മുഹമ്മദ് അബ്ബാസിനെതിരെ ഇതുവരെ കളിച്ചിട്ടില്ല, പാക്കിസ്ഥാന്‍ യുവ പേസര്‍മാരും മികച്ചവരെന്ന് മനസ്സിലാക്കുന്നു – സ്റ്റീവന്‍ സ്മിത്ത്

താന്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത താരമാണ് മുഹമ്മദ് അബ്ബാസ് എന്നും താരത്തെ നേരിടുന്നത് വളരെ വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ് സ്റ്റീവന്‍ സ്മിത്ത്. പാക്കിസ്ഥാന്‍ പേസ് നിര പുതുമുഖങ്ങളടങ്ങിയതാണെങ്കിലും പേസില്‍ മുമ്പില്‍ തന്നെയാണെന്ന് വേണം വിലയിരുത്തുവേണ്ടത്. സീം മൂവ്മെന്റിലും നിയന്ത്രണത്തിലും മികച്ച പാടവമുള്ള അബ്ബാസിനൊപ്പം ഷഹീന്‍ അഫ്രീദി, മുഹമ്മദ് മൂസ, നസീം ഷാ എന്നിവരടങ്ങിയ പേസ് സംഘമാണ് ഓസ്ട്രലിയയെ നേരിടുക.

മികച്ച സീം ആണ് അബ്ബാസിന്റെ ശക്തിയെന്നും നേരിയ സഹായം പോലും വലിയ തോത്തില്‍ തനിക്ക് അനുകൂലമാക്കുന്ന താരമാണ് മുഹമ്മദ് അബ്ബാസ് എന്ന് സ്മിത്ത് പറഞ്ഞു. അതു പോലെ തന്നെ യുവതാരം ഷാ മികച്ച വേഗത്തിലാണ് പന്തെറിയുന്നതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. താരത്തിന് അധികം പരിചയമില്ലാത്തതിനാല്‍ പല സ്പെല്ലുകളില്‍ കണിശതയോടെ പന്തെറിയാനാകുമോ എന്നതാണ് നോക്കേണ്ടതെന്നും സ്മിത്ത് വ്യക്തമാക്കി.

ടോസ് പാക്കിസ്ഥാന്, ബാറ്റിംഗ് തിരഞ്ഞെടുത്തു, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പാക്കിസ്ഥാന്‍ ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നേടിയ പാക് നായകന്‍ ഷൊയ്ബ് മാലിക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കിയെത്തുന്ന ആത്മവിശ്വാസത്തിലാവും കളത്തിലിറങ്ങുക. വിലക്ക് മൂലം സര്‍ഫ്രാസ് അഹമ്മദിന്റെ അഭാവത്തില്‍ ഷൊയ്ബ് മാലിക് ആണ് പാക്കിസ്ഥാനെ നയിക്കുന്നത്.

രണ്ട് പാക് താരങ്ങള്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട്. ഷാന്‍ മക്സൂദും മുഹമ്മദ് അബ്ബാസുമാണ് അവര്‍. ഷൊയ്ബ് മാലിക് ഷാന്‍ മക്സൂദിനു ക്യാപ് നല്‍കിയപ്പോള്‍ മുഹമ്മദ് അബ്ബാസിനെ ഏകദിന ടീമിലേക്ക് സ്വാഗതം ചെയ്തത് കോച്ചിംഗ് സ്റ്റാഫംഗം അസ്ഹര്‍ മഹമ്മൂദ് ആണ്

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഷാന്‍ മക്സൂദ്, ഹാരിസ് സൊഹൈല്‍, ഷൊയ്ബ് മാലിക്, ഉമര്‍ അക്മല്‍, മുഹമ്മദ് റിസ്വാന്‍, ഫഹീം അഷ്റഫ്, ഇമാദ് വസീം, മുഹമ്മദ് അമീര്‍, യസീര്‍ ഷാ, മുഹമ്മദ് അബ്ബാസ്

ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഷോണ്‍ മാര്‍ഷ്, അലെക്സ് കാറെ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജൈ റിച്ചാര്‍ഡ്സണ്‍, നഥാന്‍ ലയണ്‍, ആഡം സംപ

പാക്കിസ്ഥാനു തിരിച്ചടിയായി ആദ്യ ടെസ്റ്റില്‍ രണ്ട് സൂപ്പര്‍ താരങ്ങളില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുവാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് കളിയ്ക്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍. ന്യൂസിലാണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുമ്പ് പരിക്കേറ്റ താരം ഇതുവരെ മാച്ച് ഫിറ്റ് ആകുവാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് ഇത് അറിയിക്കുകയായിരുന്നു. ലെഗ് സ്പിന്നര്‍ ഷദബ് ഖാനും ടീമിനു വേണ്ടി ആദ്യ മത്സരത്തില്‍ കളിക്കില്ല. താരവും പരിക്കിനെത്തുടര്‍ന്നാണ് കളത്തിനു പുറത്തിരിക്കുന്നത്.

