രാജ്കോട്ട് ഏകദിനം!!! ഗില്ലിനും ശര്‍ദ്ധുല്ലിനും വിശ്രമം

രാജ്കോട്ട് ഏകദിനത്തിൽ ശുഭ്മന്‍ ഗില്ലിനും ശര്‍ദ്ധുൽ താക്കൂറിനും വിശ്രമം നൽകുവാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം. ഇരു താരങ്ങളും ടീമിനൊപ്പം രാജ്കോട്ടിലേക്ക് യാത്രയാകില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം ലഭിച്ച രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും തിരികെ എത്തുമ്പോള്‍ ഗില്ലിന് പകരം ഓപ്പണറായി രോഹിത് ഇറങ്ങുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.

സെപ്റ്റംബര്‍ 27ന് ആണ് രാജ്കോട്ടിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ഏകദിനം. അന്ന് തന്നെ ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സംഘത്തെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും.

രാജ്കോട്ടിലും അക്സര്‍ കളിക്കില്ല

രാജ്കോട്ട് ഏകദിനത്തിലും അക്സര്‍ പട്ടേൽ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ)യിൽ നിലവിൽ റീഹാബ് നടപടികളിലൂടെ പോകുകയാണ് അക്സര്‍ പട്ടേൽ. പകരം എത്തിയ അശ്വിന്‍ മികച്ച പ്രകടനം ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിനങ്ങളിൽ പുറത്തെടുത്തുവെങ്കിലും ലോകകപ്പിന് താരത്തിനെ പരിഗണിക്കില്ലെന്നും പരിക്ക് മാറിയെത്തുന്ന അക്സറിനെ തന്നെയാകും നേരത്തെ നിശ്ചയിച്ച പോലെ സ്ക്വാഡിൽ തുടരുവാന്‍ അനുവദിക്കുകയെന്നാണ് ലഭിയ്ക്കുന്ന വിവരം.

ലോകകപ്പിലെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങളുടെ സമയത്തേക്ക് അക്സര്‍ തിരികെയെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂന്നാം ദിവസം ലഞ്ച്, രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടമായി വിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ ഫോളോ ഓണ്‍ ചെയ്യുന്ന വിന്‍ഡീസിനു രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടം. ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നേടി വിന്‍ഡീസിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച രവിചന്ദ്രന്‍ അശ്വിനു തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും വിക്കറ്റ് നേട്ടം. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ വിന്‍ഡീസ് 33/1 എന്ന നിലയിലാണ്. 10 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റാണ് പുറത്തായത്.

21 റണ്‍സുമായി കീറണ്‍ പവലും റണ്ണൊന്നുമെടുക്കാതെ ഷായി ഹോപ്പുമാണ് ക്രീസില്‍ നില്‍ക്കുന്നത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 468 റണ്‍സ് ലീഡ് വഴങ്ങി വിന്‍ഡീസ് 181 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. റോഷ്ടണ്‍ ചേസ്(53), കീമോ പോള്‍(47) എന്നിവരാണ് ഒന്നാം ഇന്നിംഗ്സില്‍ വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.

വിന്‍ഡീസിനോട് ഫോളോ ഓണ്‍ ആവശ്യപ്പെട്ട് ഇന്ത്യ, റോഷ്ടണ്‍ ചേസിനു അര്‍ദ്ധ ശതകം

ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ നേടിയ റണ്‍സുകള്‍ക്കും വിന്‍ഡീസിനെ ഫോളോ ഓണില്‍ നിന്ന് ഒഴിവാക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം 181 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. മത്സരത്തില്‍ 468 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനോട് വീണ്ടും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. റോഷ്ടണ്‍ ചേസ് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ കീമോ പോളിനു ഈ നേട്ടം സ്വന്തമാക്കുവാന്‍ സാധിച്ചില്ല.

94/6 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിനു ക്രീസില്‍ കൂട്ടായിയുണ്ടായിരുന്നത് 74/6 എന്ന നിലയില്‍ ഒരുമിച്ചെത്തിയ റോഷ്ടണ്‍ ചേസും കീമോ പോളുമായിരുന്നു. 73 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. കുല്‍ദീപ് യാദവിനെ കടന്നാക്രമിച്ച സംഘം താരത്തിനെതിരെ യഥേഷ്ടം ഫോറും സിക്സും നേടുകയായിരുന്നു.

