സീരി എ തിരിച്ചു വരവിൽ എ.സി മിലാനെ ഞെട്ടിച്ചു പാർമ

ഇറ്റാലിയൻ സീരി എയിൽ തിരിച്ചെത്തി രണ്ടാം മത്സരത്തിൽ തന്നെ വമ്പന്മാർ ആയ എ.സി മിലാനെ അട്ടിമറിച്ചു പാർമ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ ജയം കണ്ടത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ഇരു ടീമുകളും സീസണിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങിയത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇമ്മാനുവൽ വാലറിയുടെ പാസിൽ നിന്നു ഗോൾ നേടിയ ഡെന്നിസ് മാൻ മിലാനെ ഞെട്ടിച്ചു.

തുടർന്ന് സമനില ഗോളിന് ആയുള്ള മിലാന്റെ ശ്രമം രണ്ടാം പകുതിയിൽ വിജയം കണ്ടു. 66 മത്തെ മിനിറ്റിൽ റാഫേൽ ലിയോയുടെ പാസിൽ നിന്നു ക്രിസ്റ്റിയൻ പുലിസിച് മിലാനു സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 77 മത്തെ മിനിറ്റിൽ മിലാന്റെ ഹൃദയം തകർത്തു മറ്റെയോ കാൻസിലയരി പാർമക്ക് ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ സീസണിൽ രണ്ടാം മത്സരത്തിലും ജയം കാണാൻ മിലാനു ആയിട്ടില്ല.

തിയാഗോ മോട്ടോ യുഗത്തിൽ വമ്പൻ ജയവുമായി യുവന്റസ് തുടങ്ങി

പുതിയ ഇറ്റാലിയൻ സീരി എ സീസണിന് മികച്ച രീതിയിൽ തുടങ്ങി യുവന്റസ്. പുതിയ പരിശീലകൻ തിയാഗോ മോട്ടോക്ക് കീഴിൽ പുതുതായി ലീഗിൽ എത്തിയ കോമോയെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് യുവന്റസ് തോൽപ്പിച്ചത്. സെസ്ക് ഫാബ്രിഗാസിന് കീഴിൽ ഇറങ്ങിയ കോമോക്ക് എതിരെ സമ്പൂർണ ആധിപത്യം ആണ് യുവന്റസ് മത്സരത്തിൽ പുലർത്തിയത്. പലപ്പോഴും 41 കാരനായ ഗോൾ കീപ്പർ പെപെ റെയ്നയാണ് ഫാബ്രിഗാസിന്റെ ടീമിന്റെ രക്ഷക്ക് എത്തിയത്.

മത്സരത്തിൽ 23 മത്തെ മിനിറ്റിൽ മികച്ച വ്യക്തിഗത മികവ് കൊണ്ട് സാമുവൽ ബാങ്കുലയാണ് യുവന്റസിന് മുൻതൂക്കം നൽകിയത്. തുടർന്ന് വ്ലാഹോവിചിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് കെനാൻ യിൽദിസിന്റെ പാസിൽ നിന്നു ഗോൾ നേടിയ ടിം വെയ യുവന്റസിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ വ്ലാഹോവിചിന്റെ ഗോൾ ഓഫ് സൈഡ് വിളിക്കുന്നതും കണ്ടു. മത്സരത്തിൽ രണ്ടാം പകുതിയിൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ സാമുവൽ ബാങ്കുലയുടെ പാസിൽ നിന്നു ആന്ദ്രയെ കാമ്പിയാസോ കൂടി ഗോൾ നേടിയതോടെ യുവന്റസ് ജയം പൂർത്തിയാക്കുക ആയിരുന്നു.

ഒടുവിൽ കിരീടം! ഫുട്‌ബോളിന്റെ സ്വന്തം ജിയാൻ പിയറോ ഗാസ്പെരിനി!

‘എന്ത് കൊണ്ടാണ് കിരീടങ്ങൾ കൊണ്ടു മാത്രം നിങ്ങൾ നേട്ടങ്ങളെ അളക്കുന്നത്, ഞാൻ മുമ്പ് ഉള്ളതിനെക്കാൾ ഇപ്പോൾ മികച്ചത് ആയി എന്നതിന് അതിനു അർത്ഥമില്ല’ 66 മത്തെ വയസ്സിൽ കരിയറിലെ ആദ്യ കിരീടം ആയ യുഫേഫ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം സ്‌കൈ ഇറ്റാലിയയോട് ജിയാൻ പിയറോ ഗാസ്പെരിനി പറഞ്ഞ വാക്കുകൾ ആണ് ഇവ. ചിലപ്പോൾ ഒരു ആധുനിക പരിശീലകൻ ഒരിക്കലും പറയാൻ ഇടയില്ലാത്ത വാക്കുകൾ, അത്രമേൽ ക്രൂരമായ ഫുട്‌ബോൾ മാനേജറുടെ ഹോട്ട് സീറ്റിൽ ഇരിക്കുന്ന ആ പഴയ ജനറേഷന്റെ അവസാന പ്രതിനിധികളിൽ ഒന്നാവും ചിലപ്പോൾ ഗാസ്പെരിനി. യുവന്റസ് അക്കാദമിയിൽ തുടങ്ങി 35 മത്തെ വയസ്സിൽ വിരമിക്കുന്ന സമയത്ത് അത്രയൊന്നും മികച്ച ഫുട്‌ബോൾ കരിയർ ഒന്നും ഗാസ്പെരിനിക്ക് പറയാൻ ഉണ്ടായിരുന്നില്ല. വിരമിച്ച ശേഷം ഇടക്ക് ഫിനാഷ്യൽ സെക്ടറിൽ ജോലി നോക്കിയ ശേഷം യുവന്റസ് അക്കാദമിയിൽ പരിശീലകനാവുന്ന അദ്ദേഹം ആ സമയത്ത് അണ്ടർ 14, 17, 20 ടീമുകളുടെ പരിശീലകൻ ആയി. 2003 ൽ സീരി സി ടീമായ ക്രൊട്ടോന്റെ പരിശീലകൻ ആയാണ് തന്റെ സീനിയർ പരിശീലക കരിയർ ഗാസ്പെരിനി തുടങ്ങുന്നത്.

