കേരളം മറക്കാനാഗ്രഹിക്കുന്ന ആ രണ്ട് ദിനങ്ങള്‍, എന്നും ഓര്‍മ്മയില്‍ നില്‍ക്കും മൂന്നാം ദിവസത്തെ പോരാട്ടം

മധ്യ പ്രദേശിനിതിരെയുള്ള മത്സരത്തില്‍ കേരളം മറക്കാനാഗ്രഹിക്കുക രണ്ട് ദിവസത്തെ പ്രകടനങ്ങളാവും, അതു പോലെത്തന്നെ ഏതൊരു ക്രിക്കറ്റ് പ്രേമിയെയും ആവേശം കൊള്ളിക്കുന്ന എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന മൂന്നാം ദിവസത്തെ പോരാട്ടവും. ആദ്യ ദിവസം ബാറ്റിംഗിലാണ് കേരളം പതറിയതെങ്കില്‍ നാലാം ദിവസം ബൗളിംഗില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയതാണ് ടീമിനു തിരിച്ചടിയായത്. 63 റണ്‍സിനു ഒന്നാം ദിവസം യാതൊരു ചെറുത്ത് നില്പുമില്ലാതെ കേരളം കീഴടങ്ങിയ ശേഷം മൂന്നാം ദിവസത്തെ പ്രകടനത്തിന്റെ ബലത്തില്‍ കേരളം മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു.

രണ്ടാം ഇന്നിംഗ്സിലും കേരളത്തിനു തുടക്കം നിരാശയോടെയായിരുന്നു. 8/4 എന്ന നിലയില്‍ നിന്ന് 455 റണ്‍സിലേക്ക് കേരളം എത്തുമ്പോളും 190 റണ്‍സിന്റെ ലീഡ് മാത്രമാണ് ടീമിനു നേടാനായത്. എത്രമാത്രം പിന്നില്‍ നിന്നാണ് ഈ തിരിച്ചുവരവെന്നതിന്റെ സൂചനയാണ് ഈ വലിയ സ്കോര്‍ രണ്ടാം ഇന്നിംഗ്സില്‍ നേടിയിട്ടും ലീഡ് 190 റണ്‍സില്‍ ഒതുങ്ങിയത്. വിഷ്ണു വിനോദിന്റെ 193*നോടൊപ്പം സച്ചിന്‍ ബേബിയും(143) ബേസില്‍ തമ്പിയും(57) ചേര്‍ന്നാണ് കേരളത്തെ തിരികെ മത്സരത്തിലേക്ക് എത്തിച്ചത്.

പരാജയപ്പെട്ടുവെങ്കിലും ആദ്യ ഇന്നിംഗ്സിലെ തകര്‍ച്ചയില്‍ നിന്ന് കേരളം മത്സരത്തിലേക്ക് തിരികെ വന്നത് ഏറെ ശ്രദ്ധേയമായ പ്രകടനമായി തന്നെ വിലയിരുത്തണം. 190 റണ്‍സ് ചെറുതെങ്കിലും കേരളത്തിനായി അക്ഷയ് കെസിയും ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും അടങ്ങുന്ന ബൗളിംഗ് നിര അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഒപ്പം തന്നെ ഫീല്‍ഡിംഗും കൈവിട്ടപ്പോള്‍ കാര്യങ്ങള്‍ അനുകൂലമല്ലാതായി മാറി. 77 റണ്‍സ് നേടിയ രജത് പടിഡാറിന്റെ മാത്രം രണ്ട് ക്യാച്ചുകളാണ് കേരളം കൈവിട്ടത്.

അക്ഷയ് കെസിയെയും ബേസില്‍ തമ്പിയെയും വേണ്ട വിധത്തില്‍ കേരളത്തിനു ഉപയോഗിക്കുവാന്‍ സാധിച്ചില്ലെന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നതും ടീമിന്റെ അവസാന ദിവസത്തെ തന്ത്രത്തിലെ പാളിച്ചയാണോ എന്നും വിലയിരുത്തപ്പെടണം. ബേസിലും അക്ഷയും വെറും 4 ഓവറുകള്‍ മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ എറിഞ്ഞത്.

