റഗ്ബി ലോകകപ്പിൽ ചരിത്രം എഴുതി ജപ്പാൻ, ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി

റഗ്ബി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഏഷ്യൻ രാജ്യമായി ജപ്പാൻ ചരിത്രം എഴുതി. സ്വന്തം മണ്ണിൽ തങ്ങളുടെ പോരാട്ടവീര്യം ആവേശമായപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് അവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ശക്തരായ അയർലൻഡിനു പിറകെ ഇന്ന് സ്‌കോട്ട്‌ലൻഡിനേയും അവർ മറികടന്നു. ആദ്യം മുന്നിൽ എത്തിയ സ്‌കോട്ടിഷ്കാർക്ക് എതിരെ ഉജ്ജ്വല പ്രകടനത്തിലൂടെ മത്സരത്തിൽ നിയന്ത്രണം ഏറ്റെടുക്കുന്ന ജപ്പാനെയാണ് മത്സരത്തിൽ പിന്നീട് കണ്ടത്. എന്നാൽ അവസാനം ജീവന്മരണ പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡ് പൊരുത്തിയെങ്കിലും ജപ്പാൻ വഴങ്ങിയില്ല. 28-21 സാമുറായികൾ മത്സരത്തിൽ ജയവും പുതിയ ചരിത്രവും കുറിച്ചു. രാജ്യത്ത് നാശം വിതച്ച ചുഴലിക്കാറ്റും, ഭൂമി കുലുക്കവും ജീവൻഎടുത്തവർക്ക് ആദരവ് അർപ്പിച്ചു തുടങ്ങിയ മത്സരത്തിലെ ജയം ജപ്പാൻ ടീം അവർക്കായി സമർപ്പിച്ചു. കെങ്കി ഫുകോക്ക, കൊട്ടാരോ മൊട്ടുഷിമ എന്നിവരുടെ മിന്നും പ്രകടനത്തിന് പുറകെ ടീമിന്റെ കൂട്ടായ പോരാട്ടവീര്യം ആണ് ജപ്പാന് ജയം സമ്മാനിച്ചത്.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായ മത്സരത്തിൽ ജയം കണ്ടതോടെ ഗ്രൂപ്പ് എയിൽ അയർലൻഡിനെ മറികടന്ന അവർ ഒന്നാമത് ആയാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എയിൽ 4 മത്സരങ്ങളിൽ നിന്ന് ബോണസ് പോയിന്റ് അടക്കം ജപ്പാന് 19 പോയിന്റും അയർലൻഡിനു 16 പോയിന്റും ഉണ്ട്. അതേസമയം സ്‌കോട്ട്‌ലൻഡിനു 11 ഉം സമോവക്ക് അഞ്ചും റഷ്യക്ക് 0 പോയിന്റും ആണ് ഗ്രൂപ്പിൽ. ഇതോടെ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാർ ആയ നിലവിലെ ജേതാക്കളും മൂന്നു തവണ കിരീടം ഉയർത്തിയ ന്യൂസിലാൻഡ് അയർലൻഡിനെയും ജപ്പാൻ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ ആയ മുമ്പ്‌ രണ്ടു തവണ ലോകജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയെയും നേരിടും. കഴിഞ്ഞ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ചരിത്രം ആവർത്തിക്കാൻ ആവും ജപ്പാൻ ശ്രമം. ഗ്രൂപ്പ് ബിയിൽ ന്യൂസിലാൻഡിനു 16 ഉം ദക്ഷിണാഫ്രിക്കക്ക് 15 പോയിന്റും ആണ് ഉള്ളത്. അതേസമയം ഇറ്റലിക്ക് 12 ഉം നമീബിയ, കാനഡ ടീമുകൾക്ക് 2 വീതം പോയിന്റും ഉണ്ട്.

അതേസമയം മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട്, ഫ്രാൻസ് ടീമുകൾ മുന്നേറിയപ്പോൾ വമ്പന്മാരായ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മടങ്ങി. ഗ്രൂപ്പിൽ 2003 ലെ ജേതാക്കൾ ആയ ഇംഗ്ലണ്ട് 17 പോയിന്റുമായി ഒന്നാമത് എത്തിയപ്പോൾ 15 പോയിന്റുമായി ഫ്രാൻസ് രണ്ടാമത് എത്തി. 11 പോയിന്റുകൾ മാത്രം നേടാൻ ആയ അർജന്റീന പുറത്തേക്കുള്ള വഴി കണ്ടു. അതേസമയം ഇന്ന് നടന്ന ഗ്രൂപ്പിലെ ദുർബലർ തമ്മിലുള്ള പോരാട്ടത്തിൽ ജയം കണ്ട ടോങ അമേരിക്കയെ അക്ഷരാർത്ഥത്തിൽ നാണം കെടുത്തി. ഇതോടെ ഗ്രൂപ്പിൽ 6 പോയിന്റുകൾ ടോങ നേടിയപ്പോൾ ഒരു പോയിന്റ് പോലും ഗ്രൂപ്പ് ഘട്ടത്തിൽ നേടാതെ ആയി അമേരിക്കയുടെ മടക്കം. ഇതോടെ ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാർ ആയ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാർ ആയ ഓസ്‌ട്രേലിയയെ നേരിടും, 2003 റഗ്ബി ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനം ആവും ഈ മത്സരം. അന്ന് ഓസ്‌ട്രേലിയയെ തോൽപ്പിച്ച ഇംഗ്ലണ്ട് കിരീടം ഉയർത്തിയിരുന്നു.

