മിയെദെമ മാജിക്! എവർട്ടണിനെ തോൽപ്പിച്ചു ആഴ്‌സണൽ

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ലീഗിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ആഴ്‌സണൽ വനിതകൾ ഇന്ന് എവർട്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് മറികടന്നത്. കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു 24 മത്തെ മിനിറ്റിൽ ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമ ആണ് ആഴ്‌സണലിന്റെ ഗോൾ നേടിയത്.

ബോക്‌സിൽ ലഭിച്ച പന്ത് വരുതിയിൽ ആക്കിയ ശേഷം പ്രതിരോധ താരങ്ങളെ ഡ്രിബിളിങ് മികവ് കൊണ്ടു മറികടന്ന ശേഷം മിയെദെമ ഉഗ്രൻ ഷോട്ട് ഉതിർക്കുക ആയിരുന്നു. ജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനു ഒപ്പം തുല്യപോയിന്റുകളും ആയി ആഴ്‌സണൽ മൂന്നാം സ്ഥാനത്ത് ആണ്. ഇന്നത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 5-0 ആസ്റ്റൺ വില്ലയെ മറികടന്നിരുന്നു. ഇവരെക്കാൾ ഒരു മത്സരം അധികം കളിച്ച ചെൽസി ആണ് നിലവിൽ ലീഗിൽ ഒന്നാമത്.

ആഴ്‌സണലിന് കനത്ത തിരിച്ചടി, ബെത്ത് മീഡിനു പരിക്ക് മൂലം ഈ സീസൺ നഷ്ടമാവും

ആഴ്‌സണൽ വനിതകളുടെ ഇംഗ്ലീഷ് താരം ബെത്ത് മീഡിനു എ.സി.എൽ പരിക്ക് കാരണം ഈ സീസൺ മുഴുവൻ നഷ്ടമാവും. യൂറോ കപ്പിൽ ടൂർണമെന്റിലെ താരവും ടോപ്പ് സ്കോററും ആയ മീഡ് ആണ് ഇംഗ്ലണ്ടിന് കിരീടം നേടി നൽകിയത്.

സീസണിൽ ഇത് വരെ 5 ഗോളുകൾ നേടിയ മീഡ് സീസണിൽ ആഴ്‌സണലിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരായ ആദ്യ പരാജയത്തിൽ ആണ് പരിക്കേറ്റത്. താരത്തിന്റെ എ.സി.എൽ പരിക്ക് ആഴ്‌സണൽ ആണ് പുറത്ത് വിട്ടത്. ഇതോടെ താരം ഉടൻ ശസ്ത്രക്രിയക്ക് വിധേയമാവും. താരത്തിന് ചിലപ്പോൾ അടുത്ത വർഷത്തെ ലോകകപ്പും നഷ്ടമായേക്കും.

ത്രില്ലറിൽ ആഴ്‌സണലിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

വനിത സൂപ്പർ ലീഗിൽ ആഴ്‌സണലിന്റെ വിജയകുതിപ്പിന് അന്ത്യം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ. ഏതാണ്ട് 40,000 തിൽ അധികം കാണികൾക്ക് മുന്നിൽ എമിറേറ്റ്‌സിൽ സീസണിലെ ഏഴാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ആഴ്‌സണലിന് 5 ഗോൾ ത്രില്ലറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയം സമ്മതിക്കേണ്ടി വരിക ആയിരുന്നു. 14 മത്സരങ്ങളുടെ തുടർച്ചയായ ആഴ്‌സണൽ ജയത്തിനു ആണ് ഇന്ന് അന്ത്യം ഉണ്ടായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് നേരിയ ആധിപത്യം ഉണ്ടായിരുന്ന മത്സരത്തിൽ ആദ്യ പകുതിയിൽ 39 മത്തെ മിനിറ്റിൽ എല്ല ടൂൺ അവർക്ക് മുൻതൂക്കം നൽകി. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ബെത്ത് മീഡിന്റെ പാസിൽ നിന്നു ഫ്രിദ മാനം ആഴ്‌സണലിന് സമനില നൽകി. ഫ്രിദയുടെ ഷോട്ട് യുണൈറ്റഡ് താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു.