ആത്മവിശ്വാസം തകര്‍ക്കുന്ന ഒരു തോല്‍വിയല്ല ഇന്ന് കേരളത്തിനു സംഭവിച്ചതെന്നുള്ളതില്‍ സന്തോഷിക്കാം. തീരെ പ്രതീക്ഷയില്ലാത്ത സ്ഥിതിയില്‍ നിന്ന് പൊരുതുവാനുള്ള ഊര്‍ജ്ജം നേടി കേരളം തിരികെ വന്നുവെന്നതില്‍ ആശ്വസിക്കാം. ഈ തോല്‍വിയിലും ഏറെ ആശ്വസിക്കുവാന്‍ ടീമിനുണ്ട്, ജയം നേടാനായില്ലെന്നതില്‍ വിഷമിക്കുന്നതിലും ഈ പ്രകടനത്തില്‍ നിന്ന് ഊറ്റം കൊണ്ട് ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കുവാനുള്ള ആവേശം ടീം നേടട്ടെ എന്ന് ആശംസിക്കുന്നു.

പടിയ്ക്കല്‍ കലമുടച്ച് കേരളം, കൈവിട്ടത് മൂന്ന് ക്യാച്ചുകള്‍, മധ്യ പ്രദേശിന്റെ വിജയ ശില്പിയായി രജത് പടിഡാര്‍

ആദ്യ ഇന്നിംഗ്സിലേത് പോലെ തന്നെ രണ്ടാം ഇന്നിംഗ്സിലും മികവ് തെളിയിച്ച് രജത് പടിഡാര്‍ മധ്യ പ്രദേശിനെ വിജയത്തിലേക്ക് നയിച്ചു. കേരളത്തിന്റെ 191 റണ്‍സ് വിജയ ലക്ഷ്യത്തെ 5 വിക്കറ്റുകളുടെ നഷ്ടത്തിലാണ് മധ്യ പ്രദേശ് മറികടന്നത്. ചുറ്റും വിക്കറ്റുകള്‍ വീണപ്പോളും രജത് പടിഡാര്‍ മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ 5 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ കേരളം ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി 190 റണ്‍സ് ലീഡ് സ്വന്തമാക്കിയെങ്കിലും പ്രതീക്ഷിച്ച പോലൊരു ബൗളിംഗ് പ്രകടനം ടീമിനു പുറത്തെടുക്കാനായത് ടീമിന്റെ ജയ സാധ്യതകളെ ഇല്ലാതാക്കി.

മത്സരത്തില്‍ ക്യാച്ചുകള്‍ കൈവിട്ടും കേരളം രജതിനെ സഹായിച്ചിരുന്നു. 47 റണ്‍സ് വിജയിക്കുവാനുള്ളപ്പോള്‍ സന്ദീപ് വാര്യറുടെ ഓവറില്‍ സഞ്ജു സാംസണ്‍ താരത്തിനെ കൈവിട്ടിരുന്നു. ഇതിനു മുമ്പ് സന്ദീപ് തന്നെ ഒരവസരം രജതിനു നല്‍കിയിരുന്നു. 77 റണ്‍സ് നേടിയ രജത് പടിഡാറിനു കൂട്ടായി  ശുഭം ശര്‍മ്മ മികച്ച പിന്തുണ നല്‍കി. രജത് പുറത്തായ ശേഷം അരുണ്‍ കാര്‍ത്തിക്കും മത്സരത്തിന്റെ അവസാനത്തോടെ ഒരു ക്യാച്ച് കൈവിട്ടു.

വിജയ സമയത്ത് ശുഭം ശര്‍മ്മയും സാരന്‍ഷ് ജെയ്നുമായിരുന്നു ക്രീസില്‍. ശുഭം ശര്‍മ്മ 48 റണ്‍സും സാരന്‍ഷ് 11 റണ്‍സും നേടി പുറത്താകാതെ നിന്നു. കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ രണ്ടും ജലജ് സക്സേന, അക്ഷയ് കെസി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മൂന്നാം വിക്കറ്റില്‍ 66 റണ്‍സും അഞ്ചാം വിക്കറ്റില്‍ 51 റണ്‍സുമെന്ന നിലയില്‍ രണ്ട് നിര്‍ണ്ണായക കൂട്ടുകെട്ടുകളില്‍ പങ്കാളിയായിരുന്നു രജത്. ആദ്യ ഇന്നിംഗ്സില്‍ താരം 73 റണ്‍സ് നേടുകയും ചെയ്തു.

