മുഹമ്മദ് ഇർഷാദ് ഇനി മൊഹമ്മദൻസിൽ

ഇർഷാദ് ഇനി മൊഹമ്മദൻസിൽ. താരം ഐ ലീഗ് ക്ലബിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ഇർഷാദ് നോർത്ത് ഈസ്റ്റ് വിട്ടതായി ക്ലബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവസാന രണ്ടു വർഷമായി ഇർഷാദ് നോർത്ത് ഈസ്റ്റിനൊപ്പം ഐ എസ് എല്ലിൽ ഉണ്ടായിരുന്നു. മുൻ ഗോകുലം കേരള ക്യാപ്റ്റൻ ആണ് മുഹമ്മദ് ഇർഷാദ്.

നോർത്ത് ഈസ്റ്റിൽ എത്തും മുമ്പ് പഞ്ചാബ് എഫ് സിയിലും ഈസ്റ്റ് ബംഗാളിലുമായാണ് ഇർഷാദ് കളിച്ചിരുന്നത്. അതിനു മുമ്പ് മൂന്ന് സീസണുകളോളം ഗോകുലത്തിനൊപ്പം ഇർഷാദ് ഉണ്ടായിരുന്നു. വേഴ്സറ്റൈൽ താരമായ ഇർഷാദ് മൊഹമ്മദൻസ് ടീമിനു കരുത്ത് നൽകും. മിഡ്ഫീൽഡർ ആണെങ്കിലും റൈറ്റ് ബാക്കിന്റെ റോളിലും ഇർഷാദ് മികവ് തെളിയിച്ചിട്ടുണ്ട്.

ഗോകുലം ഡ്യൂറണ്ട് കപ്പ് കിരീടം നേടിയപ്പോൾ ഇർഷാദ് ടീമിൽ ഉണ്ടായിരുന്നു. തിരൂർ സാറ്റ്‌ അക്കാഡമിയിലൂടെ വളർന്നു വന്ന ഇർഷാദ് സാറ്റിനായി കേരള പ്രീമിയർ ലീഗിൽ അടക്കം നിരവധി ടൂർണമെന്റുകളിൽ മുമ്പ് കളിച്ചിട്ടുണ്ട്. സർവീസസിന് വേണ്ടിയും മഹാരാഷ്ട്രയ്ക്ക് വേണ്ടും സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട്. ഡി.എസ്.കെ ശിവാജിയൻസ്, ഫത്തേഹ് ഹൈദരാബാദ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 2015 നാഷണൽ ഗെയിംസിൽ മഹാരാഷ്ടയ്ക്ക് വേണ്ടി കളിച്ച്  ടോപ്സ്കോറർ പട്ടം സ്വന്തമാക്കിയ താരമാണ് ഈ തിരൂരുകാരൻ.

ഡ്യൂറന്റ് കപ്പ്; മലയാളി താരം ബ്രിട്ടോ ഗോൾ കണ്ടെത്തിയിട്ടും മുഹമ്മദൻസിനോട് കീഴടങ്ങി ഇന്ത്യൻ നേവി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെ കീഴടക്കി മുഹമ്മദൻ സ്പോർട്ടിങ്.
ഡേവിഡ് ലാലൻസംഗ, രേംസാങ്ങ എന്നിവർ ജേതാക്കൾക്കായി ഗോൾ നേടിയപ്പോൾ മലയാളി താരമായ ബ്രിട്ടോ ആണ് ഇന്ത്യൻ നേവിയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഗ്രൂപ്പിൽ തുടർ വിജയവുമായി മുംബൈ സിറ്റി അടുത്ത റൗണ്ടിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുഹമ്മദൻസിന് അടുത്ത മത്സരത്തിൽ വലിയ തിരിച്ചു വരവ് നടത്തിയാൽ മികച്ച രണ്ടാം സ്ഥാനക്കാർക്കു വേണ്ടിയുള്ള സ്ഥാനത്തിൽ പ്രതീക്ഷ ആർപ്പിക്കാം.

