യു.എസ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി നയോമി ഒസാക്ക

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിൽ അനായാസ ജയവുമായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മുൻ ജേതാവ് നയോമി ഒസാക്ക. നാലാം സീഡ് ആയ ജപ്പാൻ താരം പതിനാലാം സീഡ് അന്നറ്റ് കോന്റെവെയിറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അവസാന എട്ടിൽ ഇടം പിടിച്ചത്. തന്റെ രണ്ടാം യു.എസ് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന ഒസാക്ക നിലവിലെ ഫോമിൽ കിരീടം നേടാനുള്ള സാധ്യത വലുതാണ്.

എതിരാളിയുടെ നാലു സർവീസ് ബ്രൈക്ക് ചെയ്ത ഒസാക്ക മത്സരത്തിൽ ഒരു സർവീസ് പോലും നഷ്ടപ്പെടുത്തിയില്ല. 6-3 നു ആദ്യ സെറ്റ് നേടിയ ജപ്പാൻ താരം 6-4 നു രണ്ടാം സെറ്റ് നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് പെട്ര ക്വിറ്റോവയെ അട്ടിമറിച്ച് എത്തുന്ന അമേരിക്കയുടെ സീഡ് ചെയ്യാത്ത ഷെൽബി റോജേഴ്‌സ് ആവും ഒസാക്കയുടെ എതിരാളി.

ഉക്രൈൻ താരത്തെ മറികടന്നു ഒസാക്ക, പെട്ര മാർടിച്ചും നാലാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ സീഡ് ചെയ്യാത്ത ഉക്രൈൻ താരം മാർത്ത കോസ്റ്റിയുക്കിന്റെ വെല്ലുവിളി അതിജീവിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറി നാലാം സീഡ് നയോമി ഒസാക്ക. തുടക്കത്തിൽ താളം കണ്ടാത്താൻ വിഷമിച്ച ഉക്രൈൻ താരത്തിന് മേൽ ജപ്പാൻ താരം എളുപ്പം ആധിപത്യം നേടി. എതിരാളിയുടെ സർവീസ് എളുപ്പം ബ്രൈക്ക് ചെയ്ത ഒസാക്ക സെറ്റ് 6-3 നു നേടി. എന്നാൽ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയ ഉക്രൈൻ താരം സെറ്റ് കയ്യിലാക്കി മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റിൽ തന്റെ മികവ് തിരിച്ചു പിടിച്ച ഒസാക്ക ഒന്നിലധികം തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു. 6-2 നു സെറ്റ് നേടിയ ഒസാക്ക മത്സരം സ്വന്തം പേരിൽ കുറിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറി.

സീഡ് ചെയ്യാത്ത റഷ്യൻ താരം ഗ്രച്ചേവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് എട്ടാം സീഡ് പെട്ര മാർടിച്ച് തകർത്തത്. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ക്രൊയേഷ്യൻ താരം 6-3, 6-3 എന്ന സ്കോറിന് ആണ് ജയം കണ്ടത്. സ്പാനിഷ് താരം സാറയെ 6-3, 7-5 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന പതിനാറാം സീഡ് ബെൽജിയം താരം എൽസി മെർട്ടൻസും നാലാം റൗണ്ടിലേക്ക് മുന്നേറി. ഇരുപത്തി ഒന്നാം സീഡ് റഷ്യയുടെ അലക്സൻഡ്രോവ, ഇരുപത്തി മൂന്നാം സീഡ് യൂലിയ എന്നിവരും നാലാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

നാട്ടുകാരിയുടെ പോരാട്ടം അതിജീവിച്ച് നയോമി ഒസാക്ക രണ്ടാം റൗണ്ടിൽ, കൊക്കോ ഗോഫ്‌ പുറത്ത്

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ സ്വന്തം നാട്ടുകാരിയായ മിസാക്കി ഡോയിയുടെ പോരാട്ടം അതിജീവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി ജപ്പാൻ താരവും നാലാം സീഡുമായ മുൻ ജേതാവ് നയോമി ഒസാക്ക. പൂർണ്ണമായും ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ലാത്ത ഒസാക്ക നേരത്തെ സിൻസിനാറ്റി ഫൈനലിൽ നിന്നു വിട്ട് നിന്നിരുന്നു. അതിനാൽ തന്നെ ഒസാക്കക്ക് മത്സരം എളുപ്പമല്ലായിരുന്നു. ആദ്യ സെറ്റ് 6-2 നു നേടിയ ഒസാക്ക രണ്ടാം സെറ്റിൽ ആദ്യമേ തന്നെ ബ്രൈക്ക് വഴങ്ങി ഒരുപാട് പിന്നിലേക്ക് പോയി. എന്നാൽ തിരിച്ചു വരവ് നടത്തിയ ഒസാക്കക്ക് എതിരെ വിട്ട് കൊടുക്കാതെ പൊരുതിയ ഡോയ് രണ്ടാം സെറ്റ് 7-5 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചു വന്ന ഒസാക്ക 6-2 നു സെറ്റ് സ്വന്തമാക്കി രണ്ടാം റൗണ്ട് ഉറപ്പിച്ചു.