തുടർന്ന് ടീമിനെ സീരി ബിയിലും എത്തിക്കുന്ന അദ്ദേഹം 2006 വരെ അവരെ പരിശീലിപ്പിച്ചു. 2006 ൽ ജെനോവ പരിശീലകൻ ആവുന്ന ഗാസ്പെരിനി തന്റെ ആദ്യ സീസണിൽ തന്നെ ടീമിനെ സീരി എയിൽ എത്തിച്ചു. തുടർന്ന് ഇറ്റാലിയൻ ഫുട്‌ബോളിൽ തന്റേതായ ഇടം സ്വയം ഉണ്ടാക്കുന്ന ഗാസ്പെരിനിയെ ആണ് ഫുട്‌ബോൾ ലോകം കണ്ടത്. 2008-09 സീസണിൽ ജെനോവയെ അഞ്ചാം സ്ഥാനത്ത് എത്തിക്കുന്ന അദ്ദേഹം അവർക്ക് യൂറോപ്പ ലീഗ് യോഗ്യതയും നേടിക്കൊടുത്തു. തന്റെ പ്രസിദ്ധമായ 3-4-3 ഫോർമേഷനിൽ മികച്ച പ്രസും അതിലും മികച്ച ആക്രമണ ഫുട്‌ബോളും ആയുള്ള ഗാസ്പെരിനിയുടെ ഫുട്‌ബോളിന് യൂറോപ്പിൽ തന്നെ ആരാധകർ ഉണ്ടായി. കരിയർ അവസാനിച്ചു എന്നു കരുതിയ ഡിയെഗോ മിലിറ്റോ, തിയാഗോ മോട്ടോ തുടങ്ങിയവർക്ക് ഒരു ഉയിർത്തെഴുന്നേപ്പു ഉണ്ടാവുന്നതും ഗാസ്പെരിനിയിലൂടെ തന്നെ ആയിരുന്നു. ആ സമയത്ത് കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായി ജെനോവയെ അടയാളപ്പെടുത്തിയത് സീരി എയും ചാമ്പ്യൻസ് ലീഗും നേടിയ ഇന്റർ മിലാൻ പരിശീലകൻ സാക്ഷാൽ ജോസെ മൊറീന്യോ തന്നെ ആയിരുന്നു.

എന്നും തന്റെ ശക്തമായ വ്യക്തിത്വം കാത്ത് സൂക്ഷിച്ച ഗാസ്പെരിനി ജെനോവ പുറത്താക്കിയ ശേഷം 2011 ൽ ആണ് ഇന്റർ മിലാൻ പരിശീലകൻ ആവുന്നത്. അദ്ദേഹം കരിയറിൽ പരിശീലിപ്പിച്ച ഏക വലിയ ക്ലബ്, എന്നാൽ വെറും മൂന്നു മാസത്തിനുള്ളിൽ മോശം പ്രകടനം കാരണം അദ്ദേഹത്തെ ഇന്റർ പുറത്താക്കി. തുടർന്ന് ഇടക്ക് താൻ കളിച്ച മുൻ ക്ലബ് പലർമോയെ പരിശീലിപ്പിച്ച അദ്ദേഹം ഇടക്ക് 3 കൊല്ലം വീണ്ടും ജെനോവയെ പരിശീലിപ്പിച്ചു. തുടർന്ന് 2016 ൽ ആണ് അദ്ദേഹത്തിന്റെയും അറ്റലാന്റയുടെയും തലവര മാറ്റിയ തീരുമാനമായി ഗാസ്പെരിനി അവരുടെ പരിശീലകൻ ആവുന്നത്. 130 വർഷം അടുത്ത് പഴക്കമുള്ള ശക്തമായ ആരാധക കൂട്ടവും കുടുംബം പോലെ ഉറപ്പുള്ളതും ആയ അറ്റലാന്റക്ക് അവരുടെ സുവർണ യുഗം ആണ് ഈ 8 വർഷം കൊണ്ട് ഗാസ്പെരിനി നൽകിയത്. സീരി എയിൽ നിലനിൽക്കാൻ പൊരുതുന്ന ടീമിൽ നിന്നു ഏത് ദിവസവും ആരെയും ഞെട്ടിക്കാൻ പറ്റുന്ന ഹൈ പ്രസും കൃത്യമായ പാസിങും മികച്ച അക്രമണ ഫുട്‌ബോളും കളിക്കുന്ന യൂറോപ്യൻ ഫുട്‌ബോൾ ലക്ഷ്യം വെക്കുന്ന ടീമായി അറ്റലാന്റ ഈ കാലത്ത് വളർന്നു. ഗാസ്പെരിനി ആദ്യ സീസണിൽ തന്നെ ലീഗിൽ നാലാമത് എത്തിയ അവർ യൂറോപ്പ ലീഗിലേക്ക് യോഗ്യതയും നേടി. 26 വർഷങ്ങൾക്ക് ശേഷം ആദ്യമായി ആയിരുന്നു അറ്റലാന്റ വീണ്ടും യൂറോപ്യൻ ഫുട്‌ബോൾ കളിക്കുന്നത്.

