ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്താന്റെ മെൻ്ററായി യൂനിസ് ഖാൻ

പാക്കിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം യൂനിസ് ഖാനെ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025-ൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ മെൻ്ററായി നിയമിക്കപ്പെട്ടു. ക്യാപ്റ്റൻസിക്കും അസാധാരണമായ ബാറ്റിംഗ് വൈദഗ്ധ്യത്തിനും പേരുകേട്ട യൂനിസ് അഫ്ഗാൻ ടീമിന് ധാരാളം അനുഭവസമ്പത്ത് നൽകുന്നു. പാക്കിസ്ഥാൻ്റെ 2009 ഐസിസി ടി20 ലോകകപ്പ് വിജയത്തിലെ ഒരു പ്രധാന വ്യക്തിയായ യൂനിസ് ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്.

ടെസ്റ്റ് ഫോർമാറ്റിൽ 10,000 റൺസും നേടി. ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ പാക്കിസ്ഥാനി (34) താരമെന്ന റെക്കോർഡും അദ്ദേഹത്തിനാണ്‌.

ഐസിസി ടൂർണമെൻ്റുകളിലെ മികച്ച പ്രകടനം തുടരാനുള്ള ശ്രമത്തിലാണ് അഫ്ഗാനിസ്ഥാൻ. 2023 ലോകകപ്പിൽ അവർ ഇംഗ്ലണ്ട്, പാകിസ്ഥാൻ തുടങ്ങിയ പ്രമുഖ ടീമുകൾക്കെതിരെ വിജയം നേടിയിരുന്നു.

“ടീം മാറ്റി പാകിസ്ഥാനെ ലോകകപ്പിൽ നാണംകെടുത്തരുത്” – യൂനിസ് ഖാൻ

പാകിസ്താൻ ഇപ്പോൾ ഉള്ള ലോകകപ്പ് സ്ക്വാഡിൽ മാറ്റം വരുത്തരുത് എന്ന് അവരുടെ ഇതിഹാസ താരം യൂനിസ് ഖാൻ. മധ്യനിര ശക്തമാക്കാൻ ആയി ശുഹൈബ് മാലികിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഉയരുന്ന സമയത്താണ് യൂനുസ് ഖാന്റെ പ്രതികരണം.

ടീമിൽ മാറ്റം വരുത്തണം എന്ന ഈ കരച്ചിൽ എപ്പോഴും ഉണ്ടാകും. കഴിഞ്ഞ തവണ ഞങ്ങൾ ഇത് ചെയ്തത് വിനയായി. ഇപ്പോൾ വീണ്ടും ടീം മാറ്റി ലോകകപ്പിൽ നാണംകെടുന്ന അവസ്ഥ ഉണ്ടാക്കരുത് എന്ന് യൂനസ് ഖാൻ പറഞ്ഞു. ഞങ്ങളുടെ പരിശീലകരും ക്യാപ്റ്റനും പിസിബിയും ഇപ്പോൾ ഉള്ള കളിക്കാരെ ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങൾക്കുള്ള എറ്റവും നല്ല കളിക്കാർ ഇവരാണ്. യൂനസ് ഖാൻ പറഞ്ഞു.

തന്റെ രാജിയ്ക്ക് പിന്നിൽ ഹസന്‍ അലിയുമായി നടന്ന വാഗ്വാദമല്ല – യൂനിസ് ഖാന്‍

ദക്ഷിണാഫ്രിക്കയിൽ വെച്ച് പേസ് ബൗളര്‍ ഹസന്‍ അലിയുമായി വാഗ്വാദത്തിലേര്‍പ്പെട്ടതാണ് യൂനിസ് ഖാന്റെ രാജിയിൽ കലാശിച്ചതെന്ന വാദങ്ങളെ തള്ളി യൂനിസ് ഖാന്‍ തന്നെ രംഗത്ത്. ഹസന്‍ അലി തന്നോട് മാപ്പ് പറഞ്ഞുവെന്നും താന്‍ താരത്തോട് ക്ഷമിച്ചുവെന്നുമാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ച് കൂടിയായിരുന്നു യൂനിസ് ഖാന്‍ വ്യക്തമാക്കിയത്.