ഏഴ് തവണ ജേക്കബ് ബ്ലേക്ക് എന്ന കറുത്ത വർഗ്ഗക്കാരനു നേരെ അമേരിക്കൻ പോലീസ് വെടി ഉതിർത്തതിന്റെ പ്രതിഷേധം അറിയിക്കാൻ ഏഴ് മാസ്ക്കുകളിൽ പോലീസ് ക്രൂരതക്ക് ഇറയായവരുടെ പേര് എഴുതി ആയിരുന്നു ഒസാക്ക കളത്തിലെത്തിയത്. മത്സരശേഷം വംശീയതക്ക് എതിരെ പ്രതികരിക്കുകയും ചെയ്തു ഒസാക്ക. അതേസമയം അമേരിക്കയുടെ യുവ താരം കൊക്കോ ഗോഫ്‌ ആദ്യ റൗണ്ടിൽ പുറത്തായി. 31 സീഡ് സെവറ്റോവക്ക് എതിരെ മൂന്ന് സെറ്റ് പോരാട്ടത്തിൽ ആണ് ഗോഫ്‌ തോറ്റത്. 13 ഇരട്ട സർവീസ് പിഴവുകൾ വരുത്തിയ യുവ താരം 6-3, 5-7, 6-4 എന്ന സ്കോറിന് ആണ് പരാജയം വഴങ്ങിയത്.

പ്രതിഫലകണക്കിൽ സെറീനയെ മറികടന്ന് നയോമി ഒസാക്ക, ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന വനിതകായിക താരം

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിത കായിക താരമായി ജപ്പാന്റെ യുവ ടെന്നീസ് താരം നയോമി ഒസാക്ക. ഇതിഹാസതാരം സാക്ഷാൽ സെറീന വില്യംസ്, ഗ്ലാമർ ഐക്കൺ മരിയ ഷറപ്പോവ എന്നിവരെ ഒക്കെയാണ് 22 കാരിയായ ഒസാക്ക പ്രതിഫലകണക്കിൽ മറികടന്നത്. ഇത് വരെ 2 തവണ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയ ഒസാക്ക സിംഗിൾസിൽ ഗ്രാന്റ് സ്‌ലാം കിരീടം നേടുന്ന ആദ്യ ഏഷ്യൻ താരവും ആയിരുന്നു. ഫോർബിസിന്റെ പുതിയ കണക്ക് പ്രകാരം ഒസാക്ക കളത്തിലും പരസ്യത്തിനും ഒക്കെയായി പ്രതിഫലത്തിൽ ഇതിഹാസതാരത്തെ പിന്തളളി.

കഴിഞ്ഞ 12 മാസങ്ങളായി ഫോർബിസിന്റെ കണക്ക് പ്രകാരം 37.4 മില്യൺ ഡോളർ ആണ് കളത്തിലും പുറത്തുമായി ഒസാക്കയുടെ വരുമാനം. ഇതോടെ ഒരു വർഷം ഒരു വനിത കായികതാരം നേടുന്ന ഏറ്റവും ഉയർന്ന വരുമാനം എന്ന റെക്കോർഡും ഒസാക്ക സ്വന്തമാക്കി. 2015 ൽ ഷറപ്പോവ സ്ഥാപിച്ച 29.7 മില്യൺ ഡോളർ എന്ന റെക്കോർഡ് ആണ് ഒസാക്ക പഴയ കഥയാക്കിയത്. കഴിഞ്ഞ 4 വർഷവും സെറീന ആയിരുന്നു ലിസ്റ്റിൽ ഒന്നാമത്. ഒന്നാം റാങ്കിൽ എത്തിയ ആദ്യ ഏഷ്യൻ താരം കൂടിയായ ഒസാക്ക കായികതാരങ്ങളിൽ പ്രതിഫലകണക്കിൽ ഫോർബിസിന്റെ കണക്ക് പ്രകാരം 29 സ്ഥാനത്ത് ആണ്, സെറീന ആവട്ടെ 33 മതും. നിലവിൽ നൈക്കി, നിസാൻ മോട്ടോഴ്‌സ്, യോനക്‌സ് തുടങ്ങിയ ആഗോളഭീമൻ കമ്പനികളുടെ ബ്രാൻഡ് അമ്പാസിഡർ ആണ് ഒസാക്ക.

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി സെറീനയും ഒസാക്കയും

ഓസ്‌ട്രേലിയൻ ഓപ്പണിൽ റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം പിന്തുടരുന്ന ഇതിഹാസ താരം സെറീന വില്യംസ് രണ്ടാം റൗണ്ടിൽ. റഷ്യയുടെ അനസ്താഷ്യ പോറ്റപോവയെ അക്ഷരാർത്ഥത്തിൽ തകർത്താണ് എട്ടാം സീഡ് ആയ സെറീന രണ്ടാം റൗണ്ടിൽ എത്തിയത്. ആദ്യ സെറ്റിൽ എതിരാളിയെ നിലം തൊടീക്കാത്ത സെറീന 6-0 സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും മികവ് തുടർന്ന സെറീന 6-3 രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. തുടർച്ചയായ ഗ്രാന്റ് സ്‌ലാം ഫൈനലുകളിലെ തോൽവിക്ക് പകരം വീട്ടാൻ ഇറങ്ങുന്ന സെറീന ഈ പ്രകടനത്തിലൂടെ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് ആണ് നൽകിയത്. 58 മിനിറ്റിനുള്ളിൽ ജയം കണ്ട സെറീന 350 മത്തെ ഗ്രാന്റ് സ്‌ലാം ജയം ആണ് ഇതോടെ സ്വന്തമാക്കിയത്. കളിച്ച 74 ഗ്രാന്റ് സ്‌ലാമുകളിൽ ഇത് 73 മത്തെ തവണയാണ് ആദ്യ മത്സരത്തിൽ സെറീന ജയം കാണുന്നത്. അമേരിക്കൻ താരം ക്രിസ്റ്റിയെ 6-1,6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് മുൻ ലോക ഒന്നാം നമ്പർ ആയ കരോലിന വോസ്നിയാക്കിയും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

