ലോക പത്താം നമ്പര്‍ താരത്തെ കീഴടക്കി കിഡംബി, സിന്ധുവും ക്വാര്‍ട്ടറിലേക്ക്

ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും പിവി സിന്ധുവും. കിഡംബി ജപ്പാന്റെ ലോക പത്താം നമ്പര്‍ താരം കെന്റ നിഷിമോട്ടോയെ 21-14, 21-9 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. കെന്റ കഴിഞ്ഞാഴ്ച ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ തന്നെ കെന്റോ മൊമോട്ടോയെ തോല്പിച്ച് മികച്ച ഫോമിലായിരുന്നുവെങ്കിലും ശ്രീകാന്തിനോട് പിടിച്ച് നില്‍ക്കുവാന്‍ പാട് പെടുകയായിരുന്നു.

അതേ സമയം 23-21, 21-7 എന്ന സ്കോറിനു ഇന്തോനേഷ്യയുടെ ലോക 14ാം നമ്പര്‍ താരം ഗ്രിഗോറിയ തുന്‍ജംഗിനെ കീഴടക്കിയാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്.

ക്വാര്‍ട്ടറില്‍ കാലിടറി കിഡംബി, ആദ്യം ഗെയിം നേടിയ ശേഷം തോല്‍വി

മലേഷ്യ മാസ്റ്റേഴ്സ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി അടിയറവ് പറഞ്ഞതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ പുരുഷ വിഭാഗത്തില്‍ അവസാനിച്ചത്. ആദ്യ ഗെയിം നേടിയ ശേഷമാണ് കിഡംബിയുടെ മത്സരത്തിലെ തോല്‍വി.

ദക്ഷിണ കൊറിയയുടെ വാന്‍ ഹോ സണ്‍ ആണ് ഇന്ത്യന്‍ താരത്തിനു തോല്‍വി സമ്മാനിച്ചത്. 23-21, 16-21, 17-21 എന്ന സ്കോറിനു 72 മിനുട്ട് നീണ്ട മത്സരത്തിനു ശേഷമാണ് കിഡംബിയുടെ തോല്‍വി.

കിഡംബി ക്വാര്‍ട്ടറില്‍, വനിത ഡബിള്‍സില്‍ തോല്‍വി

മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍ വനിത ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങാനായിരുന്നു വിധി. ശ്രീകാന്ത് ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് അടിയറവു പറഞ്ഞത്. ആദ്യ ഗെയിം 23-21നു പൊരുതി നേടിയ ശ്രീകാന്ത് രണ്ടാം ഗെയിമില്‍ തീര്‍ത്തും പരാജയമായി മാറിയെങ്കിലും മൂന്നാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 64 മിനുട്ട് നീണ്ട മത്സരത്തില്‍ 23-21, 8-21, 21-8 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ വിജയം.

അതേ സമയം വനിത ഡബിള്‍സ് ജോഡിയായി അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ പ്രീ ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റു വാങ്ങി. ഇന്തോനേഷ്യയുടെ ടീമിനോട് 50 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് 18-21, 17-21 എന്ന സ്കോറിനു കീഴടങ്ങിയത്.

ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റു വാങ്ങി ശ്രീകാന്ത് കിഡംബി

ഹോങ്കോംഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞ് ശ്രീകാന്ത് കിഡംബി. ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്തുള്ള കെന്റയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് തോല്‍വി പിണഞ്ഞത്. സ്കോര്‍: 17-21, 13-21. 44 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്.

ടൂര്‍ണ്ണമെന്റില്‍ ഇനി അവശേഷിക്കുന്ന ഇന്ത്യന്‍ സാന്നിധ്യം സമീര്‍ വര്‍മ്മ മാത്രമാണ്. ഇന്ന് തന്റെ ക്വാര്‍ട്ടര്‍ മത്സരത്തിനായി സമീര്‍ അല്പ സമയം കഴിഞ്ഞ് ഇറങ്ങുന്നതാണ്.

