സതാംപ്ടൺ താരം ടിനോ ലിവ്രമെന്റോ ന്യൂകാസിലിലേക്ക്

സതാംപ്ടൺ യുവതാരം ടിനോ ലിവ്രമെന്റോ ടീം വിടുന്നു. ടീം ആവശ്യപ്പെട്ട 35 മില്യൺ പൗണ്ട് എന്ന കൈമാറ്റ തുക ന്യൂകാസിൽ അംഗീകരിച്ചതോടെയാണ് ട്രാൻസ്ഫെറിന് വഴി ഒരുങ്ങിയിരിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് മില്യണോളം വരുന്ന ആഡ് ഓണുകളും ഉണ്ടാവും. താരവുമായി നേരത്തെ തന്നെ ന്യൂകാസിൽ വ്യക്തിപരമായ കരാറിൽ ധാരണയിൽ എത്തിയിരുന്നു. 20കാരന് ദീർഘകാല കരാർ തന്നെയാണ് ന്യൂകാസിൽ നൽകുക. താരത്തിന്റെ നിലവിലെ കൈമാറ്റ തുകയുടെ 40% മുൻ ക്ലബ്ബ് ആയ ചെൽസിക്ക് നൽകേണ്ടി വരുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

റൈറ്റ് ബാക്ക് സ്ഥാനത്ത് തിളങ്ങുന്ന ലിവ്രമെന്റോ 2021ലാണ് ചെൽസി വിട്ട് സതാംപ്ടണിൽ എത്തുന്നത്. ആദ്യ സീസണിൽ തന്നെ മുപ്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. എന്നാൽ കഴിഞ്ഞ സീസണിൽ സതാംപ്ടണിന്റെ മോശം ഫോമിനൊപ്പം താരത്തിന്റെ പരിക്കും തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമവും ടീമിന് വലിയ തിരിച്ചടി ആയിരുന്നു. ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളത്തിൽ ഇറങ്ങിയത്. താരം ഉടൻ ന്യൂകാസിലിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കും. ടോണാലി, ഹാർവി ബാൺസ് എന്നിവർക്ക് ശേഷം ന്യൂകാസിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിക്കുന്ന മൂന്നാമത്തെ താരമാണ് ലിവ്രമെന്റോ. നിലവിൽ ഇതേ സ്ഥാനത്ത് കളിക്കുന്ന 32കാരനായ ട്രിപ്പിയനറിന്റെ പിൻഗാമി ആയിട്ടാണ് എഡി ഹോവും സംഘവും താരത്തെ കാണുന്നത്.

8 ഗോൾ ത്രില്ലറിൽ ലിവർപൂളിനോട് സമനില നേടി സെയിന്റ്സ്,ഗോളുമായി ഫർമീനോ ലിവർപൂളിനോട് വിട പറഞ്ഞു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് 4-4 ന്റെ സമനില വഴങ്ങി സൗതാപ്റ്റൺ. ഇതിനകം തന്നെ തരം താഴ്ത്തൽ ഉറപ്പിച്ച സെയിന്റ്സ് അഭിമാനത്തിന് ആയിരുന്നു ഇന്ന് സ്വന്തം മൈതാനത്ത് കളിക്കാൻ ഇറങ്ങിയത്. അതേസമയം ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായ ലിവർപൂൾ ആ നിരാശയും ആയാണ് കളിക്കാൻ എത്തിയത്. അതേസമയം റോബർട്ടോ ഫർമീനോ, ജംയിസ് മിൽനർ അടക്കമുള്ളവരുടെ ലിവർപൂളിലെ അവസാന മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ പത്താം മിനിറ്റിൽ ഡീഗോ ജോടയിലൂടെ ലിവർപൂൾ മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് 18 മത്തെ മിനിറ്റിൽ ഫബീന്യോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഫർമീനോ തന്റെ വിടവാങ്ങൽ അവിസ്മരണീയം ആക്കി.

