വീണ്ടും ഉപനായക സ്ഥാനം നല്‍കുന്നില്ലെങ്കില്‍ കൂടുതല്‍ സാധ്യത എംഎസ് ധോണിയ്ക്ക് സഹായത്തിനായി എത്തുക രവീന്ദ്ര ജഡേജ ആയിരിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ചെന്നൈയുടെ പരിശീലനം ബാര്‍ബോണ്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഐപിഎലില്‍ ആദ്യ മത്സരത്തില്‍ വാങ്കഡേ സ്റ്റേഡിയത്തില്‍ ചെന്നൈ ഡല്‍ഹിയെയാണ് നേരിടുന്നത്.

പുതിയ കോവിഡ് നിയമങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു, അറസ്റ്റിനെക്കുറിച്ച് സുരേഷ് റെയ്‍ന

മുംബൈയില്‍ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന് അറസ്റ്റിലായ സുരേഷ് റെയ്‍ന പറയുന്നത് തനിക്ക് മുംബൈയില്‍ നിലവില്‍ ഉള്ള പുതിയ നിയമങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ്. ലണ്ടനില്‍ പുതിയ സ്ട്രെയിന്‍ കോവിഡ് കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു.

രാത്രി 1 1 മുതല്‍ രാവിലെ 6 മണി വരെയാണ് പുതിയ കര്‍ഫ്യൂ സമയം. 34 ആളുകള്‍ക്കൊപ്പമാണ് സുരേഷ് റെയ്‍നയെ ഒരു ക്ലബിലെ സോഷ്യല്‍ ഡിസ്റ്റന്‍സ് നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്.

സുരേഷ് റെയ്‍ന ഒരു ഷൂട്ടിന് വേണ്ടിയാണ് മുംബൈയില്‍ എത്തിയതെന്നും അത് വൈകുകയും പിന്നീട് രാത്രി ഭക്ഷണത്തിനായി ഒരു സുഹൃത്ത് ക്ഷണിച്ചതിനാലും അദ്ദേഹം അതിന് ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകുവാനുമായിരുന്നു പദ്ധതിയിട്ടതെന്നും താരത്തിന് മുംബൈയിലെ പുതിയ കര്‍ഫ്യൂ നിയമങ്ങള്‍ അറിയില്ലായിരുന്നുവെന്നുമാണ് താരത്തിന്റെ മാനേജ്മെന്റ് ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചത്.

സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവരുടെ കരാറുകൾ റദ്ധാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവരുടെ കരാറുകൾ ടീം റദ്ധാക്കിയതായി റിപ്പോർട്ടുകൾ. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സുരേഷ് റെയ്നയും ഹർഭജൻ സിംഗും യു.എ.ഇയിൽ. നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുത്തിരുന്നില്ല. സുരേഷ് റെയ്ന യു.എ.ഇയിൽ എത്തിയതിന് ശേഷമാണ് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഇന്ത്യയിലേക്ക് തിരിച്ചുപോയത്.

താരങ്ങളുടെ കരാർ റദ്ദാക്കാനുള്ള നടപടികൾ ചെന്നൈ സൂപ്പർ കിങ്‌സ് ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി താരങ്ങളുടെ വിവരങ്ങൾ ചെന്നൈ സൂപ്പർ കിങ്സിന്റെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018ലെ ലേലത്തിൽ സുരേഷ് റെയ്നയെ 11 കോടി നൽകിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തിയത്. അതെ സമയം 2 കോടി മുടക്കിയാൻ ഹർഭജൻ സിംഗ് ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയത്.

സുരേഷ് റെയ്ന ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചുവരില്ല

സുരേഷ് റെയ്ന ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലേക്ക് തിരിച്ചുവരില്ലെന്ന് ടീം സി.ഇ.ഓ കാശി വിശ്വനാഥൻ. നേരത്തെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് നേരത്തെ സുരേഷ് റെയ്ന യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. സുരേഷ് റെയ്നയുടെ തീരുമാനത്തെ ചെന്നൈ സൂപ്പർ കിങ്‌സ് അംഗീകരിക്കുന്നുണ്ടെന്നും കാശി വിശ്വനാഥ് പറഞ്ഞു.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു മത്സരം മാത്രമാണ് ചെന്നൈ സൂപ്പർ കിങ്‌സ് ജയിച്ചത്. എന്നാൽ ടീം ശക്തമായി തിരിച്ചുവരുമെന്നും ഇത് ഒരു മത്സരം ആണെന്നും നല്ല ദിവസവും ചീത്ത ദിവസവും ഉണ്ടാവുമെന്നും കാശി വിശ്വനാഥ് പറഞ്ഞു. കൂടാതെ കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഇല്ലാതിരുന്ന അമ്പാട്ടി റായ്ഡു അടുത്ത മത്സരത്തിൽ ടീമിൽ തിരിച്ചെത്തുമെന്നും കാശി വിശ്വനാഥ് പറഞ്ഞു.

