ബാബര്‍ അസമിനെ വീഴ്ത്തി ആന്‍ഡേഴ്സണ്‍, ഒരറ്റത്ത് നിലയുറപ്പിച്ച് ഷാന്‍ മസൂദ്, പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടം

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷനില്‍ ഇഴഞ്ഞ് നീങ്ങി പാക്കിസ്ഥാന്‍ ഇന്നിംഗ്സ്. ബാബര്‍ അസമിന്റെ വിക്കറ്റ് ആദ്യമേ തന്നെ ഇംഗ്ലണ്ട് വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ റണ്‍ സ്കോറിംഗ് തടസ്സപ്പെടുകയായിരുന്നു. 69 റണ്‍സ് നേടിയ ബാബര്‍ അസമിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ് പുറത്താക്കിയത്. 96 റണ്‍സ് കൂട്ടുകെട്ടാണ് ബാബര്‍-മസൂദ് കൂട്ടുകെട്ട് നേടിയത്.

മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും ഒരറ്റത്ത് ഷാന്‍ മസൂദ് കോട്ട കാക്കുന്നത് പോലെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 187/5 എന്ന നിലയിലാണ്. 77 റണ്‍സുമായി ഷാന്‍ മസൂദും 1 റണ്‍സ് നേടി ഷദബ് ഖാനുമാണ് ക്രീസിലുള്ളത്.

ബാബര്‍ അസമിന് പുറമെ അസാദ് ഷഫീക്ക്(7), മുഹമ്മദ് റിസ്വാന്‍(9) എന്നിവരെയാണ് പാക്കിസ്ഥാന് നഷ്ടമായത്.
ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവരാണ് ഇന്ന് ഇംഗ്ലണ്ടിനായി വിക്കറ്റുകള്‍ നേടിയത്.

 

മഴയ്ക്കിടയിലും തിളങ്ങി നിന്ന് ബാബര്‍ അസം – ഷാന്‍ മക്സൂദ് കൂട്ടുകെട്ട്

തുടര്‍ച്ചയായ മഴ തടസ്സങ്ങള്‍ നേരിട്ട ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ മികച്ച തുടക്കം ലഭിച്ച് പാക്കിസ്ഥാന്‍. ആദ്യ രണ്ട് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ പാക്കിസ്ഥാന്‍ ഒന്നാം ദിവസം നേരത്തെ അവസാനിക്കുമ്പോള്‍ 139/2 എന്ന നിലയിലാണ്.

49 ഓവറുകള്‍ മാത്രമാണ് ആദ്യ ദിവസം എറിയുവാനായത്. 96 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ നേടിയത്. 46 റണ്‍സുമായി ഷാന്‍ മക്സൂദും 69 റണ്‍സ് നേടി ബാബര്‍ അസമുമാണ് ക്രീസിലുള്ളത്. 43/2 എന്ന നിലയിലാണ് ഈ കൂട്ടുകെട്ട് തങ്ങളുടെ ബാറ്റിംഗ് ആരംഭിക്കുന്നത്.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ജോഫ്ര ആര്‍ച്ചറുമാണ് ഓരോ വിക്കറ്റ് നേടിയത്.

മികച്ച അര്‍ദ്ധ ശതകവുമായി ബാബര്‍ അസം, കളി തടസ്സപ്പെടുത്തി മഴ

പാക്കിസ്ഥാന്റെ പ്രതീക്ഷകളെ കാത്ത് സൂക്ഷിക്കുന്ന തുടക്കവുമായി ബാബര്‍ അസം. ലഞ്ചിന് 53/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനെ ബാബര്‍ അസമും ഷാന്‍ മക്സൂദും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. 71 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ബാബര്‍ അസമിനൊപ്പം 134 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ഷാന്‍ മക്സൂദും നിലയുറപ്പിച്ചപ്പോള്‍ 41.1 ഓവറില്‍ പാക്കിസ്ഥാന്‍ 121/2 എന്ന നിലയിലാണ്.

മഴ മാഞ്ചസ്റ്ററില്‍ രസം കൊല്ലിയായി അവതരിക്കുമ്പോളും പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ പടുത്തുയര്‍ത്തുന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഈ താരങ്ങള്‍ പുറത്തെടുക്കുന്നത്. ഇതുവരെ 78 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പാക്കിസ്ഥാന്റെ വിജയ പ്രതീക്ഷകള്‍ ഈ കൂട്ടുകെട്ടിലാണ്, പ്രത്യേകിച്ച് ബാബര്‍ അസമിന്റെ ഇന്നിംഗ്സ്. താരം നിലയുറപ്പിച്ച് കഴിഞ്ഞാല്‍ മികച്ച സ്കോറിലേക്ക് ടീം നീങ്ങുമെന്ന് ഉറപ്പാണ്.