അതേസമയം ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച വെയിൽസ് തങ്ങൾ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത് എന്ന വ്യക്തമായ സൂചന നൽകി. ഇന്ന് നടന്ന മത്സരത്തിൽ പരിക്ക് കാരണം പല പ്രമുഖതാരങ്ങൾ ഇല്ലാതെ കളത്തിൽ ഇറങ്ങിയ അവർ 35-13 എന്ന സ്കോറിന് ആണ് ഉറുഗ്വായെ മറികടന്നത്. ഇതോടെ ഗ്രൂപ്പിൽ 19 പോയിന്റുമായി ഒന്നാമത് എത്തിയ അവർ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാർ ആയ ഫ്രാൻസുമായുള്ള ക്വാർട്ടർ ഉറപ്പാക്കി. ഈ ലോകകപ്പ് കാത്തിരിക്കുന്ന മികച്ച മത്സരങ്ങളിൽ ഒന്നാവും ഇത് എന്നുറപ്പാണ്. ഗ്രൂപ്പിൽ രണ്ടാമതുള്ള ഓസ്‌ട്രേലിയക്ക് 16 പോയിന്റുകൾ ആണ് ഉള്ളത്. അതേസമയം ഫിജിക്ക് 7 ഉം ജോർജിയക്ക് 5 ഉം ഉറുഗ്വായ്ക്ക് 4 ഉം പോയിന്റുകൾ ആണ് ഗ്രൂപ്പ് ഡിയിൽ നിന്നു നേടാൻ ആയത്. ഈ മാസം 19 തിന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മത്സരത്തിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടുമ്പോൾ അന്ന് തന്നെ നടക്കുന്ന രണ്ടാം ക്വാർട്ടർ ന്യൂസിലാൻഡ് അയർലൻഡ് പോരാട്ടം ആവും. അതേസമയം 20 നു നടക്കുന്ന മൂന്നാം ക്വാർട്ടറിൽ വെയിൽസ് ഫ്രാൻസിനെ നേരിടുമ്പോൾ അന്ന് തന്നെ നടക്കുന്ന നാലാം ക്വാർട്ടർ ഫൈനലിൽ ജപ്പാനും ദക്ഷിണാഫ്രിക്കയും മുഖാമുഖം വരും. ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങൾ ആണ് ക്വാട്ടർ ഫൈനൽ മുതൽ ആരാധകരെ കാത്തിരിക്കുന്നത്. തുല്യശക്തികൾ ഏറ്റുമുട്ടുന്ന പല ക്വാട്ടർ മത്സരങ്ങളും തീപാറും എന്നുറപ്പാണ്. പല മത്സരങ്ങളും പ്രകൃതി ക്ഷോഭം മൂലം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ലോകകപ്പിന്റെ ആവേശം ഒട്ടും ചോർന്നിട്ടില്ല ജപ്പാനിൽ എന്നതിന്റെ തെളിവാണ് ഗാലറി നിറയുന്ന ആരാധകർ. ഇനിയും ലോകകപ്പ് ആവേശം ആക്കാൻ തന്നെയാവും ജപ്പാന്റെ ശ്രമം.

ബാരെറ്റ് സഹോദരന്മാർ ചരിത്രം കുറിച്ചു, കാനഡയെ തകർത്തു ഓൾ ബ്ളാക്‌സ്

ഗ്രൂപ്പ് ബിയിൽ റഗ്ബിയിലെ തങ്ങളുടെ മേധാവിത്വം എന്തെന്ന് ന്യൂസിലാൻഡ് ഒരിക്കൽ കൂടി കാണിച്ചപ്പോൾ കാനഡയെ തകർത്തത് 63-0 എന്ന വമ്പൻ സ്കോറിന്. പലപ്പോഴും മുഴുവൻ അവസരങ്ങളും മുതലെടുക്കാൻ ഓൾ ബ്ളാക്‌സിന് ആവാത്തത് ആണ് കാനഡയുടെ തോൽവിയുടെ ആഘാതം ഇത്രയും കുറച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ ടീമിൽ 3 സഹോദരന്മാരെ അണിനിരത്തിയ ഓൾ ബ്ളാക്‌സിന് തെറ്റിയില്ല. മൊത്തം 9 ട്രൈ സ്‌കോർ ചെയ്ത ന്യൂസിലാൻഡിനായി 3 സഹോദരന്മാരും ട്രൈ സ്‌കോർ ചെയ്തപ്പോൾ പുതിയ ലോകകപ്പ് ചരിത്രം ആയി അത്.