പ്രണോയിയെ കീഴടക്കി കിഡംബി ക്വാര്‍ട്ടര്‍

ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജയം നേടി ശ്രീകാന്ത് കിഡംബി. ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ജയം കിഡംബി പിടിച്ചെടുത്തത്. 67 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ ഏറെ വിയര്‍പ്പൊഴുക്കിയാണ് കിഡംബി വിജയം നേടുന്നത്. ആ മികവ് മൂന്നാം ഗെയിമിലും നിലനിര്‍ത്തി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് താരം പ്രവേശിച്ചു.

സ്കോര്‍: 18-21, 30-29, 21-18.

കിഡംബിയ്ക്ക് ജയം, കശ്യപിനു പരാജയം

ഹോങ്കോംഗ് ഓപ്പണ്‍ പുരുഷ വിഭാഗം മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. ഇന്ന് സായി പ്രണീത് പരാജയപ്പെട്ടതിനു ശേഷം ശ്രീകാന്ത് കിഡംബിയ്ക്ക് വിജയം കരസ്ഥമാക്കുവാന്‍ സാധിച്ചപ്പോള്‍ പാരുപ്പള്ളി കശ്യപിനു പരാജയമായിരുന്നു ഫലം. കിഡംബി നേരിട്ടുള്ള ഗെയിമുകളില്‍ ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനെ 21-11, 21-15 എന്ന സ്കോറിനു 32 മിനുട്ടില്‍ അടിയറവു പറയിപ്പിച്ചപ്പോള്‍ കശ്യപ് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റ് മടങ്ങി.

ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോട് 16-21, 13-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 35 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ക്വാര്‍ട്ടറില്‍ കത്തിയമര്‍ന്ന് ഇന്ത്യന്‍ സ്വപ്നങ്ങള്‍

ചൈന ഓപ്പണില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ഇന്ന് വനിത സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പിവി സിന്ധു പരാജയപ്പെട്ടത്തിനു പിന്നാലെ പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബിയും പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും പുറത്താകുകയായിരുന്നു. ശ്രീകാന്ത് തായ്‍വാന്റെ ടിയന്‍ ചെന്‍ ചൗവിനോട് നേരിട്ടുള്ള ഗെയിമുകളില്‍ 14-21, 14-21 എന്ന സ്കോറിനാണ് കീഴടങ്ങിയത്. 35 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ഇന്തോനേഷ്യന്‍ ടീമിനോട് മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് ഇന്ത്യന്‍ ഡബിള്‍സ് ജോഡി പുറത്തായത്. 11-21, 21-16, 12-21 എന്ന സ്കോറിനു 42 മിനുട്ടിലാണ് ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി.

കിഡംബിയുടെ മികച്ച തിരിച്ചുവരവ്, അനായാസം സിന്ധു, ഇരുവരും ക്വാര്‍ട്ടറില്‍

ചൈന ഓപ്പണ്‍ 2018 പുരുഷ വിഭാഗം സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരം തന്റെ രണ്ടാം റൗണ്ട് മത്സരം വിജയിച്ചത്. 45 മിനുട്ട് നീണ്ട മത്സരത്തില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോര്‍: 10-21, 21-9, 21-9.

ഇന്ത്യയുടെ പിവി സിന്ധു തായ്‍ലാന്‍ഡിന്റെ ബുസാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയത്. സ്കോര്‍: 21-12, 21-15.

മൊമോട്ടയോട് ഏഴാം തവണയും തോല്‍വിയേറ്റു വാങ്ങി കിഡംബി, സിന്ധുവും പുറത്ത്

ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോട് ഏഴാം തവണയും തോല്‍വിയേറ്റു വാങ്ങി ശ്രീകാന്ത് കിഡംബി. നേരിട്ടുള്ള ഗെയിമുകളിലാണ് കിഡംബിയുടെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വി. ഡെന്മാര്‍ക്ക് ഓപ്പണിലും മൊമോട്ടയോടായിരുന്നു കിഡംബി കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 16-21നു മുന്നിലെത്തിയ കെന്റോ രണ്ടാം ഗെയമില്‍ 17-10നു മുന്നിലായിരുന്നു. എന്നാല്‍ തുടരെ 9 പോയിന്റുകള്‍ നേടി കിഡംബി 19-17നു ലീഡ് നേടുകയും ഗെയിം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അടുത്ത നാല് പോയിന്റുകള്‍ നേടി മത്സരം കെന്റോ സ്വന്തമാക്കി. സ്കോര്‍: 16-21, 19-21.

