ലക്ഷദ്വീപിൽ ഫുട്‌ബോൾ ആവേശം വിതറി യാഹൂ സെവൻസ് സോക്കർ കപ്പിന് തുടക്കം

ലക്ഷദ്വീപിൽ സെവൻസ് ഫുട്‌ബോൾ ആവേശം നിറച്ച് യാഹൂ സെവൻസ് സോക്കർ കപ്പിന് കട്മത്ത് ദ്വീപിൽ തുടക്കമായി. ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ആണ് കട്മത്ത് വലിയ ഭൂമി മൈതാനം സാക്ഷിയാവുക. കട്മത്ത് ദ്വീപിനു പുറമെ ലക്ഷദ്വീപിലെ മറ്റ് ദ്വീപുകൾ ആയ കവരത്തി, ആന്ത്രോത്ത്, അമിനി എന്നീ ദ്വീപുകളിൽ നിന്നായി 25 ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുക.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തുന്ന ടൂർണമെന്റിൽ 6 ടീമുകൾ അടങ്ങുന്ന 3 ഗ്രൂപ്പുകളും 7 ടീമുകൾ അടങ്ങുന്ന ഒരു ഗ്രൂപ്പും ആണ് ഉള്ളത്. നാലു ഗ്രൂപ്പുകളിൽ നിന്നായി ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്ന വിധം ആണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 25 മിനിറ്റ് വീതമുള്ള ഇരു പകുതികളിൽ ആയാണ് മത്സരങ്ങൾ നടക്കുക. കട്മത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് അജ്മീർ ഖാൻ കിക്ക് ഓഫ് നടത്തിയാണ് ടൂർണമെന്റ് തുടങ്ങിയത് ആയി പ്രഖ്യാപിച്ചത്. ഉത്ഘാടന ചടങ്ങുകൾക്ക് ശേഷം ടൂർണമെന്റിന്റെ ആദ്യ മത്സരവും ഇന്ന് നടക്കുക ഉണ്ടായി.

ആദ്യമത്സരത്തിൽ കട്മത്ത് ദ്വീപിൽ നിന്നു തന്നെയുള്ള ശക്തരായ ലാക് ബീച്ച് ബോയ്സ് സീനിയേഴ്സ്, ടി. ടി. ആർ ബോയ്സ് എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടി. ഏതാണ്ട് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ടി. ടി. ആർ ആണ് ജയം കണ്ടത്. രണ്ടാം പകുതിയിൽ മുന്നേറ്റനിര താരം നസീബ് നേടിയ സോളോ ഗോൾ ആണ് അവർക്ക് ആദ്യം ലീഡ് സമ്മാനിച്ചത്. തുടർന്ന് മത്സരം അവസാനിപ്പിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ സജീദിന്റെ ഗോളിലൂടെ ടി. ടി. ആർ ജയം പൂർത്തിയാക്കി. ടൂർണമെന്റിൽ നാളെ 3 മത്സരങ്ങൾ ആണ് ഉണ്ടാവുക. രാവിലെ നടക്കുന്ന മത്സരത്തിൽ അൽസ മിറാക്കിൾസ് ഇൻവിൻസിബിളിനെ നേരിടുമ്പോൾ വൈകീട്ട് നടക്കുന്ന മത്സരങ്ങളിൽ കോൽഹന ഹള്ളി ലാക് ബീച്ച് ബോയ്‌സ് ജൂനിയേഴ്സിനെയും അമിനി ദ്വീപിൽ നിന്നുള്ള അൽ മിനഹാൽ
അമിഗോസ് എഫ്.സിയേയും നേരിടും.