ഗോൾ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. പന്ത്രണ്ടാം മിനിറ്റിൽ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഡേവിഡ് ലാലൻസംഗയുടെ ശ്രമം നേവി കീപ്പർ വിഷ്ണു തടുത്തതും താരത്തിന്റെ കൗണ്ടർ അറ്റാക്കിൽ നിന്നുള്ള മറ്റൊരു ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയതും ആയിരുന്നു ആദ്യ പകുതിയിലെ പ്രധാന അവസരങ്ങൾ. നഹ്വെൽ ഗോമസിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി തെറിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുഹമ്മദൻ സ്പോർട്ടിങ് ലീഡ് നേടി. ബികാശിന്റെ ബോക്സിനുള്ളിലേക്കുള്ള ത്രൂ ബോൾ പിടിച്ചെടുത്ത ലാലൻസംഗ പ്രതിരോധ താരത്തെയും കീപ്പറേയും വീട്ടിയൊഴിഞ്ഞു ലക്ഷ്യം കാണുകയായിരുന്നു. പിറകെ ഗോമസിന്റെ ലോങ് റേഞ്ചറിൽ വിഷ്ണുവിന്റെ മനോഹരമായ സേവ് നേവിയുടെ രക്ഷക്കെത്തി. അറുപതിയോൻപതാം മിനിറ്റിൽ രേംസാങ്ങ ലീഡ് ഇരട്ടിയാക്കി. ലാലൻസാംഗയാണ് ഇത്തവണ അസിസ്റ്റുമായി ചരട് വലിച്ചത്. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ ഇന്ത്യൻ നേവി കിണഞ്ഞു ശ്രമിച്ചു. 89ആം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും ബ്രിട്ടോയുടെ ഹെഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. എന്നാൽ മത്സരം അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ബ്രിട്ടോയിലൂടെ തന്നെ നേവി ഒരു ഗോൾ മടക്കി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുള്ള ഫൗളിൽ റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ താരം അനായാസം ലക്ഷ്യം കാണുകയായിരുന്നു.

ഡ്യൂറണ്ട് കപ്പ്; മൊഹമ്മദൻസിനെ തോൽപ്പിച്ച് മുംബൈ സിറ്റി തുടങ്ങി

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി മൊഹമ്മദൻസിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്ന് മുംബൈ സിറ്റിയുടെ വിജയം. മത്സരത്തിന്റെ 12ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ റോസ്റ്റിൻ മുംബൈ സിറ്റിക്ക് ലീഡ് നൽകി. ഗ്രെഗിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഹെഡർ.

23ആം മിനുട്ടിൽ പെരേര ഡിയസ് ലീഡ് ഇരട്ടിയാക്കി. നൊഗുവേരയുടെ ഒരു ഷോട്ട് സേവ് ചെയ്യപ്പെട്ടപ്പോൾ ഒരു ടാപിന്നിലൂടെ ഡിയസ് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. 35ആം മിനുട്ടിൽ ചാങ്തെയും മുംബൈ സിറ്റിക്ക് ആയി ഗോൾ നേടി. ബിപിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.

42ആം മിനുട്ടിൽ ഡേവിഡിലൂടെ ഒരു ഗോൾ മൊഹമ്മദൻസ് മടക്കി എങ്കിലും അതിനപ്പുറം കളിയിൽ ഒന്നും നേടാൻ മൊഹമ്മദൻസിലായില്ല.