രണ്ടാം സീസണിലും ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടി നൽകുന്ന ഗാസ്പെരിനി ടീമിനെ കോപ്പ ഇറ്റാലിയ സെമിഫൈനലിലും എത്തിക്കുന്നുണ്ട്. 2019 ൽ സീരി എയിൽ മൂന്നാമത് എത്തുന്ന അറ്റലാന്റയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിലേക്കും ഗാസ്പെരിനി നയിക്കുന്നു. ആ സീസണിൽ കോപ്പ ഇറ്റാലിയ ഫൈനലും അവർ കളിക്കുന്നുണ്ട്. ഐതിഹാസം എന്നു തന്നെ പറയാവുന്ന ചാമ്പ്യൻസ് ലീഗ് പ്രകടനം ആണ് കോവിഡ് സീസണിൽ അറ്റലാന്റ നടത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ ഗ്രൂപ്പിൽ രണ്ടാമത് എത്തിയ അവർ പ്രീ ക്വാർട്ടറിൽ വലൻസിയയെ ഇരു പാദങ്ങളിലും ആയി 8-4 ആണ് തോൽപ്പിക്കുന്നത്. കോവിഡ് ഏറ്റവും തീവ്രമായി തങ്ങളുടെ സിറ്റിയെ ബാധിച്ച സമയത്ത് പല പ്രമുഖ താരങ്ങളെയും പരിക്ക് മൂലം നഷ്ടമായിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആ വർഷം ഫൈനൽ കളിച്ച പാരിസ് സെന്റ് ജെർമനോട് അവിശ്വസനീയം ആയ പോരാട്ടത്തിന് ഒടുവിൽ 2-1 നു ആണ് അവർ കീഴടങ്ങുന്നത്. ചെറിയ സ്‌ക്വാഡ് വെച്ചു പാരീസിന്റെ സൂപ്പർ സംഘത്തെ ഗാസ്പെരിനി വിറപ്പിക്കുക തന്നെ ആയിരുന്നു. അടുത്ത സീസണിൽ ആക്രമണ ഫുട്‌ബോൾ കൊണ്ടു സീരി എയെ വിറപ്പിക്കുന്ന അറ്റലാന്റയെ ആണ് ലോകം കണ്ടത്. സീസണിൽ 98 ഗോളുകൾ നേടിയ അവർ 60 കൊല്ലത്തിന് ഇടയിൽ ഒരു ഇറ്റാലിയൻ ടീം ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ ആണ് നേടിയത്.

പലപ്പോഴും 5-0 നും 6-0 നും 7-0 നും ജയിക്കുക എന്നത് അവരുടെ പതിവ് ആയിരുന്നു ഈ സീസണിൽ. ജോസിപ് ഇലിസിചും, ലൂയിസ് മുരിയലും, ദുവാൻ സപാറ്റയും 15 ൽ അധികം ലീഗ് ഗോളുകൾ ആണ് സീസണിൽ അടിച്ചു കൂട്ടിയത്. തുടർച്ചയായി രണ്ടാം തവണയും ലീഗിൽ മൂന്നാമത് എത്തിയ അറ്റലാന്റ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കി. അടുത്ത സീസണിൽ ടീമിന്റെ നട്ടെല്ലും ക്യാപ്റ്റനും ആയ പാപ്പു ഗോമസ് ടീം വിട്ടിട്ടും ഗാസ്പെരിനിയും സംഘവും കുലുങ്ങിയില്ല. വീണ്ടും ഒരിക്കൽ കൂടി മൂന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിയ അവർ ചാമ്പ്യൻസ് ലീഗിൽ അവസാന 16 ൽ റയൽ മാഡ്രിഡിനോട് ആണ് കീഴടങ്ങിയത്. പക്ഷെ ഒരിക്കൽ കൂടി കോപ്പ ഇറ്റാലിയ ഫൈനലിൽ അവർ യുവന്റസിനോട് വീണു. 2021-22 സീസണിൽ പക്ഷെ ഗാസ്പെരിനിക്ക് താഴെ ആദ്യമായി എട്ടാമത് ആയ അറ്റലാന്റക്ക് യൂറോപ്യൻ യോഗ്യത നേടാൻ ആയില്ല, സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ അവർ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലും പുറത്തായി. എന്നാൽ കഴിഞ്ഞ സീസണിൽ ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയ അവർ യൂറോപ്പ ലീഗ് യോഗ്യത നേടി തങ്ങളുടെ മാജിക് എവിടെയും പോയില്ല എന്നു തെളിയിക്കുക ആയിരുന്നു.

നിലവിൽ സീസണിൽ ഇതിനകം തന്നെ ലീഗിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയ അറ്റലാന്റ ഇത്തവണ യൂറോപ്പ ലീഗിൽ രണ്ടും കൽപ്പിച്ചു ആണ് ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാർ ആയ അവർ പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുമ്പ് നേരിട്ട പോർച്ചുഗീസ് ജേതാക്കൾ ആയ നിലവിൽ ഏറ്റവും മികച്ച പരിശീലകരിൽ ഒരാൾ ആയി പലരും ചൂണ്ടികാട്ടുന്ന റൂബൻ അമോറിമിന്റെ സ്പോർട്ടിങ് ലിസ്ബണിനെ മറികടന്നു ആണ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ടാക്ടിക്കലി വളരെ ചെറുപ്പക്കാരൻ ആയ ന്യൂ ജനറേഷൻ പരിശീലകനു മുന്നിൽ തന്റെ ക്ലാസ് ഗാസ്പെരിനി കാണിച്ചു. ക്വാർട്ടർ ഫൈനലിൽ ലിവർപൂളിൽ തന്റെ അവസാന സീസൺ അവിസ്മരണീയം ആക്കാൻ എത്തിയ ക്ലോപ്പിന് ദുസ്വപ്നം ആണ് ഗാസ്പെരിനി സമ്മാനിച്ചത്. ആദ്യ പാദത്തിൽ ആൻഫീൽഡിൽ സ്കമാക്കയുടെ ഇരട്ടഗോൾ മികവിൽ 3-0 നു ജയിക്കുന്ന അറ്റലാന്റ അന്ന് തന്നെ സെമിഫൈനൽ ഉറപ്പിച്ചിരുന്നു. സെമി ഫൈനലിൽ മാഴ്സെയെ രണ്ടാം പാദത്തിലെ 3-0 ഗോൾ സ്കോറിൽ മുക്കിയ അവർ ഫൈനലിൽ 51 കളികളിൽ സീസണിൽ പരാജയം അറിയാതെ വരുന്ന ബുണ്ടസ് ലീഗ ജേതാക്കൾ ആയ പരിശീലകർക്ക് ഇടയിലെ ‘ദ നെക്സ്റ്റ് ബിഗ് തിങ്’ സാക്ഷാൽ സാബി അലോൺസോയുടെ ബയേർ ലെവർകുസനെ ആണ് നേരിടേണ്ടത് എന്നറിഞ്ഞപ്പോൾ പലരും അവരെ എഴുതി തള്ളിയത് ആണ്.

