RCB-ക്ക് വൻ തിരിച്ചടി, ശ്രേയങ്ക പാട്ടീൽ ഈ WPL കളിക്കില്ല!!

കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ്പ് ജേതാവായ ശ്രേയങ്ക പാട്ടീൽ പരിക്കിനെ തുടർന്ന് 2025 ലെ വനിതാ പ്രീമിയർ ലീഗിൽ (WPL) നിന്ന് പുറത്തായി. 2024 ലെ WPL-ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പ്രതിഭാധനയായ ഓൾറൗണ്ടർ, ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (RCB) ഒരു വലിയ നഷ്ടമായിരിക്കും.

പരിചയസമ്പന്നനായ ഓഫ് സ്പിന്നർ സ്നേഹ റാണയെ പകരക്കാരിയായി RCB തിരഞ്ഞെടുത്തു. ഓൾറൗണ്ട് കഴിവുകൾക്ക് പേരുകേട്ട റാണ, ടീമിനെ സഹായിക്കും എന്ന് ക്ലബ് കരുതുന്നു. ഇന്നലെ ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ച് കൊണ്ട് മികച്ച രീതിയിൽ സീസൺ ആരംഭിക്കാൻ ആർ സ് ബിക്ക് ആയിരുന്നു.

ഇംഗ്ലണ്ടിന് പിന്നാലെ ഓസ്ട്രേലിയെയും വീഴ്ത്തി ഇന്ത്യ

മുംബൈയിലെ ഏക ടെസ്റ്റ് മത്സരത്തിൽ എട്ട് വിക്കറ്റ് വിജയവുമായി ഇന്ത്യ. 75 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിലാണ് സ്കോര്‍ മറികടന്നത്. ഷഫാലി വര്‍മ്മ(4), റിച്ച ഘോഷ്(13) എന്നിവരുടെ വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ സ്മൃതി മന്ഥാനയും(38*) ജെമീമ റോഡ്രിഗസും(12*) ആയിരുന്നു വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

സ്നേഹ് റാണയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഓസ്ട്രേലിയ: 219 & 261
ഇന്ത്യ: 406 & 75/2

ഓസ്ട്രേലിയ 261 റൺസിന് ഓള്‍ഔട്ട്, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 75 റൺസ്

മുംബൈയിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏക ടെസ്റ്റ് വിജയിക്കുവാന്‍ ഇന്ത്യ നേടേണ്ടത് 75 റൺസ്. 233/5 എന്ന നിലയിൽ നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ 261 റൺസിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. സ്നേഹ് റാണ നാലും രാജേശ്വരി ഗായക്വാഡ്, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് ഓസ്ട്രേലിയയെ ഓള്‍ഔട്ട് ആക്കിയത്.

73 റൺസ് നേടിയ താഹ്‍ലിയ മഗ്രാത്ത് ആണ് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. എൽസെ പെറി 33 റൺസ് നേടി. നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 219 റൺസിൽ അവസാനിച്ചപ്പോള്‍ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 406 റൺസാണ് നേടിയത്.

ഇന്ത്യയ്ക്ക് മുന്നിൽ പതറി!!! തായ്‍ലാന്‍ഡ് 37 റൺസിന് ഓള്‍ഔട്ട്

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പിൽ ബാറ്റിംഗിനറങ്ങിയ തായ്‍ലാന്‍ഡ് 15.1 ഓവറിൽ ഓള്‍ഔട്ട്. വെറും 37 റൺസ് ആണ് തായ്‍ലാന്‍ഡ് നേടിയത്. സ്നേഹ് റാണ തന്റെ നാലോവറിൽ 9 റൺസ് മാത്രം വിട്ട് കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രാജേശ്വരി ഗായക്വാഡും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

12 റൺസ് നേടിയ ഓപ്പണര്‍ നാന്നാപട് ആണ് തായ്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. ബൂച്ചാത്തം 7 റൺസ് നേടി.

ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ജയം, സ്നേഹ് റാണയ്ക്ക് നാല് വിക്കറ്റ്

വനിത ഏകദിന ലോകകപ്പിൽ നിര്‍ണ്ണായകമായ മത്സരത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. സെമി സാധ്യതയ്ക്കായി ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കേണ്ട ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ 110 റൺസിന്റെ വിജയം ആണ് നേടിയത്.

