ഹഡേർസ്ഫീൽഡിന്റെ കഷ്ടകാലം കഴിയുന്നില്ല, വാർഡിയുടെ മികവിൽ ലെസ്റ്ററിന് ജയം

പ്രീമിയർ ലീഗിൽ നിന്ന്തരം താഴ്ത്തപ്പെട്ടതിന് പിന്നാലെ ലെസ്റ്ററിനോട് കനത്ത തോൽവിയേറ്റുവാങ്ങി ഹഡേർസ്ഫീൽഡ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഹഡേർസ്ഫീൽഡ് ലെസ്റ്ററിനോട് തോറ്റത്. ലെസ്റ്ററിന് വേണ്ടി ഇരട്ട ഗോൾ നേടിയ ജാമി വാർഡിയാണ് തിളങ്ങിയത്. തുടക്കം മുതൽ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ലെസ്റ്റർ ടിലെമൻസിന്റെ ഗോളിൽ ആദ്യ പകുതിയിൽ തന്നെ മുൻപിലെത്തി.

തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വാർഡിയിലൂടെ ലെസ്റ്റർ രണ്ടാമത്തെ ഗോളും നേടി. എന്നാൽ മത്സരത്തിന്റെ 52ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മോയ് ഹഡേർസ്ഫീൽഡിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും 79ആം മിനുറ്റിൽ മാഡിസണും 84 മിനുറ്റിൽ പെനാൽറ്റിയിലൂടെ വാർഡിയും ഗോൾ നേടി ലെസ്റ്ററിന്റെ ഗംഭീര വിജയമുറപ്പിച്ചു. ജയത്തോടെ വാറ്റ്ഫോർഡിനെയും വോൾവ്സിനെയും മറികടന്ന് ലെസ്റ്റർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി.

ബ്രെണ്ടൻ മാജിക് തുടരുന്നു, ജയത്തോടെ യൂറോപ്യൻ സ്വപ്നങ്ങൾ സജീവമാക്കി ലെസ്റ്റർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ വിജയകുതിപ്പ് തുടരുന്നു. ബ്രെണ്ടൻ റോഡ്‌ജെർസ് വന്ന ശേഷമുള്ള മൂന്നാമത്തെ വിജയമാണ് ഇന്നവർ ബോൺമൗത്തിനെതിരെ നേടിയത്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ലെസ്റ്റർ ജയിച്ചു കയറിയത്. ഇതോടെ ലീഗ് ടേബിളിൽ 8 ആം സ്ഥാനത്ത് എത്തിയ ലെസ്റ്റർ യൂറോപ്യൻ ഫുട്‌ബോൾ യോഗ്യത സാധ്യതയും സജീവമാക്കി.

ആദ്യ പകുതിയിൽ ക്യാപ്റ്റൻ വെസ് മോർഗനിലൂടെയാണ് ലെസ്റ്റർ ലീഡ് നേടിയത്. 11 ആം മിനുട്ടിൽ ബെൻ ചിൽവെലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ക്യാപ്റ്റന്റെ ഗോൾ. രണ്ടാം പകുതിയിൽ കളി തീരാൻ 8 മിനുട്ട് ശേഷിക്കെ വാർഡിയും ഗോൾ നേടിയതോടെ എഡി ഹോവേയുടെ ടീമിന്റെ സമനില പ്രതീക്ഷകളും അസ്തമിച്ചു. അന്തരിച്ച ലെസ്റ്റർ ഉടമ വിഷായ് ശ്രീവദനപാരയുടെ 61 ആം പിറന്നാൾ ദിനത്തിൽ ജയിക്കാനായതും ലെസ്റ്റർ ആരാധകർക്ക് ആവേശം നൽകുന്ന ഒന്നായി.