2022 ടി20 ലോകകപ്പ് വരെയായിരുന്നു യൂനിസ് ഖാന്റെ കരാറെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യൂനിസ് ഖാന്‍ തന്റെ രാജി നല്‍കിയത്. യൂനിസ് ഖാന്‍ താരത്തോട് ഐസ് ബാത്ത് നിര്‍ദ്ദേശിച്ചത് നിരസിച്ചതാണ് തര്‍ക്കത്തിന് കാരണമെന്നാണ് അറിയുന്നത്. യൂനിസ് ഖാനെ കഴിഞ്ഞ നവംബറിലാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ചായി നിയമിച്ചത്.

പാക്കിസ്ഥാന്‍ ഒരു ബാറ്റിംഗ് കോച്ചില്ലാതെയാണ് ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയിരിക്കുന്നത്. യൂനിസ് ഖാന്റെ സേവനം നഷ്ടമായതിൽ വളരെ ദുഖമുണ്ടെന്നാണ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കിയത്. യൂനിസ് ഖാന് പകരക്കാരനെ നിയമിക്കുക വിന്‍ഡീസ് ടൂറിന്റെ സമയത്താകുമെന്നാണ് അറിയുന്നത്.

പാകിസ്ഥാൻ പരിശീലക സ്ഥാനം ഒഴിഞ്ഞ് യൂനിസ് ഖാൻ

പാകിസ്ഥാൻ ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞ് യൂനിസ് ഖാൻ. ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് പരമ്പരകൾക്ക് തൊട്ടുമുൻപാണ് മുൻ പാകിസ്ഥാൻ ബാറ്റ്സ്മാൻ കൂടിയായ യൂനിസ് ഖാൻ സ്ഥാനം ഒഴിഞ്ഞത്. കഴിഞ്ഞ നവംബറിലാണ് യൂനിസ് ഖാൻ രണ്ട് വർഷത്തെ കരാറിൽ പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനാവുന്നത്. 2022 ടി20 ലോകകപ്പ് വരെയായിരുന്നു യൂനിസ് ഖാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കരാർ നൽകിയിരുന്നത്.

എന്നാൽ പാകിസ്ഥാനും ബോർഡും താരവും വഴി പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിന് ഒരു ബാറ്റിംഗ് പരിശീലകൻ ഇല്ലാതെയാവും പാകിസ്ഥാൻ ടീം ഇറങ്ങുക. ഇംഗ്ലണ്ടിൽ പാകിസ്ഥാൻ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുക.

2022 ടി20 ലോകകപ്പ് വരെ പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ചായി യൂനിസ് ഖാന്‍ തുടരും

പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ച് യൂനിസ് ഖാന്‍ 2022 ലോക ടി20 വരെ ആ സ്ഥാനത്ത് തുടരുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ അന്താരാഷ്ട്ര താരത്തിന്റെ നിയമനം ഇന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് നീട്ടിയത്. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ പാക് ടീമിനൊപ്പം യൂനിസ് ഖാന്‍ പ്രവര്‍ത്തിച്ചിരുന്നു.

അടുത്ത് നടക്കാനിരിക്കുന്ന ന്യൂസിലാണ്ട് പര്യടനത്തിനും ടീമിനൊപ്പം യാത്രയാകുവാന്‍ ഒരുങ്ങുകയാണ് യൂനിസ് ഖാന്‍. പാക്കിസ്ഥാന്‍ മുന്‍ ടെസ്റ്റ് താരം അര്‍ഷദ് ഖാനെ വനിത ടീമിന്റെ ബൗളിംഗ് കോച്ചായി ഒരു വര്‍ഷത്തേക്കും ബോര്‍ഡ് നിയമിച്ചിട്ടുണ്ട്.

ബാബര്‍ അസം സ്വന്തം തീരുമാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം

ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഏറെ പഴിയാണ് താരം കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് ശേഷം കേള്‍ക്കേണ്ടി വന്നത്. താരത്തിനെ വിമര്‍ശിച്ച് പല മുന്‍ താരങ്ങളും എത്തിയപ്പോള്‍ ബാറ്റിംഗ് കോച്ച് യൂനിസ് ഖാന്‍ പറയുന്നത് താരം സ്വയം തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടത്തിലേക്ക് എത്തിയെന്നാണ്.