സന്തോഷ് ട്രോഫി യോഗ്യത ദാമൻ ദിയുവിനെ തോൽപ്പിച്ച് ലക്ഷദ്വീപ്

2019 ലെ സന്തോഷ് ട്രോഫി മത്സരത്തിൽ ദാമൻ ദിയുവിനെതിരെ ജയം കണ്ട് ലക്ഷദ്വീപ്. കഴിഞ്ഞ മത്സരത്തിൽ സർവീസസിനോട് തോൽവി വഴങ്ങിയ ലക്ഷദ്വീപ് ഇത്തവണ തങ്ങളുടെ വീര്യം പുറത്ത് എടുത്തപ്പോൾ 3-1 നാണ് ജയം കണ്ടത്. ആദ്യ പകുതിയിൽ 15, 40 മിനിറ്റുകളിലും രണ്ടാം പകുതിയിൽ 62, 88 മിനിറ്റുകളിലും ആണ് മത്സരത്തിലെ ഗോളുകൾ പിറന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ ലക്ഷദ്വീപിന് തല ഉയർത്തിപിടിക്കാനുള്ള പ്രകടനമാണ് താരങ്ങൾ ഇന്ന് പുറത്ത് എടുത്തത്. ലക്ഷദ്വീപിനായി ഫൈസൽ, സവാദ്, നാസർ എന്നിവർ ആണ് ഗോളുകൾ നേടിയത്. സമീപകാലത്ത് മാത്രം സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കളിക്കാൻ തുടങ്ങിയ ലക്ഷദ്വീപ് മികച്ച നേട്ടങ്ങൾ ആണ് വരും ഭാവിയിൽ ലക്ഷ്യം വെക്കുന്നത്.

സുബ്രതോ മുഖർജി – ആദ്യ മത്സരം ജയിച്ച് ലക്ഷദ്വീപ്

17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ മത്സരത്തിൽ ജയം കണ്ട് ലക്ഷദ്വീപ്. ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് കവരത്തി ഹയർ സെക്കൻഡറി സ്‌കൂൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ എയർ ഫോഴ്‌സ് സ്‌കൂളിനെയാണ് ലക്ഷദ്വീപ് മറികടന്നത്.

എയർ ഫോഴ്‌സ് സ്‌കൂളിന് എതിരെ എതിരില്ലാത്ത 1 ഗോളിനാണ് ലക്ഷദ്വീപിലെ ചുണകുട്ടികൾ ജയം കണ്ടത്. ലക്ഷദ്വീപിനായി ത്വയ്യിബ് അൻവർ ആണ് ഗോൾ നേടിയത്. കഴിഞ്ഞ വർഷവും മികച്ച പ്രകടനം ആണ് സുബ്രതോ മുഖർജിയിൽ ലക്ഷദ്വീപ് നടത്തിയത്. ഗ്രൂപ്പ് തലത്തിൽ നിന്ന് മുന്നോട്ടു പോവാൻ ആവും ലക്ഷദ്വീപിന്റെ ശ്രമം.

സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾക്കുള്ള ലക്ഷദ്വീപ് ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾക്കുള്ള ലക്ഷദ്വീപ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വർഷം മുമ്പ് മാത്രം സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങളിൽ കളിക്കാൻ തുടങ്ങിയ ടീം ആണ് ലക്ഷദ്വീപ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ലക്ഷദ്വീപ് പല വമ്പൻ ടീമുകളെയും അട്ടിമറിക്കുകയും പലരെയും വിറപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഇത്തവണ യോഗ്യത നേടാനുള്ള കഠിനപരിശ്രമം ആവും ടീം നടത്തുക.

20 അംഗ ടീമിന് ഒപ്പം 5 റിസർവ് താരങ്ങൾ ഉൾപ്പെടുന്ന ടീമിനെയാണ് ലക്ഷദ്വീപ് ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചത്. മുമ്പ് സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കളിച്ച താരങ്ങൾ ഉൾപ്പെടുന്ന ടീമിൽ 5 താരങ്ങൾ അണ്ടർ 21 താരങ്ങൾ ആണ്. 20 അംഗ ടീമിൽ 3 ഗോൾകീപ്പർമാരും, 5 വീതം പ്രതിരോധ, മുന്നേറ്റക്കാരും, 7 മധ്യനിര താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 14 നു എറണാകുളത്ത് വച്ചാണ് ലക്ഷദ്വീപ് ടീമിന്റെ പരിശീലന ക്യാമ്പ് തുടങ്ങുക.