എന്നാൽ അടുത്ത നിമിഷം തന്നെ അൽകാരസിന്റെ പാസിൽ നിന്നു ജെയിംസ് വാർഡ് പ്രോസ് സെയിന്റ്സിന് ആയി ഒരു ഗോൾ മടക്കി. തുടർന്ന് കമൽദീനിലൂടെ അവർ ആദ്യ പകുതിയിൽ സമനില പിടിച്ചു. രണ്ടാം പകുതിയിൽ കമൽദീനിലൂടെ സെയിന്റ്സ് മത്സരത്തിൽ മുന്നിലെത്തി. 64 മത്തെ മിനിറ്റിൽ ആദം ആംസ്ട്രോങ് കൂടി ഗോൾ നേടിയതോടെ സെയിന്റ്സ് ജയിക്കും എന്നു പോലും കരുതി. എന്നാൽ 72 മത്തെ മിനിറ്റിൽ അർണോൾഡിന്റെ പാസിൽ നിന്നു കോഡി ഗാക്പോയും, 73 മത്തെ മിനിറ്റിൽ സലാഹിന്റെ പാസിൽ നിന്നു ജോടയും നേടിയ ഗോളുകൾ ലിവർപൂളിന് സമനില നൽകി. ലിവർപൂൾ അഞ്ചാം സ്ഥാനത്ത് ലീഗ് അവസാനിച്ചപ്പോൾ സൗതാപ്റ്റൺ ലീഗിൽ അവസാന സ്ഥാനത്ത് ആയി. അതേസമയം ലീഗിലെ മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം 1-1 സമനിലയിൽ അവസാനിച്ചു. ഫോറസ്റ്റിന് ആയി അവോനിയിയും, പാലസിന് ആയി വിൽ ഹ്യൂസും ഗോളുകൾ നേടി.

11 വർഷത്തെ പ്രീമിയർ ലീഗ് യാത്രക്ക് അന്ത്യം, സൗതാപ്റ്റൺ ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നു 11 വർഷങ്ങൾക്ക് ശേഷം സൗതാപ്റ്റൺ പുറത്ത്. ഇന്ന് ഫുൾഹാമിനോട് 2-0 നു തോറ്റതോടെ അവർ ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ടു. ലീഗിൽ ഇനി രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ 24 പോയിന്റുകൾ നേടി അവസാന സ്ഥാനത്ത് ഉള്ള സെയിന്റ്സിന് ഇത് വളരെ വേദന നൽകുന്ന വാർത്തയാണ്. ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ച മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് സ്വന്തം മൈതാനത്ത് കളിച്ച സെയിന്റ്സിന്റെ വിധി എഴുതിയ ഗോളുകൾ പിറന്നത്.

48 മത്തെ മിനിറ്റിൽ ഹാരിസൺ റീഡിന്റെ പാസിൽ നിന്നു കാർലോസ് വിനീഷ്യസ് ഗോൾ നേടിയപ്പോൾ തന്നെ സെയിന്റ്സിന്റെ വിധി എഴുതപ്പെടുക ആയിരുന്നു. തുടർന്ന് 72 മത്തെ മിനിറ്റിൽ 8 മത്സരങ്ങളുടെ വിലക്ക് മാറി എത്തിയ പകരക്കാരൻ അലക്‌സാണ്ടർ മിട്രോവിച് ഹാരി വിൽസന്റെ പാസിൽ നിന്നു ഫുൾഹാം ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ഒമ്പതാം സ്ഥാനത്തേക്ക് കയറാൻ ഫുൾഹാമിനു ആയി. ഈ സീസണിൽ 3 പരിശീലകരെ പരീക്ഷിച്ച സെയ്ന്റ്സിന് അത് ഒന്നും മതിയായില്ല തരം താഴ്ത്തൽ ഒഴിവാക്കാൻ. ഉടൻ തന്നെ പ്രീമിയർ ലീഗിൽ തിരിച്ചു വരാൻ ആവും അവരുടെ ശ്രമം.

അയൽക്കാരോടും പരാജയം വഴങ്ങി സെയിന്റ്സ്! തരം താഴ്ത്തൽ യാഥാർത്ഥ്യം ആവുന്നു!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ പോരാട്ടത്തിൽ നിർണായകമായ സൗത്ത് കോസ്റ്റ് ഡാർബിയിൽ സൗത്താപ്റ്റണിനെ അവരുടെ മൈതാനത്ത് മറികടന്നു ബോർൺമൗത്ത്. തുടർച്ചയായ മൂന്നാം എവേ ജയം കുറിച്ച ബോർൺമൗത്ത് സെയിന്റ്സ് തരം താഴ്ത്തൽ കൂടി ഏകദേശം ഉറപ്പാക്കി. വെറും 5 മത്സരങ്ങൾ അവശേഷിക്കുന്ന സമയത്ത് 24 പോയിന്റുകളും ആയി അവസാന സ്ഥാനത്ത് നിൽക്കുന്ന സെയിന്റ്സ് ഇനി ഈ സീസണിൽ പ്രീമിയർ ലീഗിൽ തുടരണം എങ്കിൽ അത്ഭുതം സംഭവിക്കണം. ജയത്തോടെ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ തുടരും എന്ന കാര്യം ചെറീസ് ഏകദേശം ഉറപ്പാക്കി.

മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വച്ചത് സൗത്താപ്റ്റൺ ആയിരുന്നു. ഇടക്ക് ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങുകയും ചെയ്തു. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ 50 മത്തെ മിനിറ്റിൽ ചെറീസ് മത്സരത്തിലെ വിജയഗോൾ കണ്ടത്തി. ഡൊമനിക് സൊളാങ്കെയുടെ പാസിൽ നിന്നു മാർകസ് ടാവർനിയർ ആണ് ബോർൺമൗത്തിനു നിർണായക ഗോൾ സമ്മാനിച്ചത്. മത്സരത്തിൽ അവസാന മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ചെ ആദംസ് സ്റ്റുവർട്ട് ആംസ്ട്രോങ്ങിന്റെ പാസിൽ നിന്നു ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. പ്രീമിയർ ലീഗിൽ ഒരു പതിറ്റാണ്ടിൽ അധികമായുള്ള സൗത്താപ്റ്റണിന്റെ നിലനിൽപ്പ് ആണ് നിലവിൽ വലിയ പ്രതിസന്ധി നേരിടുന്നത്.

എമിറേറ്റ്സിൽ ഒരു മരണക്കളി!! ആഴ്സണലിന്റെ അത്ഭുത തിരിച്ചുവരവ് പക്ഷെ ജയത്തിൽ എത്തിയില്ല

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിന്റെ നിയന്ത്രണം ആഴ്സണൽ മെല്ലെ മാഞ്ചസ്റ്റർ സിറ്റിയെ ഏൽപ്പിച്ചിരിക്കുകയാണ്‌. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ സൗതാമ്പ്ടണെ നേരിട്ട ആഴ്സണൽ 3-3ന്റെ സമനില ഏറ്റു വാങ്ങി. 88 മിനുട്ട് വരെ 3-1ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ആഴ്സണൽ സമനില പിടിച്ചത്. പക്ഷെ ഈ സമനില ആഴ്സണലിന്റെ കിരീട പ്രതീക്ഷക്ക് വൻ തിരിച്ചടി ആയിരിക്കുകയാണ്.

ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണലിന് ഒരു ഷോക്കിംഗ് തുടക്കമാണ് ലഭിച്ചത്. മത്സരം ആരംഭിച്ച് ഒരു മിനുട്ട് ആകും മുമ്പ് ആഴ്സണൽ ഒരു ഗോളിന് പിറകിലായി. ആഴ്സണൽ കീപ്പർ റാംസ്ഡേലിന്റെ പിഴവ് മുതലെടുത്ത അൽകാരസ് ആണ് സൗതാമ്പ്ടണ് ലീഡ് നൽകിയത്‌. ആ ഗോളിന്റെ ഞെട്ടൽ മാറും മുമ്പ് സതാമ്പ്ടൺ രണ്ടാം ഗോളും നേടി.

14ആം മിനുറ്റിൽ മുൻ ആഴ്സണൽ താരം തിയോ വാൽകോട്ടിന്റെ ഗോളിൽ സെയിന്റ്സ് രണ്ട് ഗോളിന് മുന്നിൽ. അൽകാരസിന്റെ മനോഹര പാസ് സ്വീകരിച്ചായിരുന്നു വാൽകോട്ടിന്റെ ഗോൾ. സ്കോർ 0-2.

ഇതിനു ശേഷം പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞ ആഴ്സണൽ 20ആം മിനുട്ടിൽ ഒരു ഗോൾ തിരിച്ചടിച്ചു. സാകയുടെ ക്രോസിൽ നിന്ന് ഒരു വോളിയിലൂടെ മാട്ടിനെല്ലി ആണ് ഗോൾ നേടിയത്. മാർട്ടിനെല്ലിയുടെ സീസണിലെ 15ആം ഗോളായിരുന്നു ഇത്‌‌. ഇതിനു ശേഷം സമനില ഗോളിനായുള്ള ആഴ്സണൽ ശ്രമം ആയിരുന്നു. ആൽകാരസിന്റെ ഒരു ഗോൾ ലൈൻ ക്ലിയറൻസ് ആദ്യ പകുതിയിൽ 2-1ന്റെ ലീഡ് നിലനിർത്താൻ സഹായിച്ചു.

രണ്ടാം പകുതിയിൽ ചില ടാക്ടിക്കൽ മാറ്റങ്ങൾ വരുത്തി പൂർണ്ണമായും ഡിഫൻസിൽ ഊന്നി ആയിരുന്നു സതാമ്പ്ടൺ കളിച്ചത്. 66ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സതാമ്പ്ടൺ മൂന്നാം ഗോൾ കണ്ടെത്തിയത് ആഴ്സണലിനെ തകർത്തു കളഞ്ഞു. കലെറ്റ സാർ ആയിരുന്നു ഗോൾ നേടിയത്. സ്കോർ 1-3.

