ഫാബിയോ കാർവലോക്ക് വേണ്ടി ലെപ്സീഗ് ശ്രമം, ഓഫർ തള്ളി ലിവർപൂൾ

യുവതാരം ഫാബിയോ കാർവലോക്ക് വേണ്ടി ആർബി ലെപ്സീഗ് നീക്കം. എന്നാൽ ജർമൻ ടീമിന്റെ ആദ്യ ഓഫർ ലിവർപൂൾ തള്ളിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തെ പൂർണമായി കൈവിടാൻ ലിവർപൂൾ തയ്യാറല്ല എന്നാണ് സൂചന. അതിനാൽ തന്നെ ലോൺ അടക്കമുള്ള സാധ്യതകൾ ടീം പരിഗണിച്ചേക്കും. താരം ലോണിൽ പോയേക്കും എന്ന് ക്ലോപ്പും കഴിഞ്ഞ വാരം വെളിപ്പെടുത്തിയിരുന്നു.

അതേ സമയം ബൈ-ബാക്ക് ക്ലോസ് ചേർത്ത് കാർവലോയെ കൈമാറുന്നത് ലിവർപൂൾ പരിഗണിച്ചേക്കും എന്ന് റൊമാനോ ചൂണ്ടിക്കാണിക്കുന്നു. ഇതിനെ കുറിച്ച് ടീം ഉടനെ തീരുമാനം എടുക്കും. അങ്ങനെ എങ്കിൽ ലെപ്സിഗിന് താരത്തെ സ്വന്തമാക്കാനും ആവും. ഫുൾഹാമിൽ നിന്നും ഏഴര മില്യൺ പൗണ്ടോളം ചെലവാക്കിയാണ് സീസണിന്റെ തുടക്കത്തിൽ താരം ലിവർപൂളിൽ എത്തിയത്. ക്ലോപ്പിന്റെ അഭിനന്ദനത്തിന് പാത്രമായ താരത്തിന് എന്നാൽ പിന്നീട് അവസരങ്ങൾ കുറഞ്ഞു. തുടക്കത്തിൽ ടീമിൽ ഇടം പിടിച്ച കാർവലോ സീസൺ തീരുമ്പോൾ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 22 മത്സരങ്ങൾ മാത്രമാണ് ടീമിന്റെ ജേഴ്‌സി അണിഞ്ഞത്. അവസരങ്ങൾ കുറഞ്ഞതോടെ ഇരുപതുകാരൻ ടീം വിട്ടേക്കും എന്നും നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.

ബ്രൈറ്റൺ വിടാൻ ഉറച്ച് മാക് അലിസ്റ്റർ; ഓഫറുമായി ലിവർപൂൾ

അലക്‌സിസ് മാക് അലിസ്റ്ററിന് മുൻപിൽ ഓഫർ സമർപ്പിച്ച് ലിവർപൂൾ. തങ്ങളുടെ ഭാവി പരിപാടികൾ അടങ്ങിയ പ്രോജക്റ്റും താരത്തിനുള്ള വ്യക്തിപരമായ ഓഫറുമാണ് ലിവപൂൾ ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതോടെ ക്ലോപ്പിന്റെ മധ്യനിരയെ ഭരിക്കാൻ അർജന്റീനൻ താരത്തെ തന്നെ എത്തിക്കാൻ ആണ് ലിവർപൂൾ നീക്കമെന്ന് ഉറപ്പായി. താരം ബ്രൈറ്റൺ വിടുമെന്ന് ഉറപ്പായതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഓഫർ സമ്മർപ്പിച്ചെങ്കിലും തുടർന്നുള്ള ചർച്ചകൾ വരും വാരങ്ങളിലെ നടക്കുകയുള്ളൂ. ബെല്ലിങ്ഹാമിന്റെ റയലിലേക്കുള്ള കൈമാറ്റം ഉറപ്പായ ശേഷമാണ് മാക് അലിസ്റ്ററിന് വേണ്ടിയുള്ള ലിവർപൂൾ ഓഫർ വന്നത് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ തന്നെ ഇരുപത്തിനാലുകാരനു വേണ്ടി പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. ലോക ജേതാക്കളായാ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരത്തെ എത്തിക്കാൻ യുവന്റസിന് അടക്കം താല്പര്യം ഉണ്ടായിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ തന്നെ താരം തുടരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. 2025 വരെയുള്ള കരാർ ആണ് താരത്തിന് ബ്രൈറ്റണിൽ ബാക്കിയുള്ളത്. മികച്ച മധ്യനിരയുടെ അഭാവം മൂലം സീസണിൽ വളരെ ബുദ്ധിമുട്ടിയ ലിവർപൂൾ പുതിയ താരങ്ങളെ എത്തിക്കാനുള്ള നീക്കത്തിലും ആണ്. ബ്രൈറ്റൺ വിടാൻ ഉറച്ച അലിസ്റ്റർ ലിവർപൂളിന്റെ ഓഫർ തീർച്ചയായും പരിഗണിക്കും. മധ്യനിര താരത്തെ എത്തിക്കുന്നതിന് പുറമെ മറ്റ് ഒരു പിടി താരങ്ങൾക്ക് പുറത്തെക്കുള്ള വഴിയും ലിവർപൂൾ തുറക്കും. ഏകദേശം 70 മില്യൺ പൗണ്ടോളം താരത്തിന് വേണ്ടി ബ്രൈറ്റൺ അവശ്യപ്പെട്ടേക്കും എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ നൽകുന്ന സൂചന.