ലക്ഷദ്വീപ് സ്കൂൾ കായികമേളക്ക് ഒരുങ്ങി ചെത്ത്ലത്ത്, ആശങ്കയോടെ ചാമ്പ്യന്മാർ

ദ്വീപിന്റെ കായികപോരാട്ടങ്ങൾക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. വരുന്ന 31 തിയ്യതി മുതൽ നവംബർ 10 വരെയാണ് ലക്ഷദ്വീപ് കായിക മേള നടക്കുക. ദേശിയതലത്തിലേക്കുള്ള യോഗ്യത ഒപ്പം നടക്കുന്നതിനാൽ തന്നെ ആവേശപോരാട്ടത്തിനാവും ചെത്ത്ലത്ത് ദ്വീപ് സാക്ഷ്യം വഹിക്കുക. Dr. APJ അബ്ദുൽ കലാമിന്റെ പേരിലുള്ള അതിമനോഹരമായ മത്സരവേദിയൊരിക്കി ചെത്ത്ലത്ത് പൂർണ്ണസജ്ജവുമാണ്.

14 നു താഴെ, 17 നു താഴെ, 19 നു താഴെ എന്നിങ്ങനെയാണ് മേള നടക്കുക. അത് ലെ റ്റിക്സ്, സ്വിമ്മിങ്ങ്, ഗെയിംസ് എന്നീ ഇനങ്ങളിലാണ് മേള. അടുത്ത വർഷങ്ങളെ അപേക്ഷിച്ച് വിവാദങ്ങളും മേളക്ക് കൂട്ടിനുണ്ട്. വർഷങ്ങളായി ലക്ഷദ്വീപ് സ്കൂൾ കായികമേളക്ക് ആന്ത്രോത്ത് ദ്വീപ് എന്ന ഒറ്റ ചാമ്പ്യന്മാരെ ഉണ്ടാവാറുള്ളു എന്ന പതിവിന് ഇത്തവണ മാറ്റം വരുമോ എന്ന ചോദ്യമാണ് എല്ലാരുടേയും മനസ്സിൽ. റെക്കോർഡ് ചാമ്പ്യന്മാർ കഴിഞ്ഞ വർഷം അമിനിയിൽ തുടർച്ചയായ 14 മത് കിരീടമാണുയർത്തിയത്. എന്നാൽ ഇത്തവണ ആന്ത്രോത്തിന് അത്ര ശുഭകരമായ തുടക്കമല്ല മേളക്ക് മുമ്പേ ലഭിച്ചത്.

ഈ വർഷത്തെ സുബത്രോ മുഖർജിയിൽ അണ്ടർ 14, 17 വിഭാഗങ്ങളിലും ആന്ത്രോത്ത് ദ്വീപാണ് ലക്ഷദ്വീപിനെ പ്രതിനധീകരിക്കുക. LSG ക്കൊപ്പം ഡൽഹിൽ വച്ച് നടക്കുന്ന മുഖർജി കൂടി വന്നതോടെ ആന്ത്രോത്ത് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. കുട്ടികളുടെ അഭാവത്തിൽ ഉറച്ച 25-35 വരെയുള്ള പോയിന്റുകൾ ആന്ത്രോത്തിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്. ഇതാണ് ആന്ത്രോത്തിന് ആശങ്കയും മറ്റ് ദ്വീപുകൾക്ക് പ്രതീക്ഷയും നൽകുന്നത്.

