കോഹ്‍ലി നിലവില്‍ ഒന്നാം നമ്പര്‍ താരം, പക്ഷേ ബാബര്‍ അസം ഈ തരത്തില്‍ മുന്നോട്ട് പോയാല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ താരമായി അസം മാറും

വിരാട് കോഹ്‍ലിയാണ് നിലവില്‍ ലോകക്രിക്കറ്റിലെ ഒന്നാമനെങ്കിലും ബാബര്‍ അസം ഇപ്പോള്‍ കളിക്കുന്ന പോലെ തുടര്‍ന്നും കളിച്ചാല്‍ ലോകത്തിലെ മികച്ച താരമായി പാക്കിസ്ഥാന്‍ സൂപ്പര്‍ താരം മാറുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം മുഹമ്മദ് യൂസഫ്. മുന്‍പ് താന്‍ താരത്തിനെ അത്ര കണ്ട് മതിപ്പ് നല്‍കിയിരുന്നില്ലെങ്കിലും ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ബാബര്‍ അസമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ താരം ലോകം കീഴടക്കുവാന്‍ പോന്നവനാണെന്ന തോന്നലുണ്ടാക്കുന്നുവെന്ന് യൂസഫ് പറഞ്ഞു.

ഇപ്പോള്‍ താരം ടെസ്റ്റ് ഫോര്‍മാറ്റിലും വളരെയധികം റണ്‍സ് കണ്ടെത്തുവാന്‍ തുടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇത് വലിയ മുതല്‍ക്കൂട്ടാകുമെന്നും യൂസഫ് വ്യക്തമാക്കി. നേരത്തെ ഏകദിനത്തില്‍ തിളങ്ങിയിരുന്നുവെങ്കിലും താരം ടെസ്റ്റില്‍ അത്ര മികവ് പുലര്‍ത്താത്തതാണ് താന്‍ താരത്തെ വിലമതിക്കാതിരുന്നതിന് കാരണമെന്നും യൂസഫ് സൂചിപ്പിച്ചു.

ഇപ്പോള്‍ താരം സ്ഥിരമായി ടെസ്റ്റ് ശതകങ്ങള്‍ നേടുന്നുണ്ടെന്നും അത് താരത്തിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും യൂസഫ് പറഞ്ഞു.

Exit mobile version