കാലിടറി കിഡംബി, മൊമോട്ടയോട് പരാജയപ്പെടുന്നത് ആറാം തവണ

മൊമോട്ടോയുടെ കടമ്പ കടക്കാനാകാതെ കിഡംബി. തുടര്‍ച്ചയായ ആറാം തവണയാണ് ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ തോല്‍വിയേറ്റു വാങ്ങി കിഡംബി മടങ്ങിയത്. ഡെന്മാര്‍ക്ക് ഓപ്പണിന്റെ സെമി ഫൈനലിലാണ് നേരിട്ടുള്ള ഗെയിമില്‍ ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. നിലവിലെ ചാമ്പ്യനായ മൊമോട്ടയോട് പലപ്പോഴും നീണ്ട റാലികള്‍ക്ക് ശേഷം പോയിന്റ് നേടാനാകാതെ കിഡംബി പിഴവുകള്‍ വരുത്തുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കാണുവാന്‍ സാധിച്ചത്. 29 ഷോട്ടുകള്‍ നീണ്ട റാലിയാണ് മത്സരത്തിലെ എറ്റവും വലിയ റാലി. നീണ്ട റാലികളില്‍ ശ്രീകാന്തിന്റെ ബാക്ക് ഹാന്‍ഡിനെ കടന്നാക്രമിച്ചാണ് കെന്റോ പലപ്പോഴും പോയിന്റുകള്‍ നേടിയത്. ഒപ്പം പിഴവുകള്‍ വരുത്തി ശ്രീകാന്ത് കാര്യങ്ങള്‍ മൊമോട്ടോയ്ക്ക് എളുപ്പമാക്കുകയായിരുന്നു.

ആദ്യ ഗെയിം 21-16നു വിജയിച്ച ജപ്പാന്‍ താരം രണ്ടാം ഗെയിമില്‍ തിരിച്ചുവരവിനു യാതൊരുവിധ അവസരവും നല്‍കാതെ 21-16, 21-12 എന്ന സ്കോറിനു പരാജയപ്പെടുത്തി. ടൂര്‍ണ്ണമെന്റിലെ നിലവിലെ ചാമ്പ്യനാണ് ശ്രീകാന്ത് കിഡംബി. ഇതാദ്യമായാണ് മൊമോട്ട ഡെന്മാര്‍ക്ക് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്.

സമീര്‍ വര്‍മ്മയെ വീഴ്ത്തി സെമിയില്‍ കടന്ന് ശ്രീകാന്ത് കിഡംബി

മാരത്തണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സഹ ഇന്ത്യന്‍ താരം സമീര്‍ വര്‍മ്മയെ കീഴടക്കി ഡെന്മാര്‍ക്ക് ഓപ്പണിന്റെ സെമി ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. 77 മിനുട്ട് നീണ്ട് മത്സരത്തിനൊടുവില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ വിജയം. മൂന്ന് ഗെയിമിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് പോരാടിയത്. ആദ്യ ഗെയിം 22-20നു ശ്രീകാന്ത് ജയിച്ചപ്പോള്‍ സമീര്‍ വര്‍മ്മ രണ്ടാം ഗെയിം 19-21നു സ്വന്തമാക്കി. മൂന്നാം ഗെയിമിലും ശ്രീകാന്തിനെ അവസാന നിമിഷം വരെ വെള്ളംകുടിപ്പിച്ചാണ് സമിര്‍ കീഴടങ്ങിയത്.

സ്കോര്‍: 22-20, 19-21, 23-21. സെമിയില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയാണ് ശ്രീകാന്തിന്റെ എതിരാളി. കഴിഞ്ഞ അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോളും വിജയം ജാപ്പനീസ് താരത്തിനൊപ്പമായിരുന്നു.

ലിന്‍ ഡാനെ കീഴടക്കി കിഡംബി, ഇനി സമീര്‍ വര്‍മ്മയുമായി ക്വാര്‍ട്ടര്‍ പോര്

ആദ്യ ഗെയിം നഷ്ടമായ ശേഷം മികച്ച തിരിച്ചുവരവ് നടത്തി ഡെന്മാര്‍ക്ക് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. 18-21നു ആദ്യ ഗെയിമില്‍ പിന്നില്‍ പോയ ശേഷം 21-17, 21-15 എന്ന സ്കോറിനാണ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനിനെ കിഡംബി അടിയറവു പറയിച്ചത്. 63 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ചൈനീസ് സൂപ്പര്‍ താരത്തെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം വീഴ്ത്തിയത്.

ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മയാണ് ശ്രീകാന്തിന്റെ എതിരാളി. ഇത് രണ്ടാം തവണയാണ് കിഡംബി ലിന്‍ ഡാനിനെ കീഴ്പ്പെടുത്തുന്നത്.

കിഡംബിയ്ക്ക് അനായാസ ജയം

ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ അനായാസ വിജയവുമായി ശ്രീകാന്ത് കിഡംബി. ഡെന്മാര്‍ക്കിന്റെ ഹാന്‍സ്-ക്രിസ്റ്റ്യന്‍ സോള്‍ബെര്‍ഗിനെ നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. 21-16, 21-10 എന്ന സ്കോറിനാണ് കിഡംബിയുടെ ജയം. 35 മിനുട്ടിലാണ് ശ്രീകാന്തിന്റെ ആധികാരിക ജയം.

ലോക ചാമ്പ്യനോട് കീഴടങ്ങി കിഡംബി, ക്വാര്‍ട്ടറില്‍ പുറത്ത്

ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ജപ്പാന്റെ കെന്റോ മോമോട്ടയോട് 9-21, 11-21 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ തോല്‍വി. ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ജപ്പാന്‍ താരത്തിനു വിജയം സ്വന്തമാക്കുവാനാകുന്നത്. പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നു ശ്രീകാന്ത്. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് കെന്റോ മോമോട്ട.

വെറും 28 മിനുട്ടില്‍ ജപ്പാന്‍ താരം ഇന്ത്യന്‍ ഒന്നാം നമ്പര്‍ താരത്തെ കെട്ടുകെട്ടിയ്ക്കുകയായിരുന്നു.

കാലിടറാതെ കിഡംബി ക്വാര്‍ട്ടറിലേക്ക്

ചൈന ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ തായ്‍ലാന്‍ഡ് താരത്തിന്റെ ചെറുത്ത്നില്പിനെ അതിജീവിച്ച് ശ്രീകാന്ത് കിഡംബി. നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ 24-22 എന്ന സ്കോറിനു ജയിച്ചാണ് മത്സരം കിഡംബി സ്വന്തമാക്കിയത്. ആദ്യം ഗെയിം അനായാസം നേടിയ ശേഷം കിഡംബി രണ്ടാം ഗെയിമില്‍ പിന്നോട്ട് പോയിരുന്നു. മൂന്നാം ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ മത്സരം ഏത് ദിശയിലേക്ക് വേണമെങ്കിലും തിരിയുമെന്ന അവസ്ഥയിലായിരുന്നു.

ഒരു മണിക്കൂറും മൂന്ന് മിനുട്ടും നീണ്ട മത്സരത്തിനൊടുവില്‍ 21-12, 15-21, 24-22 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ ജയം.

കിഡംബിയും പുറത്ത്, ജപ്പാന്‍ ഓപ്പണിലെ അവസാന ഇന്ത്യന്‍ താരത്തിനു തോല്‍വി

കൊറിയയുടെ ക്യുന്‍ ഡോംഗ് ലീയോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ആദ്യ ഗെയിം നേടിയ ശേഷമാണ് ശ്രീകാന്ത് മത്സരത്തില്‍ പിന്നോട്ട് പോയത്. 1 മണിക്കൂറും 19 മിനുട്ടും നീണ്ട മത്സരത്തില്‍ 21-19, 16-21, 18-21 എന്ന സ്കോറിനായിരുന്നു കിഡംബിയുടെ തോല്‍വി.

ഇതോടെ ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യയുടെ സാന്നിധ്യം അവസാനിച്ചു. മറ്റു പ്രമുഖ താരങ്ങളെല്ലാം തന്നെ ഇന്നലെ പുറത്തായപ്പോള്‍ ശ്രീകാന്ത് മാത്രമായിരുന്നു അവശേഷിച്ചിരുന്ന താരം.

ജയിക്കാനായത് കിഡംബിയ്ക്ക് മാത്രം, ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ

ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ നിരാശാജനകമായ പ്രകടനം. ശ്രീകാന്ത് കിഡംബി ഒഴികെ മറ്റു താരങ്ങളെല്ലാം തന്നെ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ കിഡംബിയില്‍ മാത്രമായി ഒതുങ്ങി. സിംഗിള്‍സില്‍ സിന്ധുവും പ്രണോയ്‍യും പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടും പരാജയപ്പെടുകയായിരുന്നു.