ലഞ്ചിനു തൊട്ട് മുമ്പ് രണ്ടാം വിക്കറ്റും വീഴ്ത്തി കേരളം, ജയത്തിനായി മധ്യ പ്രദേശ് നേടേണ്ടത് 149 റണ്‍സ്

മധ്യ പ്രദേശിനെതിരെ വിജയം നേടുവാന്‍ കേരളത്തിനു ഇനി വീഴ്ത്തേണ്ടത് എട്ട് വിക്കറ്റ് കൂടി. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 455 റണ്‍സില്‍ അവസാനിച്ച ശേഷം മത്സരത്തിന്റെ അന്തിമ ദിനത്തില്‍ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ മധ്യ പ്രദേശ് 42/2 എന്ന നിലയിലാണ്. 149 റണ്‍സ് കൂടിയാണ് മധ്യ പ്രദേശ് മത്സരം വിജയിക്കുവാന്‍ നേടേണ്ടത്.

വിഷ്ണു വിനോദും(193*) ബേസില്‍ തമ്പിയും ചേര്‍ന്ന് കേരളത്തിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. തമ്പി 57 റണ്‍സ് നേടി പുറത്തായി. മധ്യ പ്രദേശിനു വേണ്ടി രജത് പഡിദര്‍ ആണ് ക്രീസില്‍ ഏഴ് റണ്‍സുമായി നില്‍ക്കുന്നത്. ആര്യമന്‍ വിക്രം ബിര്‍ള(23), മോഹ്നിഷ് മിശ്ര(12) എന്നിവരാണ് പുറത്തായ താരം. ബിര്‍ള റണ്ണൗട്ടായപ്പോള്‍ മിശ്രയെ അക്ഷയ് കെസി പുറത്താക്കി.

ഇരട്ട ശതകത്തിനു ഏഴ് റണ്‍സ് അകലെ എത്തി വിഷ്ണു വിനോദ്, ജയിക്കുവാന്‍ മധ്യ പ്രദേശ് നേടേണ്ടത് 191 റണ്‍സ്

കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 455 റണ്‍സിനു അവസാനിച്ചു. മത്സരത്തില്‍ ഇപ്പോള്‍ കേരളത്തിനു 190 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. ബേസില്‍ തമ്പി 57 റണ്‍സ് നേടി പുറത്തായപ്പോള്‍ വിഷ്ണു വിനോദ് തന്റെ ഇരട്ട ശതകത്തിനു 7 റണ്‍സ് അകലെ വരെ എത്തി നില്‍ക്കുകയായിരുന്നു. 131 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ കേരളത്തിനായി തമ്പി-വിഷ്ണു കൂട്ടുകെട്ട് നേടിയത്.

ഇന്ന് വീണ രണ്ട് വിക്കറ്റും മധ്യ പ്രദേശിനായി വീഴ്ത്തിയത് ശുഭം ശര്‍മ്മയാണ്. നേരിട്ട ആദ്യ പന്തില്‍ തന്നെ സന്ദീപ് വാര്യര്‍ പുറത്തായപ്പോള്‍ കേരളത്തിന്റെ ഇന്നിംഗ്സ് 455 റണ്‍സില്‍ അവസാനിച്ചു. വിഷ്ണു വിനോദ് 193 റണ്‍സുമായി പുറത്താകാതെ നിന്നു. 390/8 എന്ന നിലയില്‍ ഇന്ന് 65 റണ്‍സ് കൂടിയാണ് കേരളം തങ്ങളുടെ സ്കോറിനോട് നേടിയത്.

അവിശ്വസനീയം ഈ തിരിച്ചുവരവ്, വിഷ്ണു വിനോദിനും സച്ചിന്‍ ബേബിയ്ക്കും ബിഗ് സല്യൂട്ട്

ആദ്യ ഇന്നിംഗ്സില്‍ 63 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സില്‍ 8 റണ്‍സിനിടെ നഷ്ടമായത് 4 മുന്‍ നിര വിക്കറ്റുകള്‍. എന്നിട്ടും കേരളം കീഴടങ്ങാതെ പോരാടി, സച്ചിന്‍ ബേബിയിലൂടെയും വിഷ്ണു വിനോദിലൂടെയും. ലീഡ് 125 റണ്‍സ് മാത്രമാണ് കേരളത്തിന്റെ കൈവശമുള്ളത്. അവശേഷിക്കുന്നതാകട്ടെ 2 വിക്കറ്റും. ജയിക്കുവാന്‍ പോന്നൊരു സ്കോറെന്ന് പറയാനാകില്ലെങ്കിലും ഇത് ജയത്തിനു തുല്യമായ ഒരു തിരിച്ചുവരവ് തന്നെയാണ്.