ജോർഡി ബാരെറ്റും സ്‌കോട്ട് ബാരെറ്റും ബ്യുഡൻ ബാരെറ്റും തിളങ്ങിയപ്പോൾ അത് ഗാലറി നിറഞ്ഞ ആരാധകർക്കും വലിയ ആവേശം ആയി. ഓൾ ബ്ളാക്‌സിനായി ആർത്ത് വിളിക്കാൻ ഗാലറിയിൽ ഒഴുകി എത്തിയ തദ്ദേശിയർ മത്സരം ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. അതേസമയം മരണ ഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ ക്വാട്ടർ ഫൈനൽ പ്രതീക്ഷ നിലനിർത്തിയ ഫ്രാൻസ് അമേരിക്കക്ക് എതിരെ ബോണസ് പോയിന്റ് ജയം നേടി. അവസാന പത്ത് മിനിറ്റ് വരെ പൊരുതിയ അമേരിക്ക ഫ്രാൻസിനെ ഞെട്ടിക്കും എന്നു തോന്നിച്ചു എങ്കിലും 12-9 ൽ നിന്ന് 33-9 നു ജയം കണ്ടു ഫ്രാൻസ്. ഇതോടെ ഗ്രൂപ്പ് സിയിലെ ഒന്നാമന്മാർ ആയ ഇംഗ്ലണ്ടിനു അടുത്ത് എത്തി ഫ്രാൻസ്.

റഗ്ബി ലോകകപ്പ് ക്വാട്ടർ ഫൈനൽ പ്രതീക്ഷ നിലനിർത്തി സ്‌കോട്ട്‌ലൻഡ്

ലോകകപ്പിൽ തുടരാൻ വലിയ ജയം വേണ്ടിയിരുന്ന സ്‌കോട്ട്‌ലൻഡ് സമോവയെ ബോണസ് പോയിന്റ് അടക്കം 34-0 എന്ന സ്കോറിന് തകർത്തു. സമോവക്ക് ഒരു പോയിന്റ് പോലും നൽകാതിരുന്നതോടെ ബോണസ് പോയിന്റ് നേടിയ സ്‌കോട്ടിഷ് പട ഇതോടെ തങ്ങളുടെ ലോകകപ്പ് ക്വാട്ടർ ഫൈനൽ പ്രതീക്ഷ നിലനിർത്തി.

ഗ്രൂപ്പ് എയിൽ അയർലൻഡിനെ അട്ടിമറിച്ച് ജയം കണ്ട ജപ്പാൻ ആണ് ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറ്റിമറിച്ചത്. എന്നാൽ ബോണസ് പോയിന്റ് ജയത്തോടെ ഇതോടെ സ്‌കോട്ട്‌ലൻഡിനു അവസാനമത്സരം അവർക്ക് ബോണസ് പോയിന്റ് നൽകാതെ ജപ്പാനോട് ജയിച്ചാൽ ക്വാട്ടർ ഫൈനലിൽ എത്താം. എന്നാൽ ക്വാട്ടർ ഫൈനൽ ലക്ഷ്യമിടുന്ന ആതിഥേയർക്ക് എതിരെ സ്‌കോട്ട്‌ലൻഡിനു ഇതത്ര എളുപ്പമാവില്ല.

റഗ്ബി ലോകകപ്പ് ഓസ്‌ട്രേലിയൻ തിരിച്ചു വരവ് അതിജീവിച്ച് വെയിൽസ്

ഗ്രൂപ്പ് ഡിയിൽ കിരീടപോരാട്ടത്തിൽ തങ്ങളെ എഴുതിതള്ളണ്ട എന്ന വ്യക്തമായ സൂചന നൽകി വെയിൽസ്. ഓസ്‌ട്രേലിയക്ക് എതിരെ ജയം കണ്ടതോടെ ഏതാണ്ട് ക്വാട്ടർ ഫൈനൽ ഉറപ്പിക്കാനും വെയിൽസിന് ആയി. മത്സരത്തിൽ ഒരു ഘട്ടത്തിൽ 26-8 നു മുന്നിലെത്തിയ വെയിൽസിന് എതിരെ 26-25 നു തിരിച്ചു വന്ന ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം ആണ് കാഴ്ച്ചവച്ചത്. എന്നാൽ വിട്ട് കൊടുക്കാൻ തയ്യാറാകാതിരുന്ന വെയിൽസ് മത്സരം 29-25 നു സ്വന്തമാക്കി.

15 കളികളിൽ ഓസ്‌ട്രേലിയക്ക് എതിരെ വെയിൽസിന്റെ വെറും രണ്ടാം ജയം മാത്രം ആണിത്. തന്റെ 130 മത്തെ മത്സരം കളിച്ച വെയിൽസ് താരം വെയ്ൻ ജോൺസ് വെയിൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരം ആയി. ക്വാട്ടറിൽ അർജന്റീന അല്ലെങ്കിൽ ഇറ്റലി ആവും വെയിൽസിന്റെ എതിരാളികൾ ഓസ്‌ട്രേലിയക്ക് ആവട്ടെ ശക്തരായ ഇംഗ്ലണ്ടിനെ നേരിടേണ്ടി വരും. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ ജോർജിയ ഉറുഗ്വായെ 33-7 എന്ന വമ്പൻ സ്കോറിന് ആണ് തോൽപ്പിച്ചത്.