മാഡ്രിഡിനെതിരെ അത്ഭുതം തീർക്കുമോ ലിവർപൂൾ; ക്വർട്ടർ ഉറപ്പിക്കാൻ നാപോളി

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ നേരിട്ട തിരിച്ചടിക്ക് മറുപടി നൽകാൻ ഒരുങ്ങി ലിവർപൂൾ ബെർണബ്യുവിലേക്ക് എത്തുമ്പോൾ അപാരമായ ഫോമിലുള്ള നാപോളിയെ മറികടക്കുകയെന്ന ദുഷകരമായ ചുമതലയാണ് ഫ്രാങ്ക്ഫെർട്ടിനുള്ളത്. ആദ്യ പാദത്തിലെ മികച്ച സ്കോറിന്റെ ആത്മവിശ്വാസവുമായി റയൽ മാഡ്രിഡും നാപോളിയും തങ്ങളുടെ തട്ടകത്തിൽ എതിരളികളെ വരവേൽക്കുന്ന മത്സരത്തിൽ, ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനലിസ്റ്റുകളിൽ രണ്ടു പേരെ വ്യാഴാഴ്ച പുലർച്ചെ 1.30ന് വിസിലൂതുന്ന മത്സരങ്ങൾ കഴിയുമ്പോൾ അറിയാം.

സാക്ഷാൽ റയൽ മാഡ്രിഡിനെതിരെ സ്വപ്ന തുല്യമായ തുടക്കം നേടി, എന്നാൽ അതെല്ലാം വെറും പേടി സ്വപനമായി മാറുന്നതിനാണ് ആദ്യ പാദത്തിൽ ആൻഫീൽഡിൽ ലിവർപൂൾ സാക്ഷ്യം വഹിച്ചത്‌. ന്യൂനസിന്റെയും സലയുടെയും ഗോളുകളിൽ മുന്നിലെത്തി സമീപകാലത്തെ തിരിച്ചടികൾക്ക് റയലിനോട് ക്ലോപ്പും സംഘവും മധുര പ്രതികാരം കുറിക്കുമെന്ന് തോന്നിച്ചിടത്തു നിന്നും വിനിഷ്യസും ബെൻസിമയും മോഡ്രിച്ചുമെല്ലാം തനി സ്വരൂപം പുറത്തെടുക്കുന്നത് കണ്ട് ആതിഥേയർ വിറങ്ങലിച്ചു നിന്നു. ശേഷം നടന്ന മത്സരങ്ങളിൽ വോൾവ്സിനെയും യുനൈറ്റഡിനേയും ലിവർപൂളിന് വീഴ്ത്താൻ സാധിച്ചെങ്കിലും ബേൺമൗത്തിനോട് തോൽവി നേരിട്ടു. യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കിയ മുന്നേറ്റം ബേൺമൗത്തിനെതിരെ പരാജയമായി. ഈ സ്ഥിരത ഇല്ലായിമയാണ് സീസൺ മുഴുവൻ ലിവർപൂൾ നേരിടുന്ന പ്രശ്നം. അതിനാൽ തന്നെ റയലിനെ മറികടക്കണമെങ്കിൽ സല അടക്കമുള്ള മുൻ നിര താരങ്ങൾ ഫോമിലേക്കുയർന്നേ മതിയാകൂ. കോപ്പ ഡെൽ റേയിൽ ബാഴ്‍സയോട് തോറ്റെങ്കിലും അവസാന മത്സരത്തിൽ എസ്പാന്യോളിനെ വീഴ്ത്തി റയൽ ഫോമിലാണ്. വിനിഷ്യസും അസെൻസിയോയും ഗോളുകൾ കണ്ടെത്തുന്നുണ്ട്. പരിക്ക് ഭേദമായി ചൗമേനി തിരിച്ചെത്തുന്നത് മധ്യ നിരയിലും പ്രതിരോധത്തിലും പ്രതിഫലിക്കും. പോസ്റ്റിന് കീഴിൽ കുർട്ടോ കൂടി ആവുമ്പോൾ റയലിന് വലിയ ആധികൾ ഇല്ല. എന്നാൽ വമ്പൻ ജയം തന്നെ ലക്ഷ്യമിട്ട് ലിവർപൂൾ എത്തുമ്പോൾ മറ്റൊരു ചാമ്പ്യൻസ് ലീഗ് ക്ലാസിക്കിന് തന്നെയാവും ആരാധകരും കാത്തിരിക്കുന്നത്.

