Picsart 23 09 24 20 51 01 832

തീപാറി നോർത്ത് ലണ്ടൻ ഡാർബി! ആഴ്‌സണലിന് എതിരെ സമനില നേടി ടോട്ടനം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ നോർത്ത് ലണ്ടൻ ഡാർബിയിൽ സമനില. 2-2 നു ആണ് ആഴ്‌സണലും ടോട്ടനവും സമനില വഴങ്ങിയത്. ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏതാണ്ട് ഒപ്പത്തിന് ഒപ്പം നിന്ന മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് ആഴ്‌സണൽ ആയിരുന്നു, അതേസമയം പന്ത് കൂടുതൽ നേരം കയ്യിൽ വെക്കാൻ ടോട്ടനത്തിനു ആയി. പരിക്കേറ്റ ട്രൊസാർഡ് കൂടി ഇല്ലാതെയാണ് ആഴ്‌സണൽ കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ 26 മത്തെ മിനിറ്റിൽ ബുകയോ സാകയുടെ ഷോട്ട് ക്രിസ്റ്റിയൻ റൊമേറോയുടെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആയതോടെ ആഴ്‌സണൽ മത്സരത്തിൽ മുന്നിൽ എത്തി.

തുടർന്ന് മാഡിസന്റെ അബദ്ധത്തിൽ ലഭിച്ച സുവർണ അവസരം ലക്ഷ്യത്തിൽ എത്തിക്കാൻ പക്ഷെ ഗബ്രിയേൽ ജീസസിന് ആയില്ല. ഇടക്ക് ബ്രണ്ണൻ ജോൺസന്റെ ഷോട്ട് അവിശ്വസനീയമായി ആണ് ആഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റയ രക്ഷിച്ചത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ടോട്ടനം മത്സരത്തിൽ ഒപ്പം എത്തി. മാഡിസന്റെ പാസിൽ നിന്നു ക്യാപ്റ്റൻ സോൺ ആണ് അവരുടെ ഗോൾ നേടിയത്. പരിക്കേറ്റ ഡക്ലൻ റൈസിനെ ആഴ്‌സണൽ രണ്ടാം പകുതിയിൽ പിൻവലിച്ചു. രണ്ടാം പകുതിയിൽ ആഴ്‌സണൽ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു. കോർണറിൽ ബെൻ വൈറ്റിന്റെ ഷോട്ടിൽ റൊമേറോ ഹാന്റ് ബോൾ വഴങ്ങിയതോടെ വാർ പരിശോധനക്ക് ശേഷം ആഴ്‌സണലിന് പെനാൽട്ടി ലഭിച്ചു. പെനാൽട്ടി അനായാസം ബുകയോ സാക ലക്ഷ്യത്തിൽ എത്തിച്ചു.

എന്നാൽ ഗോൾ നേടി അടുത്ത നിമിഷം തന്നെ ടോട്ടനം സമനില ഗോൾ നേടി. റൈസിന് പകരം എത്തിയ ജോർജീന്യോ വരുത്തിയ വമ്പൻ അബദ്ധത്തിൽ നിന്നു പന്ത് കയ്യിലാക്കിയ മാഡിസൺ പന്ത് സോണിന് നൽകുകയും കൊറിയൻ താരം അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വിജയഗോളിന് ആയി ആഴ്‌സണൽ നിരന്തരം ശ്രമിച്ചു എങ്കിലും ടോട്ടനം വഴങ്ങിയില്ല. ഇടക്ക് ടോട്ടനം ആഴ്‌സണൽ ഗോളും പരീക്ഷിച്ചു. വിജയിക്കാൻ ആവാത്തതും പരിക്കുകളും ആഴ്‌സണലിന് കടുത്ത നിരാശ തന്നെയാണ് നൽകുന്നത്. നിലവിൽ ആറു മത്സരങ്ങളിൽ നിന്നും ഇത് വരെ തോൽവി അറിയാത്ത ഇരു ടീമുകളും 14 പോയിന്റുകളും ആയി നാലും അഞ്ചും സ്ഥാനങ്ങളിൽ ആണ്.

Exit mobile version