LSG മാറ്റി വക്കാൻ എല്ലാ വിധത്തിലും ആന്ത്രോത്ത് ദ്വീപ് ശ്രമിച്ചെങ്കിലും നാഷണൽസിന്റെ സമയം പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് ഈ അഭ്യർത്ഥന തള്ളി. എന്നാൽ ആന്ത്രോത്തിന്റെ ചാമ്പ്യൻ പട്ടം എങ്ങനെയും പിടിച്ചെടുക്കണമെന്ന ചിലരുടെ താൽപര്യവും ഇതിന് പിറകിലുണ്ടെന്നാണ് ആന്ത്രോത്ത് ദ്വീപിലെ പലരും കരുതുന്നത്. കവരത്തി, മിനിക്കോയി, അമിനി, അഗത്തി എന്നീ ദ്വീപുകളാവും ആന്ത്രോത്തിന്റെ പ്രധാന വെല്ലുവിളി. എങ്ങനെ വന്നാലും തങ്ങളുടെ അഭിമാനവും അഹങ്കാരവും അങ്ങനെ വിട്ട് കളയില്ലെന്ന വാശിയിൽ ആന്ത്രോത്തും, ആന്ത്രോത്തിന്റെ കുത്തക അവസാനിപ്പിക്കാൻ മറ്റ് 9 ദ്വീപുകളും ഇറങ്ങുമ്പോൾ ചെത്ത്ലത്തിലെ കളത്തിൽ തീ പാറും എന്നുറപ്പാണ്.

സുബത്രോ മുഖർജി, ലക്ഷദ്വീപ് അണ്ടർ 14 ടീം കേരളത്തിലെത്തി

ഈ വർഷത്തെ സുബത്രോ മുഖർജി അന്താരാഷ്ട്ര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിനുള്ള ലക്ഷദ്വീപ് ടീം കേരളമെത്തി. 14 വയസ്സിനു താഴെയുള്ളവരുടെ ടീമാണ് ഇന്നെത്തിയത്. എം.വി ലഗൂൺസ് കപ്പലിലാണ് കുട്ടികൾ കൊച്ചിയെത്തിയത്. 17 വയസ്സിന് താഴെയുള്ളവർ കുറച്ച് ദിവസങ്ങൾക്ക് ശേഷം എർണാകുളമെത്തും. ഡൽഹിയിൽ വച്ചാണ് സുബ ദ്രോ മുഖർജി നടക്കുക.

14 വയസ്സിനു താഴെയും, 17 വയസ്സിനു താഴെയുമായി 2 വിഭാഗങ്ങളിലാണ് സുബത്രോ മുഖർജി നടക്കുന്നത്. ഇന്ത്യയിൽ ഏതാണ്ടെല്ലാ സ്ഥലത്തു നിന്നും സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിദേശ ടീമുകളും ഉണ്ടാവാറുണ്ട്. ലക്ഷദ്വീപിലെ സ്കൂൾ തമ്മിലുള്ള മത്സരങ്ങളിൽ വിജയിയാവുന്ന ടീമാണ് മുഖർജിയിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുക.

ഇപ്രാവശ്യം അണ്ടർ 14, 17 വിഭാഗങ്ങളിൽ രണ്ടിലും ആന്ത്രാേത്ത് ദ്വീപിലെ എം.ജി.എസ്.എസ്.എസ് സ്കൂളാണ് ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുക. കഴിഞ്ഞ വർഷം മുഖർജിയിലും, ബി.സി റോയി ടൂർണമെന്റിലും മികച്ച പ്രകടനമാണ് ലക്ഷദ്വീപ് ടീം പുറത്തെടുത്തത്, അത്തരമൊരു മറ്റൊരു പ്രകടനത്തിനാവും ലക്ഷദ്വീപിലെ കുട്ടിപ്പടയുടെ ശ്രമം.