റഗ്ബി ലോകകപ്പിൽ അയർലൻഡിന്റെ ഞെട്ടിച്ച് ജപ്പാൻ

റഗ്ബി ലോകകപ്പ് നേടാൻ പലരും വലിയ സാധ്യത കൽപ്പിക്കുന്ന അയർലൻഡിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് ജയം കുറിച്ച് ആതിഥേയരായ ജപ്പാൻ. മത്സരത്തിൽ ആദ്യ പകുതിയിൽ വളരെ പിന്നിൽ പോയ ശേഷം ആണ് ജപ്പാൻ ചരിത്രജയം കുറിച്ചത്. ആദ്യ പകുതിയിൽ ട്രൈ അടക്കം 12 പോയിന്റ് മുന്നിൽ എത്തിയ അയർലൻഡിനെ 3 പെനാൽട്ടിയിലൂടെ 12-9 ആയി ആദ്യപകുതിയിൽ തിരിച്ചു വന്ന ജപ്പാൻ രണ്ടാം പകുതിയിൽ അയർലൻഡിനു ഒരവസരവും നൽകിയില്ല. കിട്ടിയ അവസരങ്ങൾ മുതലാക്കിയ ജപ്പാൻ 19-12 നു ജയം കണ്ടു. ജപ്പാന്റെ ജയത്തോടെ ഗ്രൂപ്പ് എയിലെ സമവാക്യങ്ങൾ മാറുകയാണ്, ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതുള്ള ജപ്പാൻ ക്വാട്ടർ ഫൈനൽ സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു. തോറ്റെങ്കിലും തുടർന്നുള്ള മത്സരങ്ങൾ ജയിക്കാൻ ആയാൽ അയർലൻഡിനും ക്വാട്ടർ ഫൈനലിൽ കടക്കാം.

അതേസമയം മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ ദുർബലരായ ടോങോക്ക് എതിരെ 28-12 ന്റെ നിർണായകജയം സ്വന്തമാക്കി അർജന്റീന. ഇംഗ്ലണ്ട്, ഫ്രാൻസ് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ കഴിഞ്ഞ മത്സരം തോറ്റ അർജന്റീന തങ്ങളുടെ ആദ്യജയം ആണ് ഇന്ന് കുറിച്ചത്. ക്വാട്ടർ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായിരുന്നു അർജന്റീനക്ക്. ഗ്രൂപ്പ് ബിയിൽ ദുർബലരായ നമീബിയയെ 57-3 എന്ന വമ്പൻ സ്കോറിന് തകർത്ത റഗ്ബി ഭീമന്മാർ ആയ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ തങ്ങളുടെ കരുത്ത് അറിയിച്ചു. മുൻ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോൽവി വഴങ്ങിയ സ്പ്രിങ് ബോക്‌സ് ഇത്തവണ നമീബിയ ശ്വാസം വിടാൻ പോലും അനുവദിച്ചില്ല.

റഗ്ബി ലോകകപ്പ് അമേരിക്കയെ തകർത്തു ഇംഗ്ലണ്ട്, ഇറ്റലിക്കും വലിയ ജയം

മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ തുടർച്ചയായ രണ്ടാം മത്സരവും ബോണസ് പോയിന്റ് നേടി ജയം കണ്ട ഇംഗ്ലണ്ട് ഗ്രൂപ്പിലെ തങ്ങളുടെ ആധിപത്യം തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ ടോങോക്ക് എതിരെ വലിയ ജയം നേടിയ അവർ ഇത്തവണ 45-7 എന്ന സ്കോറിന് ആണ് അമേരിക്കയെ മറികടന്നത്. 7 ട്രൈ നേടിയ ഇംഗ്ലീഷ് ടീമിന് എതിരെ കാര്യമായി ഒന്നും ചെയ്യാൻ അമേരിക്കക്ക് ആയില്ല. ഇതോടെ അർജന്റീന, ഫ്രാൻസ് എന്നി ശക്തരെ തുടർന്ന് നേരിടേണ്ട ഇംഗ്ലണ്ടിന് ഇത് വലിയ കരുത്ത് പകരും.

അതേസമയം കാനഡയെ 48-7 നു തകർത്ത ഇറ്റലിയും ഗ്രൂപ്പ് ബിയിൽ തങ്ങളുടെ കരുത്ത് കാട്ടി. ലോകകപ്പിലെ രണ്ടാം ജയം ആണ് ഇറ്റലി കുറിച്ചത്. അടുത്ത രണ്ടു മത്സരങ്ങളിൽ കരുത്തരായ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകളെ നേരിടേണ്ട ഇറ്റലി വലിയൊരു അട്ടിമറി സ്വപ്നം കാണുന്നുണ്ട്. അതേസമയം ഗ്രൂപ്പ് ഡിയിൽ അപകടകാരികൾ ആയ ഫിജിയെ ഉറുഗ്വായ് അട്ടിമറിച്ചു. ആവേശകരമായ മത്സരത്തിൽ 30-27 നു ആയിരുന്നു ലാറ്റിനമേരിക്കൻ ടീമിന്റെ ജയം.

