ഈസ്റ്റ് ബംഗാളിന്റെ ഉയർത്തെഴുന്നേൽപ്പ്!! സൂപ്പർ കപ്പ് സ്വന്തമാക്കി

ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ഓഡിഷയെ രണ്ടിനെതിരെ മൂന്നു ഗോളികൾക്ക് തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ കിരീടം നേടിയത്. എക്സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ പോരാട്ടമാണ് ഇന്ന് സൂപ്പർ കപ്പിൽ കാണാനായത്. മത്സരത്തിന്റെ 39ആം മിനിറ്റിൽ ഡിയേഗോ മൊറീസിയോ ആണ് ഒഡീഷയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി ഒഡീഷ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനിട്ടിൽ നന്ദകുമാറിലൂടെ ഈസ്റ്റ് ബംഗാൾ സമനില നേടി. മഹേഷിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നന്ദകുമാറിന്റെ ഗോൾ. അധികം വൈകാതെ 62ആം മിനിറ്റൽ സോൾ ക്രെസ്പോയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. 68ആം മിനിറ്റിൽ ചുവപ്പ് കണ്ട് മൗർട്ടാഡ പുറത്തായതോടെ ഒഡീസ്ഗ 10 പേരായി ചുരുങ്ങി. എന്നിട്ടും അവർ തളർന്നില്ല. ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിൽ അഹമ്മദ് ജാഹുവിലൂടെ അവർ സമനില കണ്ടെത്തി. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിൽ ഈസ്റ്റ് ബംഗാളിന്റെ സൗവിക് ചക്രവർത്തി രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെ രണ്ട് ടീമുകളും 10 പേരായി ചുരുങ്ങി. എക്സ്ട്രാ ടൈമിൽ 111ആം ക്ലൈറ്റൻ സിൽവയുടെ ഗോളിലൂടെ മൂന്നാം ഗോൾ നേടിയ ഈസ്റ്റ് ബംഗാൾ കിരീട ഉറപ്പിച്ചു. 12 വർഷങ്ങൾക്ക് ശേഷമാണ് അവർ ഒരു ദേശീയ കപ്പ് ഉയർത്തുന്നത്.

മുംബൈ സിറ്റിയെ തോല്പ്പിച്ച് ഒഡീഷ എഫ് സി സൂപ്പർ കപ്പ് ഫൈനലിൽ

കലിംഗ സൂപ്പർ കപ്പിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് ഒഡീഷ എഫ്സി ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം സെമിഫൈനലിൽ മറുപടിയില്ലാത്ത ഏക ഗോളിനാണ് ഒഡീഷ ശക്തരായ മുംബൈ സിറ്റിയെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും അവസാനം 44 ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെയാണ് ഒഡീഷ ഗോൾ നേടിയത്.

പെനാൽറ്റിയെടുത്ത മൊറീസിയോ ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചതോടെ ആദ്യ പകുതി ഒഡീഷ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ മുംബൈ സിറ്റി സമനിലക്ക് വേണ്ടി ഏറെ പരിശ്രമിച്ചുവെങ്കിലും ഗോൾ ഒന്നും വന്നില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ മുംബൈ സിറ്റിയുടെ രണ്ട് താരങ്ങൾ ചുവപ്പ് കണ്ട് പുറത്തായി. നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഒഡീഷ ഇനി കിരീടം നിലനിർത്താനായി ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിഫൈനലിൽ ഈസ്റ്റ് ബംഗാൾ ജംഷദ്പൂരിനെ തോൽപ്പിച്ചായിരുന്നു ഫൈനലിലേക്ക് മുന്നേറിയത്.

ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് ഫൈനലിൽ

കലിംഗ സൂപ്പർ കപ്പ് സെമി ഫൈനലിൽ ജംഷദ്പൂരിനെ തോൽപ്പിച്ച് കൊണ്ട് ഈസ്റ്റ് ബംഗാൾ ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. 19ആം മിനുട്ടിൽ ഹജാസി ആണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. ആദ്യ പകുതി 1-0ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഈസ്റ്റ് ബംഗാൾ ലീഡ് ഇരട്ടിയാക്കി. 47ആം മിനുട്ടിൽ ഈസ്റ്റ് ബംഗാളിനായി സിവേരിയോ ആണ് ഗോൾ നേടിയത്. ഇനി ഫൈനലിൽ മുംബൈ സിറ്റിയോ ഒഡീഷയോ ആകും ഫൈനലിൽ ഈസ്റ്റ് ബംഗാളിന്റെ എതിരാളികൾ. നാളെ ആകും രണ്ടാം സെമി ഫൈനൽ നടക്കുക.

