ലാസിയോയെ തകർത്തു നയം വ്യക്തമാക്കി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ ലാസിയോയെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു തങ്ങളുടെ നയം വ്യക്തമാക്കി യുവന്റസ്. ജയത്തോടെ യുവന്റസ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ലാസിയോ 15 മത് ആണ്. സ്വന്തം മൈതാനത്ത് ലാസിയോക്ക് കൂടുതൽ നേരം പന്ത് നൽകിയെങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് യുവന്റസ് ആയിരുന്നു. മനോഹര നീക്കത്തിന് ഒടുവിൽ ലോകറ്റെല്ലിയുടെ പാസിൽ നിന്നു പത്താം മിനിറ്റിൽ തുസാൻ വ്ലാഹോവിചിലൂടെ യുവന്റസ് മുന്നിൽ എത്തി.

തുടർന്ന് 26 മത്തെ മിനിറ്റിൽ റാബിയോറ്റിന്റെ പാസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ നിന്നു ചിയേസ യുവന്റസിന് രണ്ടാം ഗോൾ നൽകി. ലാസിയോ ഗോൾ കീപ്പറുടെ മികവ് ആണ് അവർ കൂടുതൽ ഗോൾ വഴങ്ങുന്നത് തടഞ്ഞത്. രണ്ടാം പകുതിയിൽ കമാദയുടെ പാസിൽ നിന്നു 64 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോ ഒരു ഗോൾ മടക്കി. എന്നാൽ 3 മിനിറ്റിനുള്ളിൽ മകെൻസിയുടെ പാസിൽ നിന്നു തന്റെ മത്സരത്തിലെ രണ്ടാം ഗോൾ നേടിയ വ്ലാഹോവിച് യുവന്റസ് ജയം ഉറപ്പിക്കുക ആയിരുന്നു.

വരവ് അറിയിച്ചു ഉഗ്രൻ ഗോളുമായി പുലിസിക്, ജയവുമായി എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ ആദ്യ മത്സരത്തിൽ ജയവുമായി എ.സി മിലാൻ. ബൊലോഗ്നക്ക് എതിരെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മിലാൻ ജയം കണ്ടത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ അതുഗ്രൻ ലോങ് റേഞ്ച് ഗോളുമായി അമേരിക്കൻ താരം ക്രിസ്റ്റിയൻ പുലിസിക് വരവ് അറിയിച്ചു. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വെച്ചതും അവസരങ്ങൾ സൃഷ്ടിച്ചതും ബൊലോഗ്ന ആയിരുന്നു.

മത്സരത്തിൽ 11 മത്തെ മിനിറ്റിൽ മിലാൻ മുന്നിലെത്തി. പുലിസികിന്റെ ക്രോസിൽ നിന്നു റെഹിന്റെഴ്സ് നൽകിയ പാസിൽ നിന്നു ഒളിവർ ജിറൂദ് ആണ് മിലാന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 21 മത്തെ മിനിറ്റിൽ ജിറൂദിന്റെ പാസിൽ നിന്നു അതുഗ്രൻ ഗോളിലൂടെ പുലിസിക് ജയം പൂർത്തിയാക്കി. രണ്ടാം പകുതിയിൽ ബൊലോഗ്നയുടെ ശ്രമങ്ങൾ മിലാൻ പ്രതിരോധിച്ചു. ബൊലോഗ്നയുടെ മൈതാനത്ത് കഴിഞ്ഞ 18 കളികളിൽ മിലാൻ പരാജയം അറിഞ്ഞിട്ടില്ല.