ദാമൻ വലയിൽ ഗോൾ നിറച്ച് സന്തോഷ് ട്രോഫിയിൽ നിന്ന് ലക്ഷദ്വീപിന്റെ രാജകീയ പടിയിറക്കം

ലക്ഷദ്വീപിന് മുന്നോട്ട് പോവാൻ അത്ഭുതങ്ങൾ സംഭവിക്കണമായിരുന്നുയിരുന്നു, പക്ഷെ ഈ ദിനം അതിനുള്ളതായിരുന്നതല്ല. മധ്യപ്രദേശിനെ മറികടന്ന് ഗ്രൂപ്പിലെ 3 മത്സരവും ജയിച്ച് മഹാരാഷ്ട്ര സന്തോഷ് ട്രോഫിയിലേക്ക് ടിക്കറ്റെടുത്തപ്പോൾ ദാമനെതിരെ ജയിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനായിരുന്നു ലക്ഷദ്വീപിന്റെ വിധി. മഹാരാഷ്ട്രക്കെതിരായ മത്സരത്തിന്റെ ക്ഷീണം മുഴുവനും മറികടക്കുന്ന പ്രകടനമായിരുന്നു ഇന്ന് ലക്ഷദ്വീപിന്റെ പിള്ളേർ പുറത്തെടുത്തത്.

മഹാരാഷ്ട്രക്കെതിരെ 5 ഗോൾ വഴങ്ങിയതിന് മറുപടിയെന്നോണം എതിരില്ലാത്ത 5 ഗോളുകളാണ് ദാമൻ വലയിൽ ദ്വീപുകാർ നിറച്ചത്. ലക്ഷദ്വീപിന്റെ മുന്നേറ്റത്തിൽ ഇത് വരെ ഗോൾ നേടാതിരുന്ന അമിനി സ്വദേശി നാസർ ഫോമിലേക്കുയർന്നപ്പോൾ ദാമനു മറുപടിയുണ്ടായിരുന്നില്ല. ഹാട്രിക്കിടിച്ച നാസറിന് പുറമെ ആദ്യകളിയിൽ മധ്യപ്രദേശിനെതിരെ ഹാട്രിക്ക് നേടിയ റഫീഖ് ടി.ഡിയും ഗോൾ കണ്ടെത്തി. ജാബിറിന്റെ വകയായിരുന്നു ലക്ഷദ്വീപിന്റെ മൂന്നാം ഗോൾ.

സന്തോഷ് ട്രോഫി യോഗ്യത നഷ്ടമായെങ്കിലും തല ഉയർത്തി പിടിച്ച് തന്നെയാണ് ദീപക് സാറിന്റെ കുട്ടികൾ അഹമ്മദാബാദ് വിടുക. ശക്തരായ മഹാരാഷ്ട്രക്ക് പകരം മറ്റൊരു ടീമായുരുന്നുവെങ്കിൽ കഥ മാറിയേനെ. ലക്ഷദ്വീപ് ഫുട്ബോളിനും പൊതുവെ സ്പോർട്സിന് തന്നെയും ഒരു പുതുവിപ്ളവത്തിന്റെ തുടക്കമായി വേണം ഈ പ്രകടനത്തെ വിലയിരുത്താൻ. ഫുട്ബോൾ അസോസിയേഷന്റെ പരിശ്രമങ്ങളും, കെ ലീഗ് അനുകരിച്ച് മറ്റ് ദ്വീപുകളിൽ നിന്നുണ്ടാവുന്ന ശ്രമങ്ങളും ശുഭസൂചനകളാണ്. കാത്തിരിക്കുക ഇന്ത്യൻ ഫുട്ബോൾ കാരണം ഇനിയും നിങ്ങൾ ആവർത്തിച്ചാവർത്തിച്ച് ലക്ഷദ്വീപ് എന്ന് കേൾക്കാൻ പോവുന്നതെയുള്ളു, നിങ്ങളുടെ അപരിചിതത്വം കളഞ്ഞ് തയ്യാറായിരിക്കുക, കാരണം ലക്ഷദ്വീപ് വന്നത് ചുമ്മാ പോകാനല്ല പുതിയ അത്ഭുതങ്ങളുടെ പ്രതിഭകളുടെ വിസ്മയങ്ങളുടെ വിത്തുമായാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്ത് പേരായി ചുരുങ്ങിയിട്ടും ലക്ഷദ്വീപിനെ വീഴ്ത്തി മഹാരാഷ്ട്ര

