Premier League

അനാടോവിച്ചിന്റെ ഇരട്ട ഗോളുകൾ തുണ, വെസ്റ്റ് ഹാമിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന ഹോം മത്സരത്തിന് ഇറങ്ങിയ വെസ്റ്റ് ഹാമിന് അനായാസ ജയം. സൗത്താംപ്ടനെ എതിരില്ലാത്ത 3 ഗോളുകൾക്ക് അവർ മറികടന്നു. ഓസ്ട്രിയൻ സ്‌ട്രൈക്കർ മാർക്കോ അനാടോവിച് നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിൽ നിർണായകമായത്.

മത്സരത്തിന്റെ ഇരു പകുതികളിലും ഓരോ ഗോൾ നേടിയാണ് അനാടോവിച് മത്സരം ഹാമേഴ്സിന് അനുകൂലമാക്കിയത്. ജനുവരിക്ക് ശേഷം ഇത് ആദ്യമായാണ് താരം ലരീമിയർ ലീഗിൽ ഗോൾ നേടുന്നത്. ഡിഫൻഡർ റയാൻ ഫെഡറിക്‌സ് ആണ് അവരുടെ മൂന്നാം ഗോൾ നേടിയത്. 2001 ന് ശേഷം ആദ്യമായാണ് വെസ്റ്റ് ഹാം ഒരേ സീസണിൽ 2 തവണ സൗത്താംപ്ടനെ തോൽപ്പിക്കുന്നത്.

സൗത്താംപ്ടൻ നിലവിൽ റലഗേഷൻ ഭീഷണിയിൽ നിന്ന് പുറത്ത് ആണെങ്കിലും ഇത് നാലാം മത്സരത്തിലാണ് അവർ ജയമില്ലാതെ മൈതാനം വിടുന്നത്. നിലവിൽ വെസ്റ്റ് ഹാം പതിനൊന്നാം സ്ഥാനത്തും, സൗത്താംപ്ടൻ 16 ആം സ്ഥാനത്തുമാണ്.