തുടക്കം ഗംഭീരമാക്കി ഓൾ ബ്ളാക്‌സ്, ജയം കണ്ട് ഫ്രാൻസ്, ഓസ്‌ട്രേലിയ

റഗ്ബി ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് നിലവിലെ ജേതാക്കൾ ആയ ന്യൂസിലാൻഡ് തുടക്കം ഗംഭീരമാക്കി. 23-13 എന്ന സ്കോറിന് ആയിരുന്നു ഓൾ ബ്ളാക്‌സ് ജയം കണ്ടത്. ആദ്യ പകുതിയിൽ 5 മിനിറ്റിനുള്ളിൽ 17 പോയിന്റുകൾ നേടിയ പ്രകടനം ആണ് ന്യൂസിലാൻഡിനു നിർണായകമായത്. തിരിച്ചു വരവിനുള്ള സകലശ്രമവും സ്പ്രിങ് ബോക്‌സ് നടത്തിയെങ്കിലും ഓൾ ബ്ളാക്‌സിന്റെ കരുത്തിനു മുന്നിൽ അതൊന്നും വിലപോയില്ല. സ്‌കോട്ട് ബാരെറ്റിന്റെ മൂന്നും പ്രകടനം ആണ് ന്യൂസിലാൻഡ് ജയത്തിൽ നിർണായകമായത്. സ്‌കോട്ട് തന്നെയായിരുന്നു കളിയിലെ കേമനും. ഇതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമത് ആവുക എന്ന കടമ്പയിലേക്ക് ന്യൂസിലാൻഡ് അടുത്തു. 2007 നു ശേഷം ലോകകപ്പിൽ തോൽവി അറിയാത്ത ന്യൂസിലാൻഡിന്റെ തുടർച്ചയായ 15 മത്തെ ജയം ആണ് ലോകകപ്പിൽ ഇത്.

അതേസമയം ഗ്രൂപ്പ് സിയിലെ കരുത്തർ തമ്മിലുള്ള മുഖാമുഖത്തിൽ ഫ്രാൻസ് അർജന്റീനയെ 23-21 എന്ന സ്കോറിന് മറികടന്നു. ആവേശകരമായ മത്സരത്തിൽ അർജന്റീനയുടെ കടുത്ത വെല്ലുവിളിയാണ് ഫ്രാൻസ് നേരിട്ടത്. 20-3 ൽ നിന്നു തിരിച്ചു വന്ന അർജന്റീന സകല കരുത്തും ഉപയോഗിച്ച് പൊരുതി നോക്കിയെങ്കിലും ഫ്രാൻസ് വിട്ട് കൊടുത്തില്ല. ഇതോടെ മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ അർജന്റീനയുടെ നില പരുങ്ങലിൽ ആയി. ഇംഗ്ലണ്ട് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ മുന്നോട്ടു പോവാൻ അർജന്റീന ഇനി നന്നായി വിയർക്കേണ്ടി വരും. അതിനാൽ തന്നെ വളരെ നിർണായകജയം ആണ് ഫ്രാൻസിന് ഇത്.

ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയ ഫിജിയെ തകർക്കുന്നതും ഇന്ന് കണ്ടു. 39-21 എന്ന സ്കോറിന് ആയിരുന്നു ഓസ്‌ട്രേലിയ ജയം കണ്ടത്. വെയിൽസ് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ അപകടകാരികൾ ആയ ഫിജിക്ക് എതിരെയുള്ള ജയം ഓസ്‌ട്രേലിയക്ക് നിർണായകമാണ്. ലോകകപ്പിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ 10.15 നു ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇറ്റലി നമീബിയെ നേരിടുമ്പോൾ രണ്ടാം മത്സരം ഗ്രൂപ്പ് എയിലെ ആധിപത്യം നേടാനായുള്ള അയർലൻഡ് സ്‌കോട്ട്‌ലൻഡ് പോരാട്ടം ആവും. ലോകകപ്പിലെ തന്നെ ആവേശപോരാട്ടം ആവും 12.15 നു തുടങ്ങുന്ന ഈ മത്സരം. ലോകകപ്പ് നേടാൻ പലരും വലിയ സാധ്യത ആണ് അയർലൻഡിനു നൽകുന്നത്. നാളത്തെ അവസാനമത്സരം 3.15 നു മുൻജേതാക്കൾ ആയ ഇംഗ്ലണ്ടും ടോങോയും തമ്മിൽ ആണ്. മരണഗ്രൂപ്പിൽ ജയം കാണേണ്ടതിനാൽ ജയത്തിൽ കുറഞ്ഞ ഒന്നും ഇംഗ്ലണ്ട് മത്സരത്തിൽ നിന്നു പ്രതീക്ഷിക്കുന്നില്ല.

റഷ്യയെ തോൽപ്പിച്ച് ജപ്പാൻ, റഗ്ബി ലോകകപ്പിന് തുടക്കമായി

ഏഷ്യയിലെ ആദ്യ ലോകകപ്പിന് ജപ്പാനിൽ തുടക്കമായി. വർണാഭമായ കലാപരിപാടികൾക്ക് ശേഷം ലോക റഗ്ബി ചെയർമാനും മുൻ ഇംഗ്ലീഷ് നായകനും ആയ സർ ബിൽ ബോർമൗണ്ട് ആണ് റഗ്ബി ലോകകപ്പിന് തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ 5 മത്തെ മിനിറ്റിൽ തന്നെ ട്രൈ നേടിയ റഷ്യ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജപ്പാൻ കാണികളെ ഞെട്ടിച്ചു. എന്നാൽ തങ്ങളെക്കാൾ 10 റാങ്ക് പിറകിലുള്ള റഷ്യയുടെ കടുത്ത ചെറുത്ത് നിൽപ്പിനെ ക്ഷമയോടെ മറികടക്കുന്ന ജപ്പാനെയാണ് പിന്നീട്‌ കണ്ടത്.