മലബാറാണ്, മലബാറിയൻസാണ്!! സൂപ്പർ കപ്പിൽ ഗോകുലം കേരളയുടെ താണ്ഡവം

ഗോൾ മഴ പെയ്ത സൂപ്പർ കപ്പ് ക്വാളിഫയർ മത്സരത്തിൽ മുഹമ്മദൻസിനെതിരെ ഗംഭീര വിജയം കുറിച്ച് ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയം കുറിച്ചാണ് ഗോകുലം ചിരപരിചിതമായ സ്വന്തം കോഴിക്കോടിന്റെ മണ്ണിലേക്ക് ടിക്കറ്റ് എടുത്തത്. ഒമർ റാമോസ്, സൗരവ്, ഫാർഷാദ് നൂർ, താഹിർ സമാൻ, അബ്ദുൽ ഹക്കു എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. മുഹമ്മദൻസിന്റെ ആശ്വാസ ഗോളുകൾ അബിയോള ദൗഡയാണ് കുറിച്ചത്. സൂപ്പർ കപ്പ് ഗ്രൂപ്പ് സി യിലേക്കാണ് ഗോകുലം കടക്കുക. എഫ്സി ഗോവ, എടികെ മോഹൻ ബഗാൻ, ജാംഷദ്പൂർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ആദ്യ മിനിറ്റിൽ തന്നെ നൗഫലിന്റെ ബോക്സിനുള്ളിൽ നിന്നുള്ള ശ്രമം മിഥുൻ കൈക്കലാകുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. പത്താം മിനിറ്റിൽ ഗോകുലം ലീഡ് എടുത്തു. ഓസർ റാമോസ് ആണ് വല കുലുക്കിയത്. സമുവലിന്റെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 27ആം മിനിറ്റിൽ മുഹമ്മദൻസ് തിരിച്ചടിച്ചു. പിന്നീട് ഇരു ടീമിനും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ ആദ്യ പകുതി ഇതേ സ്കോറിന് പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വരാനുള്ളതിന്റെ സൂചനകൾ നൽകി ഗോകുലം ലീഡ് എടുത്തു. എതിർ പ്രതിരോധത്തെ ഒന്നൊന്നായി മറികടന്ന് 21 കാരൻ സൗരവ് ആണ് 47ആം മിനിറ്റിൽ വല കുലുക്കിയത്. എന്നാൽ ഗോൾ വഴങ്ങി ഒരു മിനിറ്റ് തികയുന്നതിന് മുൻപ് വീണ്ടും ദൗഡയിലൂടെ മുഹമ്മദൻസ് സമനില നേടി. 64 ആം മിനിറ്റിൽ മികച്ചൊരു റൺ എടുത്തു മുന്നേറിയ ഫാർഷാദ് നൂർ, ബോക്സിലേക്ക് കയറി ഗംഭീരമായ ഫിനിഷിങിലൂടെ വീണ്ടും ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. 77ആം മിനിറ്റിൽ താഹിർ സമാനിലൂടെ ഗോകുലം ലീഡ് വർധിപ്പിച്ചു. മുഴുവൻ സമായത്തിന് ആറു മിനിറ്റ് ബാക്കി നിൽക്കെ അബ്ദുൽ ഹക്കുവിന്റെ ഗോളോടെ ഗോകുലം വിജയം അരക്കട്ടുറപ്പിച്ചു.

മെഹ്റാജുദ്ദീൻ വാദുവിന് മൊഹമ്മദൻസിൽ സ്വപ്ന തുടക്കം, ലീഗിലെ ഒന്നാം സ്ഥാനക്കാതെ 10 ഗോൾ ത്രില്ലറിൽ തോൽപ്പിച്ചു

ഐ ലീഗിൽ ഇന്ന് നടന്ന മൊഹമ്മദൻസും ശ്രീനിധി ഡെക്കാനും തമ്മിലുള്ള മത്സരം ഈ സീസൺ ഐ ലീഗിലെ തന്നെ ഏറ്റവും മികച്ച മത്സരമാകും. 10 ഗോൾ പിറന്ന ത്രില്ലറിൽ 6-4 എന്ന സ്കോറിന് മൊഹമ്മദൻസ് വിജയിച്ചു. മൊഹമ്മദൻസ് പരിശീലകനായ മെഹ്റാജുദ്ദീൻ വാദുവിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ശ്രീനിധി ഡെക്കാന് ഈ പരാജയം അവരുടെ കിരീട പോരാട്ടത്തിൽ വലിയ തിരിച്ചടിയാണ്.

ഇന്ന് രണ്ടാം മിനുട്ടിൽ തന്നെ ഗോളടി തുടങ്ങി. 2ആം മിനുട്ടിൽ കീൻ ലൂയിസിലൂടെ ആണ് മൊഹമ്മദൻസ് ലീഡ് എടുത്തത്. ഇതിന് തൊട്ടടുത്ത മിനുട്ടിൽ ശ്രീനിധി റിൾവാൻ ഹസനിലൂടെ മറുപടി നൽകി. 21ആം മിനുട്ടിൽ ദൗദയിലൂടെ വീണ്ടും മൊഹമ്മദൻസിന് ലീഡ്. 28ആം മിനുട്ടിൽ കാസ്റ്റനെഡ പെനാൾട്ടിയിലൂടെ സ്കോർ വീണ്ടും ലെവലാക്കി. സ്കോർ 2-2.