ജയത്തോടെ പുതിയ സീസൺ തുടങ്ങി യുവന്റസ്, റോമക്ക് സമനില

ഇറ്റാലിയൻ സീരി എയിൽ പുതിയ സീസൺ ജയത്തോടെ തുടങ്ങി യുവന്റസ്. ഉഡിനെസെയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് യുവന്റസ് തോൽപ്പിച്ചത്. യുവന്റസ് കൂടുതൽ നേരം പന്ത് കൈവശം വെച്ച മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് എതിരാളികൾ ആയിരുന്നു. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ വ്ലാഹോവിച്ചിന്റെ പാസിൽ നിന്നു ഫെഡറികോ ചിയെസ യുവന്റസിനെ മുന്നിൽ എത്തിച്ചു. 20 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട വ്ലാഹോവിച് യുവന്റസ് മുൻതൂക്കം ഇരട്ടിയാക്കി.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സുന്ദരമായ ടീം ഗോളോടെ യുവന്റസ് ജയം പൂർത്തിയാക്കുക ആയിരുന്നു. ചിയെസയുടെ ബാക് ഹീൽ പാസിൽ നിന്നു ആന്ദ്രയെ കാമ്പിയാസോ നൽകിയ ക്രോസിൽ നിന്നു ഹെഡറിലൂടെ റാബിയോറ്റ് ആണ് യുവന്റസിന്റെ മൂന്നാം ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ എ.എസ് റോമ സലർനിറ്റാനയോട് 2-2 ന്റെ സമനില വഴങ്ങി. റോമക്ക് ആയി ആന്ദ്രയ ബെലോട്ടി ഇരട്ടഗോൾ നേടിയപ്പോൾ അന്റോണിയോ കാന്ദ്രേവ എതിർ ടീമിന് ആയി 2 ഗോളുകൾ നേടി. അറ്റലാന്റ സീസൺ ജയിച്ചു തുടങ്ങിയപ്പോൾ ലാസിയോ ആദ്യ മത്സരത്തിൽ ലെകെയോട് പരാജയപ്പെട്ടു. ആദ്യം ഗോൾ നേടിയ ശേഷം 2 ഗോൾ വഴങ്ങിയാണ് ലാസിയോ പരാജയം ഏറ്റുവാങ്ങിയത്.

മുന്നിൽ നിന്നു നയിച്ചു ക്യാപ്റ്റൻ ലൗടാരോ മാർട്ടിനസ്, ഇന്റർ മിലാൻ ജയത്തോടെ തുടങ്ങി

സീരി എയിൽ ആദ്യ മത്സരം ജയിച്ചു തുടങ്ങി ഇന്റർ മിലാൻ. മോൻസയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്റർ മറികടന്നത്. മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ ലൗടാരോ മാർട്ടിനസ് ആണ് അവരുടെ ഇരു ഗോളുകളും നേടിയത്. 22 ഷോട്ടുകൾ ഇന്റർ ഉതിർത്ത മത്സരത്തിൽ പക്ഷെ ഗോളിന് മുന്നിൽ അത്ര മികച്ച പ്രകടനം അല്ല അവർ നടത്തിയത്.

മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ഡംഫ്രയിസിന്റെ പാസിൽ നിന്നു ലൗടാരോ മാർട്ടിനസ് ഇന്ററിനെ മുന്നിൽ എത്തിച്ചു. തുടർന്ന് അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ നേടാൻ ഇന്ററിന് ആയില്ല. രണ്ടാം പകുതിയിൽ 76 മത്തെ മിനിറ്റിൽ ഈ സീസണിൽ ടീമിൽ എത്തിയ പകരക്കാരനായി ഇറങ്ങിയ അർണോടാവിചിന്റെ പാസിൽ നിന്നു ഗോൾ നേടിയ മാർട്ടിനസ് ഇന്റർ ജയം പൂർത്തിയാക്കി. ലീഗിൽ മികച്ച തുടക്കം തന്നെയായി ഇന്ററിന് ഇത്.