വാർഡിയുടെ ഇരട്ട ഗോളിൽ ലെസ്റ്റർ, ഫുൾഹാം പ്രീമിയർ ലീഗിന് പുറത്തേക്ക്

പ്രീമിയർ ലീഗിൽ ഫുൾഹാമിന്റെ സമയത്തിന് അവസാനമാവുമെന്ന് സൂചന. ഇന്ന് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയോടാണ് ഫുൾഹാം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റത്. ഒരു വേള ലെസ്റ്ററിനെതിരെ പൊരുതി സമനില പിടിച്ചെങ്കിലും മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇരട്ട ഗോൾ നേടിയ വാർഡിയുടെ പ്രകടനം അവരുടെ തോൽവി ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലെസ്റ്റർ പരിശീലകനായി ചുമതലയേറ്റ ബ്രെണ്ടൻ റോജേഴ്സിന്റെ ആദ്യ ഹോം മത്‌സരത്തിൽ തന്നെ ജയം കണ്ടെത്താനും ലെസ്റ്ററിനായി.

മത്സരം തുടങ്ങി 21ആം മിനുട്ടിൽ തന്നെ ലെസ്റ്റർ മുൻപിലെത്തി. ടീലമെൻസ് ആണ് വാർഡിയുടെ നിസ്വാര്‍ത്ഥമായ പാസിൽ നിന്ന് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതി തുടങ്ങി ആറാം മിനുറ്റിൽ തന്നെ ഫുൾഹാം സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ അയിറ്റെയാണ് ഗോൾ നേടിയത്. എന്നാൽ 78ആം മിനിറ്റിലും 86ആം മിനുട്ടിലും ഗോൾ അടിച്ച് വാർഡി ഫുൾഹാമിന്റെ തോൽവി ഉറപ്പിക്കുകയായിരുന്നു. ലെസ്റ്റർ സിറ്റിക്ക് വേണ്ടി 100 ഗോൾ എന്ന നേട്ടവും ഇന്നത്തെ ഗോളോടെ വാർഡി സ്വന്തമാക്കി. തോൽവിയോടെ പ്രീമിയർ ലീഗിൽ 8 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 17ആം സ്ഥാനത്തുള്ള ബേൺലിയെക്കാൾ 13 പോയിന്റ് പിറകിലാണ് ഫുൾഹാം.

മടങ്ങി വരവിൽ ബ്രെണ്ടന് തോൽവി തുടക്കം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവിൽ ബ്രെണ്ടൻ റോഡ്ജേഴ്സിന് നിരാശ തുടക്കം. വാട്ട്ഫോഡിനെതിരെ തോൽവി വഴങ്ങിയാണ് ലെസ്റ്റർ പരിശീലക അരങ്ങേറ്റം റോഡ്ജേഴ്‌സ് നടത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് വാട്ട്ഫോർഡ് ലെസ്റ്ററിനെ വീഴ്ത്തിയത്. ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളാണ് ലെസ്റ്ററിന് പോയിന്റ് നഷ്ടപ്പെടുത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലെസ്റ്ററിന് തിരിച്ചടിയായിരുന്നു. ആദ്യത്തെ 5 മിനുട്ടിൽ തന്നെ അവർ 1 ഗോളിന് പിറകിലായി. ജെറാർഡ് ഡെലഫോയുവിന്റെ അസിസ്റ്റിൽ ക്യാപ്റ്റൻ ഡീനിയാണ് വാട്ട്ഫോഡിന് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുത്തിൽ പക്ഷെ ലെസ്റ്റർ സമനില ഗോൾ നേടി. 75 ആം മിനുട്ടിൽ ജാമി വാർഡിയാണ് ഗോൾ നേടിയത്. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ പക്ഷെ ആന്ദ്രെ ഗ്രെ വാട്ട്ഫോഡിന്റെ രക്ഷക്കെത്തി. ഇത്തവണ ഡീനിയാണ് അസിസ്റ്റ് ചെയ്‌തത്‌.