സന്തോഷ് ട്രോഫിയിലെ രണ്ടാം യോഗ്യത മത്സരത്തിൽ മഹാരാഷ്ട്രക്കതിരെ എതിരില്ലാത്ത 5 ഗോളിന് വീണ് ലക്ഷദ്വീപ്. മഹാരാഷ്ട്രയുടെ കരുത്തിനും പാരമ്പര്യത്തിനും മുമ്പിൽ പിടിച്ച് നിൽക്കാൻ ലക്ഷദ്വീപിന്റെ പോരാളികൾക്കാവാത്ത മത്സരം ഏകപക്ഷീയമായിരുന്നു. പെനാൾട്ടിയും, പെനാൾട്ടി രക്ഷപ്പെടുത്തലും, ചുവപ്പ് കാർഡും കണ്ട മത്സരം സ്കോർ നില കാണിക്കുന്നതിലും ആവേശം നിറഞ്ഞതായിരുന്നു.

ആദ്യപകുതിയിൽ 2-0 ത്തിന് മുന്നിലെത്തിയ മഹാരാഷ്ട്ര തുടക്കം മുതലെ അക്രമണത്തിലായിരുന്നു. ആദ്യഗോളിന് ശേഷം വഴങ്ങിയ പെനാൾട്ടി ലക്ഷദ്വീപ് ഗോൾ കീപ്പർ അണ്ടർ 21 താരം കവരത്തി സ്വദേശി രക്ഷപ്പെടുത്തിയെങ്കിലും റീ ബൗണ്ടിൽ ഗോളടിച്ച് മഹാരാഷ്ട്ര 2-0 ത്തിന് മുന്നിലെത്തി. അതിന് പിറകെ ആദ്യ പകുതിയുടെ മുപ്പതാം മിനിറ്റിൽ ബോക്സിന് പുറത്ത് ലക്ഷദ്വീപിന് ലഭിച്ച സുവ്വർണ്ണാവസരം ഫൗളിലൂടെ തടഞ്ഞ മഹാരാഷ്ട്ര കീപ്പർ ചുവപ്പ് കാർഡ് കണ്ടു. പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്ത് ഒട്ടും ചോരാത്ത മഹാരാഷ്ട്രയെയാണ് പിന്നത്തെ മണിക്കൂറിൽ കണ്ടത്. രണ്ടാം പകുതിയിൽ 3 ഗോൾ കൂടിയടിച്ച അവർ 10 ഷോട്ടാണ് മത്സരത്തിനുടളമായി ലക്ഷദ്വീപ് ഗോൾ മുഖത്തേകുയർത്തത്.

വമ്പൻ പാരമ്പര്യവും, 3 തവണ ചാമ്പ്യന്മാരുമായ, ഐ.എസ്.എൽ ടീമുകളായ മുംബൈയുടേതും, സൂപ്പർ ലീഗിലെ തന്നെ ഏറ്റവും പ്രഫഷണലായ പൂനെയുടെയും, ഖാലിദ് ജമീൽ ഉയര്‍ത്തെണീപ്പിച്ച ഐ ലീഗ് ടീം മുംബൈ സിറ്റിയുടെ നാട്ടുകാർക്കെതിരെ 5 ഗോളിന് തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് ലക്ഷദ്വീപ് നിന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മധ്യപ്രദേശിനെതിരെ ദാമൻ ദിയു 2-1 നു ജയം കണ്ടു. ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രം സന്തോഷ് ട്രോഫിക്ക് യോഗ്യത നേടുന്നതിനാൽ തന്നെ ലക്ഷദ്വീപിന്റെ സ്വപ്നങ്ങൾക്കിനി നേരിയ സാധ്യത മാത്രമാണുള്ളത്. എന്നാൽ 13 നു നടക്കുന്ന മത്സരത്തിൽ ദാമൻ ദിയുവിനെതിരെ ജയിച്ച് തലയുയർത്തി പിടിച്ച് അഹമ്മദബാദ് വിടാൻ തന്നെയാവും ദീപക് സാറിന്റെ പിള്ളേരുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്രം തിരുത്താൻ കുഞ്ഞന്മാർ, ഇത് ലക്ഷദ്വീപ്

ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നൊക്കെ നാം പറയാറില്ലേ, അതെ ചരിത്രം അവർ വീണ്ടും വീണ്ടും രചിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ കാണികൾക്ക്‌ അത്രത്തോളം പെട്ടെന്ന് അവഗണിക്കാനാവാത്ത ഒരു പേരായി അവർ മാറാൻ അത്രത്തോളം സമയമെടുക്കുമെന്ന് കരുതാൻ വയ്യ. 77 വർഷത്തെ പാരമ്പര്യമുണ്ട് സന്തോഷ് ട്രോഫിയെന്ന ഇന്ത്യയിലെ ഒരു കാലത്തെ ഏറ്റവും മികച്ച ടൂർണമെന്റിന്. സ്വാതന്ത്രത്തിന് മുമ്പ് 1941 ൽ തുടങ്ങിയ സന്തോഷ് ട്രോഫിയിൽ കഴിഞ്ഞ വർഷമാണ് 1956 ൽ ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായി രൂപീകൃതമായ ലക്ഷദ്വീപ് ചരിത്രത്തിലാദ്യമായി സ്വാധീനിമറിയിക്കുന്നത്.

ആദ്യ കളിയിൽ കരുത്തരായ തമിഴ്നാടിനെ വിറപ്പിച്ച ദ്വീപുകാർ മൂന്നാം മത്സരത്തിൽ തെലുങ്കാനയെ വീഴ്ത്തി ചരിത്രം രചിച്ചപ്പോൾ തരച്ച് നിന്നത് ഇന്ത്യ മൊത്തമായിരുന്നു. അതൊരു പ്രതീക്ഷയായിരുന്നു, കഴിഞ്ഞ തവണ വഴിക്ക് വച്ച് കോച്ചിനെ കണ്ടത്തിയ ദ്വീപുകാർ പക്ഷെ ഇത്തവണ ഒരുങ്ങി തന്നെയായിരുന്നു. ദീപക്ക് സാറിനെ കോച്ചായി വച്ച് വലിയൊരു സെലക്ഷൻ ക്യാമ്പ് വച്ച് ലക്ഷദ്വീപ് ടീമിനെ വാർത്തെടുത്ത് സന്തോഷ് ട്രോഫിക്കായി ഒരുങ്ങി. പക്ഷെ കാത്തിരുന്നത് 3 തവണ ചാമ്പ്യന്മാരായ മഹാരാഷ്ട്രയും, മധ്യപ്രദേശും, ദാമൻ ദിയുവും അടങ്ങിയ കടുത്ത ഗ്രൂപ്പായിരുന്നു. പക്ഷെ ടീം സെലക്ഷനിടെ വന്ന ഓഖിക്കും പോലും തോൽപ്പിക്കാനാവാത്ത ദ്വീപുകാരെ ഭയപ്പെടുത്താൻ അതൊന്നും മതിയാവുമായിരുന്നില്ല.

അതിനുദാഹരണമായിരുന്നു ഇന്ന് ലക്ഷദ്വീപ് മധ്യപ്രദേശിനെതിരെ കാഴ്ച്ച വച്ചത്. ഒരിക്കലും പരിചയമില്ലാത്ത കാലാവസ്ഥയിൽ അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയത്തിൽ വലിപ്പം കൊണ്ട് പോലും പേടിപ്പിക്കാവുന്ന മധ്യപ്രദേശിനെതിരെ ദ്വീപുകാർ തങ്ങളുടെ തനത് ഫുട്ബോൾ പുറത്തെടുത്തപ്പോൾ ഞെട്ടിയത് മധ്യപ്രദേശ് മാത്രമായിരുന്നില്ല ഇന്ത്യൻ ഫുട്ബോൾ ആരാധകർ തന്നെയായിരുന്നു. ഇരു പകുതികളിലായി നേടിയ മറുപടിയില്ലാത്ത 5 ഗോളിന് ദീപക് സാറിന്റെ പിള്ളേര് മധ്യപ്രദേശിനെ കണ്ടം വഴി ഓടിച്ചു. ദ്വീപുകാർക്കായി ഷഫീഖ് ടി.ഡി ഹാട്രിക്ക് നേടിയപ്പോൾ, അണ്ടർ 21 താരം ഷഫീഖ് K രണ്ട് ഗോളുകൾ നേടി തുടക്കം ആഘോഷമാക്കി.