2015 ൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ജപ്പാൻ 30-10 നു എന്ന സ്കോറിന് ആണ് റഷ്യയെ മറികടന്നത്. 2011 നു ശേഷം ആദ്യമായി റഗ്ബി ലോകകപ്പ് കളിക്കുന്ന റഷ്യക്ക് എതിരെ വിങർ കൊട്ടാരോ മറ്റ്സുഷുമൊയുടെ ഹാട്രിക്ക് ആണ് ജപ്പാന്റെ ജയത്തിൽ നിർണായകമായത്. 2 പെനാൽട്ടികൾ സ്‌കോർ ആക്കി മാറ്റിയ യു തമുരയും ജപ്പാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. അയർലൻഡ്, സ്‌കോട്ട്‌ലൻഡ് ടീമുകൾക്ക് വലിയ സാധ്യത നൽകുന്ന ഗ്രൂപ്പിൽ ജപ്പാന് ഈ ജയം ആത്മവിശ്വാസം നൽകും.

റഗ്ബി ലോകകപ്പിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ഫിജിയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കരുത്തർ ആയ ഫ്രാൻസും അർജന്റീനയും നേർക്കുനേർ വരും. ലോകം കാത്തിരിക്കുന്ന മൂന്നാം മത്സരത്തിൽ നിലവിലെ ജേതാക്കൾ ആയ ന്യൂസിലാൻഡ് മുൻ ജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം തന്നെയാവും ആരാധകർ പ്രതീക്ഷിക്കുക. ആദ്യ മത്സരം ഇന്ത്യൻ സമയം 10.15 നും രണ്ടാം മത്സരം 12.45 നും നടക്കുമ്പോൾ 3.15 നാണ് മൂന്നാം മത്സരം. റഗ്ബി ലോകകപ്പ് സോണി ടെൻ 2 വിലും സോണി ടെൻ 2 ഹൈ ഡെഫനിഷനിലും തത്സമയം കാണാവുന്നതാണ്.

ആവേശമാവാൻ റഗ്ബി ലോകകപ്പ്, നാളെ തുടക്കം

റഗ്ബി ലോകകപ്പിന് നാളെ ജപ്പാനിൽ തുടക്കം. ആധിപത്യം തുടരാൻ ന്യൂസിലാൻഡിന്റെ ‘ഓൾ ബ്ളാക്‌സ്’ ഇറങ്ങുമ്പോൾ അവരെ എന്ത് വിലകൊടുത്തും തടയുക എന്ന വലിയ ലക്ഷ്യവുമായാണ് മറ്റ് ടീമുകൾ ലോകകപ്പിന് എത്തുക. 4 ഗ്രൂപ്പുകളിൽ ആയി 5 വീതം ടീമുകൾ അണിനിരക്കുന്ന ലോകകപ്പിൽ മൊത്തം 20 ടീമുകൾ ആണ് പങ്കെടുക്കുക. 2011 ലും 2015 ലും തുടർച്ചയായി ലോകകപ്പ് നേടിയ ന്യൂസിലാൻഡ്, 2007 ലെ ജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയുടെ ‘സ്പ്രിങ് ബോക്‌സ്’ എന്നിവർക്ക് പുറമെ 2018 ൽ മികച്ച പ്രകടനം തുടർന്ന അയർലൻഡ് എന്നിവർക്കാണ് കിരീടം നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. 2018 ൽ ന്യൂസിലാൻഡ് തോൽക്കുമെന്നു തെളിയിച്ച ദക്ഷിണാഫ്രിക്കയും അയർലൻഡ് ടീമുകൾ ഇത്തവണ ഓൾ ബ്ളാക്സിനു കനത്ത വെല്ലുവിളി ഉയർത്തും എന്നതിൽ സംശയം ഇല്ല.

ആതിഥ്യം വഹിക്കുന്ന ജപ്പാൻ, അയർലൻഡ്, സ്‌കോട്ട്‌ലൻഡ്, റഷ്യ, സമോവ ടീമുകൾ ആണ് ഗ്രൂപ്പ് എയിൽ അണിനിരക്കുന്നത്. 2018 ൽ 1995 നു ശേഷം ആദ്യമായി ന്യൂസിലാൻഡ് ടീമിനെ ഒരു ട്രൈ പോലും നേടാൻ സമ്മതിക്കാതെ ജയിച്ച 6 ടീമുകളുടെ ഗ്രാന്റ്‌ സ്‌ലാമിലും കിരീടം നേടിയ അയർലൻഡിനാണ് ഗ്രൂപ്പിൽ നിന്നു മുന്നേറാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്നത്. ജാക്ക് കോനൻ, സാന്റർ, പീറ്റർ ഒമഹോനി തുടങ്ങിയവർ അണിനിരക്കുന്ന അയർലൻഡ് ടീമിന് ഗ്രൂപ്പിൽ നിന്നും മുന്നോട്ടുള്ള പ്രയാണം എളുപ്പം ആവും എന്നു തന്നെ കരുതാം. ഡാർസി ഗ്രഹാം കരുത്ത് പകരുന്ന സ്‌കോട്ട്‌ലൻഡ് ടീമിനൊപ്പം ജപ്പാനെയും ഗ്രൂപ്പിൽ എഴുതിതള്ളാൻ ആവില്ല. കസുക്കി ഹിമെനോ ആണ് നാട്ടുകാരുടെ വലിയ പ്രതീക്ഷ. എന്നും ലോകകപ്പിൽ അട്ടിമറികൾ ശീലിച്ച സമോവയെയും കരുതിത്തന്നെ ഇരിക്കണം. സാന്നിധ്യം അറിയിക്കുന്നതിനു അപ്പുറം വല്ലതും ചെയ്യാൻ റഷ്യക്ക് ആവുമോ എന്നു കണ്ടറിയണം. ഡാഗിർ ഗാദ്ചീവ്‌ ആണ് അവരുടെ ശ്രദ്ധേയ താരം. അയർലൻഡ്, സ്‌കോട്ട്‌ലൻഡ് ടീമുകൾ തന്നെയാണ് ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമുകൾ.