30ആം മിനുട്ടിൽ ദൗദയുടെ രണ്ടാം ഗോൾ. മൊഹമ്മദൻസ് 3-2ന് മുന്നിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫൈസിലൂടെ കൊൽക്കത്തൻ ക്ലബ് ലീഡ് 4-2ആക്കി. 67ആം മിനിട്ടിൽ വീണ്ടും കീൻ ലൂയിസിന്റെ ഗോൾ. 5-2. പിന്നെ സ്റ്റൊഹാനിചും കൂടെ മൊഹമ്മദൻസിനായൊ ഗോൾ നേടി. ശ്രീനിധി അവസാനം രണ്ട് ഗോളുകൾ കൂടെ നേടിയെങ്കിലും ഫലം മൊഹമ്മദൻസിന് അനുകൂലമായി നിന്നു.

പരാജയപ്പെട്ട ശ്രീനിധി 40 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച പഞ്ചാബിനും 40 പോയിന്റ് ഉണ്ട്.

വീണ്ടും ഗോളുമായി മലയാളി താരം ഫസലുറഹ്മാൻ, ട്രാവുവിനെയും വീഴ്ത്തി മൊഹമ്മദൻസ്

മലയാളി താരം ഫസലുറഹ്മാൻ വീണ്ടും വലകുലുക്കിയപ്പോൾ മുഹമ്മദൻസിന് ഐ ലീഗിൽ തുടർച്ചയായി രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ട്രാവു എഫ്സിയെ അവർ കീഴടക്കി. കഴിഞ്ഞ മത്സരത്തിലും താരം ഗോൾ കണ്ടെത്തിയിരുന്നു. വിജയത്തോടെ ട്രാവുവിനെ മറികടന്ന് ആറാമതെത്താനും മുഹമ്മദൻസിനായി.

കൊൽക്കത്തയിൽ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും അവസരം തുറന്നെടുക്കാൻ മടിച്ചപ്പോൾ പന്ത് കൈവശം വെക്കുന്നതിൽ മുൻതൂക്കം ട്രാവുവിനായിരുന്നു. തുടക്കത്തിൽ ട്രാവുവിന്റെ പോകുവിനും ബികാശ് സിങിനും ലഭിച്ച ഹെഡർ അവസരങ്ങൾ ലക്ഷ്യത്തിൽ എത്താതെ പോയി. നാൽപതാം മിനിറ്റിൽ മുഹമ്മദൻസിന്റെ ഗോൾ എത്തി. അഭിഷേക് ബോക്സിലേക്ക് നൽകിയ ട്രാവു പ്രതിരോധത്തിൽ തട്ടി ഫസലുറഹ്മാൻ കാലുകളിൽ എത്തിയപ്പോൾ താരം യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ മാർകസ് ജോസഫിന് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഷോട്ട് അകന്നു പോയി.

ഡൂറണ്ട് കപ്പ്; മൂന്നാം വിജയത്തോടെ മൊഹമ്മദൻസ് നോക്കൗട്ട് റൗണ്ടിലേക്ക്

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് എയിൽ തങ്ങളുടെ മൂന്നാം വിജയത്തോടെ മൊഹമ്മദൻസ് നോക്കൗട്ട് റൗണ്ടിലേക്ക് എത്തുന്ന ആദ്യ ടീമായി മാറി. ഇന്ന് ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്‌. 33ആം മിനുട്ടിൽ എൻഡിയെ ആണ് മൊഹമ്മദൻസിനായി ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 87ആം മിനുട്ടിലെ രാഹുലിന്റെ ഗോൾ മൊഹമ്മദൻസിന്റെ വിജയം ഉറപ്പിച്ചു. നേരത്തെ എഫ് സി ഗോവയെയും ജംഷദ്പൂരിനെയും മൊഹമ്മദൻസ് തോൽപ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതാണ് മൊഹമ്മദൻസ്.

