ഇതിഹാസം ലിന്‍ ഡാനിനെ വീഴ്ത്തി സായി പ്രണീത്, സൗരവ് വര്‍മ്മ പൊരുതി വീണു

രണ്ട് തവണ ഒളിമ്പിക്സ് ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ ലിന്‍ ഡാനിനെതിരെ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ വിജയം കൂടിയാണ് ഇത്. 21-14, 21-17 എന്ന സ്കോറിനാണ് ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സായി പ്രണീത് വിജയം കുറിച്ചത്. ലിന്‍ ഡാനിനെ പരാജയപ്പെടുത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സായി പ്രണീത്. പുലേല ഗോപിചന്ദ്, എച്ച് എസ് പ്രണോയ്, ശ്രീകാന്ത് കിഡംബി, ശുഭാങ്കര്‍ ഡേ എന്നിവരാണ് ഇതിന് മുമ്പ് ഡാനിനെതിരെ വിജയം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

അതേ സമയം പ്രണോയ്‍യ്ക്ക് പകരക്കാരനായി എത്തിയ സൗരഭ് വര്‍മ്മ ലോക റാങ്കിംഗില്‍ 34ാം നമ്പര്‍ താരമായ മാര്‍ക്ക് കാല്‍ജൗവിനോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയമേറ്റുവാങ്ങി. ആദ്യ ഗെയിം താരം ജയിച്ചുവെങ്കിലും പിന്നീട് മത്സരത്തില്‍ കാലിടറുകയായിരുന്നു സൗരഭ്. സ്കോര്‍: 21-19, 11-21, 17-21.

ക്വാര്‍ട്ടറില്‍ മുട്ടുകുത്തി പ്രണീത്, ചൈന ഓപ്പണിലെ ഇന്ത്യന്‍ സാന്നിദ്ധ്യം അവസാനിച്ചു

ചൈന ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിന്ന് പുറത്തായ സായി പ്രണീത്. ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ജിന്റിംഗിനോടാണ് താരം മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് പ്രണീതിന്റെ തോല്‍വി. എന്നാല്‍ രണ്ടാം ഗെയിമില്‍ തീരെ നിറം മങ്ങിയ പ്രണീതിന് ആറ് പോയിന്റ് മാത്രമേ നേടാനായുള്ളു. പിന്നീട് മൂന്നാം ഗെയിമിലും ഇതേ ആധിപത്യം പുലര്‍ത്തി ഇന്തോനേഷ്യന്‍ താരം വിജയം കുറിച്ചു. സ്കോര്‍: 21-16, 6-21, 16-21. 55 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ഇതോടെ ചൈന ഓപ്പണിലെ ഇന്ത്യന്‍ സാന്നിദ്ധ്യം അവസാനിച്ചു. ഇന്നലെ വനിത വിഭാഗത്തില്‍ സിന്ധുവും പുരുഷ വിഭാഗത്തില്‍ പാരുപ്പള്ളി കശ്യപും പുറത്തായിരുന്നു.

സായി പ്രണീത് ക്വാര്‍ട്ടര്‍ ഫൈനലില്‍

ചൈനീസ് താരത്തെ കീഴടക്കി തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ മികച്ച വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതോടെ പ്രണീത് ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. നേരിട്ടുള്ള ഗെയിമിലാണെങ്കിലും ചൈനീസ് താരത്തില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് പ്രണീത് ക്വാര്‍ട്ടറിലെത്തിയത്. ചൈനയുടെ ഗുവാംഗ് സു ലൂവിനെ 21-19, 21-19 എന്ന സ്കോറിന് 48 മിനുട്ട് നീണ്ട് നില്‍ക്കുന്ന മത്സരത്തിലാണ് പ്രണീത് പരാജയപ്പെടുത്തിയത്.

മൂന്ന് ഗെയിം പോരാട്ടത്തില്‍ സായി പ്രണീതിന് ആദ്യ റൗണ്ട് ജയം

ചൈന ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് തായ്‍ലാന്‍ഡിന്റെ സുപ്പാന്യുവിനോട് മൂന്ന് ഗെയിം മത്സരത്തിലാണ് പ്രണീത് പൊരുതി നേടിയ വിജയം ഉറപ്പാക്കിയത്. ആദ്യ ഗെയിം കടുത്ത മത്സരത്തെ അതിജീവിച്ച് വിജയം പിടിച്ചെടുക്കുവാന്‍ പ്രണീതിന് സാധിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ സമാനമായ അവസ്ഥയില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ വിജയം സുപ്പാന്യുവിനൊപ്പമായിരുന്നു.