ചൈനയുടെ ഹി ബിംഗ്ജിയാവോയോട് നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു പരാജയപ്പെട്ടത്. 13-21, 16-21 എന്ന സ്കോറിനു സിന്ധു പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സിംഗിള്‍സ് പ്രതീക്ഷകള്‍ അവസാനിച്ചു. നേരത്തെ സൈന നെഹ്‍വാല്‍ തായി സു യിംഗിനോട് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.

ആദ്യ ഗെയിം കൈവിട്ട ശേഷം ക്വാര്‍ട്ടര്‍ ഉറപ്പാക്കി ശ്രീകാന്ത് കിഡംബി

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം കൊറിയന്‍ താരത്തെ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി ശ്രീകാന്ത് കിഡംബി. ഇന്ന് തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ കൊറിയയുടെ ഡോംഗ് ക്യുന്‍ ലീയെ മൂന്ന് ഗെയിം പോരാട്ടിത്തിനു ശേഷമാണ് ശ്രീകാന്ത് അടിയറവു പറയിപ്പിക്കുന്നത്. 73 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 12-21, 21-16, 21-18.

ആദ്യ ഗെയിം 12-21നു ശ്രീകാന്ത് പിന്നില്‍ പോയെങ്കിലും അടുത്ത രണ്ട് ഗെയിമുകളില്‍ ശക്തമായ തിരിച്ചുവരവാണ് ശ്രീകാന്ത് നടത്തിയത്. 21-16, 21-18 എന്ന സ്കോറിനു ശേഷിക്കുന്ന രണ്ട് ഗെയിമുകളും സ്വന്തമാക്കി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഉറപ്പാക്കുകയായാിരുന്നു.

അനായാസ ജയം, കിഡംബി പ്രീക്വാര്‍ട്ടറിലേക്ക്

ലോക 22ാം നമ്പര്‍ താരം വോംഗ് വിംഗ് കി വിന്‍സെന്റിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്ത് ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. 21-19, 21-13 എന്ന സ്കോറിനാണ് കിഡംബിയുടെ വിജയം. ഹോങ്കോംഗ് താരത്തിനെ 42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് കിഡംബി പരാജയപ്പെടുത്തിയത്.

ഫ്രഞ്ച് ഓപ്പണ്‍ ഇന്ന് മുതല്‍, അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും

ഫ്രഞ്ച് ഓപ്പണ്‍ 2018 ഇന്ന് ആരംഭിക്കും. പുരുഷ വനിത സിംഗിള്‍സ് വിഭാഗത്തിലായി അഞ്ച് താരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, സായി പ്രണീത് എന്നിവരും വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാലും പിവി സിന്ധുവും പങ്കെടുക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ഡെന്മാര്‍ക്ക് ഓപ്പണില്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞെങ്കിലും വെള്ളി മെഡല്‍ നേട്ടത്തിന്റെ ആവേശത്തിലാവും സൈന എത്തുന്നത്.

അതേ സമയം സിന്ധു ഡെന്മാര്‍ക്ക് ഓപ്പണിലെ തന്റെ ആദ്യ റൗണ്ട് തോല്‍വിയുടെ ആഘാതം മറന്ന് മികച്ച ഫോമില്‍ കളിച്ച് മെച്ചപ്പെട്ടൊരു ടൂര്‍ണ്ണമെന്റാക്കി ഫ്രഞ്ച് ഓപ്പണെ മാറ്റുക എന്ന ലക്ഷ്യത്തോടെയാവും എത്തുക. ശ്രീകാന്തിനും ഡെന്മാര്‍ക്ക് ഓപ്പണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

Exit mobile version