ബയേണിലെ തിയാഗോയുടെ ആറാം നമ്പർ ഇനി കിമ്മിഷിന്

ബയേൺ മ്യൂണിക്ക് വിട്ട് ലിവർപൂളിലേക്ക് പോയ തിയാഗോയുടെ ആറാം നമ്പർ ജേഴ്സിക്ക് ഇനി പുതിയ അവകാശി. ബയേണിന്റെ മധ്യനിര താരം ജോഷ്വ കിമ്മിഷായിരിക്കും ഇനി ആറാം നമ്പർ അണിയുക. ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബുണ്ടസ് ലീഗയിലെ ആദ്യ‌ മത്സരത്തിൽ ഷാൽകെ – ബയേൺ പോരാട്ടത്തിൽ ജോഷ്വ കിമ്മിഷ് ആറാം നമ്പർ അണിയും.

ഈ സീസണിൽ ബയേണിൽ 6,7,10 നമ്പറുകളിൽ ഇറങ്ങുക പുതിയ താരങ്ങളായിരിക്കും. കിമ്മിഷ്,ഗ്നാബ്രി,സാനെ ത്രയമായിരിക്കും ബയേണിന്റെ ലെജന്ററി നമ്പറുകളിൽ അടുത്ത സീസണിൽ ഇറങ്ങുക. യൂറോപ്യൻ ചാമ്പ്യന്മാരായ ബയേണിന്റെ ലീഗിലെ ആദ്യ മത്സരം ഷാൽകെക്ക് എതിരെയാണ്. ഇന്ന് രാത്രി 12മണിക്കാണ് കിക്കോഫ്.

സ്പാനിഷ് മജീഷ്യൻ തിയാഗോ ഇനി ലിവർപൂളിന്റെ ചുവപ്പിൽ!

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ബയേണിന്റെ സ്പാനിഷ് താരം തിയാഗോ അൽകാന്റ്രയെ സ്വന്തമാക്കി. 30മില്ല്യൺ യൂറോ നൽകിയാണ് സ്പാനിഷ് താരത്തെ ആൻഫീൽഡിൽ എത്തിച്ചിരിക്കുന്നത്. ബയേൺ മ്യൂണിക്കിനൊപ്പം ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ് ലീഗും ഉയർത്തി ട്രെബിൾ നേടിയാണ് തിയാഗോ ആൻഫീൽഡിലേക്ക് എത്തുന്നത്. അവസാന ഏഴു സീസണുകളിലായി ബയേൺ മധ്യനിരയിൽ ആണ് തിയാഗോ കളിക്കുന്നത്.

ഏഴ് സീസണിൽ ഏഴ് ബുണ്ടസ് ലീഗ കിരീടവും താരം നേടി. ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ് തിയാഗോ വിശേഷിപ്പിക്കപ്പെടുന്നത്. ബാഴ്സയിൽ കരിയർ ആരംഭിച്ച ഈ സ്പാനിഷ് മജീഷ്യൻ സ്പെയിൻ ദേശീയ ടീമിനായി 39 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. 29കാരനായ തിയാഗോ ലിവർപൂളിൽ എത്തുന്നതോടെ ലിവർപൂൾ മധ്യനിര ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിരയിൽ ഒന്നാകും. ഒൻപത് ലീഗ് കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗും രണ്ട് ഫിഫ ക്ലബ്ബ് ലോകകപ്പും നേടിയാണ് ലിവർപൂളിന്റെ മധ്യനിര ഭരിക്കാൻ തിയാഗോ എത്തുന്നത്.

തിയാഗോ ബയേൺ മ്യൂണിക് വിടുമെന്ന് ക്ലബ് ചെയർമാൻ

ബയേൺ മ്യൂണിക് മിഡ്ഫീൽഡർ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടുമെന്ന് ക്ലബ് ചെയർമാൻ കാൾ ഹെയ്ൻസ് റുമേനിഗീ. താരം ക്ലബ് വിടാനുള്ള ആഗ്രഹം ക്ലബ്ബിനെ അറിയിച്ചിട്ടുണ്ടെന്നും ക്ലബ് ആവശ്യപ്പെടുന്ന തുക ലഭിച്ചാൽ താരം ക്ലബ് വിടുമെന്നും ക്ലബ് ചെയർമാൻ അറിയിച്ചു. നിലവിൽ ഒരു വർഷം കൂടിയാണ് തിയാഗോക്ക് ബയേൺ മ്യൂണിക്കിൽ കരാർ ബാക്കിയുള്ളത്. ബാഴ്‌സലോണയിൽനിന്ന് 2013ലാണ് തിയാഗോ ബയേൺ മ്യൂണിക്കിൽ എത്തുന്നത്.

താരത്തെ കൊണ്ട് പുതിയ കരാറിൽ ഒപ്പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തിയാഗോ ക്ലബ് വിടുമെന്ന് ഉറപ്പായത്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ആണ് തിയാഗോയെ സ്വന്തമാക്കാൻ മുൻപന്തിയിൽ ഉള്ളത്. അതെ സമയം കൊറോണ വൈറസ് ബാധയെ തുടർന്ന് ട്രാൻസ്ഫർ തുകയിൽ കുറവ് ഉണ്ടാവുമെന്ന് ക്ലബ് ചെയർമാൻ പറഞ്ഞു.

Exit mobile version