തുടർച്ചയായ മത്സരങ്ങൾക്ക് ഇടയിൽ 3 ദിവസം മുമ്പ് കോപ്പ ഇറ്റാലിയ ഫൈനലിൽ ഒരിക്കൽ കൂടി യുവന്റസിനോട് 1-0 നു പരാജയം നേരിട്ടാണ് അറ്റലാന്റ യൂറോപ്പ ലീഗ് ഫൈനലിന് എത്തുന്നത്. അതിനു ഇടയിൽ ലീഗിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത അവർ ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ 22 ദിവസത്തിനു ഇടയിൽ 7 മത്സരങ്ങൾ കളിക്കുന്നതോ ഒരാഴ്ചക്ക് ഇടയിൽ മൂന്നാം മത്സരത്തിന് ഇറങ്ങുന്നതോ തുടർച്ചയായ ഫൈനൽ പരാജയങ്ങൾ മാനസികമായി തളർത്തുന്നതോ ഒന്നും പ്രതിസന്ധിയല്ലാത്ത ഒരു അടലാന്റയെ ആണ് പരാജയം എന്തെന്നു അറിയാത്ത ലെവർകുസനു എതിരെ ഇന്നലെ കാണാൻ ആയത്. സാബിയുടെ ഷോർട്ട് പാസ് ബോൾ പ്ലെയിങ് മാസ്റ്റർ ക്ലാസിനു എതിരെ തന്റെ പോരാളികൾ ആയ താരങ്ങളെ ഉപയോഗിച്ച് ഗാസ്പെരിനി ചെക്ക് വെക്കുന്ന കാഴ്ച അതിമനോഹരം ആയിരുന്നു. എത്ര നേരം വരെ വേണമെങ്കിലും എല്ലാം നൽകി എതിരാളിയുടെ ഹാഫിൽ പ്രസ് ചെയ്യുന്ന, ഒന്നാന്തരം ആയി പ്രതിരോധിക്കുന്ന, മാൻ മാർക്ക് ചെയ്തു ബോൾ റാഞ്ചുന്ന ഗാസ്പെരിനിയുടെ താരങ്ങൾ ജർമ്മൻ ജേതാക്കൾക്ക് മത്സരത്തിൽ അധികം ഒന്നും നൽകിയില്ല എന്നത് തന്നെയാണ് വാസ്തവം.

3-4-3 യിൽ വിങ് ബാക്കുകൾക്ക് നല്ല സ്വാതന്ത്ര്യം ലഭിക്കുന്ന ഗാസ്പെരിനി സിസ്റ്റം പലപ്പോഴും അവസരത്തിനു ഒപ്പം 4-3-3 ആയും 4-2-3-1 ആയും ഒക്കെ മാറും. പലരും എഴുതി തള്ളിയ സ്കമാക്കയുടെ ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ് ഗാസ്പെരിനി നടപ്പിലാക്കിയത്. തന്റെ പ്രസിങ് കൊണ്ട് ഇറ്റാലിയൻ യുവതാരം നൽകിയ അവസരം ആണ് ഹാട്രിക് കൊണ്ട് ലുക്മാൻ മുതലാക്കിയത്. കരിയറിലെ ഏറ്റവും മികച്ച മത്സരം തന്നെയാണ് ലുക്മാനിൽ നിന്നു ഇന്നലെ കണ്ടത്. കാലം കഴിഞ്ഞു എന്ന് പറഞ്ഞ കൊലാസിനാക്കിൽ നിന്നും സപകോസ്റ്റയിൽ നിന്നും മികവ് പുറത്ത് എടുത്ത ഗാസ്പെരിനിയുടെ ടീമിന്റെ നട്ടെല്ലു കോപ്മെയിനേർസും എഡേർസനും അടങ്ങിയ മധ്യനിര തന്നെ ആയിരുന്നു. 62 വർഷത്തിന് ശേഷം ആദ്യമായി അറ്റലാന്റക്ക് ഒരു കിരീടം നേടി നൽകുന്ന ഗാസ്പെരിനി അവർക്ക് സമ്മാനിക്കുന്നത് അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം പ്രധാന കിരീടവും ആദ്യ യൂറോപ്യൻ ട്രോഫിയും ആണ്. ഏതാണ്ട് നാലാം പതിറ്റാണ്ടിൽ എത്തുന്ന തന്റെ പരിശീലന കരിയറിൽ ഇറ്റാലിയൻ പരിശീലകന്റെ ആദ്യ കിരീടവും. ഈ കിരീടം ഉണ്ടായാലും ഇല്ലെങ്കിലും ഇതിനകം തന്നെ അറ്റലാന്റയിൽ, ഇറ്റാലിയൻ ഫുട്‌ബോളിൽ ലോക ഫുട്‌ബോളിൽ തന്റെ സ്ഥാനം ഗാസ്പെരിനി ഉറപ്പിച്ചിരുന്നു എന്നത് ആണ് വാസ്തവം. പിന്നെ കിരീടം എന്നത് അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം ആയി കാണാൻ ആണ് താൽപ്പര്യം, കാരണം ഈ കിരീടം മറ്റാരെക്കാളും ഫുട്‌ബോളിന്റെ സ്വന്തം ജിയാൻ പിയറോ ഗാസ്പെരിനി അർഹിക്കുന്നുണ്ട്.

മിലാൻ ഡെർബിയും ജയിച്ചു, ഇന്റർ മിലാൻ ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാർ

ഇന്റർ മിലാൻ വീണ്ടും ഇറ്റാലിയൻ ചാമ്പ്യന്മാർ. ഇന്ന് സീരി എയിൽ നടന്ന മിലാൻ ഡർബി വിജയിച്ചു കൊണ്ടാണ് ഇന്റർ മിലാൻ സീരി എ കിരീടം ഉറപ്പിച്ചത്. സീരി എയിൽ രണ്ടാമതുള്ള എ സി മിലാനെ നേരിട്ട ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം ഇന്ന് നേടി. ഇതോടെ അഞ്ചു മത്സരങ്ങൾ ലീഗിൽ ശേഷിക്കെ ഇന്റർ മിലാൻ കിരീടം ഉറപ്പിച്ചു. ഇന്ന് ഫ്രാൻസെസോ അസെർബിയും തുറാമും അണ് ഇന്ററിനായി ഗോളുകൾ നേടിയത്.