എഫ് സി ഗോവയെ തോൽപ്പിച്ച് ഒഡീഷ സൂപ്പർ കപ്പ് സെമിയിൽ

അങ്ങനെ എഫ് സി ഗോവയുടെ ജൈത്രയാത്രക്ക് അവസാനം. ഇന്ന് സൂപ്പർ കപ്പ് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഒഡീഷ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ് സി ഗോവയെ തോൽപ്പിച്ചു. ഈ വിജയത്തെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അവർ സെമിയിലേക്കും മുന്നേറി. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ഒഡീഷ ലീഡ് എടുത്തത്.

61ആം മിനുട്ടിൽ മൊർട്ടാഡ് ഫാൾ അവരുടെ ലീഡ് ഇരട്ടിയാക്കി. അധികം വൈകാതെ 66ആം മിനുട്ടിൽ വീണ്ടും ഫാളിന്റെ ഫിനിഷ്. സ്കോർ 3-0. ഇതിനു ശേഷം ഗോവ ഉണർന്നു കളിച്ചു എങ്കിലും വൈകിപ്പോയി. അവർ 75ആം മിനുട്ടിലും 86ആം മിനുട്ടിലും കാർലോസ് മാർട്ടിനസിലൂടെ ഗോളുകൾ മടക്കി. സ്കോർ 3-2 എന്നായി എങ്കിലും സമനില ഗോളിലേക്ക് അവർക്ക് എത്താൻ ആയില്ല.

ഈ വിജയത്തോടെ ഒഡീഷ 9 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സെമി ഫൈനലിൽ മുംബൈ സിറ്റി ആകും അവരുടെ എതിരാളികൾ.

ചെന്നൈയിനെ തോൽപ്പിച്ച് മുംബൈ സിറ്റി സൂപ്പർ കപ്പ് സെമിയിൽ

കലിംഗ സൂപ്പർ കപ്പിൽ മുംബൈ സിറ്റി സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ചെന്നൈയിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് മുംബൈ സിറ്റി സെമിഫൈനൽ ഉറപ്പിച്ചത്. ഇന്നത്തെ ജയത്തോടെ ഗ്രൂപ്പ് സി ചാമ്പ്യന്മാരായി മുംബൈ സിറ്റി സെമിയിലേക്ക് മുന്നേറി. അവർ ഗ്രൂപ്പിൽ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചു‌ ചെന്നൈയിനാകട്ടെ രണ്ടു മത്സരങ്ങൾ വിജയിച്ചു രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഇന്ന് അത്യന്തം ആവേശം നടന്ന മത്സരത്തിൽ ആകെ ഒരു ഗോൾ മാത്രമാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമായി മാറിയത്. മത്സരത്തിന്റെ 24 ആം മിനിറ്റിൽ വാൻ നീഫ് കൊടുത്ത ഒരു ക്രോസിൽ നിന്ന് വാൽപുയിയ ആണ് മുംബൈ സിറ്റിയുടെ ഗോൾ നേടിയത്. ഈ ഗോൾ വിജയഗോളായി മാറുകയും ചെയ്തു. ഇതോടെ മുംബൈ സിറ്റി, ജംഷദ്പൂർ, ഈസ്റ്റ് ബംഗാൾ എന്നിവർ സെമി ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് ഡി വിജയികളെ ആകും മുംബൈ സിറ്റി സെമിയിൽ നേരിടുക.

നോർത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം

സൂപ്പർ കപ്പിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ പരാജയമാണ് വഴങ്ങേണ്ടി വന്നത്. ശക്തമായ ടീമിനെ തന്നെ ബ്ലാസ്റ്റേഴ്സ് ഇറക്കിയെങ്കിലും ഇന്ന് ടീമിൽ നിന്ന് ശക്തമായ പോരാട്ടം കാണാനായില്ല. തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പതിവ് താളം കണ്ടെത്താനാവാതെ വിഷമിക്കുന്നതാണ് കണ്ടത്. രണ്ടാം മിനിറ്റിൽ തന്നെ ഇന്ന് നോർത്ത് ഈസ്റ്റ് യൂണിറ്റ് എടുത്തു. യുവതാരം പാർതിബ് ഗൊഗോയിയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. ഈ ലീഡ് അവർ ആദ്യ പകുതിയുടെ അവസാനം വരെ കാത്തു സൂക്ഷിച്ചു.