അതേസമയം ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി നിലവിലെ ജേതാവ് നയോമി ഒസാക്ക. മൂന്നാം സീഡ് ആയ ഒസാക്ക സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം മരിയ ബോസ്കോവയെ ആണ് മറികടന്നത്. തന്റെ മികവ് മത്സരത്തിൽ പൂർണമായും കൊണ്ട് വന്ന ഒസാക്ക 6-2,6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് താരത്തെ തകർത്തത്. തന്റെ തുടർച്ചയായ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ലക്ഷ്യമിടുന്ന ഒസാക്കക്ക് ഇത് വളരെ മികച്ച തുടക്കം തന്നെയാണ്. അതേസമയം അമേരിക്കയുടെ 14 സീഡ് സോഫിയ കെനിനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇറ്റാലിയൻ താരം മാർട്ടിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അമേരിക്കൻ താരം മറികടന്നത്.

പരിശീലകനുമായി പിരിഞ്ഞ് നയോമി ഒസാക്ക

തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പിറകെ പരിശീലകൻ ജെർമെയ്ൻ ജെങ്കിൻസുമായി പിരിഞ്ഞ് മുൻ ലോക ഒന്നാം നമ്പർ താരം നയോമി ഒസാക്ക. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് 34 കാരനായ മുൻ അമേരിക്കൻ വനിത ടെന്നീസ് പരിശീലകൻ കൂടിയായ ജെങ്കിൻസ് 21 കാരിയായ ജപ്പാൻ താരത്തിന്റെ പരിശീലകൻ ആവുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ് ഓപ്പൺ എന്നിവയിലൊക്കെ നേരത്തെ പുറത്തായ ഒസാക്കക്ക് ഇതിനിടയിൽ ആദ്യ 20 റാങ്കിൽ ഉള്ള ഒരു താരത്തോട് പോലും ജയം കാണാൻ സാധിച്ചിരുന്നില്ല.

അതിനാൽ തന്നെയാണ് ഇത്തരം കടുത്ത തീരുമാനം എടുക്കാൻ ഒസാക്ക നിർബന്ധിത ആയത്. 2018 ൽ യു.എസ് ഓപ്പണും 2019 ൽ ഓസ്‌ട്രേലിയൻ ഓപ്പണും നേടിയ ശേഷം പരിശീലകൻ സാഷ ബാജിനുമായി പിരിഞ്ഞ ശേഷമാണ് ഒസാക്ക ജെങ്കിൻസിനെ പരിശീലകൻ ആക്കുന്നത്. എന്നാൽ ഈ തീരുമാനം തികച്ചും പരാജയം ആവുകയായിരുന്നു. പുതിയ പരിശീലകനെ കണ്ടത്തും വരെ പിതാവ് ലെനാർഡ് ഫ്രാൻകോസ് ആവും ഒസാക്കയെ പരിശീലിപ്പിക്കുക.

വീണ്ടും അട്ടിമറി! നിലവിലെ ജേതാവ് നയോമി ഒസാക്കയും യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനൽ കാണാതെ പുറത്ത്

യു.എസ് ഓപ്പണിൽ അട്ടിമറികൾ തുടർക്കഥയാകുന്നു. ഇന്നലെ പുരുഷവിഭാഗത്തിൽ നിലവിലെ ജേതാവ് നൊവാക് ദ്യോക്കോവിച്ച് പുറത്ത് പോയപ്പോൾ വനിത വിഭാഗത്തിൽ രണ്ടും മൂന്നും സീഡ് ആയ ബാർട്ടിയും പ്ലിസ്‌കോവയും പുറത്തായി. ഏതാണ്ട് ഇതിന്റെ തുടർച്ച എന്നോണം ഇന്ന് നിലവിലെ ജേതാവും ഒന്നാം സീഡുമായ നയോമി ഒസാക്കയും യു.എസ് ഓപ്പൺ ആദ്യ എട്ട് കാണാതെ പുറത്ത്. 22 കാരിയായ 13 സീഡ് ബെലിന്ത ബെനചിച്ച് ആണ് ഒസാക്കയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. ഇൻഡോറിൽ നടന്ന മത്സരത്തിൽ 2019 ൽ കളിച്ച മൂന്നാമത്തെ മത്സരത്തിലും ഒസാക്കക്ക് എതിരെ ജയം കണ്ട ബെനചിച്ച് ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. മുമ്പ് 17 മത്തെ വയസ്സിൽ 2014 ൽ യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനൽ കളിച്ച താരം ഇത് രണ്ടാം തവണയാണ് യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിൽ കടക്കുന്നത്.

രണ്ട് പേരും നന്നായി പൊരുതിയ ആദ്യ സെറ്റിൽ ഒസാക്കയുടെ അവസാനസർവീസ് ബ്രൈക്ക് ചെയ്ത ബെനചിച്ച് സെറ്റ് 7-5 നു സ്വന്തമാക്കി. എന്നാൽ പിന്നിൽ നിന്ന് തിരിച്ചു വരവ് അത്ര പുതുമയല്ലാത്ത ഒസാക്ക തിരിച്ചു വരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ മത്സരത്തിൽ ഒന്നു കൂടി പിടിമുറുക്കിയ ബെനചിച്ച് രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കി യു.എസ് ഓപ്പണിന്റെ അവസാന എട്ടിലേക്ക് മുന്നേറി. കഴിഞ്ഞ ഫ്രഞ്ച്‌ ഓപ്പണിൽ ബെനചിച്ചിനെ തോൽപ്പിച്ച ക്രൊയേഷ്യൻ താരം 23 സീഡ് ഡോന വെകിച്ച് ആണ് ആണ് ക്വാട്ടർ ഫൈനലിൽ ബെനചിച്ചിന്റെ എതിരാളി. ജർമ്മൻ താരം ജൂലിയ ഗോർജെസിനെ മാരത്തോൺ പോരാട്ടത്തിൽ മറികടന്നാണ് ഡോന തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ക്വാട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്‌.