ഒന്നാമതുള്ള ഇന്റർ മിലാന് ഈ വിജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള എ സി മിലാന് 69 പോയിന്റും. ഇനി അഞ്ചു മത്സരങ്ങൾ മാത്രം ശേഷിക്കെ എല്ലാ മത്സരങ്ങളും വിജയിച്ചാലും എ സി മിലാന് ഇനി ഇന്ററിനൊപ്പം എത്താൻ ആവില്ല. എല്ലാ മത്സരങ്ങളും മിലാൻ ജയിച്ചാലും അവർക്ക് 84 പോയിന്റിൽ മാത്രമെ എത്താൻ സാധിക്കുകയുള്ളൂ.

ഇന്ററിന്റെ 20ആം ലീഗ് കിരീടം ആണ് ഇത്. അവസാനമായി 2020-21 സീസണിൽ ആയിരുന്നു ഇന്റർ സീരി എ കിരീടം നേടിയത്‌. സിമിയോണെ ഇൻസാഗിയുടെ കീഴിലെ ഇന്ററിന്റെ ആറാം കിരീടമാണിത്.

വാതുവെപ്പ്; ഫാഗിയോലിക്ക് ഏഴ് മാസം സസ്പെൻഷൻ, കൂടുതൽ പേരുകൾ പുറത്ത്

ബെറ്റിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇറ്റാലിയൻ ഫുട്ബോളിൽ അലയടിക്കവേ, കേസിലെ ആദ്യ വിധി പുറത്ത്. കേസിൽ ആദ്യം അകപ്പെട്ട യുവന്റസ് താരം നിക്കോളോ ഫാഗിയോലിക്ക് ഏഴു മാസത്തെ സസ്പെൻഷനാണ് പ്രോസിക്യൂഷൻ വിധിച്ചിരിക്കുന്നത് എന്ന് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി. വാതുവെപ്പ് നിർത്താനുള്ള സന്നദ്ധതയാണ് വലിയ നടപടികളിൽ നിന്നും താരത്തെ രക്ഷിച്ചത്. കൂടാതെ സസ്‌പെൻഷൻ കാലാവധിക്ക് പുറമെ അഞ്ച് മാസത്തെ റീഹാബിലിറ്റെഷനും താരം വിധേയനാകും 12,500 യൂറോയുടെ പിഴയും താരത്തിന് മുകളിൽ ചുമത്തിയിട്ടുണ്ട്. മറ്റ് തരങ്ങൾക്കെതിരെയുള്ള നടപടികളും വരും വാരങ്ങളിൽ അറിയാം. എന്നാൽ നടപടികൾ കൂടുതൽ കടുക്കില്ല എന്ന് ഫാഗിയോലിക്കെതിരായ വിധിയിലൂടെ വ്യക്തമായി. വാതുവെപ്പിന്റെ പിടിയിൽ നിന്നും മുക്തി നേടാൻ വൈദ്യ സഹായം തേടാനും താരങ്ങൾ സന്നദ്ധരായിട്ടുണ്ട്.

അതേ സമയം കൂടുതൽ താരങ്ങൾ വാതുവെപ്പിൽ പെട്ടതായുള്ള വെളിപ്പെടുത്തലുകളും ഇറ്റലിയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേസിൽ ആദ്യം വെളിപ്പെടുത്തൽ നടത്തിയ ഫാബ്രിസിയോ കൊറോണ തന്നെയാണ് മറ്റു താരങ്ങളുടെ പേരുകളും പുറത്തു വിട്ടിരിക്കുന്നത്. യുവന്റസ് താരം തന്നെയായ ഫെഡറിക്കോ ഗാട്ടി, ലാസിയോ താരം നിക്കോളോ കസലെ, റോമാ താരം സ്റ്റീഫൻ എൽ ഷരാവി എന്നിവരും വാതുവെപ്പ് നടത്തുന്നുണ്ട് എന്നാണ് കൊറോണയുടെ പക്ഷം. സാനിയോളോ, ടോണാലി എന്നിവരും നേരത്തെ കേസിൽ പെട്ട് അന്വേഷണം നേരിടുകയാണ്. പുതുതായി വെളിപ്പെടുത്തിയ പേരുകൾ ഇതുവരെ അന്വേഷണ പരിധിയിൽ വന്നിട്ടില്ല എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. വിധി വന്ന ശേഷം യുവന്റസ് ഫാൻസിനോടും ലോകത്തെമ്പാടുമുള്ള ഫുട്ബോൾ ആരാധകരോടും മാപ്പ് തേടുന്നതായി ഫാഗിയോലി പ്രതികരിച്ചു. അതേ സമയം ഇതിനിടയിൽ മാധ്യമങ്ങളിൽ വന്ന പല വ്യാജവാർത്തകൾക്കും എതിരെ താൻ ഉടൻ സംസാരിക്കും എന്നും താരം കൂട്ടിച്ചേർത്തു.

ടോണാലിക്ക് വാതുവെപ്പ് ആസക്തി ഉണ്ടായിരുന്നതായി ഏജന്റ്, താരത്തെ ഉടൻ ചോദ്യം ചെയ്‌തേക്കും

ഇറ്റാലിയൻ ഫുട്ബോളിനെ പിടിച്ചു കുലുക്കിയ വാതുവെപ്പ് വിവാദത്തിന് പിറകെ സാൻഡ്രോ ടോണാലി വാതുവെപ്പിന് അടിമപ്പെട്ടിരുന്നതായി വെളിപ്പെടുത്തി താരത്തിന്റെ ഏജന്റ് ആയ റിസോ. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ താരം ഇതിനെതിരെ പോരാടുമെന്നും ബെറ്റിങ് വിവാദം ഇപ്പോൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങിയത് ഈ ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ താരത്തിനും മറ്റനേകം യുവാക്കൾക്കും മുന്നിൽ വഴിവെച്ചേക്കും എന്നും ഏജന്റ് അഭിപ്രായപ്പെട്ടു. അതേ സമയം നിലവിലെ സംഭവ വികസങ്ങളിൽ ടോണാലി ഞെട്ടലിൽ ആണെങ്കിലും താരം പരിശീലനം തുടരുന്നതായും അടുത്ത മത്സരത്തിൽ കളത്തിൽ ഇറങ്ങാൻ സാധിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു. പിന്തുണ നൽകുന്നതിൽ ന്യൂകാസിൽ ടീമിനോടുള്ള നന്ദിയും റിസോ അറിയിച്ചു.