ഇരട്ട ഗോളുമായി വിക്ടർ ഒസിമെൻ തുടങ്ങി, തിരിച്ചു വന്നു ജയിച്ചു നാപോളി

പുതിയ സീസണിൽ ഗോൾ വേട്ട ആരംഭിച്ചു വിക്ടർ ഒസിമെൻ. തിരിച്ചു വന്നു ജയം കണ്ടാണ് പുതിയ സീസണിന് ഇറ്റാലിയൻ ചാമ്പ്യന്മാർ തുടക്കം കുറിച്ചത്. പുതുതായി സ്ഥാനക്കയറ്റം നേടി വന്ന ഫ്രോസിനോനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് നാപോളി ജയം കണ്ടത്. ഏഴാം മിനിറ്റിൽ കജുസ്റ്റെ വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹരോയി സീരി ബി ജേതാക്കളെ മുന്നിൽ എത്തിച്ചു. എന്നാൽ തുടക്കത്തിലെ ഞെട്ടലിൽ നിന്നു നാപോളി അനായാസം പുറത്ത് വന്നു.

24 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ ഷോട്ടിൽ നിന്നു ലഭിച്ച റീബോണ്ടിൽ നിന്നു മറ്റെയോ പൊളിറ്റാനോ നാപോളിക്ക് സമനില ഗോൾ സമ്മാനിച്ചു. 36 മത്തെ മിനിറ്റിൽ റാസ്‌പഡോറി ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ആണെന്ന് വാർ കണ്ടെത്തി. 42 മത്തെ മിനിറ്റിൽ ലോറൻസോയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഒസിമെൻ നാപോളിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 79 മത്തെ മിനിറ്റിൽ ജിയോവാണി ഡി ലോറൻസോയുടെ തന്നെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ഒസിമെൻ നാപോളി ജയം പൂർത്തിയാക്കി. മത്സരത്തിൽ 19 ഷോട്ടുകൾ ഉതിർത്ത നാപോളി അർഹിച്ച ജയം തന്നെയായി ഇത്.

റഫറിക്ക് എതിരായ പരാമർശം, ജോസെ മൗറീന്യോക്ക് 4 മത്സരങ്ങളിൽ വിലക്ക്

യൂറോപ്പ ലീഗ് ഫൈനലിന് ഇടയിലും ശേഷവും റഫറി ആന്റണി ടെയ്ലറിന് എതിരായ പരാമർശത്തിൽ റോമ പരിശീലകൻ ജോസെ മൗറീന്യോക്ക് 4 യൂറോപ്യൻ മത്സരങ്ങളിൽ വിലക്ക്. റഫറിക്ക് എതിരെ മോശമായ ഭാഷ മൗറീന്യോ ഉപയോഗിച്ചിരുന്നു.

സെവിയ്യക്ക് എതിരെ തോറ്റ മത്സര ശേഷവും മൗറീന്യോ റഫറിയെ കാത്ത് നിന്നു ചോദ്യം ചെയ്തിരുന്നു. തുടർന്ന് റോമ ആരാധകർ എയർപോർട്ടിൽ ഇംഗ്ലീഷ് റഫറി ആന്റണി ടെയ്ലറിനും കുടുംബത്തിനും എതിരെ കയ്യേറ്റശ്രമം നടത്തിയതും വിവാദം ആയിരുന്നു.

ഫുട്‌ബോളിൽ വീണ്ടുമൊരു ക്ലൗഡിയോ റാനിയേരി മാജിക്!