രണ്ടാമത്തേതിൽ കേരള ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും അത് കളി മെച്ചപ്പെടുത്തിയില്ല. പിന്നീട് നോർത്ത് ഈസ്റ്റിന്റെ ആധിപത്യമാണ് കാണാനായത്. 68 മിനിറ്റിൽ മുഹമ്മദലി ബമാമർ ഒരു ഫ്രീകിക്കിലൂടെ നോർത്ത് ഈസ്റ്റിന്റെ ലീഡ് ഇരട്ടിയാക്കി. പിന്നാലെ ഒരു ഗോൾ നേടി ദിമി കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകിയെങ്കിലും അത് നീണ്ടു നിന്നില്ല. 75ആം മിനിറ്റിൽ റെദീം തലാങ്കും 80ആം മിനിറ്റിൽ മലയാളി താരം ജിതിൻ എംഎസും ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം പൂർത്തിയായി.

നോർത്ത് 6 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. 2 മത്സരം തോറ്റ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിലെ അവസാന മത്സരം

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സൂപ്പർ കപ്പിലെ അവരുടെ അവസാന മത്സരത്തിന് ഇറങ്ങും. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇതിനകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടുണ്ട്. അതിനാൽ ഇന്നത്തെ ഫലം പ്രാധാന്യമുള്ളതല്ല. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾക്ക് ഇന്ന് കൂടുതലായി അവസരം നൽകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വിജയത്തോടെ കേരളത്തിലേക്ക് മടങ്ങാൻ തന്നെയാകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷില്ലോംഗ് ലജോംഗിനെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് പക്ഷെ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. ജംഷദ്പൂർ ആണ് ഗ്രൂപ്പിൽ നിന്ന് സെമിയിലേക്ക് മുന്നേറിയത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

കൊൽക്കത്ത ഡർബിയിൽ മോഹൻ ബഗാനെ തകർത്ത് ഈസ്റ്റ് ബംഗാൾ സെമി ഫൈനലിൽ

കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ കലിംഗ സൂപ്പർ കപ്പ് സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന കൊൽക്കത്ത ഡെർബിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് മോഹൻ ബഗാൻ മുന്നിട്ടുനിന്ന ശേഷമാണ് ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ച് വലിയ വിജയം നേടിയത്.

പത്തൊമ്പതാം മിനിറ്റിൽ ഹെക്ടറിലൂടെ ആയിരുന്നു മോഹൻ ബഗാന്റെ ലീഡ് എടുത്ത ആദ്യ ഗോൾ. ഇതിന് 24ാം മിനിറ്റിൽ ക്ലൈറ്റൻ സിൽവയിലൂടെ ഈസ്റ്റ് ബംഗാൾ മറുപടി നൽകി. ആദ്യപകുതിയുടെ അവസാനം മോഹൻ ബഗാന് വീണ്ടും ലീഡ് എടുക്കാൻ ഒരു പെനാൽറ്റിയിലൂടെ അവസരം ലഭിച്ചു. എന്നാൽ പെനാൽറ്റി ലക്ഷ്യത്തിൽ ആക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ കൂടുതൽ അക്രമിച്ച് കളിച്ച ഈസ്റ്റ് ബംഗാൾ 63 മിനിറ്റിൽ നന്ദകുമാർ ശേഖറിന്റെ ഗോളിൽ ലീഡ് എടുത്തു
പിന്നീട് 80 മിനിറ്റിൽ ക്ലൈറ്റൻ സില്വ വീണ്ടും ഗോൾ നേടിയതോടെ വിജയമുറപ്പിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഈസ്റ്റ് ബംഗാൾ സെമിഫൈനലിലേക്ക് മുന്നേറുന്നത്. മോഹൻ ബഗാനാകട്ടെ എഫ് സി കപ്പിലെയും ഐഎസ്എല്ലിലെയും നിരാശ സൂപ്പർ കപ്പിലും തുടരുന്നതാണ് കാണാൻ കഴിഞ്ഞത്.

എഫ് സി ഗോവയോട് തോറ്റ് ബെംഗളൂരു എഫ് സി സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

കലിംഗ സൂപ്പർ കപ്പിൽ നിന്ന് ബെംഗളൂരു എഫ് സിയും പുറത്ത്‌. ഇന്ന് എഫ് സി ഗോവയെ നേരിട്ട ബെംഗളൂരു എഫ് സി മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്‌. അവസാന നിമിഷ ഗോളിൽ ആയിരുന്നു എഫ് സി ഗോവയുടെ വിജയം. ഇഞ്ച്വറി ടൈമിൽ യുവതാരം ബ്രിസൺ ആണ് വിജയ ഗോൾ നേടിയത്.

എഫ് സി ഗോവ നേരത്തെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെയും തോൽപ്പിച്ചിരുന്നു. അവർ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ബെംഗളൂരു എഫ് സിക്ക് ഇനി പ്രതീക്ഷയില്ലം ഗോവ ഇനി അവസാന മത്സരത്തിൽ ഒഡീഷ എഫ് സിയെ നേരിടും. ആ മത്സരം ആകും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുക.