അതേ സമയം അന്വേഷണ സംഘത്തിന് മുന്നിൽ എത്രയും പെട്ടെന്ന് ഹാജർ ആവനാണ് ടോണാലിയുടെ ശ്രമം എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നീണ്ട സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ നേരിട്ടേക്കും എന്നുറപ്പുള്ള താരം, എത്രയും പെട്ടെന്ന് ഈ കേസിൽ തീരുമാനം ഉണ്ടാവനാണ് ആഗ്രഹിക്കുന്നത് എന്ന് ലാ ഗസെറ്റ റിപ്പോർട്ട് ചെയ്യുന്നു. ബെറ്റിങ് ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ തെറാപ്പിസ്റ്റുകകളുടെ സഹായവും താരം തേടുന്നതായി വാർത്ത വന്നിരുന്നു. കേസിൽ അകപ്പെട്ട മറ്റൊരു താരമായ യുവന്റസിന്റെ ഫാഗിയോലിയുടെ അഭിഭാഷകരും പ്രോസിക്യൂഷനുമായി ചർച്ചകൾ നടക്കുന്നതായും സൂചനകൾ ഉണ്ട്. കേസിൽ ആദ്യം അകപ്പെട്ട താരത്തിന് ഒരു വർഷത്തോളം എങ്കിലും സസ്‌പെൻഷൻ ഉറപ്പാണെന്നിരിക്കെ ഇത് കുറക്കാനുള്ള വഴികൾ തേടുകയാണ് താരത്തിന്റെ അഭിഭാഷകർ.

യുവന്റസ് വീണ്ടും വിജയവഴിയിൽ; ടോറിനോയെ ഡർബിയിൽ കീഴടക്കി

ടുറിൻ ഡർബിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം കണ്ടെത്തി യുവന്റസ്. മിലിക്, ഗാട്ടി എന്നിവരുടെ ഗോളാണ് ഇന്ന് നടന്ന മത്സരത്തിൽ ടോറിനോയെ കീഴടക്കാൻ യുവന്റസിനെ സഹായിച്ചത്. രണ്ടാം പകുതിയിൽ ആണ് ഇരു ഗോളുകളും പിറന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താൻ യുവന്റസിനായി. കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയോട് സമനില വഴങ്ങേണ്ടി വന്നിരുന്നു അല്ലേഗ്രിക്കും സംഘത്തിനും. ടോറിനോ പന്ത്രണ്ടാമതാണ്.

അഞ്ചാം മിനിറ്റിൽ തന്നെ തിമോതി വേയ് എതിർ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധിക്കപ്പെട്ടതോടെ യുവന്റസിന്റെ ആഹ്ലാദം അവസാനിച്ചു. ലസാരോയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഫ്രീകിക്കിൽ നിന്നും ബ്രെമറിന്റെ ഹെഡറും ലക്ഷ്യം കണ്ടില്ല. ബെല്ലനോവായിലൂടെ ടോറിനൊക്ക് ലഭിച്ച അവസരവും മുതലെടുക്കാൻ ആയില്ല.

രണ്ടാം പകുതിയുടെ തുടക്കം മുതൽ യുവന്റസ് ആദ്യ പകുതിയിലെ പിഴവുകൾ പരിഹരിച്ചു. 47ആം മിനിറ്റിൽ അവർ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ പന്ത് ബോക്സിനുള്ളിൽ കൂട്ടപ്പേരിച്ചിൽ സൃഷ്ടിച്ചപ്പോൾ ഒടുവിൽ ഫെഡറിക്കോ ഗാട്ടി ഗോൾ വല കുലുക്കി. ഇത്തവണയും ഓഫ്സൈഡ് കൊടി ഉയർന്നെങ്കിലും നീണ്ട വാർ പരിശോധനക്ക് ശേഷം ഒടുവിൽ ഗോൾ അനുവദിക്കുക തന്നെ ചെയ്തു. 62ആം മിനിറ്റിൽ യുവന്റസ് ലീഡ് ഇരട്ടിയാക്കി. കോർണറിൽ നിന്നാണ് ഗോൾ വന്നത് കോസ്റ്റിച്ചിന്റെ തകർപ്പൻ ക്രോസിൽ മിലിക്ക് ഹെഡർ ഉതിർത്തപ്പോൾ കീപ്പർ തട്ടിയകറ്റുകയായിരുന്നു. എന്നാൽ കോസ്റ്റിച്ച് തന്നെ എടുത്ത കോർണറിൽ മിലിക്കിന് പിഴച്ചില്ല. താരത്തിന്റെ ഹെഡർ വലയിൽ പതിച്ചു. സപാറ്റയുടെ ശ്രമം ഷെസ്നി കൈപ്പിടിയിൽ ഒതുക്കി. സെനാബ്രിയയുടെ ആക്രോബാറ്റിക്ക് ശ്രമം പോസ്റ്റിലിരുമി കടന്ന് പോയി.

ഗോൾരഹിതം; യുവന്റസിനെ പിടിച്ചു കെട്ടി അറ്റലാന്റ

ഇറ്റാലിയൻ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ യുവന്റസിനെതിരെ സമനില നേടി അറ്റലാന്റ. ഗോൾ രഹിതമായി മാറിയ മത്സരത്തിൽ അവസാന അറ്റലാന്റയുടെ സമ്മർദ്ദങ്ങളെയും മറികടന്ന് ഒരു പോയിന്റുമായി യുവന്റസ് കടന്ന് കൂടുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് യുവന്റസ്. ജയം അവരെ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ സഹായിക്കുമായിരുന്നു. അറ്റലാന്റ അഞ്ചാം സ്ഥാനത്താണ്.