എന്നും അത്ഭുതം കൊണ്ടു ഫുട്‌ബോൾ ലോകത്തെ വിസ്മയിക്കാറുള്ള ഇറ്റാലിയൻ പരിശീലകൻ ക്ലൗഡിയോ റാനിയേരി 71 മത്തെ വയസ്സിൽ ഒരിക്കൽ കൂടി ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിച്ചു. മുമ്പ് ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കിയും 1988 ൽ കാഗ്ലിയാരിയെ ഇറ്റാലിയൻ സീരി സിയിൽ ഇരട്ട പ്രമോഷനിലൂടെ സീരി എയിൽ എത്തിച്ചു അത്ഭുതം കാണിച്ച റാനിയേരി ഇത്തവണയും കാഗ്ലിയാരിയെ ഉപയോഗിച്ച് ആണ് മാജിക് കാണിച്ചത്. 2023 ജനുവരിയിൽ സീരി ബിയിൽ 14 മത് ഉണ്ടായിരുന്ന തന്റെ മുൻ ക്ലബ് കാഗ്ലിയാരിയെ ഏറ്റെടുത്ത റാനിയേരി അവർക്ക് ഇറ്റാലിയൻ സീരി എയിലേക്ക് അത്ഭുതകരമായി ആണ് പ്രമോഷൻ നേടി നൽകിയത്.

റാനിയേരി പരിശീലകൻ ആയ ശേഷം കളിച്ച 24 കളികളിൽ 2 എണ്ണത്തിൽ മാത്രം തോറ്റ കാഗ്ലിയാരി അവസാന 10 മത്സരങ്ങളിൽ പരാജയം അറിഞ്ഞില്ല. തുടർന്ന് അഞ്ചാം സ്ഥാനത്ത് ലീഗിൽ എത്തിയ അവർ തുടർന്ന് പ്രമോഷൻ പ്ലെ ഓഫിലൂടെയാണ് സീരി എയിലേക്ക് യോഗ്യത നേടിയത്. പ്രമോഷൻ പ്ലെ ഓഫിൽ ബാരിക്ക് എതിരെ രണ്ടാം പാദത്തിൽ 94 മത്തെ മിനിറ്റിൽ ലിയാൻഡ്രോ പാവലോറ്റി നേടിയ ഗോളിൽ 2-1 ന്റെ നാടകീയ ജയം ആണ് അവർ നേടിയത്. മത്സര ശേഷം ആനന്ദ കണ്ണീർ ഒഴുക്കിയ റാനിയേരിയുടെ മുഖം ഫുട്‌ബോൾ ആരാധകരുടെ ഹൃദയത്തിൽ ആണ് എത്തിയത്. ഏതായാലും അടുത്ത വർഷം സീരി എയിൽ ഒരു കൈ നോക്കാൻ 71 കാരനായ ഇതിഹാസ പരിശീലകൻ ഉണ്ടാവും എന്നത് ഫുട്‌ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്.

മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയും എ.സി മിലാൻ ഉടമയും ആയിരുന്ന സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയും എ.സി മിലാൻ ഉടമയും ആയിരുന്ന നിലവിൽ ഇറ്റാലിയൻ സീരി എ ക്ലബ് മോൻസയുടെ ഉടമയും ആയ സിൽവിയോ ബെർലുസ്കോണി അന്തരിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാൾ ആയ ബെർലുസ്കോണി മീഡിയ രംഗത്ത് ആണ് ഏറെ പ്രസിദ്ധനായത്. നാലു തവണ ഇറ്റാലിയൻ പ്രധാനമന്ത്രി ആയിരുന്ന അദ്ദേഹം പ്രായാധിക്യം കാരണം 86 മത്തെ വയസ്സിൽ ആണ് മരണത്തിനു കീഴടങ്ങിയത്. പല തീവ്ര വലതുപക്ഷ വിവാദ നിലപാടുകൾ കൊണ്ടും അഴിമതി ആരോപണം കൊണ്ടും ഒക്കെ നിരവധി വിവാദങ്ങളിൽ പെട്ട ആൾ കൂടിയാണ് ബെർലുസ്കോണി.