അക്ഷരാർത്ഥത്തിൽ ഇത് വരെ ഈ യു.എസ് ഓപ്പൺ കണ്ടതിൽ ഏറ്റവും മികച്ച മത്സരം ആയിരുന്നു 23 സീഡ് ഡോന, 26 സീഡ് ജൂലിയ പോരാട്ടം. ഏതാണ്ട് രണ്ട് മണിക്കൂർ 45 മിനിറ്റു നീണ്ടു നിന്ന മത്സരത്തിൽ ജയത്തിനായി ഇരു താരങ്ങളും കഴിവിന്റെ പരമാവധി പൊരുതി. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജർമ്മൻ താരം ജൂലിയ മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം സെറ്റിൽ ഈ ആധിപത്യം തുടർന്ന താരം മാച്ച് പോയിന്റും നേടി. എന്നാൽ നിർണായക സമയത്ത് താരത്തിന് പിഴച്ചപ്പോൾ ഡബിൾ ബ്രൈക്ക് അടക്കം ജൂലിയക്ക് വന്ന പിഴവുകൾ മുതലെടുത്തു ഡോന. രണ്ടാം സെറ്റിൽ മാച്ച് പോയിന്റ് അതിജീവിച്ച ക്രൊയേഷ്യൻ താരം സെറ്റ് 7-5 നു സ്വന്തമാക്കി. ഈ വീഴ്ചയിൽ നിന്നു കരകയറാൻ മൂന്നാം സെറ്റിലും ജർമ്മൻ താരത്തിന് സാധിക്കാതെ വന്നപ്പോൾ 6-3 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കിയ ക്രൊയേഷ്യൻ താരം തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ക്വാട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു.

വീണ്ടുമൊരു പുതിയ ചാമ്പ്യൻ അവതരിക്കുമോ യു.എസ് ഓപ്പൺ വനിത വിഭാഗത്തിൽ?

പുരുഷവിഭാഗത്തിൽ ചരിത്രം കണ്ട എക്കാലത്തെയും മഹത്തായ 3 ടെന്നീസ് താരങ്ങളുടെ പൂർണ ആധിപത്യം കാണുമ്പോൾ വനിതാവിഭാഗം അതിൽ നിന്ന് തീർത്തും വ്യത്യസ്തമാണു. ഓരോ ഗ്രാന്റ്‌ സ്‌ലാമിലും പുതിയ ജേതാക്കളെ സമ്മാനിക്കുന്ന ആരും സമ്പൂർണ ആധിപത്യം നേടാത്ത രീതി. സെറീന വില്യംസിന്റെ സമഗ്രാധിപത്യം പലപ്പോഴും വിരസമാക്കിയ വനിത ടെന്നീസിൽ ഈ അടുത്ത വർഷങ്ങളിൽ നടക്കുന്നത് ഒരുതരം വിപ്ലവം തന്നെയാണ്. ഈ കഴിഞ്ഞ 4 യു.എസ് ഓപ്പണിലും ജേതാക്കൾ ആയ 3 താരങ്ങളും തങ്ങളുടെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം ആയിരുന്നു യു.എസ് ഓപ്പണിലൂടെ ഉയർത്തിയത്. ഫ്ലാവിയ പെനേറ്റ, സ്ലൊനെ സ്റ്റീഫൻസ്, നയോമി ഒസാക്ക എന്നിവരായിരുന്നു അവർ. ഈ കാലയളവിൽ യു.എസ് ഓപ്പൺ ജയിച്ച ആഞ്ചലിക്ക കെർബർക്ക് ആവട്ടെ അത് അവരുടെ രണ്ടാമത്തെ മാത്രം ഗ്രാന്റ്‌ സ്‌ലാം കിരീടവും. അതിനാൽ തന്നെ പുതിയ ചാമ്പ്യൻമാർ കിരീടം ഉയർത്തുന്നത് സ്ഥിരകാഴ്ചയായ ടെന്നീസിൽ ഈ യു.എസ് ഓപ്പണിലും ഒരു പുതിയ ചാമ്പ്യൻ ഉണ്ടാവും എന്നു കരുതുന്നവർ തന്നെയാണ് അധികവും.

ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ നിലവിലെ ജേതാവ് നയോമി ഒസാക്ക തന്റെ മൂന്നാം ഗ്രാന്റ്‌ സ്‌ലാം തേടിയാവും യു.എസ് ഓപ്പണിൽ ഇറങ്ങുക. കഴിഞ്ഞ വർഷം സെറീന വില്യംസിനെ തോൽപ്പിച്ച് ലോകത്തെ ഞെട്ടിച്ച ഒസാക്ക പക്ഷെ ഈ വർഷം ആദ്യ റൗണ്ടുകളിൽ തന്നെ ഫ്രഞ്ച്‌, വിംബിൾഡൺ ഓപ്പണുകളിൽ വീണു. സമ്മർദ്ദങ്ങൾ ഒസാക്കയുടെ കളിയെ ബാധിക്കുന്നു എന്ന ആരോപണം ഇത്തരത്തിൽ ശക്തമാണ്. ചെറുതായി പരിക്ക് അലട്ടുന്ന ഒസാക്കയുടെ ആദ്യറൗണ്ടിലെ എതിരാളി അന്ന ബ്ലിൻകോവയാണ്. ഒസാക്ക ഫൈനലിൽ എത്താൻ സാധ്യത കൽപ്പിക്കുന്ന ഈ ക്വാട്ടറിലുള്ള രണ്ട് തവണ യു.എസ് ഓപ്പൺ ഫൈനൽ കളിച്ച ബെലാറസ് താരം വിക്ടോറിയ അസരങ്കക്ക് പക്ഷെ ആദ്യ റൗണ്ട് കടക്കും. ഇപ്പോൾ 41 റാങ്കുകാരിയായ അസരങ്കയുടെ ആദ്യറൗണ്ടിലെ എതിരാളി 9 സീഡും നാട്ടുകാരിയും കൂടിയായ അര്യന സബലെങ്കയാണു. കിക്കി ബെർട്ടൻസ്, കാർലോ സുവാരസ് നവാരോ, ജൂലിയ ഗോർജസ് എന്നിവർ അടങ്ങിയ ക്വാട്ടറിൽ ആരാധകരുടെ മുഴുവൻ ശ്രദ്ധയും ഒസാക്ക കഴിഞ്ഞാൽ കൊക്കോ ഗോഫിൽ ആവും. പുതിയ ടെന്നീസ് വിസ്മയമായി അറിയപ്പെടുന്ന വെറും 15 കാരിയായ ഗോഫ് കഴിഞ്ഞ വിംബിൾഡനിൽ വീനസ് വില്യംസിനെ അടക്കം അട്ടിമറിച്ച തന്റെ സ്വപ്നപ്രകടനം നാട്ടുകാർക്ക് മുന്നിൽ എടുക്കാനുള്ള ഒരുക്കത്തിൽ ആണ്. സമ്മർദ്ദം അതിജീവിക്കാൻ ഒസാക്കക്ക് ആയാൽ സെമിഫൈനൽ പ്രേവേശനം ജപ്പാൻ താരത്തിന് അത്ര പ്രയാസം ആകില്ല.

നിലവിലെ വിംബിൾഡൺ ജേതാവും നാലാം സീഡുമായ റൊമാനിയൻ താരം സിമോണ ഹാലപ്പിന് സെമിഫൈനൽ പ്രേവേശനം ഒട്ടും എളുപ്പമാകില്ല എന്നുറപ്പാണ്. സിൻസിനാറ്റി ഓപ്പണിൽ പരിക്ക് മൂലം മത്സരത്തിൽ നിന്നു പിന്മാറിയ ഹാലപ്പിന്റെ ആദ്യ റൗണ്ട് എതിരാളി കാൻസർ അതിജീവിച്ച് ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയ അമേരിക്കൻ താരം നിക്കോള ഗിബ്സ് ആണ്. ചെക് താരങ്ങളുടെ പോരാട്ടത്തിൽ 6 സീഡ് പെട്ര ക്വിവിറ്റോവയുടെ എതിരാളി ഡെന്നിസ അലെർറ്റോവയാണ്. പൂർണമായും ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത താരത്തിനു കടുത്ത വെല്ലുവിളി ആകും നാട്ടുകാരി ഉയർത്തുക. മുൻ യു.എസ് ഓപ്പൺ ജേതാക്കൾ ആയ സ്ലൊനെ സ്റ്റീഫൻസ്, സെവറ്റ്ലാന കുസെനെറ്റ്സോവ രണ്ട് തവണ യു.എസ് ഓപ്പൺ ഫൈനൽ കളിച്ച മുൻ ഗ്രാന്റ്‌ സ്‌ലാം ജേതാവ് കരോളിന വോസ്നിയാക്കി, മുൻ ഫ്രഞ്ച്‌ ഓപ്പൺ ജേതാവ് സ്പാനിഷ് താരം മുഗുരേസ, അപകടകാരിയായ യെലേന ഒസ്റ്റപെങ്കോ എന്നിവർ ഉൾപ്പെടുന്ന ക്വാട്ടറിൽ ഹാലപ്പിനെ കൂടാതെ സെമിഫൈനലിൽ എത്താൻ വലിയ സാധ്യത കൽപ്പിക്കുന്നത് യുവതാരം ബിയാങ്ക ആന്ദ്രീസുവിനാണ്. ഈ കഴിഞ്ഞ ടോറന്റോ ഓപ്പണിൽ കിരീടം ഉയർത്തിയ ബിയാങ്ക അപകടകാരിയാണ്.