ബാറ്റിംഗിൽ 229/7 എന്ന സ്കോര്‍ മാത്രമാണ് ടീം നേടിയതെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെ 40.3 ഓവറിൽ 119 റൺസിന് ഓള്‍ഔട്ട് ആക്കി ഇന്ത്യ കൂറ്റന്‍ വിജയം നേടുകയായിരുന്നു.

ഇന്ത്യയ്ക്കായി 4 വിക്കറ്റ് നേടിയ സ്നേഹ് റാണയാണ് ബൗളിംഗിൽ തിളങ്ങിയത്. ജൂലന്‍ ഗോസ്വാമിയും പൂജ വസ്ട്രാക്കര്‍ രണ്ട് വിക്കറ്റും നേടി. 32 റൺസ് നേടിയ സൽമ ഖാത്തുന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.

തകർച്ചയിൽ ഏഴാം വിക്കറ്റ് തുണയായി, പാക്കിസ്ഥാനെതിരെ 244 റൺസ് നേടി ഇന്ത്യൻ വനിതകൾ

ലോകകപ്പിൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 244 റൺസ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. സ്നേഹ് റാണയും പൂജ വസ്ട്രാക്കറും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

റാണ പുറത്താകാതെ 48 പന്തിൽ 53 റൺസ് നേടിയപ്പോള്‍ പൂജ 59 പന്തിൽ നിന്ന് 67 റൺസ് നേടി. ടോപ് ഓര്‍ഡറിൽ സ്മൃതി മന്ഥാനയും(52) ദീപ്തി ശര്‍മ്മയും(40) തിളങ്ങിയെങ്കിലും പിന്നീട് വന്ന താരങ്ങള്‍ വേഗത്തിൽ പുറത്തായപ്പോള്‍ ഇന്ത്യ 114/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റിൽ റാണ – പൂജ കൂട്ടുകെട്ട് നേടിയ 122 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്.

പാക്കിസ്ഥാന് വേണ്ടി നശ്ര സന്ധുവും നിദ ദാറും രണ്ട് വീതം വിക്കറ്റ് നേടി.

സ്നേഹ് റാണ ഇന്ത്യയുടെ ഫിനിഷര്‍ റോളിൽ ശോഭിക്കും – മിത്താലി രാജ്

ഇന്ത്യയുടെ ഈ ഇംഗ്ലണ്ട് ടൂറിലെ കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കാവുന്നത് ഓള്‍റൗണ്ടര്‍ സ്നേഹ് റാണയെയാണ്. താരം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ആദ്യം ബ്രിസ്റ്റോള്‍ ടെസ്റ്റിൽ ഇന്ത്യയുടെ സമനിലയൊരുക്കിയും പിന്നീട് ഇന്നലെ മൂന്നാം ഏകദിനത്തിൽ നിര്‍ണ്ണായകമായ കൂട്ടുകെട്ട് മിത്താലി രാജിനൊപ്പം പുറത്തെടുത്ത് ടീമിന്റെ വിജയം ഒരുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുകയായിരുന്നു.

40 പന്തിൽ 50 റൺസ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയ മിത്താലി – സ്നേഹ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയം ഒരുക്കിയത്. താരത്തിന് ഇന്ത്യയുടെ ഫിനിഷര്‍ റോള്‍ ഏറ്റെടുക്കാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും 2022 ഏകദിന ലോകകപ്പില്‍ താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താനാകുമെന്നും മിത്താലി രാജ് പറഞ്ഞു.

ഫീല്‍ഡ് ക്ലിയര്‍ ചെയ്യുവാന്‍ ശേഷിയുള്ള ഒരാളെ ഫിനിഷര്‍ സ്ലോട്ടിൽ ഇന്ത്യ കുറച്ച് കാലമായി കാത്തിരിക്കുകയായിരുന്നുവെന്നും സ്നേഹയുടെ ഓള്‍റൗണ്ട് കഴിവ് താരത്തിനെ ആ റോളിലേക്ക് ശക്തമായി തന്നെ പരിഗണിക്കുവാന്‍ കാരണമാകുന്നുവെന്നും മിത്താലി വ്യക്തമാക്കി.