ജയത്തോടെ 43 പോയിന്റുള്ള വാട്ട്ഫോർഡ് ലീഗിൽ എട്ടാം സ്ഥാനത്താണ്. 35 പോയിന്റുള്ള ലെസ്റ്റർ 11 ആം സ്ഥാനത്തും.

ബ്രെണ്ടൻ ഈസ് ബാക്ക്, ലെസ്റ്ററിന് ഇനി പുതിയ തന്ത്രങ്ങൾ

ലെസ്റ്റർ സിറ്റിയുടെ പരിശീലകനായി മുൻ ലിവർപൂൾ പരിശീലകൻ ബ്രെണ്ടൻ റോഡ്ജേഴ്‌സ് നിയമിതനായി. ബ്രെണ്ടനുമായി കരാറിൽ എത്തിയ വിവരം ലെസ്റ്റർ ഔദ്യോഗികമായി സ്ഥിതീകരിച്ചു. സെൽറ്റിക് പരിശീലകനായി റോഡ്ജേഴ്സിന് ലെസ്റ്ററുമായി സംസാരിക്കാൻ അനുമതി നൽകിയതായി സെൽറ്റിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

46 വയസുകാരനായ ബ്രെണ്ടൻ 2022 വരെയാണ് ക്ലബ്ബ്മായി കരാർ ഒപ്പിട്ടിരിക്കുന്നത്. സെൽറ്റിക്കിനൊപ്പം 7 ഡൊമസ്റ്റിക് കിരീടങ്ങൾ നേടിയ ശേഷമാണ് ബ്രെണ്ടൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ സ്വാൻസി സിറ്റിയെയും അദ്ദേഹം പരിശീലിപിച്ചിട്ടുണ്ട്. തന്റെ അനുഭവ സമ്പത്തും ലെസ്റ്ററിലെ മികച്ച കളിക്കാരുടെ സഹായവും കൂടിയാവുമ്പോൾ നിരവധി നേട്ടങ്ങൾ കൊയ്യാനാവും എന്ന പ്രതീക്ഷ ബ്രെണ്ടൻ പങ്കുവച്ചു.

ഇഞ്ചുറി ടൈം വിന്നറിൽ ലെസ്റ്ററിനെ വീഴ്ത്തി വോൾവ്സ്

പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ വിജയം സ്വന്തമാക്കി വോൾവ്സ്. 4-3 എന്ന സ്കോറിനാണ് അവർ ലെസ്റ്ററിനെ മറികടന്നത്. രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം സ്കോർ രണ്ട് തവണ സമനില ആക്കിയ ലെസ്റ്ററിന് കടുത്ത നിരാശ സമ്മാനിക്കുന്ന മത്സര ഫലമായി ഇന്നത്തേത്. ജയത്തോടെ ലീഗിൽ എട്ടാം സ്ഥാനത്താണ് വോൾവ്സ്.

സ്‌ട്രൈക്കർ ഡിയഗോ ജോട്ട നേടിയ ഹാട്രിക്കാണ് എസ്‌പെരിട്ടോ സാന്റോയുടെ ടീമിന് വിലപ്പെട്ട 3 പോയിന്റ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ 12 മിനുട്ടിനുള്ളിൽ ജോട്ട, റയാൻ ബെന്നറ്റ് എന്നിവർ നേടിയ ഗോളുകൾക്ക് വോൾവ്സ് മുന്നിട്ട് നിന്നു. പക്ഷെ രണ്ടാം പകുതിയിൽ അതി ശക്തമായ തിരിച്ചു വരാവാണ് ലെസ്റ്റർ നടത്തിയത്. മത്സരം ഒരു മണിക്കൂർ പിന്നീടും മുൻപേ ലെസ്റ്റർ ഗ്രെ, കോഡിയുടെ സെൽഫ് ഗോൾ എന്നിവയിലൂടെ മത്സരം സമനിലയിലാക്കി.