മുംബൈ സിറ്റി വീണ്ടും അവസാന നിമിഷ ഗോളിൽ വിജയിച്ചു

കലിംഗ സൂപ്പർ കപ്പിൽ മുംബൈ സിറ്റിക്ക് രണ്ടാം വിജയം. യുവതാരം ആയുഷിന്റെ മികവിലാണ് മുംബൈ സിറ്റി വിജയിച്ചത്. ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട മുംബൈ സിറ്റി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത് കഴിഞ്ഞ മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിറകെട്ട് ശേഷമാണ് മുംബൈ വിജയിച്ചു കയറിയത്.

പഞ്ചാബ് 28ആം മിനുട്ടിൽ ലൂക്കയുടെ ഗോളിലൂടെ ആണ് ലീഡ് നേടിയത്. ഈ ഗോളിന് 37 മിനിറ്റിൽ യുവതാരം ആയുഷ് മറുപടി നൽകി. കഴിഞ്ഞ മത്സരത്തിലും ആയുഷ് ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയുഷ് വീണ്ടും ഗോൾ നേടി. ഇതോടെ മുംബൈ 2-1ന് മുന്നിലെത്തി. പക്ഷേ കളി കൈവിടാൻ പഞ്ചാബ് ഒരുക്കമായിരുന്നില്ല. അവർ ശക്തമായി സമനില ഗോളിന് ശ്രമിച്ചു. അവസാനം ലൂക്ക തന്നെ അവർക്ക് സമനില നേടിക്കൊടുത്തു. 88ആം മിനുട്ടിലായിരുന്നു ലൂകയുടെ ഫിനിഷ്. സ്കോർ 2-2

പക്ഷെ പക്ഷെ അവസാനം മുംബൈ സിറ്റി തന്നെ ജയിച്ചു. ഇഞ്ച്വറി ടൈമിൽ അവരുടെ വിജയ ഗോൾ വന്നു. യുവതാരം സെയ്ലന്താംഗ് ആണ് വിജയ ഗോൾ നേടിയത്. 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി മുംബൈ സിറ്റി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു.

ഗോകുലം കേരളയും സൂപ്പർ കപ്പിൽ നിന്ന് പുറത്ത്, കേരള ടീമുകളുടെ പ്രതീക്ഷ അവസാനിച്ചു

കലിംഗ സൂപ്പർ കപ്പിൽ നിന്ന് രണ്ടാമത്തെ കേരള ടീമും പുറത്തായി. ഇന്ന് ചെന്നൈയിനോട് പരാജയപ്പെട്ടതോടെയാണ് ഗോകുലം കേരള സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും പുറത്തായിരുന്നു. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ചെന്നൈയിൻ വിജയിച്ചത്. ആദ്യ പകുതിയിൽ കോണോർ ഷീൽഡ്സ് ചെന്നൈയിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ഇർഫാൻ അവരുടെ രണ്ടാം ഗോളും നേടി.

69ആം മിനുട്ടിൽ ഇർഷാദ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഗോകുലം കേരളയുടെ പോരാട്ടം അവസാനിച്ചു. അവർ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോടും പരാജയപ്പെട്ടിരുന്നു. ഇനി അവസാന മത്സരത്തിൽ ഗോകുലം കേരള പഞ്ചാബ് എഫ് സിയെ നേരിടും.

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായി!! കിരീടത്തിനായി ഇനിയും കാത്തിരിക്കണം

ഒരു കിരീടം എന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സ്വപ്നത്തിന് ഇനിയും കാത്തു നിൽക്കണം. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിയോട് 3-2ന് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തോടെ സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ എത്താം എന്നുള്ള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി. ഇന്ന് വിജയിച്ച ജംഷദ്പൂർ എഫ് സി സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീമായും മാറി.

ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ജംഷദ്പൂർ 6 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. ബ്ലാസ്റ്റേഴ്സ് 3 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നോർത്ത് ഈസ്റ്റിന് 3 പോയിന്റാണ് ഉള്ളത്. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ആണ് ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്. അന്ന് ബ്ലാസ്റ്റേഴ്സ് ജയിക്കുകയും ജംഷദ്പൂർ തോൽക്കുകയും ചെയ്താലും ഒരു ടീമുകൾക്കും 6 പോയിന്റ് വീതമാണ് ഉണ്ടാവുക. അങ്ങനെ വന്നാലും ഹെഡ് ടു ഹെഡിൽ ജംഷദ്പൂർ ഗ്രൂപ്പ് ചാമ്പ്യന്മാരാകും.

Exit mobile version