മത്സരത്തിനുടനീളം വ്യക്തമായ ആധിപത്യം കാണിച്ച ലക്ഷദ്വീപ് ടീം മികച്ച അക്രമഫുട്‌ബോളാണ് പുറത്തെടുത്തത്. മത്സരത്തിൽ 13 തവണ എതിർ പോസ്റ്റിലേക്ക് നിറയൊഴിച്ച അവർ ആദ്യപകുതിയിൽ 31, 39, 42 മിനിറ്റുകളിലെ ഗോളുകളിലൂടെ 3-0 ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ പരുക്കൻ കളിക്ക് മുതിർന്ന മധ്യപ്രദേശിനെതിരെ അച്ചടക്കം സൂക്ഷിച്ച ലക്ഷദ്വീപിനുള്ള സമ്മാനമായിരുന്നു രണ്ടാം പകുതിയിൽ 78, 82 മിനുറ്റുകളിൽ പിറന്ന ഗോളുകൾ. ദീപക് സാറിന് കീഴിൽ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ മികച്ച തയ്യാറെടുപ്പോടെ ഇറങ്ങിയ ടീം മികച്ച ഒത്തൊണക്കമാണ് മത്സരത്തിനുടനീളം പുലർത്തിയത്. ടീമിലെ പരിചയസമ്പന്നനായ ഷഫീഖ് ടി.ഡിയും, യുവതാരം ഷഫീഖ് കെയും മിന്നും ഫോമിലേക്കുയർന്നതാണ് ടീമിന് മെച്ചമായത്.

അടുത്ത പതിനൊന്നിന് മൂന്ന് തവണ ചാമ്പ്യന്മാരായ കരുത്തരായ മഹാരാഷ്ട്രയാണ് ലക്ഷദ്വീപിന്റെ എതിരാളികൾ. മഹാരാഷ്ട്രക്കെതിരെയും സമാനമായ പ്രകടനം പുറത്തെടുത്ത് നടോടെ സന്തോഷ് ട്രോഫിയിലേക്ക് യോഗ്യത നേടലാവും ദീപക് സാറിനും സംഘത്തിന്റേയും ലക്ഷ്യം. കഴിഞ്ഞ യൂറോയിലും, ലോകകപ്പ് യോഗ്യതയിലൂടെയും വലിപ്പം ഒന്നുമല്ലെന്ന് തെളിയിച്ച കുഞ്ഞന്മാരായ ഐസ്ലാന്റും, പ്രീമിയർ ലീഗ് നേടി ലോകത്തെ ഞെട്ടിച്ച ലെസ്റ്റർ സിറ്റിയും, ഐ ലീഗ് ചാമ്പ്യന്മാരായ വടക്ക് കിഴക്കിന്റെ സ്വന്തം ഐസ്വാളും മുമ്പിൽ നിൽക്കുമ്പോൾ 70, 000 ത്തിൽ താഴെ ആളുകളുള്ള ലക്ഷദ്വീപിനും സ്വപ്നം കാണാം, പക്ഷെ അവരങ്ങത് യാഥാർത്ഥ്യമാക്കിയാൽ ഞെട്ടരുത് കാരണം ഇത് ലക്ഷദ്വീപാണ്, ദ്വീപിനെ മൊത്തം വിഴുങ്ങാൻ വന്ന ‘ഓഖി’ ചുഴലികാറ്റിലും കുലുങ്ങാത്ത ലക്ഷദ്വീപ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version