ആദ്യ സെഷനില്‍ പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. ആബിദ് അലി(16), ക്യാപ്റ്റന്‍ അസ്ഹര്‍ അലി എന്നിവരുടെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായിരിക്കുന്നത്. റണ്ണെടുക്കാതെയാണ് പാക് നായകന്റെ മടക്കം. ഇടയ്ക്ക് മഴ ചെറിയ തടസ്സം സൃഷ്ടിച്ചുവെങ്കിലും അധികം വൈകാതെ മത്സരം പുനരാരംഭിക്കുകയായിരുന്നു.

25 ഓവറുകള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 53 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയട്ടുള്ളത്. 27 റണ്‍സ് നേടിയ ഷാന്‍ മക്സൂദിന് കൂട്ടായി 4 റണ്‍സുമായി ബാബര്‍ അസം ആണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റ് നേടി.

174 റണ്‍സ് നേടി ആബിദ് അലി, പാക്കിസ്ഥാന് 315 റണ്‍സ് ലീഡ്

ആബിദ് അലിയുടെയും ഷാന്‍ മക്സൂദിന്റെയും പടുകൂറ്റന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ലഹിരു കുമര ഇരുവരെയും പുറത്താക്കിയെങ്കിലും പാക്കിസ്ഥാന് കറാച്ചി ടെസ്റ്റില്‍ കൂറ്റന്‍ സ്കോറും ലീഡും. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 395/2 എന്ന നിലയിലാണ് നില്‍ക്കുന്നത്. മത്സരത്തില്‍ 315 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

278 റണ്‍സാണ് ഷാന്‍ മക്സൂദും ആബിദ് അലിയും ചേര്‍ന്ന് നേടിയത്. 135 റണ്‍സ് നേടിയ ഷാന്‍ മക്സൂദിനെയാണ് ടീമിന് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 77 റണ്‍സ് കൂടി നേടിയ ശേഷമാണ് ആബിദ് അലി പുറത്തായത്. 174 റണ്‍സാണ് താരം നേടിയത്.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 57 റണ്‍സുമായി അസ്ഹര്‍ അലിയും 22 റണ്‍സ് നേടി ബാബര്‍ അസവുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ആബിദ് അലിയ്ക്കും ഷാന്‍ മക്സൂദിനും ശതകം, കറാച്ചി ടെസ്റ്റില്‍ പിടിമുറുക്കി പാക്കിസ്ഥാന്‍

കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന്‍ മികച്ച രീതിയില്‍ മുന്നോട്ട് കുതിയ്ക്കുന്നു. ആദ്യ ഇന്നിംഗ്സില്‍ 191 റണ്‍സിന് പുറത്തായ ടീം രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 217 റണ്‍സാണ് 53 ഓവറില്‍ നേടിയിട്ടുള്ളത്. 80 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ലങ്കയ്ക്കെതിരെ ഇപ്പോള്‍ പാക്കിസ്ഥാന് 137 റണ്‍സിന്റെ ലീഡാണുള്ളത്.

ആബിദ് അലിയും ഷാന്‍ മക്സൂദും ശതകങ്ങളുമായി നിലയുറപ്പിച്ചപ്പോള്‍ മൂന്നാം ദിവസം പൂര്‍ണ്ണമായ ആധിപത്യമാണ് പാക്കിസ്ഥാന്‍ നേടിയത്. ഇരു താരങ്ങളും മികച്ച വേഗത്തിലാണ് സ്കോറിംഗ് നടത്തുന്നത്. ആബിദ് അലി 110 റണ്‍സും ഷാന്‍ മക്സൂദ് 103 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ടോസ് പാക്കിസ്ഥാന്, ബാറ്റിംഗ് തിരഞ്ഞെടുത്തു, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പാക്കിസ്ഥാന്‍ ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നേടിയ പാക് നായകന്‍ ഷൊയ്ബ് മാലിക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കിയെത്തുന്ന ആത്മവിശ്വാസത്തിലാവും കളത്തിലിറങ്ങുക. വിലക്ക് മൂലം സര്‍ഫ്രാസ് അഹമ്മദിന്റെ അഭാവത്തില്‍ ഷൊയ്ബ് മാലിക് ആണ് പാക്കിസ്ഥാനെ നയിക്കുന്നത്.