64 ആം മിനുട്ടിലാണ് ജോട്ട വീണ്ടും വല കുലുക്കി വോൾവ്സ് ലീഡ് നേടിയത്. പക്ഷെ 87 ആം മിനുട്ടിൽ ക്യാപ്റ്റൻ വെസ് മോർഗൻ ലെസ്റ്ററിനായി ഗോൾ നേടിയതോടെ സ്കോർ 3-3. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ 93 ആം മിനുട്ടിൽ ജോട്ട ഹാട്രിക് തികച്ച ഗോൾ നേടി ജയം സ്വന്തമാക്കിയത്.

വാർഡി ഗോളിൽ ലെസ്റ്റർ, 2019 ലെ ആദ്യ ജയം ഫോക്‌സസിന്

ഗൂഡിസൻ പാർക്കിൽ എവർട്ടനെ വീഴ്ത്തി ലെസ്റ്റർ സിറ്റി 2019 ലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ജയം സ്വന്തമാക്കി. ജാമി വാർഡി നേടിയ ഏക ഗോളാണ് മത്സര ഫലം നിർണയിച്ചത്. ജയത്തോടെ 31 പോയിന്റുള്ള ലെസ്റ്റർ ലീഗിൽ 7 ആം സ്ഥാനത്തെത്തി. 27 പോയിന്റുള്ള എവർട്ടൻ പത്താം സ്ഥാനത്താണ്.

മാർക്കോസ് സിൽവയുടെ ആക്രമണ നിരയെ വിജയകരമായി പ്രതിരോധിച്ചതാണ് ലെസ്റ്റർ ജയം നേടിയത്. മത്സരത്തിൽ ലെസ്റ്റർ ഗോളിലേക്ക് കേവലം 1 ഷോട്ട് മാത്രമാണ് എവർട്ടന് തൊടുക്കാനായത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 58 ആം മിനുട്ടിലാണ് ലെസ്റ്ററിന്റെ വിജയ ഗോൾ പിറന്നത്. പെരേരയുടെ പാസിൽ നിന്നാണ് വാർഡി ഗോൾ നേടിയത്. പിന്നീടുള്ള സമയമത്രയും കാര്യമായ ശ്രമങ്ങൾ നടത്താൻ എവർട്ടന് സാധിക്കാതെ വന്നതോടെ ലെസ്റ്ററിന് കാര്യങ്ങൾ എളുപ്പമായി.

പെനാൽറ്റി തുലച്ച ലെസ്റ്ററിന് ഇഞ്ചുറി ടൈമിൽ ശിക്ഷ നൽകി കാർഡിഫ്

ഇഞ്ചുറി ടൈം ഗോളിൽ ലെസ്റ്ററിനെ വീഴ്ത്തി കാർഡിഫ് സിറ്റിക്ക് നിർണായക ജയം. ലെസ്റ്റർ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ വിക്ടർ കമരാസ നേടിയ ഗോളാണ് വാർനോക്കിന്റെ ടീമിന് ജയം സമ്മാനിച്ചത്. ഈ സീസണിൽ ആദ്യമായാണ് കാർഡിഫ് ഒരു എവേ മത്സരം ജയിക്കുന്നത്.

ആദ്യ പകുതിയിൽ പുലർത്തിയ ആധിപത്യം ഗോളാക്കി മറ്റാനാവാതെ വന്നതിന് ലെസ്റ്ററിന് കനത്ത വിലയാണ് നൽകേണ്ടി വന്നത്. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ജെയിംസ് മാഡിസൻ നഷ്ടപ്പെടുത്തിയതും അവർക്ക് വൻ തിരിച്ചടിയായി. കളി സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിലാണ് കാർഡിഫിന്റെ ഈ സീസണിലെ മികച്ച താരങ്ങളിൽ ഒരാളായ കമരാസ വിജയഗോളുമായി എത്തിയത്. 92 ആം മിനുട്ടിലാണ് ലെസ്റ്ററിന്റെ ഹൃദയം തകർത്ത ഗോളുമായി കമരാസ കാർഡിഫ് സിറ്റിയുടെ ഹീറോ ആയത്.