അതേ സമയം ഓപ്പണര്‍ ഫകര്‍ സമന്‍ പരിക്ക് ഭേദമായി തിരികെ ടീമിലെത്തുമെന്നാണ് അറിയുന്നത്. ഷദബ് ഖാനും മുഹമ്മദ് അബ്ബാസും രണ്ടാം ടെസ്റ്റില്‍ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തകര്‍ന്നടിഞ്ഞ് ന്യൂസിലാണ്ട്, 153 റണ്‍സിനു ഓള്‍ഔട്ട്

അബു ദാബി ടെസ്റ്റില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണല്ലാതെ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിനു 66.3 ഓവറില്‍ കര്‍ട്ടന്‍ വീഴുകയായിരുന്നു. ഹെന്‍റി നിക്കോളസ് 28 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ നേടിയ 72 റണ്‍സാണ് ന്യൂസിലാണ്ട് ഇന്നിംഗ്സിലെ തന്നെ മികച്ച ഘട്ടം.

പാക്കിസ്ഥാനു വേണ്ടി യസീര്‍ ഷാ 3 വിക്കറ്റും മുഹമ്മദ് അബ്ബാസ്, ബിലാല്‍ ആസിഫ്, ഹാരിസ് സൊഹൈല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പത്താം മത്സരം, ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് മുഹമ്മദ് അബ്ബാസ്

പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അബ്ബാസ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക്. വെറും പത്ത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം. റേറ്റിംഗ് പോയിന്റില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് 800 പോയിന്റ് നേടി യസീര്‍ ഷായുടെ നേട്ടത്തിനൊപ്പം താരം എത്തുകയും ചെയ്തു. അബ്ബാസിന്റെ മികവില്‍ പാക്കിസ്ഥാന്‍ ഓസ്ട്രേലിയയെ 373 റണ്‍സിനു പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര 1-0നു സ്വന്തമാക്കിയിരുന്നു.

28 വയസ്സുകാരന്‍ താരം 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. യസീര്‍ ഷായും വെറോണ്‍ ഫിലാണ്ടറുമാണ് പത്ത് മത്സരങ്ങളില്‍ 800 റേറ്റിംഗ് പോയിന്റിലെത്തുന്ന മറ്റു താരങ്ങള്‍. 19ാം നൂറ്റാണ്ടില്‍ ഇതിലും കുറവ് മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച മൂന്ന് താരങ്ങളുണ്ട്. ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്‍ഡ്സണ്‍(1896ല്‍ എട്ട് മത്സരങ്ങളില്‍ നിന്ന്), ഓസ്ട്രേലിയയുടെ ചാര്‍ലി ടര്‍ണര്‍(1892ല്‍ 9 മത്സരങ്ങളില്‍ നിന്ന്), ഇംഗ്ലണ്ടിനു ഓസ്ട്രേലിയയ്ക്കുമായി കളിച്ച ജോണ്‍ ഫെരിസ്(1892ല്‍ 9 മത്സരങ്ങളില്‍ നിന്ന്)

പരമ്പരയുടെ തുടക്കത്തില്‍ അബ്ബാസ് 21ാം സ്ഥാനത്തായിരുന്നു. 800 റേറ്റിംഗ് പോയിന്റ് കടക്കുന്ന പത്താമത്തെ പാക്കിസ്ഥാന്‍ ബൗളറാണ് മുഹമ്മദ് അബ്ബാസ്.

373 റണ്‍സ് ജയം നേടി പാക്കിസ്ഥാന്‍

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 164 റണ്‍സില്‍ അവസാനിപ്പിച്ച് 373 റണ്‍സിന്റെ വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. 43 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ ചെറുത്ത് നില്പ് നടത്തിയത്. ട്രാവിസ് ഹെഡ് 36 റണ‍്സും ആരോണ്‍ ഫിഞ്ച് 31 റണ്‍സാണ് നേടിയത്. മുഹമ്മദ് അബ്ബാസ് 5 വിക്കറ്റും യസീര്‍ ഷാ 3 വിക്കറ്റും നേടിയാണ് പാക്കിസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ആദ്യ ഇന്നിംഗ്സില്‍ 282 റണ്‍സ് നേടിയ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 400/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 145 റണ്‍സിനു അവസാനിക്കുകയായിരുന്നു.

