കൂറ്റന്‍ വിജയവുമായി ആദ്യ തോല്‍വിയുടെ പകരം വീട്ടി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ 126 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 305/7 എന്ന സ്കോര്‍ 50 ഓവറില്‍ നേടിയ ശേഷം അയര്‍ലണ്ടിനെ 179 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പര ഇരു ടീമുകളും പങ്കുവയ്ക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് ഷെഹ്സാദ് നേടിയ ശതകമാണ് ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചത്. 88 പന്തില്‍ 101 റണ്‍സ് നേടിയ താരത്തിനൊപ്പം റഹ്മത് ഷാ(62), ഹസ്മത്തുള്ള ഷഹീദി(47) എന്നിവര്‍ക്കൊപ്പം നജീബുള്ള സദ്രാന്‍ പുറത്താകാതെ 33 പന്തില്‍ നിന്ന് നേടിയ 60 റണ്‍സ് കൂടിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 305 എന്ന സ്കോറിലേക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നീങ്ങി. അയര്‍ലണ്ടിനു വേണ്ടി മാര്‍ക്ക് അഡൈര്‍ മൂന്നും ആന്‍ഡി മക്ബ്രൈന്‍ രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിനു വേണ്ടി 50 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയി. 41.2 ഓവറിലാണ് ടീം 179 റണ്‍സിനു ഓള്‍ഔട്ട് ആയത്. 34 റണ്‍സ് നേടിയ ഗാരി വില്‍സണ്‍ ആണ് ടീമിലെ മറ്റൊരു പ്രധാന സ്കോറര്‍. 6 വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബ് ആണ് അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

Exit mobile version