തുടർന്ന് മത്സരത്തിൽ ആധിപത്യം നേടിയ ആഴ്‌സണൽ 73 മത്തെ കേറ്റി മകെബയുടെ പാസിൽ നിന്നു ലൗറ വിൻറോയിത്തറിന്റെ ഗോളിൽ മുന്നിലെത്തി. ക്ലബിന് ആയി താരം നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. എന്നാൽ അവസാന നിമിഷങ്ങളിൽ മത്സരം ആഴ്‌സണലിൽ നിന്നു തട്ടിയെടുക്കുന്ന യുണൈറ്റഡിനെ ആണ് പിന്നീട് കണ്ടത്. കേറ്റി സലമിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മില്ലി ടർണർ അവർക്ക് സമനില സമ്മാനിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ കേറ്റി സലമിന്റെ തന്നെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ അലസ്സിയ റൂസ്സോ മാഞ്ചസ്റ്റർ യുണൈറ്റഡിനു നാടകീയ ജയം സമ്മാനിക്കുക ആയിരുന്നു. പരാജയപ്പെട്ടു എങ്കിലും ആഴ്‌സണൽ തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്, ഒരേ പോയിന്റുകൾ ഉള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് ആണ് നിലവിൽ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ചു ചെൽസി വനിതകൾ

വനിത സൂപ്പർ ലീഗിൽ പരാജയം അറിയാതെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളുടെ വിജയകുതിപ്പ് അവസാനിപ്പിച്ചു ചെൽസി വനിതകൾ. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ചെൽസി തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്. 60 മത്തെ മിനിറ്റിൽ സോഫിയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ സാം കെർ ആണ് ചെൽസിക്ക് മുൻതൂക്കം നൽകിയത്.

തുടർന്ന് നാലു മിനിറ്റുകൾക്ക് ശേഷം സാം കെറിന്റെ പാസിൽ നിന്നു ലൗറൻ ജെയിംസ് ചെൽസിയുടെ രണ്ടാം ഗോൾ നേടി. 71 മത്തെ മിനിറ്റിൽ എല്ല ടൂണിന്റെ പാസിൽ നിന്നു അലസിയ റൂസോ യുണൈറ്റഡിനു ആയി ഒരു ഗോൾ മടക്കി. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ എറിൻ ചെൽസി ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ 7 മത്സരങ്ങളിൽ നിന്നു 18 പോയിന്റുകൾ നേടിയ ചെൽസി ലീഗിൽ രണ്ടാമത് ആണ്. ഒരു മത്സരം ചെൽസിയെക്കാൾ കുറച്ച് കളിച്ച ആഴ്‌സണൽ ആണ് ലീഗിൽ ഒന്നാമത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആവട്ടെ മൂന്നാം സ്ഥാനത്തും.

ബ്രൈറ്റണിനെയും തകർത്തു ആഴ്‌സണൽ വനിതകൾ, ലീഗിൽ ഒന്നാം സ്ഥാനത്ത്

വനിത സൂപ്പർ ലീഗിൽ അവസാന സ്ഥാനക്കാർ ആയ ബ്രൈറ്റണിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ വനിതകൾ വിജയകുതിപ്പ് തുടരുന്നു. സീസണിൽ ആറാം മത്സരത്തിലും ജയിച്ച അവർ നിലവിൽ ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ മൂന്നു പോയിന്റുകൾ മുന്നിൽ ആണ്. ഇന്ന് ചെൽസിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക.

ആഴ്‌സണൽ വലിയ ആധിപത്യം കാണിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ ആഴ്‌സണൽ മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. 13 മത്തെ മിനിറ്റിൽ ഫ്രിദ മാനം, 22 മത്തെ മിനിറ്റിൽ ബെത്ത് മീഡിന്റെ മനോഹര പാസിൽ നിന്നു കാറ്റിലിൻ ഫോർഡ്, 37 മത്തെ മിനിറ്റിൽ സ്റ്റെഫനി കാറ്റിലി എന്നിവർ ആണ് ആഴ്‌സണലിന്റെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ വൂബൻ-മോയിയുടെ പാസിൽ നിന്നു സ്റ്റിന ബ്ലാക്സ്റ്റിനിയസ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു.

വനിത സൂപ്പർ ലീഗ് റെക്കോർഡ് തിരുത്തി ആഴ്‌സണൽ വനിതകളുടെ കുതിപ്പ്

വനിത സൂപ്പർ ലീഗിൽ തുടർച്ചയായി 13 ജയങ്ങൾ കുറിച്ചു റെക്കോർഡ് തിരുത്തി ആഴ്‌സണൽ വനിതകളുടെ കുതിപ്പ്. വെസ്റ്റ് ഹാമിനു എതിരെ തിരിച്ചു വന്നു ജയം കാണുക ആയിരുന്നു ആഴ്‌സണൽ. ആഴ്‌സണൽ ആധിപത്യം കാണാൻ ആയ മത്സരത്തിൽ വെസ്റ്റ് ഹാം ആണ് മുന്നിലെത്തിയത്. 35 മത്തെ മിനിറ്റിൽ ഡാഗ്നി വെസ്റ്റ് ഹാമിനു ആയി ഗോൾ നേടി. ലീഗിൽ 15 മണിക്കൂറിനു ശേഷമാണ് ആഴ്‌സണൽ ഒരു ഗോൾ വഴങ്ങിയത്.