ഓസ്ട്രേലിയ 145 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ഫകര്‍ സമന്‍ മികവ് പുലര്‍ത്തുന്നു

അബു ദാബി ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 51/1 എന്ന നിലയില്‍. 188 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാനു ഇപ്പോള്‍ കൈവശമുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ ഫകര്‍ സമന്‍ 32 റണ്‍സും അസ്ഹര്‍ അലി 12 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയാണ്. 6 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസിനെയാണ് പാക്കിസ്ഥാന് നഷ്ടമായത്. വിക്കറ്റ് നേടിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 282 റണ്‍സ് നേടിയ പാക്കിസ്ഥാനു മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 145 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

മിച്ചല്‍ സ്റ്റാര്‍ക്ക് നേടിയ 34 റണ്‍സും മാര്‍നസ് ലാബൂഷാനെ നേടിയ 25 റണ്‍സുമാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനെ 145 റണ്‍സിലേക്ക് എത്തിക്കുന്നത്. ആരോണ്‍ ഫിഞ്ചാണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. 39 റണ്‍സാണ് താരം നേടിയത്. മുഹമ്മദ് അബ്ബാസ് 5 വിക്കറ്റും ബിലാല്‍ ആസിഫ് മൂന്ന് വിക്കറ്റും നേടി.

അബ്ബാസിന്റെ സ്പെല്ലില്‍ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ

അബു ദാബി ടെസ്റ്റില്‍ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ. മുഹമ്മദ് അബ്ബാസും മറ്റു ബൗളര്‍മാരും നിറഞ്ഞാടിയ ആദ്യ സെഷനില്‍ 91/7 എന്ന പരിതാപകരമായ നിലയിലാണ് ഓസ്ട്രേലിയ ഇപ്പോള്‍. 39 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഇന്നലെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അബ്ബാസ് ഇന്നും വീണ ആദ്യത്തെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു.

ഒരു വശത്ത് പിടിച്ച് നിന്ന ആരോണ്‍ ഫിഞ്ചിനെ ബിലാല്‍ ആസിഫ് പുറത്താക്കിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ യസീര്‍ ഷാ പുറത്താക്കി. 34.4 ഓവറില്‍ ടിം പെയിനിനെ ബിലാല്‍ ആസിഫ് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞു.

10 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെ ആണ് ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്ന താരം. മുഹമ്മദ് അബ്ബാസ് നാലും ബിലാല്‍ ആസിഫ് രണ്ടും വിക്കറ്റാണ് പാക്കിസ്ഥാനായി നേടിയത്.

ആദ്യ ദിവസം വീണത് 12 വിക്കറ്റ്, ഓസ്ട്രേലിയ പ്രതിരോധത്തില്‍

മുഹമ്മദ് അബ്ബാസിന്റെ ഫാസ്റ്റ് ബൗളിംഗ് സ്പെല്ലിനു മുന്നില്‍ ഓസ്ട്രേലിയയും പതറിയപ്പോള്‍ ദുബായ് ടെസ്റ്റില്‍ മികച്ച ക്രിക്കറ്റ് കാഴ്ചക്കാര്‍ക്കായി ഒരുക്കി പാക്കിസ്ഥാനും ഓസ്ട്രേലിയയും. ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്റെ 282 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 20/2 എന്ന നിലയിലാണ്. ഉസ്മാന്‍ ഖ്വാജയെയും നൈറ്റ് വാച്ച്മാന്‍ പീറ്റര്‍ സിഡിലിനെയുമാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇരു വിക്കറ്റുകളും വീഴ്ത്തിയത് മുഹമ്മദ് അബ്ബാസ് ആണ്. 13 റണ്‍സുമായി ആരോണ്‍ ഫിഞ്ചാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഫകര്‍ സമനും സര്‍ഫ്രാസ് അഹമ്മദും 94 റണ്‍സ് നേടി പുറത്തായ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. മുഹമ്മദ് ഹഫീസിനെ നഷ്ടമായ ശേഷം അരങ്ങേറ്റക്കാരന്‍ ഫകര്‍ സമനും അസ്ഹര്‍ അലിയും ചേര്‍ന്ന് പാക്കിസ്ഥാനെ 57/1 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും രണ്ട് ഓവറിന്റെ വ്യത്യാസത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി നഥാന്‍ ലയണ്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. 57/5 എന്ന നിലയില്‍ നിന്ന് ലഞ്ച് വരെ പാക്കിസ്ഥാനെ ഫകര്‍ സമനും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ 77/5 എന്ന സ്ഥിതിയിലെത്തിച്ചു.

രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുമെന്നും ശക്തമായ നിലയില്‍ തന്നെ ടീം ഒന്നാം ദിവസമെത്തുമെന്ന നിമിഷത്തിലാണ് ശതകത്തിന്റെ 6 റണ്‍സ് അകലെ ഫകര്‍ സമനെ ടീമിനു നഷ്ടമായത്. മാര്‍നസ് ലാബൂഷാനെയാണ് സമനെ പുറത്താക്കിയത്. 147 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ പാക്കിസ്ഥാന്‍ 282 റണ്‍സിനു പുറത്തായി.

ഫകര്‍ സമനെ പുറത്താക്കിയ ശേഷം ബിലാല്‍ ആസിഫിനെയും സര്‍ഫ്രാസ് അഹമ്മദിനെയും പുറത്താക്കിയത് ലാബൂഷാനെയായിരുന്നു. യസീര്‍ ഷാ നേടിയ 28 റണ്‍സ് പാക്കിസ്ഥാനു ഏറെ നിര്‍ണ്ണായകമായി മാറുകയായിരുന്നു. 94 റണ്‍സാണ് സര്‍ഫ്രാസും നേടിയത്. ഓസ്ട്രേലിയയ്ക്കായി ആദ്യ സെഷനില്‍ നാല് വിക്കറ്റ് നേടിയ നഥാന്‍ ലയണിനു പിന്നീട് വിക്കറ്റൊന്നും ലഭിച്ചില്ല. ലാബൂഷാനെ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനു ലഭിച്ചു.

പാക്കിസ്ഥാനു വേണ്ടി വേഗത്തില്‍ 50 വിക്കറ്റിലെത്തുന്ന പേസ് ബൗളറായി മാറണമെന്ന് ആഗ്രഹം

പാക്കിസ്ഥാനു വേണ്ടി വേഗത്തില്‍ 50 വിക്കറ്റുകള്‍ നേടുന്ന പാക്കിസ്ഥാന്‍ പേസ് ബൗളറായി മാറുകയാണ് തന്റെ ആഗ്രഹമെന്ന് തുറന്ന് പറഞ്ഞ് മുഹമ്മദ് അബ്ബാസ്. ഇന്നലെ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ 87/0 എന്ന നിലയില്‍ നിന്ന് 87/3 എന്ന നിലയിലേക്ക് തള്ളിയിട്ടത് അബ്ബാസ് ആയിരുന്നു.

യുഎഇയിലേക്ക് ഹോം ഗ്രൗണ്ട് രാഷ്ട്രീയവും മറ്റു കാരണങ്ങളാലും മാറ്റേണ്ടി വന്നതില്‍ പിന്നെ പാക്കിസ്ഥാന്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി പിച്ചുകളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ മുഹമ്മദ് അബ്ബാസാണ് പാക്കിസ്ഥാന്‍ പേസ് ബൗളര്‍മാരില്‍ ഈ പിച്ചുകളില്‍ നിന്ന് വിക്കറ്റുകള്‍ കൊയ്യുന്നത് ശീലമാക്കിയിരിക്കുന്ന താരം.

യസീര്‍ ഷായ്ക്കാണ് ഇപ്പോള്‍ പാക്കിസ്ഥാനു വേണ്ടി വേഗത്തില്‍ 50 വിക്കറ്റില്‍ നേടിയ താരമെന്ന റെക്കോര്‍ഡ്. 9 മത്സരത്തില്‍ നിന്ന് 49 വിക്കറ്റുകളാണ് താരത്തിനു ഇപ്പോള്‍ നേടാനായിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നാണ് യസീര്‍ ഷാ ഈ നേട്ടം കൊയ്തത്. എന്നാല്‍ യസീര്‍ ഷായുടെ റെക്കോര്‍ഡ് തകര്‍ക്കുക എന്നതല്ല തനിക്ക് പാക് പേസര്‍മാരില്‍ ഈ നേട്ടം കൊയ്യുന്ന താരമായി മാറണമെന്നാണ് അബ്ബാസ് പറഞ്ഞത്.