ആഴ്സണൽ വിട്ടുകൊടുക്കാൻ തയ്യാറായില്ല. 88ആം മിനുട്ടിൽ ക്യാപ്റ്റൻ ഒദെഗാർഡിന്റെ ഇടം കാലൻ ഷോട്ട് ആഴ്സണലിന്റെ രണ്ടാം ഗോളായി. സ്കോർ 3-2. കളി മാറിയ നിമിഷം. 91ആം മിനുട്ടിൽ ആഴ്സണലിന്റെ മൂന്നാം ഗോൾ. ബോക്സിലെ കൂട്ടപൊരിച്ചലിന് ഒടുവിൽ സാകയുടെ ഫിനിഷ്. 3-3.

പിന്നെ വിജയ ഗോൾ ആയിരുന്നു ലക്ഷ്യം. 93ആം മിനുട്ടിൽ ട്രൊസാർഡിന്റെ ഒരു ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടി പുറത്തേക്ക്. 95ആം മിനുട്ടിൽ റീസ് നെൽസന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക്. ആഴ്സണൽ സമ്മർദ്ദം ഉയർത്തി. പക്ഷെ വിജയ ഗോൾ മാത്രം വന്നില്ല.

ഈ സമനിലയോടെ ആഴ്സണൽ 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ഒന്നാമത് തന്നെ നിൽക്കുകയാണ്. 30 മത്സരങ്ങൾ മാത്രം കളിച്ച സിറ്റി രണ്ടാമത് ഉണ്ട്. മറുവശത്ത് സതാമ്പടൺ 24 പോയിന്റുമായി അവസാന സ്ഥാനത്ത് തന്നെ നിൽക്കുന്നു.

പ്രീമിയർ ലീഗിൽ വീണ്ടുമൊരു മാറ്റം, സൗതാംപ്ടൺ പരിശീലകൻ പുറത്ത്

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബ് സൗതാംപ്ടൺ പരിശീലകൻ റാൾഫ് ഹാസൻഹാട്ടിലിനെ പുറത്താക്കി. ഇന്നലെ ന്യൂകാസിലിനോട് 4-1 ന്റെ കൂറ്റൻ തോൽവിയോടെയാണ് ക്ലബ്ബ് ക്ലബ്ബ് പരിശീലകനോട് ബൈ പറയാൻ തീരുമാനിച്ചത്. നിലവിൽ ലീഗിൽ 18 ആം സ്ഥാനത്താണ് ക്ലബ്ബ്.

2018 ൽ നിയമിതനായ ഹാസൻഹാട്ടിലിന് കീഴിൽ ക്ലബ്ബ് ബേധപെട്ട പ്രകടനങ്ങൾ ക്ലബ്ബ് കഴിഞ സീസണുകളിൽ നടത്തിയിരുന്നു എങ്കിലും ഈ സീസൺ പ്രകടനം തീർത്തും മോശമായി. കഴിഞ സീസണുകളിൽ ടീം രണ്ട് തവണ 9 ഗോൾ വഴങ്ങി തോറ്റിട്ടു പോലും എടുകാത്ത തീരുമാനം എടുക്കാൻ ഇതോടെയാണ് ക്ലബ്ബ് തീരുമാനിച്ചത്. ഇനി ലോകകപ്പിന് ശേഷമാകും അവർ പുതിയ പരിശീലകനെ നിയമിക്കുക.

ഡച്ച് യുവതാരം ഗാക്പോയ്ക്ക് പിന്നാലെ സതാമ്പ്ടൺ

PSV ഐന്തോവൻ വിംഗർ ആയ കോഡി ഗാക്‌പോയെ സ്വന്തമാക്കാൻ സതാമ്പ്ടൺ ശ്രമിക്കുന്നു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന താരമാണ് ഗാക്പോ. ആന്റണിയെ സ്വന്തമാക്കാൻ ആയതോടെ ഗാക്പോയിൽ നിന്ന് യുണൈറ്റഡ് പിന്മാറിയിരുന്നു. ഇപ്പോൾ പി എസ് വി താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുണ്ട്. സതാമ്പ്ടണും ലീഡ്സും താരത്തിനായി രംഗത്ത് ഉണ്ട്. ഡാനിയൽ ജെയിംസ് ക്ലബ് വിട്ടു എങ്കിൽ മാത്രമെ ഗാക്പോയ്ക്കായി ലീഡ് വിഡ് ചെയ്യുക ഉള്ളൂ.