പല മുന്‍ ക്യാപ്റ്റന്മാരും അടങ്ങിയ ടീമുകളില്‍ നിന്ന് പല തരത്തിലുള്ള ഉപദേശങ്ങള്‍ താരത്തിന് ലഭിയ്ക്കും. അത് അത്ര മികച്ചൊരു കാര്യമല്ല. താന്‍ താരത്തിന് നല്‍കുന്ന ഒരു ഉപദേശം സ്വയം കാര്യങ്ങള്‍ തീരുമാനിക്കുവാന്‍ ശ്രമിക്കുക എന്നതാണെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി.

സ്വയം തീരുമാനമെടുത്ത് തെറ്റുകള്‍ വരുത്തിയാലും ആ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ബാബറിനാവുമെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി.

യൂനിസ് ഖാനും ഷാന്‍ മസൂദും മികച്ച രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍

പാക്കിസ്ഥാന് ആദ്യ ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പൊരുതി നേടിയ ശതകം സ്വന്തമാക്കിയ ഷാന്‍ മസൂദാണ് വിജയം പിടിക്കുവാനുള്ള സാഹചര്യം ടീമിന് ഒരുക്കി നല്‍കിയത്. പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ഒരു ഘട്ടത്തില്‍ വിജയം പിടിക്കുമെന്ന നിലയിലേക്ക് വന്നുവെങ്കിലും ജോസ് ബട്‍ലറും ക്രിസ് വോക്സും ഇവരുടെ പ്രതീക്ഷ തകര്‍ക്കുകയായിരുന്നു.

ഷാന്‍ മസൂദ് ബാറ്റിംഗ് കോച്ചുമാരുമായി മികച്ചൊരു ബന്ധം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പാക് മുഖ്യ കോച്ച് മിസ്ബയുടെ അഭിപ്രായം. മുന്‍ കോച്ച് ഷാഹിദ് അലമിനോടൊപ്പവും ഇപ്പോള്‍ യൂനിസ് ഖാനുമായും ഈ ബന്ധം ഷാന്‍ കാതത് സൂക്ഷിക്കുന്നുണ്ടെന്ന് മിസ്ബ അഭിപ്രായപ്പെട്ടു.

ഷാന്‍ ഇപ്പോള്‍ ഏറെ വ്യത്യസ്തനായ ബാറ്റ്സ്മാനാണെന്നും അതില്‍ യൂനിസിന്റെ പങ്ക് വളരെ വലുതാണെന്നും മിസ്ബ വ്യക്തമാക്കി. ഇരുവരും തമ്മില്‍ മികച്ച ബന്ധമാണെന്നും മിസ്ബ അഭിപ്രായപ്പെട്ടു. ബാബര്‍ അസം, ഷദബ് ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ഷാനിന്റെ കൂട്ടുകെട്ടുകള്‍ തന്നെ താരം വ്യത്യസ്തനായ ബാറ്റ്സ്മാനായി മാറിയെന്നതിന്റെ സൂചനയാണെന്നും മിസ്ബ അഭിപ്രായപ്പെട്ടു.

യൂനിസ് ഖാനെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം – ഷൊയ്ബ് അക്തര്‍

യൂനിസ് ഖാനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം എന്ന് എന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. താരത്തിനെ ദേശീയ ടീമിന് പകരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ആയിരുന്നു നിയമിക്കേണ്ടിയിരുന്നതെന്നും ദേശീയ ടീം കോച്ചായി മുഹമ്മദ് യൂസഫിനെ നിയമിക്കണമായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോളും നല്ല രീതിയില്‍ അല്ല നടക്കുന്നതെന്നാണ് ഈ നിയമനം സൂചിപ്പിക്കുന്നതെന്നാണ് അക്തര്‍ വെളിപ്പെടുത്തിയത്. 2017ല്‍ റിട്ടയര്‍ ചെയ്ത ശേഷം താരത്തിനെ ഇംഗ്ലണ്ട് ടൂറിന് വേണ്ടിയാണ് ബാറ്റിംഗ് കോച്ചായി നിയമിച്ചത്. താരത്തിനെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തിക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് ആലോചിച്ചുവെങ്കിലും അത് സാധ്യമായില്ല.