ഒസിമന്റെയും ഡി ലോറൻസോയുടെയും ഗോളുകളിൽ ഫ്രാങ്ക്ഫെർട്ടിന്റെ അവരുടെ തട്ടകത്തിൽ തന്നെ വെച്ചു വീഴ്ത്തിയ നാപോളിയും ആത്മവിശ്വാസത്തിൽ തന്നെയാണ് രണ്ടാം പാദത്തിന് എത്തുന്നത്. ലീഗിൽ ഒന്നാം സ്ഥാനത്ത് വലിയ ലീഡ് ഉള്ളതും ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ശ്രദ്ധ നൽകാൻ അവരെ സഹായിക്കും. ഒസിമനും ക്വരത്സ്ഖേലിയയും ലോസനോയും ചേരുന്ന മുന്നേത്തിനെ പിടിച്ചു കെട്ടുന്നത് ഫ്രാങ്ക്ഫെർട്ടിന് വലിയ തല വേദന ആവും. മുന്നേറ്റം മുതൽ പോസ്റ്റിന് കീഴിൽ മേരെറ്റ് വരെ എല്ലാ താരങ്ങളും ഫോമിൽ തന്നെ ആണ്. അതേ സമയം സുപ്രധാന താരമായ കൊളോ മുവാനിക്ക് ആദ്യ പാദത്തിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ ശക്തി ചോർന്നാണ് ഫ്രാങ്ക്ഫെർട്ട് നാപോളിയിലേക്ക് എത്തുന്നത്. എങ്കിലും കമാഡയും ലിന്റ്സ്ട്രോമും ചേരുന്ന ടീമിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചാലും അത്ഭുതപ്പെടാനില്ല.

ഫർമിനോക്ക് ലിവർപൂളിൽ പുതിയ കരാർ ഒരുങ്ങുന്നു

റോബർട്ടോ ഫർമിനോ ലിവർപൂളിൽ തന്നെ തുടരുമെന്ന് ഏകദേശം ഉറപ്പായി. താരത്തിന്റെ നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെ പുതിയ കരാർ നൽകാൻ തന്നെയാണ് ലിവർപൂളിന്റെ നീക്കമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാർ ആവും ക്ലബ്ബ് ഫിർമിനോക്ക് മുന്നിൽ വെക്കുക എന്നാണ് സൂചന. ടീമിൽ തുടരാൻ തന്നെയാണ് ഫർമിനോയും താൽപര്യം. കരാർ ചർച്ചകൾ ശരിയായ ദിശയിൽ തന്നെ പോകുന്നതായി താരത്തിന്റെ ഏജന്റും വെളിപ്പെടുത്തിയിരുന്നു.