മുൻ ഗ്രാന്റ്‌ സ്ലാം ജേതാക്കൾ ആയ വീനസ് വില്യംസ്‌, സാം സോസർ എന്നിവർ ഉൾപ്പെട്ട ക്വാട്ടറിൽ ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യം വച്ചിറങ്ങുന്ന താരങ്ങൾ നിരവധിയാണ്. മൂന്നാം സീഡ് കരോളിന പ്ലിസ്‌കോവ 2016 ലെ യു.എസ് ഓപ്പൺ ഫൈനലിൽ ഏറ്റതോൽവി മറക്കാനുള്ള പ്രകടനം ആവും ഇത്തവണ ലക്ഷ്യം വക്കുക. ആദ്യ മത്സരത്തിൽ തെരെസ മാർട്ടിൻകോവയെ നേരിടുന്ന പ്ലിസ്‌കോവക്ക് മൂന്നാം റൗണ്ടിൽ കരോളിൻ ഗാർസിയയിൽ നിന്ന് വലിയ വെല്ലുവിളി നേരിട്ടേക്കും. പലരും പ്ലിസ്‌കോവക്കെയാൾ സെമിഫൈനൽ സാധ്യത കൽപ്പിക്കുന്നത് അമേരിക്കൻ താരം മാഡിസൺ കീയ്സിനാണ്. സിൻസിനാറ്റി ഓപ്പൻ ജയിച്ച ആത്മവിശ്വാസത്തിലാണ് കീയ്സ്. തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം കിരീടം ലക്ഷ്യമിടുന്ന കീയ്സിന്റെ ആദ്യ റൗണ്ടിലെ എതിരാളി മിസോക്കി ഡോയാണ്. അവസാനം പരസ്പരം ഏറ്റുമുട്ടിയ മത്സരത്തിൽ കീയ്സിനെ തോൽപ്പിച്ച മിസോക്കി അപകടകാരിയാണ്. ഇവരെ കൂടാതെ വിംബിൾഡൺ സെമിഫൈനൽ കളിച്ച അഞ്ചാം സീഡ് എലീന സ്ലിവിറ്റോലിന ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ കളിച്ച ബ്രിട്ടീഷ് താരം യോഹാന കോന്റ എന്നിവരും സെമിഫൈനലിന് അവകാശവാദം ഉന്നയിക്കാൻ പൊന്നവർ ആണ്. എന്നാൽ കീയ്‌സ്, പ്ലിസ്‌കോവ എന്നിവർക്ക് തന്നെയാണ് കൂടുതൽ സാധ്യതകളും.

തന്റെ റെക്കോർഡ് 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ജയം ലക്ഷ്യമിടുന്ന സെറീന വില്യംസും രണ്ടാം സീഡും ഫ്രഞ്ച്‌ ഓപ്പൺ ജേതാവുമായ ഓസ്‌ട്രേലിയൻ താരം ആഷ്ലി ബാർട്ടിയും ഉൾപ്പെട്ട ക്വാട്ടറിൽ ആദ്യറൗണ്ടിനെ തന്നെ കാത്തിരിക്കുന്നത് സ്വപ്നസമാനമായ മത്സരമാണ്. വർഷങ്ങൾക്ക് ശേഷം സെറീന വില്യംസ്‌ മരിയ ഷറപ്പോവയെ നേരിടുമ്പോൾ അത് ഭൂതകാലത്തെ ഓർമ്മിപ്പിക്കും. 2006 ലെ യു.എസ് ഓപ്പൺ ജേതാവ് ആയ ഷറപ്പോവക്ക് പക്ഷെ കഴിഞ്ഞ 14 വർഷമായി സെറീനക്കു എതിരെ ജയം കാണാൻ ആയിട്ടില്ല. അതിനാൽ തന്നെ അനായാസമായ ആദ്യ റൗണ്ട് ആവും സെറീന വില്യംസ്‌ പ്രതീക്ഷിക്കുക. അതോടൊപ്പം മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആഞ്ചലിക്ക കെർബറും ക്രിസ്റ്റീന മാൾഡനോവിച്ചും തമ്മിലുള്ള മത്സരവും മികച്ച പോരാട്ടമാവും സമ്മാനിക്കുക. എന്നാൽ ഈ വർഷം മികച്ച ഫോമിൽ ഉള്ള ആഷ്ലി ബാർട്ടിക്ക് തന്നെയാണ് സെമിഫൈനലിൽ എത്താൻ പലരും സെറീനയെക്കാൾ സാധ്യത കൽപ്പിക്കുന്നത്. എന്നാൽ റാങ്കിംഗിനപ്പുറമാണ് താനെന്നു വിംബിൾഡൺ ഫൈനലിൽ എത്തി തെളിയിച്ച സെറീനയെ എഴുതി തള്ളാൻ ആവില്ല. ബാർട്ടിക്കോ, സെറീനക്കോ വെല്ലുവിളി ഉയർത്താൻ പറ്റാത്ത താരങ്ങൾ അധികം ഒന്നുമില്ലെന്ന്‌ പറയാവുന്ന ഗ്രൂപ്പിൽ കെർബർക്കോ കഴിഞ്ഞ വർഷം യു.എസ് ഓപ്പൺ സെമിഫൈനൽ കളിച്ച അനസ്ഥാജ സെവസ്റ്റോവാക്കോ വല്ലതും ചെയ്യാൻ ആവുമോ എന്നു കണ്ടറിയണം. 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ഉയർത്താൻ സെറീനക്കു ആവുമോ അല്ല ഒസാക്കയെ പോലെ പരിചിതമുഖങ്ങൾ കിരീടം ഉയർത്തുമോ ഇനി അതുമല്ല പുതിയൊരു ചാമ്പ്യൻ യു.എസ് ഓപ്പണിൽ മുത്തമിടുമോ എന്നൊക്കെ കാത്തിരുന്നു തന്നെ കാണാം.

ഫ്രഞ്ച് ഓപ്പൺ: സെറീന, ഒസാക്ക പുറത്ത്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും സെറീന വില്ല്യംസും, ഒന്നാം നമ്പർ താരമായ നവോമി ഒസാക്കയും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത താരങ്ങൾക്കെതിരെ, നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടേയും തോൽവി. വനിതകളിൽ സിമോണ ഹാലെപ്, മാഡിസൺ കീസ്, ബാർട്ടി എന്നിവർ ജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു.

