യൂനിസ് ഖാനെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം – ഷൊയ്ബ് അക്തര്‍

യൂനിസ് ഖാനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം എന്ന് എന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. താരത്തിനെ ദേശീയ ടീമിന് പകരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ആയിരുന്നു നിയമിക്കേണ്ടിയിരുന്നതെന്നും ദേശീയ ടീം കോച്ചായി മുഹമ്മദ് യൂസഫിനെ നിയമിക്കണമായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോളും നല്ല രീതിയില്‍ അല്ല നടക്കുന്നതെന്നാണ് ഈ നിയമനം സൂചിപ്പിക്കുന്നതെന്നാണ് അക്തര്‍ വെളിപ്പെടുത്തിയത്. 2017ല്‍ റിട്ടയര്‍ ചെയ്ത ശേഷം താരത്തിനെ ഇംഗ്ലണ്ട് ടൂറിന് വേണ്ടിയാണ് ബാറ്റിംഗ് കോച്ചായി നിയമിച്ചത്. താരത്തിനെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തിക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് ആലോചിച്ചുവെങ്കിലും അത് സാധ്യമായില്ല.

പിന്നീട് താരത്തിനെ അണ്ടര്‍ 19 ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുവാനുള്ള ശ്രമങ്ങള്‍ ബോര്‍ഡ് നടത്തിയെങ്കിലും അത് വിജയകരമായി പരിവര്‍ത്തിച്ചില്ല. അതേ സമയം തനിക്ക് ഇത്തരത്തില്‍ ഒരുഅവസരം തന്നാല്‍ താന്‍ സൗജന്യമായി തന്റെ സേവനം നല്‍കുമെന്ന് ഷൊയ്ബ് അക്തര്‍ അഭിപ്രായം പ്രകടിപ്പിച്ചു.

ഹൈദര്‍ അലിയുടെ ഷോട്ട് സെലക്ഷനുകള്‍ മെച്ചപ്പെടാനുണ്, കോഹ്‍ലി, സ്മിത്ത്, ബാബര്‍ അസം എന്നിവരെ താരം നിരീക്ഷിക്കണം

പാക്കിസ്ഥാന്‍ യുവ താരം ഹൈദര്‍ അലിയുടെ ഷോട്ട് സെലക്ഷനുകള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞ് മുന്‍ താരം മുഹമ്മദ് യൂസഫ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷം മികച്ച ഫോമിലേക്ക് ഉയര്‍ന്ന താരം പാക്കിസ്ഥാന്റെ ഭാവി പ്രതീക്ഷകളില്‍ ഒരാളായാണ് വാഴ്ത്തപ്പെടുന്നത്.

എന്നാല്‍ മുഹമ്മദ് യൂസഫിന്റെ അഭിപ്രായത്തില്‍ താരം വളരെ അധികം ഷോട്ടുകള്‍ കളിക്കുന്നുണ്ടെന്നും താരം ഷോട്ട് സെലക്ഷനില്‍ കൂറച്ച് കൂടി മെച്ചപ്പെടാനുണ്ടെന്നുമാണ്. താരം തന്റെ ടെക്നിക്ക് മെച്ചപ്പെടുത്തിയാല്‍ തന്റെ കളി മൊത്തതില്‍ മാറ്റി കൂടുതല്‍ മെച്ചപ്പെട്ട താരമായി മാറുമെന്നും മുന്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് നെടുംതൂണ്‍ പറഞ്ഞു.

ഹൈദര്‍ അലി ലോകത്തിലെ മികച്ച താരങ്ങളായ വിരാട് കോഹ്‍ലി, സ്റ്റീവന്‍ സ്മിത്ത്, ബാബര്‍ അസം എന്നിവര്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുന്നതെന്ന് കൂടുതലായി ശ്രദ്ധിക്കണമെന്നും മുഹമ്മദ് യൂസഫ് വ്യക്തമാക്കി.

കോഹ്‍ലി നിലവില്‍ ഒന്നാം നമ്പര്‍ താരം, പക്ഷേ ബാബര്‍ അസം ഈ തരത്തില്‍ മുന്നോട്ട് പോയാല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ താരമായി അസം മാറും

വിരാട് കോഹ്‍ലിയാണ് നിലവില്‍ ലോകക്രിക്കറ്റിലെ ഒന്നാമനെങ്കിലും ബാബര്‍ അസം ഇപ്പോള്‍ കളിക്കുന്ന പോലെ തുടര്‍ന്നും കളിച്ചാല്‍ ലോകത്തിലെ മികച്ച താരമായി പാക്കിസ്ഥാന്‍ സൂപ്പര്‍ താരം മാറുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം മുഹമ്മദ് യൂസഫ്. മുന്‍പ് താന്‍ താരത്തിനെ അത്ര കണ്ട് മതിപ്പ് നല്‍കിയിരുന്നില്ലെങ്കിലും ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ബാബര്‍ അസമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ താരം ലോകം കീഴടക്കുവാന്‍ പോന്നവനാണെന്ന തോന്നലുണ്ടാക്കുന്നുവെന്ന് യൂസഫ് പറഞ്ഞു.

ഇപ്പോള്‍ താരം ടെസ്റ്റ് ഫോര്‍മാറ്റിലും വളരെയധികം റണ്‍സ് കണ്ടെത്തുവാന്‍ തുടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇത് വലിയ മുതല്‍ക്കൂട്ടാകുമെന്നും യൂസഫ് വ്യക്തമാക്കി. നേരത്തെ ഏകദിനത്തില്‍ തിളങ്ങിയിരുന്നുവെങ്കിലും താരം ടെസ്റ്റില്‍ അത്ര മികവ് പുലര്‍ത്താത്തതാണ് താന്‍ താരത്തെ വിലമതിക്കാതിരുന്നതിന് കാരണമെന്നും യൂസഫ് സൂചിപ്പിച്ചു.

ഇപ്പോള്‍ താരം സ്ഥിരമായി ടെസ്റ്റ് ശതകങ്ങള്‍ നേടുന്നുണ്ടെന്നും അത് താരത്തിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും യൂസഫ് പറഞ്ഞു.

കോഹ്‍ലിയെയും രോഹിത്തിനെയും സച്ചിനുമായോ ദ്രാവിഡുമായോ താരതമ്യം ചെയ്യാനാകില്ല

വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ലോകക്രിക്കറ്റിലെ അതുല്യ പ്രതിഭകളാണെങ്കിലും അവരെ സച്ചിനുമായോ ദ്രാവിഡുമായോ താരതമ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് യൂസഫ്. പണ്ട് ഇന്ത്യന്‍ ടീമിലും അത് പോലുള്ള ടോപ് ടീമുകളിലും അഞ്ച് മുതല്‍ ആറ് വരെ മികച്ച താരങ്ങള്‍ കളിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ സച്ചിന്‍, സേവാഗ്, ദ്രാവിഡ്, ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിംഗ് എന്നിവരാണ് കളിച്ചത്. അവരുടെ നിലവാരം വളരെ ഉയര്‍ന്നതായിരുന്നു.

ഇന്നാണെങ്കില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും മാത്രമാണ് മികച്ച താരങ്ങള്‍. അവരെ എന്നാല്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ ക്ലാസ്സുമായി താരതമ്യം ചെയ്യാനാകില്ലെന്ന് മുഹമ്മദ് യൂസഫ് വ്യക്തമാക്കി. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ഇത്തരത്തില്‍ ശക്തമായ താരനിര പണ്ടുണ്ടായിരുന്നുവെന്നും യൂസഫ് കൂട്ടിചേര്‍ത്തു.

Exit mobile version