30 മില്യൺ യൂറോ നൽകിയാൽ ഗാക്പോയെ വിട്ടു നൽകാൻ പി എസ് വി തയ്യാറാണ്. 23കാരനായ താരം ഇപ്പോൾ പി എസ് വിയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ കീഴിലാണ് കളിക്കുന്നത്. ഇടതുവശത്ത് കളിക്കുന്ന വിംഗറാണ് ഗാക്‌പോ. കഴിഞ്ഞ സീസണിൽ പിഎസ്‌വിക്ക് വേണ്ടിയുള്ള പ്രകടനം കൊണ്ട് ഗാക്‌പോ ഈ വർഷത്തെ ഡച്ച് ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 12 ഗോളുകളും 12 അസിസ്റ്റും ഗാക്പോ ഡച്ച് ലീഗിൽ നേടിയിരുന്നു.

പ്രീമിയർ ലീഗ്; താളം കണ്ടെത്താൻ ആകാതെ ലെസ്റ്റർ സിറ്റി, സതാമ്പ്ടണു മുന്നിൽ വീണു | Report

പ്രീമിയർ ലീഗ് ഇരട്ട ഗോളുമായി ആഡംസ്, ലെസ്റ്ററിനെ വീഴ്ത്തി സതാംപ്ടൻ

ഇരട്ട ഗോളുകൾ നേടിയ ചെ ആഡംസിന്റെ മികവിൽ ലെസ്റ്ററിനെ വീഴ്ത്തി സതാംപ്ടൻ. ലീഗിലെ മൂന്നാം മത്സരത്തിലും വിജയം കാണാനാവാതെ ലെസ്റ്റർ കുഴങ്ങിയപ്പോൾ സതാംപ്ടണിന് ലീഗിൽ ആദ്യ വിജയം നേടാൻ ആയി.

രണ്ടാം മിനിറ്റിൽ തന്നെ വാർഡിയെ ബോക്‌സിൽ വീഴ്ത്തിയതിന് പെനാൽറ്റി ആവശ്യവുമായി ലെസ്റ്റർ എത്തിയതോടെ ചൂട് പിടിച്ച മത്സരത്തിൽ മാര സതാംപ്ടണിന് വേണ്ടി എതിർ വല കുലുക്കിയെങ്കിലും സൈഡ് റഫറി നേരത്തെ ഓഫ്‌സൈഡ് വിധിച്ചിരുന്നു. മാഡിസന്റെ ഫ്രീകിക്ക് കീപ്പർ തട്ടിയകറ്റി. ആദ്യ പകുതി ഗോൾ രഹിതമായി തീർന്നു.

അൻപതിനാലാം മിനിറ്റിൽ ലെസ്റ്ററിന്റെ ഗോൾ എത്തി. ഇത്തവണ ഫ്രീ കിക്ക് നേരിട്ട് ഗോൾ വലയിൽ എത്തിക്കാൻ താരത്തിനായി. ബെല്ലാ കെച്ചപ്പിന്റെ അസിസ്റ്റിൽ ആഡംസ് സതാംപ്ടൻ സമനില ഗോൾ നേടി. മുഴുവൻ സമയത്തിന് ആറു മിനിറ്റ് ബാക്കി നിൽക്കെ സതാംപ്ടൻ വിജയ ഗോൾ നേടി. ഇത്തവണയും ആഡംസ് തന്നെ എതിർ വല കുലുക്കി. വാർഡ് പ്രോസിന്റെ ക്രോസിൽ വോളി ഉതിർത്ത ആഡംസിന്റെ ഷോട്ട് ഗോളിക്ക് പിടി കൊടുക്കാതെ വലയിലേക്ക് കടന്നു. ഇഞ്ചുറി ടൈമിന്റെ അവസാനം വീണ്ടും ആഡംസിന് ഗോൾ നേടാൻ അവസരം വന്നെങ്കിലും നിർഭാഗ്യം വിനയായി.

പ്രീമിയർ ലീഗ് സീസണിലെ മൂന്നാം മത്സരത്തിലും വിജയം നേടാൻ ആവാത്ത ലെസ്റ്റർ ടേബിളിൽ താഴെക്കെത്തി. ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ നീക്കങ്ങൾ ഒന്നും നടത്താതിരുന്ന ഇവർക്ക് മുന്നോട്ടുള്ള മത്സരങ്ങളും വെല്ലുവിളി ആവുമോ എന്നുള്ളത് ആരാധകരെയും ആശങ്കയിൽ ആഴ്ത്തുന്നുണ്ട്.

Exit mobile version