രണ്ട് പാക് താരങ്ങള്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട്. ഷാന്‍ മക്സൂദും മുഹമ്മദ് അബ്ബാസുമാണ് അവര്‍. ഷൊയ്ബ് മാലിക് ഷാന്‍ മക്സൂദിനു ക്യാപ് നല്‍കിയപ്പോള്‍ മുഹമ്മദ് അബ്ബാസിനെ ഏകദിന ടീമിലേക്ക് സ്വാഗതം ചെയ്തത് കോച്ചിംഗ് സ്റ്റാഫംഗം അസ്ഹര്‍ മഹമ്മൂദ് ആണ്

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഷാന്‍ മക്സൂദ്, ഹാരിസ് സൊഹൈല്‍, ഷൊയ്ബ് മാലിക്, ഉമര്‍ അക്മല്‍, മുഹമ്മദ് റിസ്വാന്‍, ഫഹീം അഷ്റഫ്, ഇമാദ് വസീം, മുഹമ്മദ് അമീര്‍, യസീര്‍ ഷാ, മുഹമ്മദ് അബ്ബാസ്

ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഷോണ്‍ മാര്‍ഷ്, അലെക്സ് കാറെ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജൈ റിച്ചാര്‍ഡ്സണ്‍, നഥാന്‍ ലയണ്‍, ആഡം സംപ

വീണ്ടും തകര്‍ന്ന് പാക്കിസ്ഥാന്‍, കൈവശം നേരിയ ലീഡ് മാത്രം

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മധ്യ നിര പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുമെന്ന നിലയില്‍ നിന്ന് ഡെയില്‍ സ്റ്റെയിനിനും കാഗിസോ റബാഡയ്ക്കും മുന്നില്‍ കീഴടങ്ങി പാക്കിസ്ഥാന്‍. ദക്ഷിണാഫ്രിക്കയെ വീണ്ടും ബാറ്റ് ചെയ്യാനിറക്കാമെന്ന കാര്യത്തില്‍ മാത്രമാണ് പാക്കിസ്ഥാനു ആശ്വസിക്കാവുന്നത്. ഒരു ഘട്ടത്തില്‍ 194/3 എന്ന നിലയില്‍ നിന്ന് 294 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ കൈവശം 40 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ടെസ്റ്റ് വിജയിക്കുവാന്‍ വേണ്ടത് 41 റണ്‍സ് മാത്രം.

അസാദ് ഷഫീക്ക് 88 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മക്സൂദ്(61), ബാബര്‍ അസം(72) എന്നിവര്‍ അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങി. ഡെയില്‍ സ്റ്റെയിന്‍ കാഗിസോ റബാഡയും നാല് വീതം വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.

ആടിയുലഞ്ഞ് പാക്കിസ്ഥാന്‍ 177 റണ്‍സിനു ഓള്‍ഔട്ട്, ലീഡ് പിടിയ്ക്കാനായി ദക്ഷിണാഫ്രിക്ക

കേപ് ടൗണിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ലീഡിനു 54 റണ്‍സ് അകലെ നില്‍ക്കുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ 177 റണ്‍സിനു പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കിയ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഇന്നിംഗ്സില്‍ 123/2 എന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രത്തിന്റെ മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. 78 റണ്‍സ് നേടിയ മാര്‍ക്രവും 20 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറുമാണ് പുറത്തായ താരങ്ങള്‍.

ഡീന്‍ എല്‍ഗാര്‍ ആണ് പുറത്തായ ആദ്യ താരം 78 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം പുറത്തായതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 24 റണ്‍സുമായി ഹാഷിം അംലയാണ് ക്രീസില്‍ നില്‍ക്കുന്നത്. പാക്കിസ്ഥാനായി ഷാന്‍ മക്സൂദ്, മുഹമ്മദ് അമീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ഡുവാനെ ഒളിവിയര്‍, ഡെയില്‍ സ്റ്റെയിന്‍ എന്നിവരുടെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ‍ഡെയില്‍ സ്റ്റെയിന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒളിവിയര്‍ 4 വിക്കറ്റ് നേടി. കാഗിസോ റബാഡയ്ക്ക് രണ്ടും വെറോണ്‍ ഫിലാന്‍ഡറിനു ഒരു വിക്കറ്റും ലഭിച്ചു.

പാക്കിസ്ഥാനു വേണ്ടി സര്‍ഫ്രാസ് അഹമ്മദ് 56 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മക്സൂദ് 44 റണ്‍സ് നേടി മികവ് പുലര്‍ത്തി. അസാദ് ഷഫീക്ക്(20), മുഹമ്മദ് അമീര്‍(22) എന്നിവരാണ് പാക്കിസ്ഥാനു വേണ്ടി രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

Exit mobile version