ജയത്തോടെ 18 പോയിന്റുമായി 16 ആം സ്ഥാനത്താണ് കാർഡിഫ്. ലെസ്റ്റർ 28 പോയിന്റുമായി എട്ടാം സ്ഥാനത്തും.

ബോക്സിങ് ഡേയിൽ ലെസ്റ്റർ ഇടിയിൽ വീണ് സിറ്റി

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി. ലെസ്റ്റർ സിറ്റിയാണ് പെപ്പിന്റെ ടീമിനെ 2-1 ന് മറികടന്നത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു സിറ്റിയുടെ തകർച്ച. ഇന്നത്തെ തോൽവിയോടെ സിറ്റി കിരീട പോരാട്ടത്തിൽ ലിവർപൂളിന് 7 പോയിന്റ് പിറകിലായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 45 പോയിന്റുള്ള സ്പർസാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. സിറ്റിക്ക് 44 പോയിന്റാണ് ഉള്ളത്.

ആദ്യ പകുതിയിൽ പതിനാലാം മിനുട്ടിൽ ബെർനാടോ സിൽവയുടെ ഗോളിൽ സിറ്റി ലീഡ് എടുത്തതോടെ പതിവ് പോലെ സിറ്റിയുടെ ജയം പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിക്കുന്ന തിരിച്ചു വരവാണ് ലെസ്റ്റർ കിംഗ്‌ പവർ സ്റ്റേഡിയത്തിൽ നടത്തിയത്. 19 ആം മിനുട്ടിൽ മാർക് ആൽബ്രയ്ട്ടന്റെ ഗോളിൽ സമനില പിടിച്ച അവർ പിന്നീടും സിറ്റി പ്രതിരോധത്തെ പ്രതിസന്ധിയിലാക്കി.

രണ്ടാം പകുതിയിൽ സിറ്റി ആക്രമണം വർധിപ്പിച്ചെങ്കിലും ലെസ്റ്ററിന്റെ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. ലെസ്റ്റർ പക്ഷെ ഒരൽപം വൈകിയെങ്കിലും 81 ആം മിനുട്ടിൽ വിജയ ഗോൾ കണ്ടെത്തി. റിക്കാർഡോ പെരേരയാണ് ഗോൾ നേടിയത്. 89 ആം മിനുട്ടിൽ ഫാബിയൻ ഡെൽഫ് ചുവപ്പ് കാർഡ് കണ്ടതുകൂടി ആയതോടെ സിറ്റിയുടെ ബോക്സിങ് ഡേ പതനം പൂർത്തിയായി.

ലെസ്റ്ററിൽ ടോട്ടൻഹാമിന് അനായാസ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസിന് അനായാസ ജയം. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ മറികടന്നത്. ജയത്തോടെ 36 പോയിന്റുമായി ലീഗിൽ അവർ മൂന്നാം സ്ഥാനത്ത് തുടരും. ഹ്യുങ് മിൻ സോൺ നടത്തിയ മികച്ച പ്രകടനമാണ്‌ അവർക്ക് മികച്ച ജയം ഒരുക്കിയത്.