മുഹമ്മദ് ഷമിയ്ക്ക് പകരം ബൗളിംഗിനെത്തിയ ഉമേഷ് യാദവിന്റെ ഒരു ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച കീമോ പോളിന്റെ ഇന്നിംഗ്സ് ചേതേശ്വര്‍ പുജാരയുടെ കൈകളിലെത്തി അവസാനിക്കുകയായിരുന്നു. 47 റണ്‍സാണ് 49 പന്തില്‍ നിന്ന് കീമോ പോള്‍ നേടിയത്. അര്‍ഹമായ ശതകത്തിനു മൂന്ന് റണ്‍സ് അകലെ താരം പുറത്തായപ്പോള്‍ വിന്‍ഡീസ് തകര്‍ച്ചയും പൂര്‍ണ്ണമാവുകയായിരുന്നു.

ഏറെ വൈകാതെ 53 റണ്‍സ് നേടിയ റോഷ്ടണ്‍ ചേസിനെ രവിചന്ദ്രന്‍ അശ്വിന്‍ പുറത്താക്കുകയായിരുന്നു. കുല്‍ദീപ് യാദവിനു പകരം ബൗളിംഗിനെത്തിയ ചേസ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി. അതേ ഓവറില്‍ ഷെര്‍മന്‍ ലൂയിസിനെയും പുറത്താക്കി  അശ്വിന്‍ തന്റെ മൂന്നാമത്തെ വിക്കറ്റ് സ്വന്തമാക്കി. അവസാന വിക്കറ്റായി ഷാനണ്‍ ഗബ്രിയേലിനെയും അശ്വിന്‍ തന്നെയാണ് പുറത്താക്കിയത്.

17 റണ്‍സുമായി ദേവേന്ദ്ര ബിഷൂ പുറത്താകാതെ നിന്നു. അശ്വിന്‍ നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

364 റണ്‍സ് നേടി ഇന്ത്യ, ഷായ്ക്ക് ടെസ്റ്റില്‍ സ്വപ്ന തുടക്കം

ടെസ്റ്റ് അരങ്ങേറ്റത്തില്‍ പൃഥ്വി ഷാ കസറിയതിനൊപ്പം ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയും റണ്‍സ് കണ്ടെത്തിയ രാജ്കോട്ട് ടെസ്റ്റിലെ ആദ്യ ദിവസം 364/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. കെഎല്‍ രാഹുലിനെ പൂജ്യത്തിനു നഷ്ടമായ ശേഷം ഇറങ്ങിയ ബാറ്റ്സ്മാന്മാരെല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ കണ്ടത്. രണ്ടാം വിക്കറ്റില്‍ 206 റണ്‍സ് നേടി പുജാര – പൃഥ്വി ഷാ കൂട്ടുകെട്ടും അതിനു ശേഷം നാലാം വിക്കറ്റില്‍ 105 റണ്‍സ് നേടി രഹാനെ – വിരാട് കോഹ്‍ലി കൂട്ടുകെട്ടുമാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ പ്രധാനമായും മുന്നോട്ട് നയിച്ചത്.

89 ഓവറുകള്‍ ഒന്നാം ഇന്നിംഗ്സില്‍ ഒന്നാം ദിവസം ഇന്ത്യ നേരിട്ടപ്പോള്‍ 134 റണ്‍സ് നേടി പൃഥ്വി ഷാ ടോപ് സ്കോറര്‍ ആയി. പുജാര(86), രഹാനെ(41) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി 72 റണ്‍സുമായി വിരാട് കോഹ്‍ലിയും 17 റണ്‍സ് നേടി ഋഷഭ് പന്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍, ദേവേന്ദ്ര ബിഷൂ, ഷെര്‍മാന്‍ ലൂയിസ്, റോഷ്ടണ്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ചായയ്ക്ക് മുമ്പ് പൃഥ്വി ഷാ മടങ്ങി, ഇന്ത്യ അതി ശക്തമായ നിലയില്‍