 

സെഞ്ച്വറി ആയിരുന്നില്ല ലക്ഷ്യം – സ്നേഹ് റാണ

ബ്രിസ്റ്റോള്‍ ടെസ്റ്റിൽ ഇന്ത്യയെ സമനിലയിലേക്ക് നയിച്ചതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് സ്നേഹ് റാണയുടെ വാലറ്റത്തോടൊപ്പമുള്ള ചെറുത്ത് നില്പായിരുന്നു. ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം പുറത്തായി ഇന്ത്യ 199/7 എന്ന നിലയിൽ വെറും 34 റൺസ് ലീഡ് മാത്രം കൈവശമുള്ളപ്പോളാണ് സ്നേഹ് റാണ ശിഖ പാണ്ടേ, താനിയ ഭാട്ടിയ എന്നിവരോടൊപ്പം പൊരുതി നിന്ന് ഇന്ത്യയെ 344/8 എന്ന നിലയിലേക്ക് നയിക്കുകയായിരുന്നു.

സ്നേഹ് 80 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ താനിയ ഭാട്ടിയ 44 റൺസാണ് പുറത്താകാതെ നേടിയത്. താനൊരിക്കലും ശതകം ലക്ഷ്യമാക്കിയല്ല ബാറ്റ് ചെയ്തതെന്ന് റാണ പറഞ്ഞു. ഇംഗ്ലണ്ട് താരങ്ങള്‍ സ്ലെഡ് ചെയ്യുന്നുണ്ടായിരുന്നുവെങ്കിൽ തങ്ങള്‍ അതിന് ശ്രദ്ധ കൊടുത്തില്ലെന്നും സ്നേഹ് പറഞ്ഞു.

അടിസ്ഥാനമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്ത് പതറാതെ നിന്നതിനാലാണ് ടീമിന് ആവശ്യമായ മത്സര ഫലം ലഭിച്ചതെന്ന് താരം പറ‍ഞ്ഞു. മത്സരം അവസാന മണിക്കൂറിലേക്ക് കടന്നപ്പോള്‍ ശതകത്തിന് 26 റൺസ് മാത്രം അകലെയായിരുന്നു സ്നേഹ് റാണ. എന്നാൽ താരം പിന്നീട് വെറും നാല് റൺസാണ് നേടിയത്.

ശതകമല്ലായിരുന്നു ലക്ഷ്യമെന്നും ടീമിന്റെ ആവശ്യം അനുസരിച്ച് മാത്രമാണ് കളിച്ചതെന്നുമാണ് സ്നേഹ് വ്യക്തമാക്കിയത്.

സ്നേഹ് റാണയുടെ ഓള്‍റൗണ്ട് മികവാണ് താരത്തിന്റെ സെലക്ഷനുറപ്പാക്കിയത്

ഇംഗ്ലണ്ടിനെതിരെ തോൽവി മുന്നിൽക്കണ്ട ഇന്ത്യയെ വാലറ്റത്തോടൊപ്പം ചെറുത്ത് നിന്ന് ഇന്ത്യയ്ക്ക് അവിസ്മരണീയമായ സമനില നല്‍കിയത് സ്നേഹ് റാണയുടെ മിന്നും ബാറ്റിംഗ് പ്രകടനമായിരുന്നു. 199/7 എന്ന നിലയിൽ നിന്ന് ഒരു സെഷന്‍ മുഴുവന്‍ ഇന്ത്യയുടെ ചെറുത്ത്നില്പിന്റെ പ്രധാന സൂത്രധാര സ്നേഹ് ആയിരുന്നു. എട്ടാം വിക്കറ്റിൽ ശിഖ പാണ്ടേയോടൊപ്പവും ഒമ്പതാം വിക്കറ്റിൽ താനിയ ഭാട്ടിയയോടൊപ്പമുള്ള അപരാജിത കൂട്ടുകെട്ടും ഇംഗ്ലണ്ടിന്റെ വിജയ സാധ്യതയെ ഇല്ലാതാക്കുകകയായിരുന്നു.

ടീമിലെ രണ്ടാമത്തെ ഓഫ് സ്പിന്നറായിരുന്നുവെങ്കിലും താരത്തിന്റെ ഓള്‍റൗണ്ട് മികവാണ് താരത്തിന് ടീമിലവസരം കൊടുത്തതെന്നാണ് ക്യാപ്റ്റന്‍ മിത്താലി രാജ് വ്യക്തമാക്കിയത്. മറ്റ് സ്പിന്‍ ഓപ്ഷനുകളുണ്ടായിരുന്നുവെങ്കിലും താരത്തിന്റെ ബാറ്റിംഗ് മികവ് രാധ യാദവിനും പൂനം യാദവിനും പകരം ടീമിലേക്ക് റാണയെ എത്തിക്കുകയായിരുന്നുവെന്ന് മിത്താലി പറഞ്ഞു.

