ഏഷ്യൻ ഗെയിംസ്, ഇന്ത്യൻ വോളി ടീം ക്വാർട്ടർ ഫൈനലിൽ

ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ വോളി ടീം ക്വാർട്ടർ ഫൈനലിലെത്തി. ഇന്ന് നടന്ന റൗണ്ട് ഓഫ് 12 മത്സരത്തിൽ ഇന്ത്യൻ ടീം തായ്‌വാനെ 3-0 ന് ആണ് പരാജയപ്പെടുത്തി. ഇന്ത്യയുടെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ 25-22, 25-22, 25-21 എന്ന സ്‌കോറിന് ആയിരുന്നു വിജയം. കളി ഒരു മണിക്കൂറും 25 മിനിറ്റും കൊണ്ട് പൂർത്തിയായി.

16 പോയിന്റുമായി അമിത് ഇന്ത്യക്ക് ആയി പോയിന്റ് നേടുയവരുടെ പട്ടികയിൽ ഒന്നാമതെത്തി‌ റായ് അശ്വാൽ 14, വിനിത് കുമാർ 12 എന്നിവരും തിളങ്ങി‌‌ സെപ്റ്റംബർ 24ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ജപ്പാനെ നേരിടും.

കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മുത്തമിട്ടു ആർ.എസ്.സി കവരത്തി

ജനസാഗരത്തെ സാക്ഷിയാക്കി ലക്ഷദ്വീപിൽ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച അഞ്ചാമത് കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മുത്തമിട്ടു ആർ.എസ്.സി കവരത്തി. ടൂർണമെന്റിൽ ആദ്യമായി സ്വന്തം ടീമിന് ആയി ആർത്തു വിളിച്ച കാണികൾക്ക് മുന്നിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം ആയിരുന്നു കവരത്തി ടീമിന്റെ തിരിച്ചു വരവ്. ആദ്യ സെറ്റ് നേടാൻ ആയി എങ്കിലും തുടർന്ന് മത്സരത്തിൽ മൂന്നു സെറ്റുകളും ആന്ത്രോത്ത് നുനു ആൽമണ്ട് കൈവിടുക ആയിരുന്നു. സെറ്റർ ദർവേശിന് പരിക്കേറ്റതും കവരത്തി നിരയിലെ കേരള താരങ്ങളുടെ അനുഭവ പരിചയവും നുനുവിനു തിരിച്ചടിയായി.

80,000 രൂപയും മെഡലുകളും ട്രോഫിയും അടങ്ങുന്ന സമ്മാനം കവരത്തി ടീം നേടിയപ്പോൾ നുനു 60,000 രൂപയും മെഡലുകൾ അടങ്ങുന്ന സമ്മാനം സ്വന്തമാക്കി. നിറഞ്ഞ കാണികൾക്ക് മുന്നിൽ അത്യന്തം ആവേശകരമായിരുന്നു ഫൈനൽ മത്സരം. ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായി കവരത്തി ടീമിൽ കളിച്ച കേരള താരം അർഷദ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച അറ്റാക്കർ ആയും അർഷദിനെ തന്നെ തിരഞ്ഞെടുത്തു. ബുദ്ധിപൂർവ്വമായ കളി മികവ് കൊണ്ട് കവരത്തി ടീമിന്റെ ഏറ്റവും വലിയ ശക്തിയായ ക്യാപ്റ്റനും കേരള താരവുമായ നജാസ് മികച്ച സെറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം മികച്ച വളർന്നു വരുന്ന താരമായി നുനുവിന്റെ ഇഹിതിഷാമും തിരഞ്ഞെടുക്കപ്പെട്ടു.

ലക്ഷദ്വീപിൽ ആവേശമായ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇന്ന് കൊട്ടിക്കലാശം

ലക്ഷദ്വീപിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച വോളിബോൾ ടൂർണമെന്റ് ആയ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇന്ന് കൊട്ടിക്കലാശം. ആന്ത്രോത്ത് ദ്വീപിൽ ലക്ഷദ്വീപിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് തങ്ങളുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിനു ഭാഗമായി ആണ് ലക്ഷദ്വീപിലെ ആദ്യത്തെ ബിരുദധാരിയായ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബിന്റെ പേരിലുള്ള അഞ്ചാമത് വോളിബോൾ ടൂർണമെന്റ് പ്രഖ്യാപിച്ചത്. മൂന്നു ദ്വീപുകളിൽ നിന്നായി കേരളത്തിൽ നിന്നുള്ള താരങ്ങൾ അടക്കം മാറ്റുരച്ച ടൂർണമെന്റിൽ 5 ടീമുകൾ ആണ് പങ്കെടുത്തത്.

ഒന്നാം സ്ഥാനക്കാർക്ക് 80,000 രൂപയും റോളിംഗ് ട്രോഫിയും മെഡലുകളും ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 60,000 രൂപയും മെഡലുകളും ലഭിക്കും. 28 നു തുടങ്ങിയ ടൂർണമെന്റ് വലിയ ആവേശമാണ് ലക്ഷദ്വീപിലെ കായിക പ്രേമികൾക്ക് ഇടയിൽ ഉണ്ടാക്കിയത്. ഒരു ഗ്രൂപ്പിൽ ആയി പരസ്പരം എല്ലാ ടീമുകളും ഏറ്റുമുട്ടിയതിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയവർ ആണ് ഇന്ന് ഫൈനലിൽ ഏറ്റുമുട്ടുക. എല്ലാ മത്സരങ്ങളും ജയിച്ച ആർ.എസ്.സി കവരത്തി ഒന്നാമത് എത്തിയപ്പോൾ ഒരു മത്സരത്തിൽ പരാജയം അറിഞ്ഞ നുനു ആൽമണ്ട് രണ്ടാമത് എത്തി. ഇന്ന് ഫൈനലിൽ ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട പരാജയത്തിന് പകരം ചോദിക്കാൻ ആവും നുനു ഫൈനലിൽ ശ്രമിക്കുക.