നിലവിൽ പരിക്കിന്റെ പിടിയിലാണ് ഫിർമിനോ. 2015ലാണ് താരം ഹോഫൻഹെയ്മിൽ നിന്നും പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. പിന്നീട് ക്ലോപ്പിന്റെ കീഴിൽ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ കുതിപ്പിൽ മാനെക്കും സലക്കും ഒപ്പം ലിവർപൂൾ മുന്നേറ്റത്തിലെ നിർണായ സാന്നിധ്യമായിരുന്നു. ന്യൂനസും ലൂയിസ് ഡിയാസും അടക്കമുള്ള യുവതാരങ്ങൾ ടീമിലേക്ക് എത്തിയിട്ടും ഫർമിനോയെ ടീമിൽ നിലനിർത്താൻ തന്നെയാണ് ക്ലോപ്പിന്റെയും തീരുമാനം.

ഡാർവിൻ നൂനിയസിന് മൂന്ന് മത്സരങ്ങളിൽ വിലക്ക്, ലിവർപൂളിന് വലിയ തിരിച്ചടി | Report

ലിവർപൂൾ അറ്റാക്കിങ് താരം ഡാർവിൻ നൂനിയസ് അടുത്ത മൂന്ന് മത്സരത്തിൽ കളിക്കില്ല. താരത്തെ മൂന്ന് മത്സരത്തിൽ വിലക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് എതിരെ നേടിയ ചുവപ്പ് കാർഡാണ് നൂനിയസിന് പ്രശ്നമായത്‌. തലകൊണ്ട് ക്രിസ്റ്റൽ പാലസ് താരത്തെ ഇടിച്ചു വീഴ്ത്തിയതിനായിരുന്നു ലിവർപൂൾ താരത്തിന് അന്ന് ചുവപ്പ് കാർഡ് കിട്ടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ വലിയ മത്സരത്തിൽ നൂനിയസ് ഉണ്ടാകില്ല. ഫർമിനോ ജോട എന്നിവരും പരിക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കില്ല. നൂനിയസിന് ഇത് കൂടാതെ ബൗണ്മത്, ന്യൂകാസിൽ എന്നീ മത്സരങ്ങളിലും നൂനിയസ് ഉണ്ടാകില്ല. മേഴ്സിസൈഡ് ഡാർബിയിൽ ആകും ഇനി നൂനിയസ് തിരികെയെത്തുക.

സ്പാനിഷ് മജീഷ്യൻ തിയാഗോ ഇനി ലിവർപൂളിന്റെ ചുവപ്പിൽ!

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ബയേണിന്റെ സ്പാനിഷ് താരം തിയാഗോ അൽകാന്റ്രയെ സ്വന്തമാക്കി. 30മില്ല്യൺ യൂറോ നൽകിയാണ് സ്പാനിഷ് താരത്തെ ആൻഫീൽഡിൽ എത്തിച്ചിരിക്കുന്നത്. ബയേൺ മ്യൂണിക്കിനൊപ്പം ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ് ലീഗും ഉയർത്തി ട്രെബിൾ നേടിയാണ് തിയാഗോ ആൻഫീൽഡിലേക്ക് എത്തുന്നത്. അവസാന ഏഴു സീസണുകളിലായി ബയേൺ മധ്യനിരയിൽ ആണ് തിയാഗോ കളിക്കുന്നത്.

ഏഴ് സീസണിൽ ഏഴ് ബുണ്ടസ് ലീഗ കിരീടവും താരം നേടി. ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ് തിയാഗോ വിശേഷിപ്പിക്കപ്പെടുന്നത്. ബാഴ്സയിൽ കരിയർ ആരംഭിച്ച ഈ സ്പാനിഷ് മജീഷ്യൻ സ്പെയിൻ ദേശീയ ടീമിനായി 39 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. 29കാരനായ തിയാഗോ ലിവർപൂളിൽ എത്തുന്നതോടെ ലിവർപൂൾ മധ്യനിര ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിരയിൽ ഒന്നാകും. ഒൻപത് ലീഗ് കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗും രണ്ട് ഫിഫ ക്ലബ്ബ് ലോകകപ്പും നേടിയാണ് ലിവർപൂളിന്റെ മധ്യനിര ഭരിക്കാൻ തിയാഗോ എത്തുന്നത്.

Exit mobile version