മത്സരത്തിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമേ ടീമുകൾക് സൃഷ്ടിച്ചുള്ളൂ. അറ്റലാന്റയുടെ പതിനഞ്ചോളം ശ്രമങ്ങളിൽ രണ്ടെണ്ണം മാത്രം ലക്ഷ്യത്തിന് നേരെ ആയിരുന്നു. പോസെഷനലും ടീമുകൾക് തുല്യത പാലിച്ചു. സപ്പാകോസ്റ്റയുടെ ഷോട്ടിൽ നിന്നും അറ്റലാന്റ ആണ് ആദ്യപകുതിയിലെ മികച്ച ശ്രമം നടത്തിയത്. എന്നാൽ താരത്തിന് ഗോൾ കണ്ടെത്താൻ ആയില്ല. രണ്ടാം പകുതിയിലും കാര്യങ്ങൾ മാറിയില്ല. കീപ്പർമാരെ പരീക്ഷിക്കാൻ ടീമുകൾ മടിച്ചു. 75ആം മിനിറ്റിൽ മുരിയെലിന്റെ തകർപ്പൻ ഒരു ഫ്രീകിക്ക് ഷെസ്നി വമ്പൻ സേവിലൂടെ തട്ടിയകറ്റിയത് യുവന്റസിന് ആശ്വാസമായി. മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നായിരുന്നു ഇത്. പിന്നീട് മുഴുവൻ സമയത്തിനു തെറ്റു മുൻപ് മുരിയെലിന്റെ മറ്റൊരു ഷോട്ട് ഷെസ്നി തടുത്തിട്ടത്തിൽ കൂപ്പ്മെയ്നെഴ്‌സ് വീണ്ടും നിറയൊഴിച്ചെങ്കിലും പന്ത് പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. ഇഞ്ചുറി സമയത്ത് താരത്തിന്റെ മറ്റൊരു ഷോട്ടും പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത് യുവന്റസിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചു. വ്ലാഹോവിച്ച് ടീമിൽ ഇല്ലാതിരുന്നതും അവർക്ക് മുന്നെറ്റത്തിൽ തിരിച്ചടി ആയി.

പെനാൽട്ടി പാഴാക്കി ഒസിമെൻ, ജയം കാണാൻ ആവാതെ നാപോളി

ഇറ്റാലിയൻ സീരി എയിൽ പുതിയ പരിശീലകൻ റൂയി ഗാർഷിയക്ക് കീഴിയിൽ നാപോളിയുടെ മോശം ഫോം തുടരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ജയിക്കാൻ ആവാത്ത അവർ ഇന്ന് ബൊളോഗ്നക്ക് എതിരെ ഗോൾ രഹിത സമനില വഴങ്ങുക ആയിരുന്നു. മത്സരത്തിൽ നിരവധി അവസരങ്ങൾ ആണ് നാപോളി തുറന്നത്. ഒസിമെന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ കവ തനിക്ക് ലഭിച്ച ഓപ്പൺ നെറ്റ് ചാൻസ് പാഴാക്കി.

രണ്ടാം പകുതിയിൽ 72 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റാൻ സൂപ്പർ താരം വിക്ടർ ഒസിമെനു ആയില്ല. ഒസിമെൻ പെനാൽട്ടി പുറത്തേക്ക് അടിച്ചു കളയുക ആയിരുന്നു. 86 മത്തെ മിനിറ്റിൽ തന്നെ പിൻവലിച്ച പരിശീലകന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തു തന്റെ അസംതൃപ്തി പ്രകടിപ്പിക്കുന്ന ഒസിമെനെയും മത്സരത്തിൽ കണ്ടു. 5 കളികളിൽ നിന്നു 8 പോയിന്റുകളും ആയി ഏഴാം സ്ഥാനത്ത് ആണ് ചാമ്പ്യന്മാർ ആയ നാപോളി ഇപ്പോൾ.

അഞ്ചാം മത്സരത്തിലും ജയം, സീരി എയിൽ ഇന്റർ മിലാൻ കുതിക്കുന്നു

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയം കണ്ടു ഇന്റർ മിലാൻ. എംമ്പോളിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ മറികടന്നത്. മത്സരത്തിൽ പന്ത് നന്നായി കൈവശം വെച്ച ഇന്റർ മിലാൻ ഫെഡറിക്കോ ഡിമാർകോയുടെ ഗോളിൽ ആണ് ജയം കണ്ടത്.

രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ ബോക്സിനു പുറത്ത് നിന്ന് മനോഹരമായ ഒരു വോളിയിലൂടെയാണ് ഡിമാർകോ ഇന്ററിന് ജയം സമ്മാനിച്ചത്. കളിച്ച 5 കളിയും ജയിച്ചു ഇന്റർ ഒന്നാമത് നിൽക്കുമ്പോൾ കളിച്ച അഞ്ചു കളിയിലും ഒരു ഗോൾ പോലും നേടാതെ തോറ്റ എംമ്പോളി അവസാന സ്ഥാനത്ത് ആണ്.

അവിശ്വസനീയ സെൽഫ് ഗോൾ! സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി യുവന്റസ്. സസുവോളക്ക് എതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് യുവന്റസ് പരാജയം ഏറ്റുവാങ്ങിയത്. അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഇരു ടീമുകളും ഒന്നിച്ചു നിന്ന മത്സരത്തിൽ പന്ത്രണ്ടാം മിനിറ്റിൽ ലോറിയെന്റെയുടെ ഗോളിൽ സസുവോള ആണ് ആദ്യം മുന്നിൽ എത്തിയത്. 21 മത്തെ മിനിറ്റിൽ വിനയുടെ സെൽഫ് ഗോളിൽ യുവന്റസ് ഒപ്പമെത്തി. 41 മത്തെ മിനിറ്റിൽ ഡൊമെനിക്കോ ബെറാർഡിയുടെ മികച്ച ഗോളിലൂടെ സസുവോള വീണ്ടും മുന്നിലെത്തി.