100/6 എന്ന നിലയില്‍ നിന്ന് മൂന്നാം ദിവസം അവസാനിപ്പിക്കുമ്പോള്‍ 390/8 എന്ന നിലയില്‍ അവസാനിക്കുമ്പോള്‍ കൈവശമുള്ള ലീഡിനെക്കാളുപരി ടീം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി എന്നുള്ളത് കേരളത്തിന്റെ ആത്മവിശ്വാസത്തെ എറെ ഉയര്‍ത്തുവാന്‍ സഹായിക്കും. ബംഗാളിനെ കീഴടക്കിയെത്തിയ ടീമിനു ആദ്യ ഇന്നിംഗ്സിലെ തകര്‍ച്ച നിരാശയേകുന്നതായിരുന്നു. മധ്യ പ്രദേശിനെ ചെറുത്ത് നിര്‍ത്താനാകാതെ 328 റണ്‍സ് വഴങ്ങിയപ്പോള്‍ ടീമിന്റെ മുന്നില്‍ ശ്രമകരമായൊരു ദൗത്യമായിരുന്നു ഉള്ളത്.

ഏഴാം വിക്കറ്റില്‍ ബേബിയും വിഷ്ണുവും ഒത്തുകൂടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അവിടെ നിന്ന് 199 റണ്‍സിന്റെ കൂട്ടുകെട്ട് നേടി ചായയ്ക്ക് ശേഷം 143 റണ്‍സ് നേടി സച്ചിന്‍ ബേബി പുറത്താകുമ്പോള്‍ വിഷ്ണു തന്റെ കന്നി ഫസ്റ്റ് ക്ലാസ് ശതകത്തിനു അരികിലായിരുന്നു. അക്ഷയ് കെസിയെ കുല്‍ദീപ് സെന്‍ വേഗത്തില്‍ പുറത്താക്കിയെങ്കിലും തുണയായി ബേസില്‍ തമ്പി എത്തിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കരകയറുകയായിരുന്നു.

കന്നി ശതകവുമായി വിഷ്ണു വിനോദ്, ചായയ്ക്ക് ശേഷം പുറത്തായി സച്ചിന്‍ ബേബി

ചായയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ മധ്യ പ്രദേശ് കാത്തിരുന്ന വിക്കറ്റുമായി സാരന്‍ഷ് ജെയിന്‍. കേരളത്തിന്റെ നായകനും വിഷ്ണു വിനോദിനൊപ്പം ടീമിനെ ലീഡിലേക്ക് നയിച്ച സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. 143 റണ്‍സ് നേടിയ ശേഷം സച്ചിന്‍ പുറത്താകുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ 299 റണ്‍സായിരുന്നു.

ഏഴാം വിക്കറ്റില്‍ 199 റണ്‍സാണ് കേരളം നേടിയത്. സച്ചിന്‍ ബേബി പുറത്തായ ശേഷം തന്റെ കന്നി ഫസ്റ്റ് ക്ലാസ് ശതകം പൂര്‍ത്തിയാക്കുവാന്‍ വിഷ്ണു വിനോദിനു സാധിച്ചു. 149 പന്തില്‍ നിന്നാണ് വിഷ്ണു വിനോദ് തന്റെ ശതകം നേടിയത്. 80 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 307 റണ്‍സാണ് നേടിയിട്ടുള്ളത്. 42 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്.

വിഷ്ണു വിനോദിനൊപ്പം(102*) അക്ഷയ് കെസി ഒരു റണ്‍ നേടി ക്രീസില്‍ നില്‍ക്കുന്നു.

സച്ചിന്‍ ബേബിയ്ക്ക് ശതകം, അര്‍ദ്ധ ശതകം നേടി വിഷ്ണു വിനോദ്, കേരളത്തിനു ലീഡ്

അവിശ്വസനീയമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി കേരളം. സച്ചിന്‍ ബേബി ശതകവും വിഷ്ണു വിനോദ് അര്‍ദ്ധ ശതകവും നേടിയ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 167 റണ്‍സിന്റെ ബലത്തിലാണ് കേരളം മധ്യ പ്രദേശിന്റെ ലീഡ് മറികടന്നത്. 130 റണ്‍സുമായി സച്ചിന്‍ ബേബിയും 7 റണ്‍സ് നേടി വിഷ്ണു വിനോദുമാണ് മധ്യ പ്രദേശ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച് മൂന്നാം ദിവസം കേരളത്തെ മുന്നോട്ട് നയിക്കുന്നത്. കേരളം 67 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 267 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

141 പന്തില്‍ നിന്നാണ് സച്ചിന്‍ ബേബി തന്റെ ശതകം പൂര്‍ത്തിയാക്കിയത്. അതേ സമയം 63 പന്തുകള്‍ നേരിട്ടാണ് വിഷ്ണു വിനോദ് തന്റെ അര്‍ദ്ധ ശതകം തികച്ചത്.