പരിക്കേറ്റു പുറത്ത് പോയ കിം ലിറ്റിലിന് പകരക്കാരിയായി എത്തിയ ജോർദൻ നോബ്‌സ് 42 മത്തെ മിനിറ്റിൽ ആഴ്‌സണലിന് സമനില നൽകി. താരത്തിന്റെ ലീഗിലെ 51 മത്തെ ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ ആധിപത്യം ഗോളുകളാക്കി മാറ്റി ആഴ്‌സണൽ. സ്റ്റെഫനി കാറ്റ്ലിയുടെ പാസിൽ നിന്നു സ്റ്റിന ബ്ലാക്ക്സ്റ്റെനിയസ് 53 മത്തെ മിനിറ്റിലും കാറ്റി മകബെയുടെ പാസിൽ നിന്നു ഫ്രിദ മാനം 70 മത്തെ മിനിറ്റിലും ആഴ്‌സണലിന് വിജയഗോളുകൾ സമ്മാനിച്ചു. ജയത്തോടെ 5 കളികളിൽ നിന്നു 15 പോയിന്റുകൾ നേടി ആഴ്‌സണൽ 1 ഗോൾ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് പിറകിൽ രണ്ടാമത് ആണ്, അതേസമയം ഏഴാം സ്ഥാനത്ത് ആണ് വെസ്റ്റ് ഹാം.

വനിത സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ചു ആഴ്‌സണൽ

വനിത സൂപ്പർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് ആഴ്‌സണൽ വനിതകൾ. റെഡിങ് വനിതകളെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. ആഴ്‌സണലിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ മുപ്പതാം മിനിറ്റിൽ ആണ് ഗോൾ പിറന്നത്.

മികച്ച ടീം നീക്കത്തിന് ഒടുവിൽ കിം ലിറ്റിലിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് സ്റ്റിന ബ്ലാക്സ്റ്റെയിൻസ് ആണ് ആഴ്‌സണലിന് ആയി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി കിം ലിറ്റിൽ പാഴാക്കിയെങ്കിലും ആഴ്‌സണൽ വിജയിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നു 9 ഗോളുകൾ നേടിയ ആഴ്‌സണൽ മൂന്നു ജയവുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് ആണ്.

റെക്കോർഡ് കാണികൾക്ക് മുന്നിൽ ടോട്ടൻഹാമിനെ ഡാർബിയിൽ തകർത്തെറിഞ്ഞു ആഴ്‌സണൽ വനിതകൾ

നോർത്ത് ലണ്ടൻ ചുവന്നു തുടുത്തു തന്നെയാണ് ഇരിക്കുന്നത് എന്നു ഒരിക്കൽ കൂടി തെളിയിച്ചു ആഴ്‌സണൽ വനിതകൾ. ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും അധികം കാണികൾ എത്തിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ടോട്ടൻഹാമിനെ ആഴ്‌സണൽ തകർത്തത്. നോർത്ത് ലണ്ടൻ ഡാർബിയിൽ പന്ത് കൈവശം വക്കുന്നതിൽ പൂർണ ആധിപത്യം പുലർത്തിയ ആഴ്‌സണൽ ലക്ഷ്യത്തിലേക്ക് ഉതിർത്ത നാലു ഷോട്ടുകളും ഗോൾ ആക്കി മാറ്റി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എത്തിയ വനിത സൂപ്പർ ലീഗ് മത്സരത്തിന് 47,367 എന്ന റെക്കോർഡ് കാണികൾ ആണ് മത്സരം കാണാൻ എത്തിയത്.

മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ബെത്ത് മെഡ് ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് ടോട്ടൻഹാം ആഴ്‌സണൽ മുന്നേറ്റത്തിനു മുമ്പിൽ പിടിച്ചു നിന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു ഗോൾ നേടിയ വിവിയനെ മിയെദെമ ആഴ്‌സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി 54 മത്തെ മിനിറ്റിൽ മെഡിന്റെ പാസിൽ നിന്നു റാഫയെല സോസ ഗോൾ നേടിയതോടെ ആഴ്‌സണൽ വലിയ ജയം ഉറപ്പിച്ചു. 69 മത്തെ മിനിറ്റിൽ സ്റ്റെഫനി കാറ്റ്ലിയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും കണ്ടത്തിയ സൂപ്പർ താരം മിയെദെമ ആഴ്‌സണലിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗ് കിരീടം ലക്ഷ്യം വക്കുന്ന ആഴ്‌സണലിന് ഈ ജയം വലിയ ആത്മവിശ്വാസം പകരും.