ദീപ്തി ശര്‍മ്മയ്ക്കൊപ്പം മികച്ച രീതിയിൽ നെറ്റ്സിൽ ബൗള്‍ ചെയ്യുന്നതും ബാറ്റിംഗും ചെയ്യുമെന്നതാണ് താരത്തിന് മുന്‍തൂക്കം നല്‍കിയതെന്നും മിത്താലി സൂചിപ്പിച്ചു.

കോട്ട കാത്ത് സ്നേഹ് റാണ, കൂട്ടായി താനിയ ഭാട്ടിയ, മത്സരം സമനിലയിൽ

ഉറപ്പായ തോൽവിയിൽ നിന്ന് ഇന്ത്യയെ കരകയറ്റി സ്നേഹ റാണ – താനിയ ഭാട്ടിയ കൂട്ടുകെട്ട്. ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയ 104 റൺസിന്റെ ബലത്തിൽ ഇന്ത്യയ്ക്ക് സമനില. 199/7 എന്ന നിലയിൽ ഇന്ത്യ പ്രതിരോധത്തിലായപ്പോള്‍ സ്നേഹ് റാണയും ശിഖ പാണ്ടേയുമാണ് ആദ്യം രക്ഷയ്ക്കെത്തിയത്. 41 റൺസ് നേടിയ കൂട്ടുകെട്ടിനെ ഇംഗ്ലണ്ട് തകര്‍ത്തുവെങ്കിലും താനിയ ഭാട്ടിയയോടൊപ്പം റൺസ് സ്കോര്‍ ചെയ്ത് സ്നേഹ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 121 ഓവറിൽ 344/8 എന്ന നിലയില്‍ ആണ് അവസാനിച്ചത്. സ്നേഹ് 80 റൺസും താനിയ ഭാട്ടിയ 44 റൺസുമാണ് ഇന്ത്യയ്ക്കായി നേടിയത്. ഇംഗ്ലണ്ട് ബൗളിംഗ് നിരയിൽ സോഫി എക്ലെസ്റ്റോൺ 4 വിക്കറ്റും നത്താലി സ്കിവര്‍ 2 വിക്കറ്റും നേടി.

ഷഫാലി വര്‍മ്മ(63), ദീപ്തി ശര്‍മ്മ(54) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം പൂനം റൗത്ത് 39 റൺസുമായി മികച്ച ചെറുത്ത്നില്പാണ് ഇന്ത്യയ്ക്കായി നടത്തിയതെങ്കിലും രണ്ടാം ഇന്നിംഗ്സിലെ ഹീറോ സ്നേഹ് റാണയും ഇന്ത്യയുടെ വാലറ്റവുമാണ്. താനിയ ഭാട്ടിയയുടെ പ്രകടനവും ശ്രദ്ധേയമാണ്.

396/9 എന്ന നിലയിൽ ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍

തന്റെ അര്‍ദ്ധ ശതകത്തിന് മൂന്ന് റൺസ് അകലെ അന്യ ഷ്രുബ്സോള്‍ പുറത്തായപ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. 74 റൺസുമായി പുറത്താകാതെ നിന്ന സോഫിയ ഡങ്ക്ലിയും അന്യയും ചേര്‍ന്ന് 9ാം വിക്കറ്റിൽ 59 പന്തിൽ നിന്ന് 70 റൺസാണ് നേടിയത്.

ഷ്രുബ്സോള്‍ 33 പന്തിൽ 47 റൺസ് നേടി അടിച്ച് തകര്‍ക്കുകയായിരുന്നു. അതിവേഗ സ്കോറിംഗ് രീതിയിലേക്ക് തിരിഞ്ഞ താരത്തെ സ്നേഹ് റാണയാണ് പുറത്താക്കിയത്. റാണയുടെ മത്സരത്തിലെ നാലാമത്തെ വിക്കറ്റാണിത്. 121.2 ഓവറുകള്‍ ആണ് ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്തത്.

Exit mobile version