0 Gettyimages 1468316614

മാഡ്രിഡിനെതിരെ അത്ഭുതം തീർക്കുമോ ലിവർപൂൾ; ക്വർട്ടർ ഉറപ്പിക്കാൻ നാപോളി

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ നേരിട്ട തിരിച്ചടിക്ക് മറുപടി നൽകാൻ ഒരുങ്ങി ലിവർപൂൾ ബെർണബ്യുവിലേക്ക് എത്തുമ്പോൾ അപാരമായ ഫോമിലുള്ള നാപോളിയെ മറികടക്കുകയെന്ന ദുഷകരമായ ചുമതലയാണ് ഫ്രാങ്ക്ഫെർട്ടിനുള്ളത്. ആദ്യ പാദത്തിലെ മികച്ച സ്കോറിന്റെ ആത്മവിശ്വാസവുമായി റയൽ മാഡ്രിഡും നാപോളിയും തങ്ങളുടെ തട്ടകത്തിൽ എതിരളികളെ വരവേൽക്കുന്ന മത്സരത്തിൽ, ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനലിസ്റ്റുകളിൽ രണ്ടു പേരെ വ്യാഴാഴ്ച പുലർച്ചെ 1.30ന് വിസിലൂതുന്ന മത്സരങ്ങൾ കഴിയുമ്പോൾ അറിയാം.

സാക്ഷാൽ റയൽ മാഡ്രിഡിനെതിരെ സ്വപ്ന തുല്യമായ തുടക്കം നേടി, എന്നാൽ അതെല്ലാം വെറും പേടി സ്വപനമായി മാറുന്നതിനാണ് ആദ്യ പാദത്തിൽ ആൻഫീൽഡിൽ ലിവർപൂൾ സാക്ഷ്യം വഹിച്ചത്‌. ന്യൂനസിന്റെയും സലയുടെയും ഗോളുകളിൽ മുന്നിലെത്തി സമീപകാലത്തെ തിരിച്ചടികൾക്ക് റയലിനോട് ക്ലോപ്പും സംഘവും മധുര പ്രതികാരം കുറിക്കുമെന്ന് തോന്നിച്ചിടത്തു നിന്നും വിനിഷ്യസും ബെൻസിമയും മോഡ്രിച്ചുമെല്ലാം തനി സ്വരൂപം പുറത്തെടുക്കുന്നത് കണ്ട് ആതിഥേയർ വിറങ്ങലിച്ചു നിന്നു. ശേഷം നടന്ന മത്സരങ്ങളിൽ വോൾവ്സിനെയും യുനൈറ്റഡിനേയും ലിവർപൂളിന് വീഴ്ത്താൻ സാധിച്ചെങ്കിലും ബേൺമൗത്തിനോട് തോൽവി നേരിട്ടു. യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കിയ മുന്നേറ്റം ബേൺമൗത്തിനെതിരെ പരാജയമായി. ഈ സ്ഥിരത ഇല്ലായിമയാണ് സീസൺ മുഴുവൻ ലിവർപൂൾ നേരിടുന്ന പ്രശ്നം. അതിനാൽ തന്നെ റയലിനെ മറികടക്കണമെങ്കിൽ സല അടക്കമുള്ള മുൻ നിര താരങ്ങൾ ഫോമിലേക്കുയർന്നേ മതിയാകൂ. കോപ്പ ഡെൽ റേയിൽ ബാഴ്‍സയോട് തോറ്റെങ്കിലും അവസാന മത്സരത്തിൽ എസ്പാന്യോളിനെ വീഴ്ത്തി റയൽ ഫോമിലാണ്. വിനിഷ്യസും അസെൻസിയോയും ഗോളുകൾ കണ്ടെത്തുന്നുണ്ട്. പരിക്ക് ഭേദമായി ചൗമേനി തിരിച്ചെത്തുന്നത് മധ്യ നിരയിലും പ്രതിരോധത്തിലും പ്രതിഫലിക്കും. പോസ്റ്റിന് കീഴിൽ കുർട്ടോ കൂടി ആവുമ്പോൾ റയലിന് വലിയ ആധികൾ ഇല്ല. എന്നാൽ വമ്പൻ ജയം തന്നെ ലക്ഷ്യമിട്ട് ലിവർപൂൾ എത്തുമ്പോൾ മറ്റൊരു ചാമ്പ്യൻസ് ലീഗ് ക്ലാസിക്കിന് തന്നെയാവും ആരാധകരും കാത്തിരിക്കുന്നത്.

ഒസിമന്റെയും ഡി ലോറൻസോയുടെയും ഗോളുകളിൽ ഫ്രാങ്ക്ഫെർട്ടിന്റെ അവരുടെ തട്ടകത്തിൽ തന്നെ വെച്ചു വീഴ്ത്തിയ നാപോളിയും ആത്മവിശ്വാസത്തിൽ തന്നെയാണ് രണ്ടാം പാദത്തിന് എത്തുന്നത്. ലീഗിൽ ഒന്നാം സ്ഥാനത്ത് വലിയ ലീഡ് ഉള്ളതും ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ശ്രദ്ധ നൽകാൻ അവരെ സഹായിക്കും. ഒസിമനും ക്വരത്സ്ഖേലിയയും ലോസനോയും ചേരുന്ന മുന്നേത്തിനെ പിടിച്ചു കെട്ടുന്നത് ഫ്രാങ്ക്ഫെർട്ടിന് വലിയ തല വേദന ആവും. മുന്നേറ്റം മുതൽ പോസ്റ്റിന് കീഴിൽ മേരെറ്റ് വരെ എല്ലാ താരങ്ങളും ഫോമിൽ തന്നെ ആണ്. അതേ സമയം സുപ്രധാന താരമായ കൊളോ മുവാനിക്ക് ആദ്യ പാദത്തിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ ശക്തി ചോർന്നാണ് ഫ്രാങ്ക്ഫെർട്ട് നാപോളിയിലേക്ക് എത്തുന്നത്. എങ്കിലും കമാഡയും ലിന്റ്സ്ട്രോമും ചേരുന്ന ടീമിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചാലും അത്ഭുതപ്പെടാനില്ല.

Exit mobile version