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം കടുക്കും. ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾക്ക് പുറമെ ഇറ്റലി, കാനഡ, നമീബിയ ടീമുകൾ ആണ് ഗ്രൂപ്പ് ബിയിൽ അണിനിരക്കുന്നത്. തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കക്കും കിരീടം നിലനിർത്താൻ ഇറങ്ങുന്ന ന്യൂസിലാൻഡിനും രണ്ടാം സ്ഥാനം എന്നത് അത്ര പ്രിയപ്പെട്ട ഒന്നാവില്ല. രണ്ടാം സ്ഥാനം കിട്ടുന്ന ടീം ക്വാട്ടർ ഫൈനലിൽ അയർലൻഡ് ടീമിനെ നേരിടേണ്ടി വരും എന്നതിനാൽ എന്ത് വിലകൊടുത്തും ഒന്നാം സ്ഥാനം നേടുക ആവും ഇരു ടീമുകളുടെയും ലക്ഷ്യം. മുഖ്യാതാരം ടി ജെ പെരെനാറ, 25 കാരൻ ആന്റി സവയേ എന്നിവർ ആണ് ഓൾ ബ്ളാക്സിന്റെ പ്രധാനതാരങ്ങൾ. മറുവശത്ത് ഡയന്റിയുടെ അഭാവത്തിൽ ഇറങ്ങുന്ന സ്പ്രിങ് ബോക്സിന്റെ പ്രധാനശക്തി സബു കോസിയിൽ ആണ്. ജയം ശീലമാക്കിയ ന്യൂസിലാൻഡ് ടീമിനെ 2018 ൽ തോൽപ്പിച്ചത് ദക്ഷിണാഫ്രിക്കക്ക് വലിയ ആത്മവിശ്വാസം നൽകും. ഗ്രൂപ്പിലെ മറ്റ്‌ ടീമുകൾ ആയ ഇറ്റലി, നമീബിയ, കാനഡ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടക്കാൻ റഗ്ബി ലോകകപ്പിലെ തന്നെ ഏറ്റവും വലിയ അട്ടിമറികൾക്ക് ജപ്പാൻ സാക്ഷിയാകേണ്ടി വരും എന്നത് തന്നെയാണ് വാസ്തവം.

ഈ ലോകകപ്പിലെ മരണഗ്രൂപ്പ് എന്ന് തന്നെ ഗ്രൂപ്പ് സിയെ വിശേഷിപ്പിക്കാം. യു.എസ്.എ, ടോങ ടീമുകൾക്ക് പുറമെ റഗ്ബിയിലെ പരമ്പരാഗത ശക്തികൾ ആയ ഇംഗ്ലണ്ട്, ഫ്രാൻസ്, അർജന്റീന ടീമുകൾ ഗ്രൂപ്പിൽ മുഖാമുഖം വരുമ്പോൾ വമ്പൻ ടീമുകളിൽ ഒന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോകും എന്നുറപ്പാണ്. 25 കാരൻ ജോ ടോഫെറ്റെയുടെ ശക്തിയിൽ ഇറങ്ങുന്ന യു.എസ്.എ അവരുടേതായ ദിനം അപകടകാരികൾ ആണ്. എങ്കിലും മത്സരം ഇംഗ്ലണ്ട്, ഫ്രാൻസ്, അർജന്റീന ടീമുകൾ തന്നെയാവും. 2003 ലെ ജേതാക്കൾ ആയ റഗ്ബിയുടെ ജന്മഭൂമി ആയ ഇംഗ്ലീഷ് ടീമിന്റെ പ്രധാനകരുത്ത് 26 കാരൻ ആയ ഹെൻറി സ്ലേഡ് ആണ്. യുവതാരം 21 കാരൻ ഡെബ ബാമ്പയുടെ സാന്നിധ്യം ഫ്രാൻസിനെ കൂടുതൽ അപകടകാരികൾ ആക്കുന്നുണ്ട് എന്നതാണ് വാസ്തവം. എന്നും റഗ്ബിയിലെ വലിയ ശക്തിയായ അർജന്റീനയുടെ പ്രധാന താരം 24 കാരൻ എമിലിയാനെ ബോഫേല്ലിയാണ്. മരണഗ്രൂപ്പിൽ ഏത് പ്രധാന ടീമാണ് പുറത്ത് പോവുക എന്ന ചോദ്യം ആവും ഗ്രൂപ്പ് ഘട്ടത്തിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുക.