പുരുഷ വിഭാഗം സിംഗിൾസിൽ നൊവാക് ജോക്കോവിച്ച്, ഡെൽപോട്രോ, തിം, സിസിപ്പാസ്, ഫോനിനി, സ്വരേവ്, വാവ്‌റിങ്ക എന്നിവർ ജയത്തോടെ മുന്നേറിയപ്പോൾ കോറിച്ച് പുറത്തായി. 83 വർഷത്തിൽ ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടിൽ കടക്കുന്ന ആദ്യ ഗ്രീസ് കളിക്കാരൻ എന്ന റെക്കോർഡാണ് ജയത്തോടെ യുവതാരമായ സിസിപ്പാസ് സ്വന്തം പേരിൽ എഴുതി ചേർത്തത്.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ പേസ് അടങ്ങിയ സഖ്യവും, ബ്രയാൻ സഹോദരന്മാരും പുറത്തായി.

ഒസാക്ക കോച്ചുമായി വഴിപിരിഞ്ഞു

ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരവും, നിലവിലെ യുഎസ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ ജേത്രിയുമായ നവോമി ഒസാക്ക കോച്ച് സാഷ ബാജിനുമായുള്ള കരാർ അവസാനിപ്പിച്ചു. കഴിഞ്ഞ 13 മാസത്തോളം ഒസാക്കയുടെ കോച്ച് സാഷ ആയിരുന്നു. ഇക്കാലയളവിൽ രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങളും, ലോക ഒന്നാം നമ്പർ താരമെന്ന നേട്ടവും ജപ്പാനിൽ നിന്നുള്ള ഈ യുവതാരം സ്വന്തമാക്കി.

പിരിയുന്നതിന്റെ കാരണങ്ങൾ വ്യക്തമല്ല എങ്കിലും സാഷയുമായി പിരിയുകയാണ് എന്ന് നവോമി ട്വീറ്റ് ചെയ്തു.

 

ജപ്പാനിൽ നിന്നൊരു പുതിയ ഉദയം

വനിതാ ടെന്നീസിൽ എക്കാലത്തെയും മികച്ച കളിക്കാരിയായ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ജപ്പാനിൽ നിന്നുള്ള ഇരുപത് വയസ്സുകാരി ഒസാക്ക പുതിയ ചരിത്രമെഴുതി. സ്‌കോർ: 6-2,6-4. തന്റെ ഇഷ്ടതാരവും ആരാധനാപാത്രവുമായ സെറീനയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഒസാക്ക പുറത്തെടുത്തത്. 24 കിരീടങ്ങൾ എന്ന മാർഗരറ്റ് കോർട്ടിന്റെ എക്കാലത്തെയും റെക്കോഡിനൊപ്പം എത്തുക എന്ന സെറീനയുടെ മോഹത്തിന് ഭംഗം വരുത്തിയാണ് ജപ്പാൻ താരം കിരീടമുയർത്തിയത്. അമ്മയായ ശേഷമുള്ള തിരിച്ചുവരവിൽ രണ്ട് ഗ്രാൻഡ്സ്ലാം ഫൈനലുകളിലും സെറീനയ്ക്ക് തോറ്റു. നേരത്തേ വിംബിൾഡണിൽ കെർബർ സെറീനയെ തോല്പിച്ചിരുന്നു.

വിവാദങ്ങൾ നിറഞ്ഞു നിന്ന ഫൈനൽ മത്സരമായിരുന്നു യുഎസ് ഓപ്പണിൽ അരങ്ങേറിയത്. സെറീനയുടെ പ്ലെയർ ബോക്സിലിരുന്ന് കോച്ചിങ് ലെസ്സൺ നൽകിയതിന് സെറീനയ്ക്കെതിരെ ചെയർ അമ്പയർ കാർലോസ് റാമോസ് കോർട്ട് വയലേഷൻ വിളിച്ചത് മുതലാണ് വിവാദങ്ങളുടെ ആരംഭം. നിലവിൽ ഗ്രാൻഡ്സ്ലാമുകളിൽ കോച്ചിങ് നൽകുന്നത് കുറ്റകരമാണ്. എന്നാൽ മറ്റുമത്സരങ്ങളിൽ അതിന് വിലക്കില്ല. കോച്ചിങ്‌ നൽകി എന്നും സെറീന അത് കണ്ടിട്ടില്ലെന്നും മത്സരശേഷം കോച്ച് ട്വീറ്റ് ചെയ്തു.

ശക്തമായി പ്രതികരിച്ച സെറീന അമ്പയർ മാപ്പ് പറയണമെന്നും താൻ ഒരിക്കലും ചതി ചെയ്തിട്ടില്ല എന്നും, ചതിക്കുന്നതിൽ ഭേദം തോൽക്കുകയാണെന്നും, ഒരു കുഞ്ഞിന്റെ അമ്മയായത് കൊണ്ടു തന്നെ അവൾക്ക് കൂടെ ശരിയായത് മാത്രമേ ചെയ്യൂ എന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞ് കോർട്ടിൽ റായ്ക്കറ്റ് അടിച്ച് പൊട്ടിച്ചതിന് വീണ്ടും കോർട്ട് വയലേഷനും പോയിന്റ് നഷ്ടവും വിധിച്ചതോടെ സെറീന രൂക്ഷമായി അമ്പയർക്കെതിരെ തിരിഞ്ഞു. നിങ്ങൾ കള്ളനാണെന്ന് കൂടി പറഞ്ഞതോടെ കാണികൾ സെറീനയ്ക്ക് അനുകൂലമായി ഒച്ചവയ്ക്കാൻ തുടങ്ങി. മത്സരശേഷമുള്ള ട്രോഫി പ്രസന്റേഷനിലും ഇത് തുടർന്നത് അതിന്റെ മാറ്റ് കുറച്ചു.