വിന്‍ഡീസിനെതിരെ രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യ അതി ശക്തമായ നിലയില്‍. രണ്ടാം സെഷനില്‍ ചേതേശ്വര്‍ പുജാരയെയും പൃഥ്വി ഷായെയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും 232/3 എന്ന നിലയിലാണ് ഇന്ത്യ നില്‍ക്കുന്നത്. ചായയ്ക്ക് തൊട്ടുമുമ്പാണ് 134 റണ്‍സ് നേടിയ പൃഥ്വി ഷാ ദേവേന്ദ്ര ബിഷുവിനു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയത്.

ഉച്ച ഭക്ഷണത്തിനു ശേഷം ചേതേശ്വര്‍ പുജാരയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. അരങ്ങേറ്റക്കാരന്‍ ഷെര്‍മന്‍ ലൂയിസിനു വിക്കറ്റ് നല്‍കിയാണ് പുജാരയുടെ മടക്കം. 86 റണ്‍സാണ് താരം രാജ്കോട്ടില്‍ നേടിയത്. ഇന്ത്യയ്ക്കായി 4 റണ്‍സുമായി വിരാട് കോഹ്‍ലിയും റണ്ണൊന്നുമെടുക്കാതെ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

അരങ്ങേറ്റത്തില്‍ ശതകവുമായി പൃഥ്വി ഷാ, അതും നൂറ് പന്തില്‍ താഴെ, നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരം

അരങ്ങേറ്റ മത്സരത്തില്‍ ശതകം നേടുകയും അതും നൂറ് പന്തില്‍ താഴെ മാത്രം നേടുകയും ചെയ്തത് വഴി അപൂര്‍വ്വ നേട്ടവുമായി പൃഥ്വി ഷാ. ഇന്ത്യയുടെ 293ാം ടെസ്റ്റ് താരമായി രാജ്കോട്ടില്‍ തന്റെ ടെസ്റ്റ് കരിയര്‍ ആരംഭിച്ച പൃഥ്വി ഷാ 99 പന്തില്‍ നിന്ന് ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ശിഖര്‍ ധവാന്‍, ഡ്വെയിന്‍ സ്മിത്ത് എന്നിവര്‍ക്ക് പിന്നിലായി അരങ്ങേറ്റത്തില്‍ ശതകം നേടുന്ന താരമായി മാറി.

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയ്ക്കായി ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഇന്ത്യയ്ക്കായി അരങ്ങേറ്റത്തില്‍ ശതകം നേടുന്ന ഏറ്റവും പ്രായം കുറ‍ഞ്ഞ താരമാണ് പൃഥ്വി ഷാ. മുഹമ്മദ് അഷ്റഫുള്‍ ആണ് അരങ്ങേറ്റത്തില്‍ ശതകം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. ഹാമിള്‍ട്ടണ്‍ മസകഡ്സ, സലീം മാലിക്ക് എന്നിവര്‍ക്ക് പിന്നിലായാണ് ഷാ ഇപ്പോള്‍ നിലകൊള്ളുന്നത്. 18 വയസ്സും 329 ദിവസവുമാണ് ഷായുടെ പ്രായം.

 

ഷാ തുടങ്ങി, അര്‍ദ്ധ ശതകവുമായി

തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടി പൃഥ്വി ഷാ. ഇന്നിംഗ്സ് തുടക്കത്തില്‍ കെഎല്‍ രാഹുലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും പതറാതെ ബാറ്റ് വീശിയ പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. പേസ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും സധൈര്യം നേരിട്ട ഷാ 56 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്. 7 ബൗണ്ടറിയുള്‍പ്പെടെയാണ് ഈ നേട്ടം.