പിന്നീട് താരത്തിനെ അണ്ടര്‍ 19 ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുവാനുള്ള ശ്രമങ്ങള്‍ ബോര്‍ഡ് നടത്തിയെങ്കിലും അത് വിജയകരമായി പരിവര്‍ത്തിച്ചില്ല. അതേ സമയം തനിക്ക് ഇത്തരത്തില്‍ ഒരുഅവസരം തന്നാല്‍ താന്‍ സൗജന്യമായി തന്റെ സേവനം നല്‍കുമെന്ന് ഷൊയ്ബ് അക്തര്‍ അഭിപ്രായം പ്രകടിപ്പിച്ചു.

ബാബര്‍ അസമിന്റെ കളി അടുത്ത നിലയിലേക്കെത്തിക്കുവാന്‍ പ്രയത്നിക്കും

പാക്കിസ്ഥാന്‍ ബാറ്റിംഗിന്റെ നെടുംതൂണെന്നും ഭാവിയില്‍ ലോക ക്രിക്കറ്റ് കീഴടക്കുവാന്‍ പോകുന്ന താരമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഒരാളാണ് ബാബര്‍ അസം. ടെസ്റ്റില്‍ ഇപ്പോള്‍ തന്നെ രണ്ടായിരം റണ്‍സ് തികച്ച താരത്തിന്റെ നിലവാരം അടുത്ത തലത്തിലേക്ക് എത്തിക്കുവാന്‍ തന്നാല്‍ കഴിയുന്ന വിധത്തിലുള്ള സഹായം പ്രതീക്ഷിക്കാമെന്നാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ച് യൂനിസ് ഖാന്‍ പറയുന്നത്.

ലോകത്തിന് മുഴുവന്‍ താരത്തിന്റെ കഴിവ് അറിയാം, വളരെ പ്രത്യേകത നിറഞ്ഞ താരമാണ് ബാബര്‍ അസം എന്നതില്‍ യാതൊരുവിധ തര്‍ക്കവും ആര്‍ക്കും കാണുകയില്ല. താരം വലിയ സ്കോറുകള്‍ നേടുന്നു എന്ന് ഉറപ്പാക്കുകയാണ് ഒരു ബാറ്റിംഗ് കോച്ചെന്ന നിലയില്‍ താന്‍ ശ്രമിക്കുന്നതെന്നും അതിനുള്ള ശ്രമങ്ങള്‍ ഞങ്ങളിരുവരും ചെയ്ത് വരുമെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി.

ബാബര്‍ ഒരു ഇതിഹാസ താരമായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മറ്റു താരങ്ങളുമായുള്ള അനാവശ്യ താരതമ്യങ്ങള്‍ ഒഴിവാക്കുകയാണ് താരത്തിനോട് ചെയ്യാനാകുന്ന ഏറ്റവും വലിയ നീതിയെന്നും താരത്തെ ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ശ്രമിക്കരുതെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടില്‍ ആദ്യ ടൂറില്‍ ബാറ്റ്സ്മാന്മാര്‍ പതറുന്നത് സ്വാഭാവികം – യൂനിസ് ഖാന്‍

ആദ്യ ടൂറുകളില്‍ ഇംഗ്ലണ്ടിലെത്തുന്ന ബാറ്റ്സ്മാന്മാര്‍ പതറുന്നത് സ്വാഭാവികമാണെന്നത് ഒരു തുറന്ന രഹസ്യമാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ച് യൂനിസ് ഖാന്‍. ഇവിടെ ബാറ്റിംഗ് എളുപ്പമല്ല, തണുപ്പുള്ളതും മൂടിക്കെട്ടിയതുമായ അന്തരീക്ഷമാണ് ഇവിടുത്തേത്. അതിനാല്‍ തന്നെ ഇവയുമായി പൊരുത്തപ്പെടുന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ലെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി.

ടെക്നിക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും, ശരീരത്തോട് ചേര്‍ന്ന് കളിക്കണം, സോഫ്ട് ഹാന്‍ഡ്സ് ഉപയോഗിച്ച് ലേറ്റായി കളിക്കണം എന്നതെല്ലാമാണ് ഇതിന് സാധ്യമാക്കുന്ന ചില കാര്യങ്ങള്‍. എന്നാലിത് ഒരു സുപ്രഭാതത്തില്‍ വരുത്താനാകുന്ന മാറ്റങ്ങളല്ല. അതിനായി താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് വരികയാണെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി.