മലയാളി താരം ഫസലുറഹ്മാൻ വീണ്ടും ഗോളുമായി തിളങ്ങി, മൊഹമ്മദൻ സ്പോർടിങ് ജംഷദ്പൂരിനെയും വീഴ്ത്തി | Exclusive

ഫസലുറഹ്മാൻ വീണ്ടും ഹീറോ ആയപ്പോൾ മൊഹമ്മദൻസിന് ഡൂറണ്ട് കപ്പിൽ രണ്ടാം വിജയം. ഇന്ന് കൊൽക്കത്തയിൽ ഗ്രൂപ്പ് എയിൽ ജംഷദ്പൂരിനെ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത മൂന്നു ഗോളിനാണ് വിജയിച്ചത്. ആദ്യ ഗോൾ സ്കോർ ചെയ്തത് മലപ്പുറം സ്വദേശിയായ ഫസലുറഹ്മാൻ ആയിരുന്നു. മത്സരത്തിന്റെ 38ആം മിനുട്ടിൽ ആയിരുന്നു ഫസലുവിന്റെ ഗോൾ.

കഴിഞ്ഞ മത്സരത്തിൽ സബ്ബായി എത്തി കൊണ്ട് ഫലസലുറഹ്മാൻ എഫ് സി ഗോവയ്ക്ക് എതിരെ നിർണായക ഗോൾ നേടിയിരുന്നു. ഇന്ന് മലയാളി താരം ക്രിസ്റ്റിയും മൊഹമ്മദൻസിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ ഹാൾദറും 74ആം മിനുട്ടിൽ ഫയസും ഗോൾ നേടിയതോടെ മൊഹമ്മദൻസിന്റെ വിജയം പൂർത്തിയായി.

രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് മൊഹമ്മദൻസ് ഇപ്പോൾ. ജംഷദ്പൂർ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.

ഡ്യൂറണ്ട് കപ്പ്; മലയാളികൾ തിളങ്ങിയ ആദ്യ മത്സരം, നെമിലിനും ഫസലുറഹ്മാനും ഗോൾ, ജയം മൊഹമ്മദൻ സ്പോർടിംഗിന്

ഡ്യൂറണ്ട് കപ്പ്: ടൂർണമെന്റിന്റെ ആദ്യ ദിവസം മലയാളി താരങ്ങളുടെ തിളക്കം. ഇന്ന് കൊൽക്കത്തയിൽ ആദ്യ മത്സരത്തിൽ മൊഹമ്മദൻ സ്പോർടിങ് എഫ് സി ഗോവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മൊഹമ്മദൻസിന്റെ വിജയം. ഇന്ന് തുടക്കത്തിൽ 34ആം മിനുട്ടിൽ മുഹമ്മദ് നെമിലിന്റെ ഒരു ഗംഭീര ഗോളോടെ ആണ് ഗോവ ലീഡ് എടുത്തത്. 2022-23 ഇന്ത്യൻ ഫുട്ബോൾ സീസണിലെ ആദ്യ ഗോളായി ഇത്.

ഈ ഗോളിൽ ആദ്യ പകുതി ഗോവ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മൊഹമ്മദൻസ് കളി മാറ്റി. 49ആം മിനുറ്റിൽ പ്രിതം നേടിയ ഗോളിൽ മൊഹമ്മദൻസ് സമനില നേടി. പിന്നെ സബ്ബായി എത്തിയ മലയാളി താരം ഫസലു റഹ്മാൻ 84ആം മിനുട്ടിൽ മൊഹമ്മദൻസിന് ലീഡ് നൽകി. താരം അടുത്ത് ആയിരുന്നു മൊഹമ്മദൻസിൽ എത്തിയത്. അവസാന മിനുട്ടിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫ് കൂടെ ഗോൾ നേടിയതോടെ മൊഹമ്മദൻസിന്റെ വിജയം പൂർത്തിയായി.