ശ്രീകാന്ത് കിഡംബി ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-15, 21-14 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. അതേ സമയം 18-21, 19-21 എന്ന സ്കോറിനു ചൈനയുടെ ഫാംഗ്ജി ഗാവോടോണ് പിവി സിന്ധുവിന്റെ പരാജയം. എച്ച് എസ് പ്രണോയും നേരിട്ടുള്ള ഗെയിമുകളില്‍ 14-21, 17-21 എന്ന സ്കോറിനു ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിണ്ടിംഗിനോട് പരാജയം ഏറ്റുവാങ്ങി.

ഡബിള്‍സില്‍ പുരുഷ വിഭാഗത്തില്‍ മനു അട്രി-സുമിത് റെഡ്ഢി കൂട്ടുകെട്ട് പൊരുതിയാണ് പരാജയപ്പെട്ടത്. 18-21, 21-16, 12-21 എന്ന സ്കോറിനു ചൈനീസ് കൂട്ടുകെട്ടിനോട് ഇവര്‍ പരാജയപ്പെട്ടപ്പോള്‍ മിക്സഡ് ഡബിള്‍സില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു പരാജയം. സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് മലേഷ്യന്‍ ടീമിനോട് 16-21, 16-21 എന്ന സ്കോറിനു പരാജയപ്പെട്ടു.

ആദ്യ റൗണ്ട് കടന്ന് ശ്രീകാന്ത് കിഡംബി

ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അനായാസ ജയം നേടി ശ്രീകാന്ത് കിഡംബി. 21-13, 21-15 എന്ന സ്കോറിനു ലോക 31ാം നമ്പര്‍ ഹ്യുയാംഗ് യൂക്സിയാംഗിനെയാണ് കിഡംബി ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. 33 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. രണ്ടാം റൗണ്ടില്‍ ലോക 27ാം റാങ്കുകാരന്‍ വോംഗ് വിംഗ് കി വിന്‍സെന്റ് ആണ് ശ്രീകാന്തിന്റെ എതിരാളി.

ഏഷ്യന്‍ ഗെയിംസില്‍ കിഡംബി ഇതേ എതിരാളിയോടാണ് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടത്.

ബാഡ്മിന്റണില്‍ നിരാശ തുടരുന്നു, കിഡംബി പുറത്ത്

പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് തോല്‍വി. ലോക എട്ടാം റാങ്കുകാരന്‍ കിഡംബി ഹോങ്കോംഗിന്റെ ലോക 28ാം നമ്പര്‍ താരം വോംഗ് വിംഗ് കി വിന്‍സെന്റിനോട് നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് കിഡംബിയുടെ പരാജയം. സ്കോര്‍ 21-23, 19-21.

ഗെയിംസിലെ ആറാം സീഡായിരുന്നു ശ്രീകാന്ത് കിഡംബി.

സായി പ്രണീത് ക്വാര്‍ട്ടറില്‍, കിഡംബിയ്ക്ക് തോല്‍വി

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്ന് സായി പ്രണീത്. ഇന്ന് നടന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ ഹാന്‍സ്-ക്രിസ്റ്റ്യന്‍ സോള്‍ബെര്‍ഗിനെയാണ് സായി പ്രണീത് പരാജയപ്പെടുത്തിയത്. 21-13, 21-11 എന്ന സ്കോറിനായിരുന്നു ജയം. 39 മിനുട്ടുകള്‍ നീണ്ട മത്സരത്തില്‍ അനായാസമായ ജയമാണ് പ്രണീത് സ്വന്തമാക്കിയത്.

അതേ സമയം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീകാന്ത് കിഡംബി തോല്‍വിയേറ്റു വാങ്ങി. 18-21, 18-21 എന്ന സ്കോറിനാണ് മലേഷ്യയുടെ ഡാരെന്‍ ല്യൂവിനോട് കിഡംബി അടിയറവ് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍, രണ്ടാം റൗണ്ടില്‍ പൊരുതി നേടിയ ജയം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ജയം സ്വന്തമാക്കി ശ്രീകാന്ത് കിഡംബി. ഇതോടെ ഇന്ത്യന്‍ താരം ടൂര്‍ണ്ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. സ്പെയിനിന്റെ പാബ്ളോ എബിയനെ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ശ്രീകാന്തിന്റെ വിജയം. 62 മിനുട്ട് നീണ്ട മത്സരത്തില്‍ രണ്ടാം ഗെയിം ശ്രീകാന്തിനു നഷ്ടമായെങ്കിലും ആദ്യ ഗെയിമും മൂന്നാം ഗെയിമും ആധികാരികതയോടെ ജയിക്കുവാന്‍ ഇന്ത്യന്‍ താരത്തിനായി.

സ്കോര്‍: 21-15, 12-21, 21-14.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version