ടീമിൽ നിർണായക ഘടകങ്ങളായ ഹാരി കെയ്ൻ, എറിക്സൻ എന്നുവർക്ക് വിശ്രമം അനുവദിച്ചാണ് സ്പർസ് ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ ഗോളിനായി സ്പർസിന് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു എങ്കിലും സോൺ 46 ആം മിനുട്ടിൽ അവരെ മുന്നിലെത്തിച്ചു. താരത്തിന്റെ ഇടം കാലൻ ഷോട്ട് ലെസ്റ്റർ ഗോളിക്ക് തടുക്കാവുന്നതിലും അപ്പുറമായിരുന്നു. 58 ആം മിനുട്ടിൽ അലിയും ഗോൾ നേടിയതോടെ ലെസ്റ്ററിന് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയും അടഞ്ഞു. നിലവിൽ 22 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ലെസ്റ്റർ.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഫുൾ ഹാമിനും എവർട്ടനും സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൻ ന്യൂ കാസിലിനോട് സമനില വഴങ്ങിയപ്പോൾ ഫുൾഹാം ലെസ്റ്ററിനോട് സമനിലയിൽ പിരിഞ്ഞു. ഇരു മത്സരങ്ങളും 1-1 എന്ന സ്കോറിലാണ് തുല്യത പാലിച്ചത്.

സ്വന്തം മൈതാനമായ ഗൂഡിസൻ പാർക്കിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് മാർക്കോസ് സിൽവയുടെ ടീം വിലപ്പെട്ട പോയിന്റ് സ്വന്തമാക്കിയത്. 19 ആം മിനുട്ടിൽ സോളമൻ റോണ്ടനിലൂടെ ലീഡ് നേടിയ ന്യൂകാസിൽ പക്ഷെ 38 ആം മിനുട്ടിൽ റിച്ചാർലിസൻ നേടിയ ഗോളിന് സമനില വഴങ്ങി. നിലവിൽ 23 പൊടിന്റുമായി ആറാം സ്ഥാനത്താണ് എവർട്ടൻ. 13 പോയിന്റുള്ള ന്യൂകാസിൽ 13 ആം സ്ഥാനത്താണ്.

ക്ലാഡിയോ റണിയേറി ലെസ്റ്റർ പരിശീലക സ്ഥാനം വിട്ട ശേഷം ആദ്യമായി അവർക്കെതിന്റെ ഇറങ്ങുന്ന മത്സരം എന്ന നിലയിൽ ശ്രദ്ധേയമായിരുന്നു ഫുൾഹാം- ലെസ്റ്റർ മത്സരം. പക്ഷെ കമാറയുടെ ഗോളിൽ നേടിയ ലീഡ് ഫുൾഹാം 74 മിനുട്ട് വരെ പിടിച്ചു നിന്നെങ്കിലും ജെയിംസ് മാഡിസന്റെ ഗോളിൽ ലെസ്റ്റർ സമനില നേടുകയായിരുന്നു. നിലവിൽ 22 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ലെസ്റ്റർ. 9 പോയിന്റുള്ള ഫുൾഹാം അവസാന സ്ഥാനത്തും.

ബേൺലി പ്രതിരോധം കടക്കാനാവാതെ ലെസ്റ്റർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് സ്വന്തം മൈതാനത്ത് ലെസ്റ്ററിന് ഗോൾ രഹിത സമനില. ബേൺലിയാണ് അവരെ സമനിലയിൽ തളച്ചത്. സമനിലയോടെ 17 പോയന്റ് ഉള്ള ലെസ്റ്റർ 10 ആം സ്ഥാനത്താണ്. 9 പോയിന്റുള്ള ബേൺലി 15 ആം സ്ഥാനത്താണ്.

ലെസ്റ്റർ ഉടമ വിശായി ശ്രീവദനപ്രഭ അപകടത്തിൽ മരിച്ച ശേഷമുള്ള ആദ്യ ഹോം മത്സരത്തിനാണ് ലെസ്റ്റർ ഇന്നിറങ്ങിയത്. മത്സരത്തിൽ ഉടനീളം പുലർത്തിയ ആധിപത്യം ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതാണ് ലെസ്റ്ററിന് ജയം തടഞ്ഞത്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ബേൺലി ഗോൾ വഴങ്ങാതെ രക്ഷപെട്ടത്. അവരുടെ ഗോളി ജോ ഹാർട്ടിന്റെ മികച്ച സേവുകളും അവരുടെ രക്ഷക്ക് എത്തി.

Exit mobile version