വിവാദങ്ങൾ നിറഞ്ഞു നിന്ന മത്സരമായി എന്നിരുന്നാലും ഇത് ഉദയസൂര്യന്റെ നാട്ടിൽ നിന്നുള്ള പുതിയ താരോദയത്തിന്റെ പേരിൽ അറിയപ്പെടേണ്ട ഒന്നാണ്. സെറീനയ്ക്കെതിരെ ഒരിഞ്ച് പോലും പതറാതെ, കാണികളുടെ പെരുമാറ്റത്തിൽ ആശങ്കപ്പെടാതെ ഗ്രാൻഡ്സ്ലാം ഫൈനൽ പോലെ ഇത്രയും വലിയ മത്സരത്തിൽ ജയിച്ചു കയറിയതിന്. ഒസാക്കാ, ഇന്നത്തേത് പോലെ കാണികളുടെ കൂവലല്ല നിറഞ്ഞ കൈയ്യടികളാണ് നിന്നെ കാത്തിരിക്കുന്നത്

സെറീനയ്ക്ക് ജപ്പാൻ വെല്ലുവിളി

യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം ഫൈനൽ ലൈനപ്പായി. അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്ല്യംസ് ഇരുപതുകാരിയായ ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും. നിലവിലെ ഫൈനലിസ്റ്റ് കൂടിയായ പതിനാലാം സീഡ് മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചാണ് ജപ്പാന്റെ യുവതാരം ഫൈനലിലേക്ക് മുന്നേറിയത് (സ്‌കോർ :6-2,6-4). ആദ്യമായാണ് ടെന്നീസിന്റെ നവീന കാലഘട്ടത്തിൽ ഒരു ജപ്പാൻ വനിതാ താരം ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്. പുരുഷ വിഭാഗത്തിൽ ആ റെക്കോർഡ് നിഷിക്കോരി നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. 13 ബ്രേക്ക് പോയിന്റുകൾ അതിജീവിച്ച നവോമി ഒസാക്ക അതെങ്ങനെ സേവ് ചെയ്‌തെന്ന ചോദ്യത്തിന് ‘സെറീനയുമായി കളിക്കാൻ എന്നാണ് മറുപടി നൽകിയത്’. എന്തായാലും ഏഷ്യൻ മണ്ണ് ടെന്നീസിന് വളക്കൂറുള്ള മണ്ണായി മാറ്റുന്നതിൽ ഒസാക്കയെ പോലുള്ളവരുടെ കഥകൾ ആവശ്യമാണ്.

പത്തൊമ്പതാം സീഡ് സെവസ്റ്റോവയെ തരിപ്പണമാക്കിയ പ്രകടനത്തോടെയാണ് സെറീന ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് 6-3 ന് നേടിയ സെറീന രണ്ടാം സെറ്റിൽ എതിരാളിക്ക് ഒരു ഗെയിം പോലും വഴങ്ങിയില്ല. അമ്മയായ ശേഷവും കഴിവിൽ ഒരു കുറവും വന്നിട്ടില്ലെന്ന് വിളിച്ച് പറയുന്നതായിരുന്നു സെറീനയുടെ പ്രകടനം.

പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ അമേരിക്കയുടെ മൈക് ബ്രയാൻ- ജാക്ക് സോക്ക് സഖ്യം ഫൈനലിൽ പ്രവേശിച്ചു. വിശ്രമത്തിലുള്ള ഇരട്ട സഹോദരൻ ബോബ് ബ്രയാൻ ഇല്ലാതെ ജാക്ക് സോക്കുമായി ഒത്തുചേർന്ന് തുടർച്ചയായി രണ്ടാം ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിലാണ് ഈ ജോഡി എത്തിയത്. നേരത്തേ വിംബിൾഡൺ കിരീടം ഇവർ സ്വന്തമാക്കിയിരുന്നു. കുബോട്ട്-മെലോ സഖ്യത്തെയാണ് അമേരിക്കൻ ജോഡി ഫൈനലിൽ നേരിടുക.

വനിതാ ഡബിൾസ് വിഭാഗത്തിൽ അമേരിക്കയുടെ കോക്കോ വാൻഡവാഗേ അടങ്ങിയ കോക്കോ-ബാർട്ടി സഖ്യം ഫൈനലിൽ പ്രവേശിച്ചു. പതിമൂന്നാം സീഡുകളായ ഇവർ രണ്ടാം സീഡുകളായ ബാബോസ്-മ്ലെഡെനോവിച്ച് സഖ്യതത്തെയാണ് ഫൈനലിൽ എതിരിടുക. മിക്സഡ് ഡിസ്‌ബിൾസിൽ ജെയ്മി മറെ-മാറ്റക് സാന്റ്സ് സഖ്യവും ഫൈനലിൽ കടന്നിട്ടുണ്ട്. ഇതോടെ പുരുഷ സിംഗിൾസിൽ ഒഴികെ എല്ലാ വിഭാഗത്തിലും അമേരിക്കൻ സാന്നിധ്യമായി എന്നതാണ് ഈ യുഎസ് ഓപ്പണിന്റെ സവിശേഷത.

Exit mobile version