ബോബ് വൂള്‍മറില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കും – യൂനിസ് ഖാന്‍

ബോബ് വൂള്‍മറില്‍ നിന്ന് താന്‍ പഠിച്ച കാര്യങ്ങള്‍ പാക്കിസ്ഥാന്‍ ടീമില്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ താരവും നിലവിലെ പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ചുമായ യൂനിസ് ഖാന്‍. വൂള്‍മര്‍ തന്നോട് ഏറെ അടുപ്പമുള്ള ആളായിരുന്നു. വ്യത്യസ്തരായ താരങ്ങളെ വ്യത്യസ്ത സമീപനങ്ങളിലൂടെ കൈകാര്യം ചെയ്ത് കൊണ്ടു പോകുവാനുള്ള മികച്ച കഴിവ് ബോബ് വൂള്‍മര്‍ക്കുണ്ടായിരുന്നു, അത് തനിക്ക് ഏറെ ഇഷ്ടമുള്ളതായിരുന്നു. ആ ഒരു കാര്യമാവും താനും നടപ്പിലാക്കുവാന്‍ ശ്രമിക്കുക എന്ന് യൂനിസ് ഖാന്‍ വ്യക്തമാക്കി.

നെറ്റ്സില്‍ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരെ താന്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അവരോട് കളിക്കളത്തിലെയും വ്യക്തിപരമായ കാര്യങ്ങളിലും സഹായത്തിന് താനുണ്ടെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി. താരങ്ങള്‍ യാതൊരു വ്യക്തിപരമായ പ്രശ്നങ്ങളില്ലാതെ ഇരിക്കുന്നതും കൂടുതല്‍ മികവാര്‍ന്ന പ്രകടനം അവരില്‍ നിന്നുണ്ടാകാന്‍ സഹായിക്കുമെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി.

മുൻ പാകിസ്ഥാൻ താരം യൂനിസ് ഖാൻ തന്റെ കഴുത്തിന് നേരെ കത്തികൊണ്ടുവന്നെന്ന് ഗ്രാന്റ് ഫ്ലവർ

മുൻ പാകിസ്ഥാൻ താരം യൂനിസ് ഖാൻ ഒരിക്കൽ തന്റെ കഴുത്തിന് നേരെ കത്തികൊണ്ടുവന്നിട്ടുണ്ടെന്ന് മുൻ സിംബാബ്‌വെ താരവും പാകിസ്ഥാൻ പരിശീലകനുമായിരുന്ന ഗ്രാന്റ് ഫ്ലവർ. ഓസ്ട്രേലിയയിൽ വെച്ച് ഭക്ഷണം കഴിക്കുമ്പോൾ താരത്തിന് ബാറ്റിംഗ് ഉപദേശം നൽകുമ്പോൾ താരത്തിന് അത് ഇഷ്ട്ടപെടാതിരിക്കുകയും താരം തന്റെ കഴുത്തിന് നേരെ കത്തി കൊണ്ടുവരുകയും ചെയ്‌തെന്ന് ഫ്ലവർ പറഞ്ഞു.

തുടർന്ന് അന്നത്തെ പരിശീലകൻ ആയിരുന്ന മിക്കി ആർതർ ഇടപെടുകയും പ്രശ്നം തീർത്തെന്നും ഗ്രാന്റ് ഫ്ലവർ പറഞ്ഞു. യൂനിസ് ഖാൻ മികച്ച ബാറ്റ്സ്മാൻ ആയിരുന്നെന്നും എന്നാൽ താരത്തെ ഉപദേശിക്കുക എളുപ്പമായിരുന്നില്ലെന്നും ഫ്ലവർ പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ചില താരങ്ങളെ ഉപദേശം നൽകുകയെന്നത് എളുപ്പമായിരുന്നില്ലെന്നും ഗ്രാന്റ് ഫ്ലവർ പറഞ്ഞു. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് ഗ്രാന്റ് ഫ്ലവർ പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി പ്രവർത്തിച്ചത്.

Exit mobile version