മൂന്നാം ഗെയിമില്‍ താരതമ്യേന അനായാസമായ വിജയമാണ് സായി പ്രണീത് കരസ്ഥമാക്കിയത്. 72 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-19, 21-23, 21-14.

അതേ സമയം മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ ജര്‍മ്മന്‍ താരങ്ങളോട് പരാജയപ്പെട്ട് ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് പുറത്തായി. 12-21, 21-23 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി. രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരങ്ങള്‍ ചെറുത്ത്നില്പുയര്‍ത്തിയെങ്കിലും അവസാനം നിമിഷം കാലിടറുകയായിരുന്നു.

ഇന്ത്യയുടെ രണ്ടാം നമ്പര്‍ താരമായി സായി പ്രണീത്, ലോക റാങ്കിംഗില്‍ 15ാം സ്ഥാനം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ നേടത്തിന്റെ ബലത്തില്‍ ഏറ്റവും പുതിയ ബാഡ്മിന്റണ്‍ റാങ്കിംഗില്‍ വലിയ നേട്ടം സ്വന്തമാക്കി സായി പ്രണീത്. സായി പ്രണീത് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ലോക റാങ്കിംഗില്‍ 15ാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് താരം. 10ാം റാങ്കിലുള്ള ശ്രീകാന്ത് കിഡംബിയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച റാങ്കുള്ളത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്നത് വഴിയാണ് വെങ്കല മെഡല്‍ പ്രണീത് നേടിയത്. സെമിയില്‍ കെന്റോ മൊമോട്ടയോട് താരം പരാജയമേറ്റുവാങ്ങി.

ലോക ഒന്നാം നമ്പര്‍ താരത്തോട് തോല്‍വി, പ്രണീതിന്റെ ജൈത്രയാത്രയ്ക്ക് വെങ്കലത്തിലവസാനം

ലോക 1ാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് കീഴടങ്ങി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ജൈത്രയാത്ര വെങ്കല മെഡലില്‍ അവസാനിപ്പിച്ച് ഇന്ത്യയുടെ സായി പ്രണീത്. ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരമായ ജോനാഥന്‍ ക്രിസ്റ്റീ, എട്ടാം നമ്പര്‍ താരം ആന്തണി ജിന്റിംഗ് എന്നിവരെ കീഴടക്കിയെത്തിയ പ്രണീത് ഇന്ന് സെമിയില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് ജപ്പാന്‍ താരത്തോട് പരാജയപ്പെട്ടത്.

42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 13-21, 8-21 എന്ന സ്കോറിനാണ് പ്രണീത് കീഴടങ്ങിയത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പാക്കി സായി പ്രണീത്, ഇന്ത്യയ്ക്കായി ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ പുരുഷ താരം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സില്‍ സെമിയില്‍ കടന്ന് സായി പ്രണീത്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേരിട്ടെങ്കിലും പൊരുതി നേടിയ വിജയവുമായാണ് പ്രണീത് തന്റെ ഈ നേട്ടം കൊയ്തത്. ഇന്ത്യന്‍ പുരുഷ താരങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ താരമാണ് സായി പ്രണീത്. ലോക നാലാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ 24-22, 21-14 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ 36 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്കായി പുരുഷ വിഭാഗത്തില്‍ മെഡല്‍ നേട്ടം സായി പ്രണീത് സ്വന്തമാക്കുന്നത്.

1983ല്‍ പ്രകാശ് പദുക്കോണ്‍ ആണ് ഇതിന് മുമ്പ് ഇന്ത്യയ്ക്കായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്.

ജയിച്ച് കയറി സായി പ്രണീത്, മൊമോട്ടയോട് പരാജയമേറ്റ് വാങ്ങി പ്രണോയ്

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോടാണ് പ്രണീത് നേരിട്ടുള്ള ഗെയിമില്‍ വിജയം കരസ്ഥമാക്കിയത്. 42 മിനുട്ട് നീണ്ട് നിന്ന മത്സരത്തില്‍ താരം 21-19, 21-13 എന്ന സ്കോറിനാണ് അനായാസ ജയം സ്വന്തമാക്കിയത്. അതേ സമയം മറ്റൊരു മത്സരത്തില്‍ എച്ച്എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.