10 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൊയ്തവരാണ് വഖാര്‍ യൂനിസ്, മുഹമ്മദ് ആസിഫ്, ഷബീര്‍ അഹമ്മദ് എന്നിവര്‍. ഇന്ന് ദുബായ് ടെസ്റ്റിലെ അവസാന ദിവസം ഒരു വിക്കറ്റ് നേടിയാല്‍ തനിക്ക് ഈ നേട്ടം സ്വന്തമാക്കാനാകുമെന്നതിനാല്‍ തന്നെ അത് നേടുകയെന്നതാവും അബ്ബാസ് ലക്ഷ്യം വെയ്ക്കുക.

ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി മുഹമ്മദ് അബ്ബാസ്, ഖ്വാജയ്ക്ക് അര്‍ദ്ധ ശതകം

ദുബായ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ നാലാം ദിവസം അവസാന സെഷനില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍. മുഹമ്മദ് അബ്ബാസിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിലൂടെയാണ് ഓസ്ട്രേലിയയെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാക്കിയത്. ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് ചേര്‍ത്ത ശേഷമാണ് ടീമിന്റെ തകര്‍ച്ച.

തന്റെ രണ്ടാം അര്‍ദ്ധ ശതകത്തിനരികെയാണ് ഫിഞ്ച്(49) പുറത്തായത്. അതേ ഓവറിന്റെ അവസാന പന്തില്‍ മുഹമ്മദ് അബ്ബാസ് ഷോണ്‍ മാര്‍ഷിനെയും അടുത്ത ഓവറിലെ സഹോദരന്‍ മിച്ചല്‍ മാര്‍ഷിനെയും പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലായി. 87/0 എന്ന നിലയില്‍ നിന്ന് 87/3 എന്ന നിലയിലേക്ക് വീണ ശേഷം ഓസ്ട്രേലിയ ദിവസം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിക്കുകയായിരുന്നു.

നാലാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 136/3 എന്ന നിലയിലാണ്. 7 വിക്കറ്റുകള്‍ കൈവശമുള്ള ടീമിനു അവസാന ദിവസം വിജയത്തിനായി 326 റണ്‍സ് കൂടി നേടേണ്ടതുണ്ട്. 50 റണ്‍സുമായി ഉസ്മാന്‍ ഖ്വാജയ്ക്കൊപ്പം 34 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് ആണ് ക്രീസില്‍ നില്‍ക്കുന്നത്.

മൂന്നാം ദിനം വിക്കറ്റില്ലാത്ത ആദ്യ സെഷനു ശേഷം വീണത് 13 വിക്കറ്റ്

വിക്കറ്റില്ലാത്ത ആദ്യ സെഷനു ശേഷം 13 വിക്കറ്റ് വീണ രണ്ട് സെഷനുകളാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയ ടെസ്റ്റിന്റെ മൂന്നാം ദിവസം ദുബായിയില്‍ അരങ്ങേറിയത്. 142/0 എന്ന നിലയില്‍ നിന്ന് 60 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓസ്ട്രേലിയ ഓള്‍ഔട്ട് ആവുകയായിരുന്നു. ബിലാല്‍ ആസിഫ് ആറ് വിക്കറ്റും മുഹമ്മദ് അബ്ബാസ് വിക്കറ്റും വീഴ്ത്തിയാണ് ഓസ്ട്രേലിയയുടെ നടുവൊടിച്ചത്. 260 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 45/3 എന്ന നിലയിലാണ്.

ഓസ്ട്രേലിയയ്ക്കായി ഉസ്മാന്‍ ഖ്വാജ 85 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പള്‍ ആരോണ്‍ ഫിഞ്ച് 62 റണ്‍സ് നേടി പുറത്തായി. അതിനു ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായി ഓസ്ട്രേലിയ തകര്‍ന്നടിയുകയായിരുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 325 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന്‍ കൈവശമാക്കിയിട്ടുള്ളത്.

23 റണ്‍സ് നേടിയ ഇമാം-ഉള്‍-ഹക്കാണ് ക്രീസില്‍ നില്‍ക്കുന്നത്. മുഹമ്മദ് ഹഫീസ്(17), ബിലാല്‍ ആസിഫ്(0), അസ്ഹര്‍ അലി(4) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാനു നഷ്ടമായത്. ജോണ്‍ ഹോളണ്ട് രണ്ടും നഥാന്‍ ലയണ്‍ ഒരു വിക്കറ്റും നേടി.

Exit mobile version