1986 മുതൽ 2017 വരെ 31 കൊല്ലം എ.സി മിലാൻ ഉടമ ആയിരുന്ന ബെർലുസ്കോണിയുടെ കീഴിൽ മിലാൻ 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും, 8 ഇറ്റാലിയൻ സീരി എ കിരീടങ്ങളും അടക്കം 29 കിരീടങ്ങൾ ആണ് നേടിയത്. 2017 ൽ മിലാൻ ലീ മാനേജ്‌മെന്റിന് വിറ്റ ശേഷം 2018 ൽ സീരി സി ക്ലബ് ആയ മോൻസയെ അദ്ദേഹം സ്വന്തമാക്കി. തുടർന്ന് ക്ലബിനെ ഈ വർഷം ഇറ്റാലിയൻ സീരി എയിൽ എത്തിക്കാൻ അദ്ദേഹത്തിന് ആയി. ചരിത്രത്തിൽ ആദ്യമായി ഇറ്റാലിയൻ സീരി എയിൽ കളിച്ച മോൻസ ഈ വർഷം 11 മത് ആയാണ് ലീഗ് അവസാനിപ്പിച്ചത്.

ഇന്റർ മിലാനെയും വീഴ്ത്തി നാപോളി കിരീട ആഘോഷം തുടരുന്നു

ഇറ്റാലിയൻ സീരി എയിൽ കിരീട നേട്ടം ആഘോഷമാക്കി നാപോളി. ഇന്നത്തെ മത്സരത്തിൽ ഇന്റർ മിലാനെയും വീഴ്ത്തിയ അവർ സീസണിൽ എല്ലാ ഇറ്റാലിയൻ ക്ലബുകൾക്കും മേൽ ജയം കണ്ടത്തി. പരാജയം മൂന്നാം സ്ഥാനത്ത് ഉള്ള ഇന്റർ മിലാന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു നാപോളി ജയം. മത്സരത്തിൽ ആദ്യ പകുതിയുടെ 41 മത്തെ മിനിറ്റിൽ മധ്യനിര താരം റോബർട്ടോ ഗാഗ്ലിയാർഡിനി രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ ഇന്റർ 10 പേരായി ചുരുങ്ങി. എങ്കിലും നാപോളി മുന്നേറ്റങ്ങളെ അവർ നന്നായി പ്രതിരോധിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ സെലിൻസികിയുടെ പാസിൽ നിന്നു ഗോൾ നേടിയ ആഗുസിയ ഇന്റർ പ്രതിരോധം ഭേദിച്ചു. തുടർന്നും നാപോളി മുന്നേറ്റം തന്നെയാണ് കാണാൻ ആയത്. 82 മത്തെ മിനിറ്റിൽ ഡിമാർകോയുടെ പാസിൽ നിന്നു ഗോൾ നേടിയ റോമലു ലുകാകു ഇന്ററിന് സമനില നൽകി. എന്നാൽ 3 മിനിറ്റിനുള്ളിൽ ആഗുസിയയുടെ പാസിൽ നിന്നു ഗോൾ നേടിയ ജിയോവാണി ഡി ലോറൻസോ നാപോളിയെ വീണ്ടും മുന്നിൽ എത്തിച്ചു. ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജിയോവാണി സിമിയോണിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മറ്റൊരു പകരക്കാരൻ ജിയാൻലൂക ഗയറ്റാനോ നാപോളി ജയം ഉറപ്പിക്കുക ആയിരുന്നു. ഇന്റർ മിലാന്റെ 9 മത്സരങ്ങളുടെ വിജയകുതിപ്പിന് ആണ് ഇതോടെ അന്ത്യം ആയത്.

ഹാട്രിക്കുമായി ജിറൂഡ്; സാംപ്ഡോറിയയെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തി മിലാൻ

സീരി എ ഇന്ന് നടന്ന മത്സരത്തിൽ സാംപ്ഡോറിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തി എസി മിലാൻ. ഇതോടെ നാലാം സ്ഥാനത്തിന് ഒരു പോയിന്റ് മാത്രം അകലെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്താനും അവർക്കായി. ഹാട്രിക് നേടിയ ജിറൂഡിന് പുറമെ ലിയവോ, ബ്രഹീം ഡിയാസ് എന്നിവർ മിലാന് വേണ്ടി വല കുലുക്കി. തരംതാഴ്ത്തൽ ഉറപ്പിച്ച സാംപ്ഡോറിയ അവസാന സ്ഥാനത്താണ്.