19-21, 12-21 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെട്ടത്. ജപ്പാന്‍ താരം കെന്റോ മൊമോട്ടയോടാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. 56 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ലോക ചാമ്പ്യന്‍ഷിപ്പ്, വിജയത്തുടക്കവുമായി സായി പ്രണീത്

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ വിജയം കരസ്ഥമാക്കി സായി പ്രണീത്. കാനഡയുടെ ജേസണ്‍ ആന്തണിയോട് നേരിട്ടുള്ള ഗെയിമിലാണ് സായി പ്രണീതിന്റെ വിജയം. 21-17, 21-16 എന്ന സ്കോറിനാണ് പ്രണീത് ആദ്യ റൗണ്ടിലെ വിജയം സ്വന്തമാക്കിയത്. 39 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

സെമിയില്‍ പുറത്തായി സായി പ്രണീത്, വനിത ഫൈനലില്‍ ജപ്പാന്‍ താരങ്ങള്‍ ഏറ്റുമുട്ടും

ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 12-21 എന്ന സ്കോറിനാണ് പ്രണീത് പരാജയമേറ്റ് വാങ്ങിയത്. ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് ഫൈനലില്‍ കെന്റോയുടെ എതിരാളി. 21-14, 21-14 എന്ന സ്കോറിന് ഡെന്മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ജെന്‍സെന്നെയാണ് ജോനാഥന്‍ ക്രിസ്റ്റി പരാജയപ്പെടുത്തിയത്.

അതേ സമയം വനിത സിംഗിള്‍ ജപ്പാന്‍ താരങ്ങളായ നൊസോമി ഒക്കുഹാരയും അകാനെ യമാഗൂച്ചിയും ഏറ്റുമുട്ടും. കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യ ഓപ്പണ്‍ വിജയിച്ച താരമാണ് അകാനെ യമാഗൂച്ചി. യമാഗൂച്ചി ചൈനയുടെ യൂ ഫെയി ചെന്നിനെ 21-15, 21-15 എന്ന സ്കോറിന് കീഴടക്കിയപ്പോള്‍ നൊസോമി ഒക്കുഹാര കാനഡയുടെ മിഷേല്‍ ലിയെ 21-12, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു.

ജപ്പാന്‍ ഓപ്പണ്‍ സെമിയില്‍ കടന്ന് സായി പ്രണീത്, മിക്സഡ് ഡബിള്‍സ് ജോഡികള്‍ക്ക് തോല്‍വി

ജപ്പാന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ടോയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് പ്രണീത് വിജയം കുറിച്ചത്. 36 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-12, 21-15 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ – സാത്വിക് സായിരാജ് കൂട്ടുകെട്ട് ഇന്നലെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. 16-21, 17-21 എന്ന സ്കോറിനാണ് താരങ്ങള്‍ തായ്‍ലാന്‍ഡ് താരങ്ങളോട് കീഴടങ്ങിയത്.

സായി പ്രണീതിനും പിവി സിന്ധുവിനും രണ്ടാം റൗണ്ടില്‍ വിജയം, എച്ച് എസ് പ്രണോയിയ്ക്ക് തോല്‍വി

ജപ്പാന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ വനിത-പുരുഷ സിംഗിള്‍സിലും പുരുഷ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ വിജയം കൊയ്തപ്പോള്‍ എച്ച് എസ് പ്രണോയ്‍യ്ക്ക് മാത്രം കാലിടറി. ഇന്ന് നടന്ന മത്സരങ്ങളില്‍ പിവി സിന്ധുവും സായി പ്രണീതും തങ്ങളുടെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ പ്രണോയ് ഡെന്മാര്‍ക്ക് താരത്തോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ടു. പുരുഷ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

21-13, 21-16 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളിലാണ് സായി പ്രണീതിന്റെ വിജയം. ജപ്പാന്‍ താരത്തെ 45 മിനുട്ടിലാണ് പ്രണീത് പരാജയപ്പെടുത്തിയത്. അയ ഒഹോരിയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് സിന്ധു പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ സിന്ധു 61 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 11-21, 21-10, 21-13 എന്ന സ്കോറിന് വിജയം കൈവരിച്ചു.

അതേ സമയം 9-21, 15-21 എന്ന സ്കോറിനാണ് റാസ്മസ് ഗെംകേയോട് പ്രണോയ് പരാജയപ്പെട്ടത്. പുരുഷ ഡബിള്‍സ് ടീം 53 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് പൊരുതി വിജയം നേടിയത്. സ്കോര്‍ 15-21, 21-11, 21-19.

Exit mobile version