ലീഡ് നേടിയെങ്കിലും നാല് വിക്കറ്റ് മാത്രം കൈവശമുള്ള കേരളത്തിനു എത്ര നേരം ക്രീസില്‍ പിടിച്ച് നിന്നു സ്കോറിംഗ് മുന്നോട്ട് കൊണ്ടു പോകാമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തില്‍ നിന്ന് തോല്‍വി ഒഴിവാക്കുകയെന്നത് സ്വപ്നം കാണുവാനാവുക.

ശതകത്തിനരികെ സച്ചിന്‍ ബേബി ,ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കേരളം പൊരുതുന്നു

മധ്യ പ്രദേശിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കേരളം പൊരുതുന്നു. സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 89 റണ്‍സിന്റെ ബലത്തില്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ കേരളം 189/6 എന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ടീം 76 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

തലേ ദിവസത്തെ സ്കോറായ 38/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 42 റണ്‍സ് കൂടി നേടിയ ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 26 റണ്‍സ് നേടിയ വിഎ ജഗദീഷിനെയാണ് ടീമിനു ആദ്യം നഷ്ടമായത്. അധികം വൈകാതെ ടീമിനു സഞ്ജു സാംസണെയും(19) നഷ്ടമായി. റണ്ണൗട്ട് രൂപത്തില്‍ സഞ്ജു പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സാണ് കേരളം നേടിയത്.

അവിടെ നിന്ന് പോരാട്ട വീര്യമായി സച്ചിന്‍ ബേബിയും വിഷ്ണു വിനോദും കേരളത്തിന്റെ പടപൊരുതല്‍ നയിക്കുകയായിരുന്നു. ജയമെന്നത് അപ്രാപ്യവും തോല്‍വി ഒഴിവാക്കുക ശ്രമകരവുമെന്ന അവസ്ഥയില്‍ എത്ര നേരം ഈ കൂട്ടുകെട്ട് പിടിച്ച് നില്‍ക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കേരളം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുന്നത്. സച്ചിന്‍ ബേബി 90 റണ്‍സും വിഷ്ണും വിനോദ് 38 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.

രണ്ടാം ഇന്നിംഗ്സിലും തകര്‍ച്ച, കേരളം നേരിടേണ്ടി വരിക നാണംകെട്ട തോല്‍വി

രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളത്തെ കാത്തിരിക്കുന്നത് നാണംകെട്ട തോല്‍വി. ആദ്യ ഇന്നിംഗ്സില്‍ 63 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രമ്ടാം ഇന്നിംഗ്സില്‍ 38/4 എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സില്‍ 328 റണ്‍സ് നേടിയ മധ്യ പ്രദേശിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കേരളം 227 റണ്‍സ് കൂടി നേടേണ്ടതുണ്ട്. രണ്ട് ദിവസം അവശേഷിക്കെ തോല്‍വി ഒഴിവാക്കുവാന്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ കേരളത്തിനു സാധ്യമാവുകയുള്ളു.

20 റണ്‍സ് നേടിയ നായകന്‍ സച്ചിന്‍ ബേബിയും വിഎ ജഗദീഷും(9) ആണ് ക്രീസില്‍ നില്‍ക്കുന്നത്. രണ്ടാം ഇന്നിംഗ്സില്‍ കുല്‍ദീപ് സിംഗും ആവേശ് ഖാനും രണ്ട് വീതം വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്കായി നേടിയിട്ടുണ്ട്.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ മധ്യ പ്രദേശ് 328 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 79 റണ്‍സ് നേടിയ യഷ് ദുബേ, നമാന്‍ ഓജ എന്നിവര്‍ക്കൊപ്പം രജത് പഡിദാര്‍ 73 റണ്‍സ് നേടി മദ്യ പ്രദേശ് നിരയില്‍ തിളങ്ങി. കേരളത്തിനായി ജലജ് സക്സേന നാലം ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യ സെഷനില്‍ റണ്‍സ് കണ്ടെത്താന്‍ വലഞ്ഞ് കേരളം, എട്ട് വിക്കറ്റ് നഷ്ടം

മധ്യ പ്രദേശിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിനു തകര്‍ച്ച. കുല്‍ദീപ് രാംപാല്‍ സെന്നിന്റെ ബൗളിംഗിനു മുന്നില്‍ തകര്‍ന്ന ആതിഥേയര്‍ ആദ്യ ദിവസം ഉച്ചഭക്ഷണത്തിനാിയ പിരിയുമ്പോള്‍ 62/8 എന്ന നിലയിലാണ്. കുല്‍ദീപ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മിഹിര്‍ ഹിര്‍വാനിയും അവേശ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. കുമാര്‍  കാര്‍ത്തികേയ സിംഗിനാണ് ഒരു വിക്കറ്റ്.