ചെന്നൈയ്ക്ക് തങ്ങളുടെ അഭാവം ഒരു പ്രശ്നമല്ല – ഹര്‍ഭജന്‍ സിംഗ്

ഐപിഎലില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ വളരെ വൈകിയാണ് ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്നയും തീരുമാനിച്ചത്. ക്യാമ്പില്‍ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇരു താരങ്ങളും വ്യക്തിപരമായ കാരണങ്ങള്‍ സൂചിപ്പിച്ച് ദുബായിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. തന്റെയോ സുരേഷ് റെയ്നയുടെയോ അസാന്നിദ്ധ്യം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടത്.

എല്ലാ സീസണും പോലെ ഈ സീസണിലും ടീം മികവ് പുലര്‍ത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതും അത്രയ്ക്കും ശക്തമായ ബെഞ്ചാണ് ചെന്നൈയുടേതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഇരുവര്‍ക്കും പകരക്കാരെ ഇതുവരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പരിചയമ്പത്തുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സെന്നും ഒരു ഹര്‍ഭജനോ ഒരു സുരേഷ് റെയ്നയോ ഇല്ലാത്തത് അവരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.

ഷെയിന്‍ വാട്സണ്‍, എംഎസ് ധോണി, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിങ്ങനെ പരിചയമ്പത്തുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാനാകാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.

സുരേഷ് റെയ്‍നയ്ക്ക് പകരക്കാരനെ തേടുന്നുവെന്ന വാര്‍ത്ത അസത്യം – ചെന്നൈ സൂപ്പര്‍ കിംഗ്സ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പ് വിട്ട സുരേഷ് റെയ്‍നയ്ക്ക് തങ്ങള്‍ പകരക്കാരനെ തേടുന്നില്ലെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ. ദാവിദ് മലനെ ടീമിലെത്തിക്കുവാന്‍ ചെന്നൈ ശ്രമം ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് വിശദീകരണവുമായി ടീം എത്തുന്നത്.

ചെന്നൈ ക്യാമ്പിനൊപ്പം യുഎഇയില്‍ എത്തിയ താരം പൊടുന്നനെയാണ് വ്യക്തിപരമായ കാരണങ്ങള്‍ സൂചിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.ചെന്നൈ ക്യാമ്പില്‍ ദീപക് ചഹാറിനും റുതുരാജ് ഗായ്‍ക്വാഡിനും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. അധികം വൈകാതെ ഹര്‍ഭജന്‍ സിംഗും നാട്ടിലേക്ക് മടങ്ങി.

ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ നിയമം പ്രകാരം എട്ട് വിദേശ താരങ്ങളും 17 ഇന്ത്യന്‍ താരങ്ങളുമാണ് ടീമിനൊപ്പം ഉണ്ടാകുവാന്‍ സാധിക്കുന്നത്. ചെന്നൈ നിരയില്‍ ഇപ്പോള്‍ തന്നെ എട്ട് വിദേശ താരങ്ങളുണ്ട്. അതി

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന സൂചന നൽകി സുരേഷ് റെയ്ന

വ്യക്തിഗത കാരണങ്ങൾ കൊണ്ട് യു.എ.ഇയിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്ന തിരിച്ച് വീണ്ടും ചെന്നൈ ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കും. താരം തന്നെയാണ് ചെന്നൈ ക്യാമ്പിലേക്ക് മടങ്ങി വരാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞത്. തന്റെ കുടുംബത്തിലെ ഒരാളുടെ മരണവുമായി ബന്ധപ്പെട്ടാണ് സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയത്.

താനും ചെന്നൈ സൂപ്പർ കിങ്‌സ് ഉടമ എൻ.ശ്രീനിവാസനും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ശ്രീനിവാസന്റെ പ്രസ്താവനകൾ ഒരു അച്ഛൻ മകനോട് ദേഷ്യപെടുന്നത് പോലെയാണെന്നും സുരേഷ് റെയ്ന പറഞ്ഞു. നേരത്തെ ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ നിന്ന് സുരേഷ് റെയ്ന പോയതോടെ എൻ ശ്രീനിവാസൻ താരത്തിനെതിരെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. നിലവിൽ ഇന്ത്യയിൽ ക്വറന്റൈനിൽ ഉള്ള താൻ ഇപ്പോഴും പരിശീലനം തുടരുന്നുണ്ടെന്നും സുരേഷ് റെയ്ന പറഞ്ഞു.

Exit mobile version