സ്വന്തം തട്ടകത്തിൽ ആത്മവിശ്വാസത്തോടെ ആരംഭിച്ച മിലാന് തന്നെ ആയിരുന്നു മത്സരത്തിൽ മുൻതൂക്കം. റിലെഗെഷൻ ഉറപ്പിച്ച സാംപ്ഡോറിയ അഭിമാന ജയതിനായി പൊരുതി. എന്നാൽ ഏഴാം മിനിറ്റിൽ തന്നെ ലിയവോയിലൂടെ മിലാൻ ലീഡ് എടുത്തു. ഡിയാസിന്റെ പാസ് സ്വീകരിച്ച് കുതിച്ച താരം അനായാസം കീപ്പറെ മറികടക്കുകയായിരുന്നു. ഇരുപതാം മിനിറ്റിൽ സാംപ്ഡോറിയ സമനില നേടി. മിലാൻ താരങ്ങളെ ഒന്നൊന്നായി മറികടന്ന് സനോളി ഇടത് വിങ്ങിലൂടെ നടത്തിയ നീക്കത്തിനൊടുവിൽ പോസ്റ്റിന് മുന്നിൽ നിൽക്കുകയായിരുന്ന ക്വഗ്ലിയാരെല്ല വല കുലുക്കുകയായിരുന്നു. എന്നാൽ വെറും മൂന്ന് മിനിറ്റിനു ശേഷം മിലാൻ ലീഡ് വീണ്ടെടുത്തു. ലിയവോയുടെ ഷൊർട് കോർണറിൽ നിന്നും ലഭിച്ച പന്ത് ഡിയാസ് ബോക്സിലേക്ക് നൽകിയപ്പോൾ ജിറൂഡിന്റെ ഹെഡറിൽ ആണ് ഗോൾ പിറന്നത്. 26ആം മിനിറ്റിൽ ലിയവോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ച് ജിറൂഡ് ടീമിന്റെ ലീഡ് വർധിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്വഗ്ലിയരെല്ലക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഷോട്ട് അകന്ന് പോയി. അറുപതിമൂന്നാം മിനിറ്റിൽ ബ്രഹിം ഡിയാസിലൂടെ മിലാൻ വീണ്ടും വല കുലുക്കി. ലിയവോയുടെ ബോക്സിലേക്കുള്ള പാസ് ഓടിയെടുത്ത ടോണാലി പന്ത് ഡിയാസിലേക്ക് കൈമാറുകയായിരുന്നു. അഞ്ച് മിനിറ്റിനു ശേഷം ജിറൂഡിന്റെ ഹാട്രിക് ഗോൾ എത്തി. ലിയവോ തന്നെയാണ് ഇത്തവണയും ചരട് വലിച്ചത്‌. താരത്തിന്റെ ക്രോസിൽ ജിരൂഡിന്റെ ഹെഡർ ശ്രമം പാളിയെങ്കിലും അടുത്ത ശ്രമത്തിൽ പന്ത് വലയിൽ എത്തിക്കാൻ ഫ്രഞ്ച് താരത്തിനായി.

കിരീടം ഉറപ്പിച്ചതിനു ശേഷമുള്ള ആദ്യ മത്സരം തോറ്റു നാപോളി

ഇറ്റാലിയൻ സീരി എയിൽ കിരീടം ഉറപ്പിച്ച ശേഷമുള്ള ആദ്യ മത്സരത്തിൽ മോൻസയോട് പരാജയം ഏറ്റുവാങ്ങി നാപോളി. നിരവധി മാറ്റങ്ങളും ആയി ഇറങ്ങിയ നാപോളി ഒമ്പതാം സ്ഥാനക്കാർക്ക് എതിരെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് തോൽവി വഴങ്ങിയത്. നാപോളിക്ക് എതിരെ മികച്ച പ്രകടനം ആണ് മോൻസ പുറത്ത് എടുത്തത്.