18 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് നേടിയിട്ടുള്ളത്. 39 റണ്‍സുമായി ചേതേശ്വര്‍ പുജാരയാണ് ഷായ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

പൃഥ്വിയ്ക്ക് അരങ്ങേറ്റം, മയാംഗ് കാത്തിരിക്കണം, രാജ്കോട്ടിലേക്കുളള ഇന്ത്യന്‍ സംഘം പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പോലുള്ള ടെസ്റ്റ് ടീമുകള്‍ പ്രഖ്യാപിക്കുന്ന തരത്തില്‍ ടെസ്റ്റിനു ഒരു ദിവസം മുമ്പ് 12 അംഗ സംഘത്തിനെ പ്രഖ്യാപിച്ച് ഇന്ത്യ. ടെസ്റ്റില്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കുവാനുള്ള അവസരം പൃഥ്വി ഷായ്ക്ക് വിന്‍ഡീസിനെതിരെ ലഭിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഷായ്ക്കൊപ്പം കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് ഉറപ്പായി. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്ന ഇന്ത്യ പേസ് ബൗളിംഗ് ദൗത്യം മുഹമ്മദ് ഷമിയ്ക്കും ഉമേഷ് യാദവിനും നല്‍കുന്നു. ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ലിസ്റ്റിലെ 12ാമന്‍. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മയാംഗ് അഗര്‍വാളിനു അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടതായുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇന്ത്യ(12 അംഗ സംഘം): പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശര്‍ദ്ധുല്‍ താക്കൂര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പുതിയ കീഴ്‍വഴക്കമോ? രാജ്കോട്ട് ടെസ്റ്റിനുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യ

മറ്റു ടെസ്റ്റ് രാജ്യങ്ങളില്‍ പലരും ചെയ്യുന്നത് പോലെ ടെസ്റ്റിനു ഒരു ദിവസം മുമ്പ് അവസാന 12 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന കീഴ്‍വഴക്കം ആരംഭിച്ച് ഇന്ത്യ. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്കോട്ട് ടെസ്റ്റിനുള്ള 12 അംഗ ടീമിന്റെ ഇന്ത്യ പ്രഖ്യാപിച്ചുവെന്നാണ് അറിയുന്നത്. 12ാമനായി ശര്‍ദ്ധുല്‍ താക്കൂറിനെ പ്രഖ്യാപിച്ച ഇന്ത്യന്‍ നിരയില്‍ പൃഥ്വി ഷാ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ ടെസ്റ്റ് കളിച്ച ഹനുമ വിഹാരി 12 അംഗ സംഘത്തില്‍ നിന്ന് പുറത്ത് പോകുന്നു എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലണ്ടില്‍ ലഭിച്ച അവസരത്തില്‍ നിന്ന് താരം അര്‍ദ്ധ ശതകം നേടിയിരുന്നുവെങ്കിലും വിന്‍ഡീസിനെതിരെ താരത്തിനു അവസരമില്ല. അശ്വിനും രവീന്ദ്ര ജഡേജയും കുല്‍ദീപും സ്പിന്നര്‍മാരായി കളിക്കുമെന്നും അറിയുന്നു.

രാജ്‍കോട്ട് ടെസ്റ്റില്‍ റോച്ച് കളിക്കില്ല

രാജ്കോട്ട് ടെസ്റ്റില്‍ വിന്‍ഡീസ് ബൗളര്‍ കെമര്‍ റോച്ച് കളിക്കില്ലെന്ന് കോച്ച് സ്റ്റുവര്‍ട് ലോ വ്യക്തമാക്കി. തന്റെ മുത്തശിയുടെ മരണത്തെത്തുടര്‍ന്ന് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷം ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരെയുള്ള മത്സരത്തില്‍ താരം കളിച്ചില്ല. രാജ്കോട്ട് ടെസ്റ്റിനു മുമ്പ് ടീമിനൊപ്പം താരം മടങ്ങിയെത്തുമെന്നാണ് ആദ്യ പ്രതീക്ഷിച്ചതെങ്കിലും താരം തിരികെ എത്തുക ടെസ്റ്റ് തുടങ്ങിയ ശേഷം മാത്രമാവുമെന്നാണ് അറിയുന്നത്.

റോച്ചിന്റെ അഭാവത്തില്‍ ജേസണ്‍ ഹോള്‍ഡര്‍, ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍, ഷെര്‍മാന്‍ ലൂയിസ് എന്നിവരടങ്ങിയ പേസ് പടയെയാവും വിന്‍ഡീസ് ആശ്രയിക്കേണ്ടി വരിക.

Exit mobile version