വനിത സൂപ്പർ ലീഗ് നോർത്ത് ലണ്ടൻ ഡാർബിയിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പന

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് കാണികൾ നോർത്ത് ലണ്ടൻ ഡാർബി കാണാൻ ഇന്ന് എത്തും. ഇതിനകം തന്നെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ 51,000 ടിക്കറ്റുകൾ വിറ്റത് ആയി ആഴ്‌സണൽ അറിയിച്ചിട്ടുണ്ട്. 2019 ലെ ടോട്ടൻഹാം സ്റ്റേഡിയത്തിൽ നടന്ന നോർത്ത് ലണ്ടൻ ഡാർബിയിൽ എത്തിയ 38,000 കാണികളുടെ റെക്കോർഡ് ഇന്ന് ഏതായാലും പഴയ കഥ ആവും എന്നുറപ്പാണ്. മുമ്പ് പലപ്പോഴും വനിത ഫുട്‌ബോളിന്റെ വളർച്ചക്ക് ആയി ടിക്കറ്റുകൾ വെറുതെ നൽകിയും വില കുറച്ച് നൽകിയും ആയിരുന്നു ക്ലബുകൾ കാണികളെ സ്റ്റേഡിയത്തിൽ എത്തിച്ചിരുന്നത്.

എന്നാൽ ഇത്തവണ ടിക്കറ്റുകൾ യഥാർത്ഥ വിലക്ക് തന്നെ വിൽക്കുക ആയിരുന്നു. ഇത് തന്നെ വനിത ഫുട്‌ബോളിന്റെ വലിയ സ്വീകാര്യതക്ക് സൂചന ആണെന്ന് ആഴ്‌സണൽ പരിശീലകൻ പ്രതികരിച്ചു. ആഴ്‌സണൽ വനിതകൾ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി സൂപ്പർ ലീഗ് മത്സരവും എമിറേറ്റ്സിൽ ആണ് കളിക്കുക എന്നതിനാൽ ഈ വർഷം തന്നെ ഈ റെക്കോർഡ് തകർന്നേക്കാനും സാധ്യതയുണ്ട്. യോഗ്യതയിൽ അയാക്‌സിനെ മറികടന്നാൽ ആഴ്‌സണൽ വനിതകൾ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആവും കളിക്കുക.

നിലവിലെ ജേതാക്കളായ ചെൽസിയെ അട്ടിമറിച്ചു വനിത സൂപ്പർ ലീഗിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചു ലിവർപൂൾ

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിലേക്ക് പ്രമോഷൻ ലഭിച്ചു വന്നുള്ള തിരിച്ചു വരവിൽ നിലവിലെ ജേതാക്കൾ ആയ ചെൽസിയെ അട്ടിമറിച്ചു ലിവർപൂൾ വനിതകൾ. മൂന്നു പെനാൽട്ടി ഗോളുകൾ കണ്ട മത്സരത്തിൽ 2-1 നു ആണ് ലിവർപൂൾ ചെൽസിയെ അട്ടിമറിച്ചത്. റെക്കോർഡ് കാണികൾക്ക് മുന്നിൽ തുടക്കത്തിൽ ലിവർപൂളിന് പിഴച്ചു. ഒരു മിനിറ്റ് ആവും മുമ്പ് അവർ പെനാൽട്ടി വഴങ്ങി. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ഫ്രാൻ കിർബി ചെൽസിക്ക് മുൻതൂക്കം സമ്മാനിച്ചു. തുടർന്നു അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ചെൽസിക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ മില്ലി ബ്രൈറ്റിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 67 മത്തെ മിനിറ്റിൽ തന്റെ സൂപ്പർ ലീഗ് അരങ്ങേറ്റത്തിൽ അമേരിക്കൻ താരം കേറ്റി സ്റ്റെൻഗൽ ഗോൾ ആക്കി മാറ്റി. വിജയഗോളിന് ആയി ആക്രമിച്ചു കളിച്ച ലിവർപൂൾ ഒരു പെനാൽട്ടി കൂടി നേടിയപ്പോൾ 87 മത്തെ മിനിറ്റിൽ കേറ്റി ലിവപൂളിന് ജയം സമ്മാനിച്ചു. അടുത്ത ആഴ്ച നടക്കുന്ന എവർട്ടണിനു എതിരായ ഡാർബിക്ക് മുമ്പ് ജയം ലിവർപൂളിന് വലിയ ആത്മവിശ്വാസം പകരും. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ആസ്റ്റൺ വില്ല ആവേശപോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-3 വീഴ്ത്തി. അതേസമയം ടോട്ടൻഹാം ലെസ്റ്റർ സിറ്റിയെ 2-1 നു തോൽപ്പിച്ചപ്പോൾ വെസ്റ്റ് ഹാം എവർട്ടണിനെ ഒരു ഗോളിന് മറികടന്നു.

Exit mobile version