16 റണ്‍സ് നേടിയ വിഷ്ണു വിനോദ് ആണ് നിലവില്‍ കേരളത്തിന്റെ ടോപ് സ്കോറര്‍. അക്ഷയ് ചന്ദ്രന്‍ 15 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 10 റണ്‍സ് നേടി പുറത്തായ വിഎ ജഗദീഷാണ് രണ്ടക്കം കടന്ന മറ്റൊരു താരം. അക്ഷയ് കെസിയാണ് കൂട്ടായി ഇപ്പോള്‍ ക്രീസിലുള്ളത്.

കേരളത്തെ പ്രതിരോധത്തിലാക്കി കുല്‍ദീപ് സെന്‍, നാല് വിക്കറ്റ് നഷ്ടം

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ തീരുമാനത്തിനു തിരിച്ചടി നല്‍കി കുല്‍ദീപ് സെന്‍. തന്റെ അടുത്തടുത്ത ഓവറുകളില്‍ ജലജ് സ്ക്സേനയെയും രോഹന്‍ പ്രേമിനെയും പുറത്താക്കിയാണ് കുല്‍ദീപ് സെന്‍ കേരളത്തെ ഞെട്ടിച്ചത്. ഈ സീസണിലും കഴിഞ്ഞ സീസണിലും മികച്ച ഫോമിലുള്ള ജലജ് സ്ക്സേനയെ നഷ്ടമായത് കേരളത്തിനു കനത്ത പ്രഹരമാണ്. ഏറെ വൈകാതെ ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കിനെയും കുല്‍ദീപ് രാംപാല്‍ സെന്‍ പുറത്താക്കി.

10 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സാണ് നേടിയിട്ടുള്ളത്. അവേശ് ഖാന്‍ സഞ്ജുവിനെയും പുറത്താക്കി കേരളത്തിന്റെ കാര്യം കൂടുതല്‍ പരിതാപകരമാക്കുകയായിരുന്നു.

22 വയസ്സുകാരന്‍ കുല്‍ദീപ് ഈ സീസണിലാണ് മധ്യ പ്രദേശിനു വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്. തമിഴ്നാടിനെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. നവംബര്‍ 1നു അരങ്ങേറ്റം നടത്തിയ താരം നവംബര്‍ 21നു പഞ്ചാബിനെതിരെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ആഘോഷിച്ചിരുന്നു.

മധ്യ പ്രദേശിനെതിരെ കേരളം ആദ്യം ബാറ്റ് ചെയ്യും

തങ്ങളുടെ മൂന്നാം വിജയം തേടി കേരളം മധ്യ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കേരള നായകന്‍ സച്ചിന്‍ ബേബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഹൈദ്രാബാദുമായി സമനിലയില്‍ പിരിഞ്ഞ ശേഷം ആന്ധ്രയെയും ബംഗാളിനെ ഈഡന്‍ ഗാര്‍ഡന്‍സിലും പരാജയപ്പെടുത്തിയാണ് കേരളം എത്തുന്നത്. മത്സരം സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് തുമ്പയിലാണ് നടക്കുന്നത്.

കേരളം: അരുണ്‍ കാര്‍ത്തിക്ക്, ജലജ് സക്സേന, രോഹന്‍ പ്രേം, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഎ ജഗദീഷ്, വിഷ്ണു വിനോദ്, അക്ഷയ് കെസി, അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍

മധ്യ പ്രദേശ്: യശ് ദുബേ, മോഹ്‍നിഷ് മിശ്ര, നമന്‍ ഓജ, ശുഭം ശര്‍മ്മ, മിഹിര്‍ ഹിര്‍വാനി, സാരാന്‍ഷ് ജൈന്‍, രജത് പടിഡര്‍, അവേശ് ഖാന്‍, കുല്‍ദീപ് സെന്‍, ആര്യമന്‍ വിക്രം ബിര്‍ള, കുമാര്‍ കാര്‍ത്തികേയ സിംഗ്

Exit mobile version