മത്സരം ഉപേക്ഷിക്കപ്പെട്ടു, പോയിന്റുകള്‍ പങ്കുവെച്ച് കേരളവും മധ്യ പ്രദേശും

വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കേരള മധ്യ പ്രദേശ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നേടി കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തുവെങ്കിലും മഴ മൂലം കളി ആരംഭിക്കുന്നത് തടസ്സപ്പെടുകയായിരുന്നു. മഴ ശമിച്ചുവെങ്കിലും വൈകാതെ തന്നെ വീണ്ടും മഴയെത്തിയപ്പോള്‍ മത്സരത്തിനു യോഗ്യമായ അവസ്ഥയിലേക്ക് ഗ്രൗണ്ട് തിരികെ എത്തില്ലെന്ന് ഉറപ്പായതോടെ മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരു ടീമുകള്‍ക്കും മത്സരത്തില്‍ നിന്ന് രണ്ട് വീതം പോയിന്റ് ലഭിച്ചു. ആന്ധ്ര പ്രദേശിനോട് ആദ്യ മത്സരത്തില്‍ ജയിക്കാവുന്ന അവസരം കൈവിട്ട ശേഷം ഒഡീഷയെയും ചത്തീസ്ഗഢിനെയും കേരളം പരാജയപ്പെടുത്തിയിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് കേരളത്തിനിപ്പോളുള്ളത്.

മുംബൈ നേടിയത് ഇന്ത്യയില്‍ ലിസ്റ്റ് എ മത്സരങ്ങളിലെ രണ്ടാമത്തെ മികച്ച സ്കോര്‍

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ 400/5 എന്ന സ്കോര്‍ അടിച്ച് കൂട്ടിയപ്പോള്‍ മുംബൈ സ്വന്തമാക്കിയത് ഇന്ത്യയിലെ ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. ശ്രേയസ്സ് അയ്യരുടെയും(144), പൃഥ്വി ഷായുടെയും(129) സ്കോറിംഗ് മികവില്‍ മുംബൈ 400 റണ്‍സാണ് 50 ഓവറില്‍ നിന്ന് നേടിയത്. 67 റണ്‍സ് നേടി സൂര്യ കുമാര്‍ യാദവും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

2009/10 സീസണില്‍ റെയില്‍വേസിനെതിരെ മധ്യ പ്രദേശ് നേടിയ 412/6 എന്ന സ്കോറാണ് ഏറ്റവും ഉയര്‍ന്ന ലിസ്റ്റ് എ സ്കോര്‍. 2007/08 സീസണില്‍ മുംബൈ മഹാരാഷ്ട്രയ്ക്കെതിരെ നേടിയ 398/3 എന്ന സ്കോറാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനം ബംഗാളിനാണ്. 2003/04 സീസണില്‍ ആസമിനെതിരെ നേടിയ 397/5 എന്ന സ്കോറാണ് ബംഗാളിനു ഈ നേട്ടം സമ്മാനിച്ചത്.

85 പന്തില്‍ 134 റണ്‍സുമായി സൂര്യകുമാര്‍ യാദവ്, മുംബൈയ്ക്ക് മികച്ച ജയം

സൂര്യകുമാര്‍ യാദവ് നേടിയ 134 റണ്‍സിന്റെ മികവില്‍ 332/5 എന്ന സ്കോര്‍ നേടിയ മുംബൈയ്ക്ക് മധ്യപ്രദേശിനെതിരെ 74 റണ്‍സ് ജയം. യാദവ് 11 ബൗണ്ടറിയും 7 സിക്സും സഹിതമാണ് തന്റെ 134 റണ്‍സ് നേടി പുറത്താകാതെ നിന്നത്. ജയ് ഗോകുല്‍ ബിസ്ട(90), അഖില്‍ ഹെര്‍വാദ്കര്‍(49) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മധ്യപ്രദേശിനായി അവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

തിരികെ ബാറ്റിംഗിനിറങ്ങിയ മധ്യ പ്രദേശ് 46.1 ഓവറില്‍ 258 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഷംസ് മുലാനി നാലും ദ്രുമില്‍ മട്കര്‍ മൂന്നും വിക്കറ്റാണ് മുംബൈയ്ക്കായി നേടിയത്. 67 റണ്‍സ് നേടിയ അന്‍ഷുല്‍ ത്രിപാഠി മധ്യ പ്രദേശിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പുനീത് ദാതേ 43 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version