Story Highlight: FC Goa defeated by Mohammedan sporting Durand cup

ഡ്യൂറണ്ട് കപ്പ് ഇന്ന് ആരംഭിക്കും, എഫ് സി ഗോവ ഇന്ന് മൊഹമ്മദൻ സ്പോർടിംഗിനെ നേരിടും

ഡ്യൂറണ്ട് കപ്പ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ ഫുട്ബോൾ 2022-23 സീസണിലെ ആദ്യ ദേശീയ ടൂർണമെന്റ് ഇന്ന് തുടങ്ങും. ഇന്ന് മൊഹമ്മദൻ സ്പോർടിങും ഡ്യൂറണ്ട് കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ എഫ് സി ഗോവയും തമ്മിൽ നടക്കുന്ന മത്സരത്തോടെയാകും ടൂർണമെന്റ് ആരംഭിക്കുന്നത്. കൊൽക്കത്തയിൽ നടക്കുന്ന മത്സരം രാത്രി 7 മണിക്കാണ് ആരംഭിക്കുക. കളി തത്സമയം സ്പോർട്സ് 18ലും വൂട് ആപ്പ് വഴിയും ജിയോ ടിവി വഴിയും കാണാൻ ആകും.

എഫ് സി ഗോവ ടീമിൽ മലയാളികളായി മുഹമ്മദ് നെമിലും സൽമാൻ ഫാരിസും ഉണ്ട്. മൊഹമ്മദൻ സ്ക്വാഡിൽ മലയാളി താരം ഫസലു റഹ്മാനും ക്രിസ്റ്റി ഡേവിസും ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19നാണ്. ആദ്യ മത്സരത്തിൽ ഐലീഗ് ക്ലബായ സുദേവയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

ഒരു ഗ്രൂപ്പിൽ അഞ്ച് ടീമുകൾ ഉൾപ്പെട്ട് കൊണ്ട് നാലു ഗ്രൂപ്പുകൾ ആണ് ഡ്യൂറണ്ട് കപ്പിൽ ഇത്തവണ ഉള്ളത്. 20 ടീമുകൾ ടൂർണമെന്റിൽ കളിക്കുന്നുണ്ട്. മുൻ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരും ഇപ്പോഴത്തെ ഐ ലീഗ് ചാമ്പ്യന്മാരും ആയ ഗോകുലം കേരള ടൂർണമെന്റിൽ ഇല്ല.

കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ ആണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ എസ് എൽ ക്ലബുകളായ ഒഡീഷ, നോർത്ത് ഈസ്റ്റ് എന്നിവരും ഉണ്ട്. കൂടാതെ ഐലീഗ് ക്ലബായ സുദേവ, ഇന്ത്യൻ ആർമി ഗ്രീൻ എന്നിവരും ഈ ഗ്രൂപ്പിൽ ഉണ്ട്.

കൊൽക്കത്ത, ഇംഫാൽ, ഗുവാഹത്തി എന്നിവിടങ്ങളാകും ഡ്യൂറണ്ട് കപ്പിന് വേദിയാവുക. 11 ഐ എസ് എൽ ക്ലബുകളും ആദ്യമായി ഡ്യൂറണ്ട് കപ്പിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ എഡിഷന് ഉണ്ട്. കഴിഞ്ഞ തവണ ആറ് ഐ എസ് എൽ ക്ലബുകൾ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ.

ഗ്രൂപ്പുകൾ;

ഗ്രൂപ്പ് എ: ബെംഗളൂരു എഫ് സി, എഫ് സി ഗോവ, ജംഷദ്പൂർ, മൊഹമ്മദൻസ്, ഇന്ത്യൻ എയർ ഫോഴ്സ്

ഗ്രൂപ്പ് ബി; എ ടി കെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഇന്ത്യൻ നേവി, മുംബൈ സിറ്റി, രാജസ്ഥാൻ യുണൈറ്റഡ്

ഗ്രൂപ്പ് സി; ട്രാവു, ചെന്നൈയിൻ, ഹൈദരാബാദ്, നെരോക, ഇന്ത്യൻ ആർമി റെഡ്

ഗ്രൂപ്പ് ഡി; കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ്, ഒഡീഷ, സുദേവ, ഇന്ത്യൻ ആർമി ഗ്രീൻ

Exit mobile version