ദേശീയ ഗെയിംസ്, വോളി സ്വര്‍ണ്ണ മെഡലുകള്‍ നേടി കേരളം

ദേശീയ ഗെയിംസിലെ വോളിബോള്‍ കിരീടം നേടി കേരളം. വനിത – പുരുഷ വിഭാഗത്തിൽ കേരളം വിജയം കുറിയ്ക്കുകയായിരുന്നു. കേരളത്തിന്റെ പുരുഷന്മാര്‍ തമിഴ്നാടിനെയും വനിതകള്‍ ബംഗാളിനെയും ആണ് പരാജയപ്പെടുത്തിയത്.

ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട മത്സരത്തിൽ കേരളം 3-0 എന്ന സ്കോറിന് വിജയം സ്വന്തമാക്കി. 25-23, 28-26, 27-25 എന്ന സ്കോറിനാണ് കേരളം വിജയം കുറിച്ചത്. മൂന്നാം സെറ്റിൽ സെറ്റ് പോയിന്റിൽ തമിഴ്നാട് എത്തിയെങ്കിലും കേരളം സെറ്റും വിജയവും സ്വന്തമാക്കി.  സ്കോര്‍ ലൈന്‍ ഏകപക്ഷീയമായി തോന്നാമെങ്കിലും കടുത്ത പോരാട്ടത്തിന് ശേഷമാണ് തമിഴ്നാട് കീഴടങ്ങിയത്.

രണ്ടാം ഗെയിമിൽ ഒരു ഘട്ടത്തിൽ കേരളം 6 പോയിന്റ് പിന്നിലായിരുന്നുവെങ്കിലും അവിടെ നിന്ന് കയറി മത്സരത്തിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് കണ്ടത്. 2015 ദേശീയ ഗെയിംസിൽ കേരളത്തിനെ പരാജയപ്പെടുത്തി തമിഴ്നാടാണ് സ്വര്‍ണ്ണം നേടിയത്.

വനിത വിഭാഗത്തിൽ ആവേശകരമായ മത്സത്തിൽ ബംഗാളിനെ വീഴ്ത്തിയാണ് കേരളം സ്വര്‍ണ്ണ മെഡൽ നേടിയത്. സ്കോര്‍: 25-22, 36-34, 25-19.

ജില്ലാ വോളി; സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് ചാമ്പ്യന്‍മാര്‍

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് കോണ്ടോട്ടിയും ജൂനിയര്‍ വിഭാഗത്തില്‍ വി.വി.സി. വല്ലിയോറ വോളിബോള്‍ ക്ലബും സബ് ജൂനിയര്‍ വിഭാഗത്തില്‍ വോളി ക്ലബ് വള്ളിക്കുന്നും ചാമ്പ്യന്‍മാര്‍. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് ചാമ്പ്യന്‍മാരായി.
സീനിയര്‍ വിഭാഗം ഫൈനലില്‍ ഏകപക്ഷീയമായി എന്‍.വൈ.സി. അരിമ്പ്രയെയാണ് ഇ.എം.ഇ.എ. കോളേജ് പരാജയപ്പെടുത്തിയത്. റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്നാണ് മൂന്നാമത്. ആണ്‍കുട്ടികളുടെ യൂത്ത് വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്നിനെ പരാജയപ്പെടുത്തിയാണ് ഇ.എം.ഇ.എ കോളേജ് കിരീടം ചൂടിയത്. എന്‍.ഇ.സി.ടി. എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി.

ജൂനിയര്‍ വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് എ ടീം രണ്ടും റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് ബി ടീം മൂന്നും സ്ഥാനം കരസ്ഥമാക്കി. സബ്ജൂനിയര്‍ വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ കാസ്‌ക് പറമ്പില്‍ പീടിക (കെ.എ.എസ്.എ.കെ) മൂന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ എ.എസ്.എം.എച്ച്.എസ് വെള്ളിയംചേരിയെ പരാജയപ്പെടുത്തിയാണ് റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് ചാമ്പ്യന്‍മാരായത്.

മലപ്പുറം ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊണ്ടോട്ടിയിൽ നടക്കും

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സിനീയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2022 ജനുവരി 28,29,30. തിയ്യതികളില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടത്തും. മലപ്പുറം ജില്ലയില്‍ സ്ഥിരം പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഈ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റുകളായിരിക്കും കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്കുകള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക.

സബ്ജൂനിയര്‍ വിഭാഗത്തില്‍ 2006 ജനുവരി 01 ന് ശേഷം ജനിച്ചവര്‍ക്കും ജൂനിയര്‍ വിഭാഗത്തില്‍ 2004 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്കും,യൂത്ത് വിഭാഗത്തില്‍ 2001 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്കും, സീനിയര്‍ പുരുഷ വനിത വിഭാഗങ്ങളിലുള്ളവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2022 ജനുവരി 24 ന് വൈകിട്ട് 3 മണിക്ക് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി,ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ടമാതൃകയിലുള്ള അപേക്ഷ ഫോമില്‍ നേരിട്ടോ, സെക്രട്ടറി ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ,സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്.

Exit mobile version