78 മത്തെ മിനിറ്റിൽ സമനിലക്ക് ആയുള്ള യുവന്റസിന്റെ ശ്രമം ഫലം കണ്ടു. ചിയേസ അവർക്ക് ആയി സമനില നേടി. എന്നാൽ നാലു മിനിറ്റിനുള്ളിൽ ആന്ദ്രയെ പിനമോണ്ടിയിലൂടെ സസുവോള തങ്ങളുടെ മുൻതൂക്കം തിരിച്ചു പിടിച്ചു. മത്സരത്തിൽ സമനില നേടാനുള്ള യുവന്റസ് ശ്രമങ്ങൾക്ക് ഇടയിൽ 95 മത്തെ മിനിറ്റിൽ പിറന്ന വിചിത്ര ഗോളിൽ സസുവോള ജയം ഉറപ്പിക്കുക ആയിരുന്നു. പോസ്റ്റിൽ ഇല്ലാതിരുന്ന ഗോൾ കീപ്പർ ചെസ്നിക്ക് ആയി ഫെഡറിക്കോ ഗട്ടി നൽകിയ പന്ത് ഗോളായി മാറുക ആയിരുന്നു. നിലവിൽ ലീഗിൽ യുവന്റസ് നാലാമതും സസുവോള പതിനൊന്നാം സ്ഥാനത്തും ആണ്.

ഗോൾ കണ്ടെത്തി ലിയാവോ; വിജയ വഴിയിൽ തിരിച്ചെത്തി എസി മിലാൻ

തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലും വല കുലുക്കിയ റഫയേൽ ലിയാവോയുടെ മികവിൽ സീരി എയിൽ വേറൊണയെ കീഴടക്കി വിജയ വഴിയിൽ തിരിച്ചെത്തി എസി മിലാൻ. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ററുമായി പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം എത്താനും അവർക്കായി. ഇന്ററിന്റെ ഈ വാരത്തിലെ മത്സരം എംപൊളിയുമായിട്ടാണ്. മൂന്ന് പോയിന്റ് കരസ്ഥമാക്കാൻ സാധിച്ചെങ്കിലും മുന്നേറ്റം തുടർച്ചായി ഗോൾ കണ്ടെത്താൻ വിഷമിച്ചത് മിലാന് ആശങ്ക ഉണർത്തുന്നത് തന്നെയാണ്. എങ്കിലും അവസാന ലീഗ് മത്സരത്തിൽ ഇന്ററിനോട് കനത്ത തോൽവി നേരിട്ട ടീമിന് വിജയം കണ്ടെത്താൻ ആയി.

റഫയേൽ ലിയാവോക്കും ജിറൂഡിനും ഒപ്പം പുലിസിച്ചിനേയും അണിനിരത്തിയാണ് മിലാൻ കളത്തിൽ ഇറങ്ങിയത്. ന്യൂകാസിലിനെതിരായ മത്സത്തിലെ പ്രകടനത്തിൽ നിന്നും ലിയാവോക്ക് ഗോളുമായി തന്നെ തിരിച്ചു വരാൻ സാധിച്ചത് നിർണായകമായി. കൗണ്ടർ അറ്റാക്ക് നീക്കങ്ങൾക്ക് മിലാന് അവസരം ലഭിച്ചെങ്കിലും പലപ്പോഴും എതിർ ബോക്സിൽ വെച്ചു എല്ലാം അവസാനിച്ചു. ഇരു ടീമുകളും ഒരേയൊരു ഷോട്ട് മാത്രമാണ് ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് തൊടുത്തത്. എട്ടാം മിനിറ്റിൽ തന്നെ ലിയാവോ ലക്ഷ്യം കണ്ടു. എതിർ പകുതിയുടെ മധ്യത്തിൽ നിന്നായി ജിറൂഡ് റാഞ്ചിയെടുത്ത ബോൾ ലിയാവോക്ക് കൈമാറുകയായിരുന്നു. വേറൊണ പ്രതിരോധ താരങ്ങളെ അനായാസം വേഗം കൊണ്ട് കീഴടക്കി ബോസ്‌കിലേക്ക് കുതിച്ച താരം കീപ്പറേയും കീഴടക്കി ലക്ഷ്യം കണ്ടു. എട്ടാം മിനിറ്റിലാണ് ഗോൾ പിറന്നത്. പിന്നീട് ഫോളോരുൻഷോയുടെ തകർപ്പൻ ഹെഡറിലൂടെ ആയിരുന്നു വേറൊണയുടെ ഗോൾ നീക്കം. എന്നാൽ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ശ്രമം തട്ടിയകറ്റി കീപ്പർ സ്‌പോർട്ടില്ലോ മിലാന്റെ രക്ഷകനായി.

രണ്ടാം പകുതിയിൽ വേറൊണ കൂടുതൽ മികച്ച നീക്കങ്ങൾ നടത്തി എങ്കിലും സമനില ഗോൾ കണ്ടെത്താൻ ആയില്ല. ബോന്നസോലിയുടെ ശ്രമം കീപ്പർ തടഞ്ഞു. പുലിസിച്ചിന്റെ ശ്രമം വെറോണ കീപ്പറും സേവ് ചെയ്തു. കൗണ്ടർ നീക്കങ്ങളിൽ മിലാൻ അപകടകാരി ആയെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു. സ്പോർടില്ലോയുടെ പാസ് സ്വീകരിച്ച് എതിർ ബോക്സിലേക്ക് കുതിച്ച് യൂനുസ് മൂസ തൊടുത്ത ഷോട്ട് പക്ഷെ കീപ്പർ തട്ടിയകറ്റി. റീബൗണ്ടിൽ ഓകഫോറിനും ലക്ഷ്യം കാണാൻ ആയില്ല. യോവിക്കിലൂടെയും മിലാന് അവസരം ലഭിച്ചെങ്കിലും ലീഡ് ഉയർത്താൻ മാത്രം ആയില്ല.

Exit mobile version