മത്സരത്തിൽ 18 മത്തെ മറ്റെയോ പെസിനോയുടെ പാസിൽ നിന്നു മികച്ച ഗോളിലൂടെ ഡാനി മോട്ട ആണ് നാപോളിയെ ഞെട്ടിച്ചത്. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ആന്ദ്രയ പെറ്റാഗ്ന കൂടി ഗോൾ നേടിയതോടെ മോൻസ ജയം ഉറപ്പിച്ചു. സീരി എയിൽ എത്തിയ ആദ്യ സീസണിൽ തന്നെ ലീഗിൽ നിലനിൽക്കാൻ സാധിച്ച മോൻസ നിലവിൽ ഒമ്പതാം സ്ഥാനത്ത് ആണ്. അതേസമയം ഈ പരാജയം ഒന്നും നാപോളിയുടെ ആഘോഷങ്ങൾക്ക് ഒരു അന്ത്യവും ഉണ്ടാക്കില്ല എന്നത് ആണ് വാസ്തവം.

ജന്മദിനത്തിൽ ഇരട്ടഗോളുമായി ലുകാക്കു! മികച്ച ജയവുമായി ഇന്റർ മിലാൻ, ലീഗിൽ മൂന്നാം സ്ഥാനത്ത്

ഇറ്റാലിയൻ സീരി എയിൽ ആദ്യ നാലിൽ എത്താനുള്ള ഇന്റർ മിലാൻ ശ്രമങ്ങൾക്ക് ഊർജം പകർന്നു സസുവോളക്ക് എതിരെയുള്ള ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇന്റർ ലീഗിലെ 13 സ്ഥാനക്കാർക്ക് എതിരെ ജയിച്ചത്. ജയത്തോടെ ലീഗിൽ ലാസിയോയെ മറികടന്നു മൂന്നാമത് ആവാനും ഇന്ററിന് ആയി. 13 മത്തെ മിനിറ്റിൽ ബെറാർഡിയുടെ ഗോളിൽ ഇന്റർ പിറകിൽ പോയെങ്കിലും വാർ ഈ ഗോൾ ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. 41 മത്തെ മിനിറ്റിൽ ഡാനിലോ ഡി അംബ്രോസിയോയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ റോമലു ലുകാക്കു ഇന്ററിന് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ റുവാന്റെ സെൽഫ്‌ ഗോൾ കൂടി ആയതോടെ ഇന്റർ രണ്ടാം ഗോളും നേടി.

58 മത്തെ മിനിറ്റിൽ മിഖിത്യാരന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ലൗടാരോ മാർട്ടിനസ് ഇന്റർ ജയം ഉറപ്പിച്ചു. എന്നാൽ 63 മത്തെ മിനിറ്റിൽ ബെറാർഡിയുടെ പാസിൽ നിന്നു ഗോൾ നേടിയ മാതിയസ് ഹെൻറിക്വ ഒരു ഗോൾ എതിരാളികൾക്ക് ആയി മടക്കി. 77 മത്തെ മിനിറ്റിൽ റോജറിയോയുടെ പാസിൽ നിന്നു ഫ്രാറ്റെസി കൂടി ഗോൾ നേടിയതോടെ ഇന്ററിന് ആശങ്കയായി. എന്നാൽ 89 മത്തെ മിനിറ്റിൽ ബ്രൊസോവിചിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ ജന്മദിനത്തിൽ നേടിയ ലുകാക്കു ഇന്ററിന്റെ 4-2 ന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. ജയം നൽകിയ ആത്മവിശ്വാസവും ആയി ആവും ഇന്റർ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിലും ഇറങ്ങുക.

Exit mobile version