റഗ്ബിയിലെ പ്രാധാനശക്തികൾ ആയ ഓസ്‌ട്രേലിയ, വെയിൽസ് ടീമുകൾ അണിനിരക്കുന്ന ഗ്രൂപ്പ് ഡിയിൽ ഫിജി, ഉറുഗ്വായ്, ജോർജിയ ടീമുകളും കളത്തിൽ ഇറങ്ങുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് വാതുവെപ്പ് ആരോപണത്തെ തുടർന്ന് പരിശീലകനെ നാട്ടിലേക്ക് അയച്ച വെയിൽസിന് അത് തിരിച്ചടി ആവുമോ എന്നു കണ്ടറിയണം. അതിനാൽ തന്നെ ഓസ്‌ട്രേലിയ, വെയിൽസ് ടീമുകൾക്ക് ഒപ്പം സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കൊണ്ട് തിളങ്ങിയ ഫിജിയെ കുറച്ച് കാണാൻ ആവില്ല. ഫിജിയിൽ ജനിച്ച 24 കാരൻ ആയ ഇസി നയ്സറാനിയാണ് ഓസ്‌ട്രേലിയയുടെ പ്രമുഖതാരം. യുവതാരം ജോഷ് ആദംസിൽ വലിയ പ്രതീക്ഷ വച്ച് പുറത്തുന്നു വെയിൽസും. പെസെലി യാറ്റോ ആണ് ഫിജിയിൽ ശ്രദ്ധിക്കേണ്ട താരം. ഗ്രൂപ്പിൽ വലുതായി എന്തെങ്കിലും ചെയ്യാൻ ഉറുഗ്വായ്, ജോർജിയ ടീമുകൾക്ക് ആവുമോ എന്നു കണ്ട് തന്നെ അറിയണം. ജപ്പാൻ ലോകകപ്പിൽ തുടർച്ചയായ മൂന്നാം പ്രാവശ്യവും കിരീടം നേടാൻ ന്യൂസിലാൻഡിന്റെ വിഖ്യാതമായ ‘ഓൾ ബ്ളാക്‌സ്’ ടീമിന് ആവുമോ അല്ല പുതിയ ജേതാക്കൾ പ്രത്യക്ഷപ്പെടുമോ എന്നത് തന്നെയാവും പ്രധാനമായും ഉയർന്നു കേൾക്കാവുന്ന ചോദ്യം.

മണ്ടേലയുടെ പ്രിയപ്പെട്ട റഗ്ബി താരം ചെസ്റ്റർ വില്യംസ് അന്തരിച്ചു

1995 ലെ റഗ്ബി ലോകകപ്പ് നേടിയ ദക്ഷിണാഫ്രിക്കൻ ടീമിലെ അംഗം ആയ ചെസ്റ്റർ വില്യംസ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് 49 കാരൻ ആയ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ റഗ്ബി താരം മരണപ്പെട്ടത്. കായികമത്സരങ്ങൾക്ക് ഒരു രാജ്യത്തെ ഒന്നിപ്പിക്കാം എന്നു, അടിമയാക്കപ്പെട്ട ഒരു ജനതയെ കൊണ്ട് പൊറുക്കാൻ പഠിപ്പിക്കാം എന്നു, ഉടമയായി ചമഞ്ഞവരെ തിരുത്താം എന്നു ലോകത്തെ പഠിപ്പിച്ച ഒരു മനുഷ്യൻ ഉണ്ട് നെൽസൺ മണ്ടേല, ലോകത്തിന്റെ പ്രിയപ്പെട്ട മാഡിബ. റഗ്ബി ഉപയോഗിച്ച് മണ്ടേല ദക്ഷിണാഫ്രിക്കയെ ഒരുമിപ്പിച്ചു എന്ന കഥ എന്നും ഏതു സിനിമകഥയെയും വെല്ലുന്നത് തന്നെയാണ്. എന്നും വെള്ളക്കാരന്റെ കായിക ഇനം ആയി ദക്ഷിണാഫ്രിക്കക്കാർ കണ്ട കായിക ഇനം ആയിരുന്നു റഗ്ബി. വെള്ളക്കാർ റഗ്ബി കളിക്കുമ്പോൾ ഫുട്‌ബോൾ ആയിരുന്നു കറുത്തവന്റെ മത്സരം. തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു വംശീയത തുടർന്ന വെള്ളക്കാർ എന്നും ദക്ഷിണാഫ്രിക്കയിലെ ഭൂരിഭാഗം വരുന്ന കറുത്തവരുടെ ശത്രുക്കൾ ആയിരുന്നു. അതിനാൽ തന്നെ സ്പ്രിങ് ബോക്‌ എന്നു ഓമനപ്പേരിട്ട് വെള്ളക്കാർ വിളിച്ച റഗ്ബി ടീമും അവർക്ക് ശത്രുക്കൾ ആയിരുന്നു.

പലപ്പോഴും വെള്ളക്കാരുടെ മാത്രം മത്സരം എന്നിടത്ത് നിന്നാണ് ആ ടീമിലേക്ക് തന്റെ വേഗം കൊണ്ട് വിങർ ആയ ചെസ്റ്റർ വില്യംസ് എന്ന കരുത്തവർഗ്ഗക്കാരൻ ഇടം കണ്ടത്തുന്നത്. ചെസ്റ്ററിന്റെ ടീമിലേക്കുള്ള വരവ് പല കറുത്തവർഗ്ഗക്കാരുടെയും റഗ്ബിയോടുള്ള സമീപനം മാറ്റി. എങ്കിലും 1995 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് മത്സരങ്ങളിലും ടീമിനെ പിന്തുണക്കാൻ ഭൂരിഭാഗം പേരും തയ്യാറായില്ല. എന്നാൽ ടീമിനായി ‘മാഡിബ’ തന്നെ രംഗത്ത് ഇറങ്ങിയപ്പോൾ ലോകം തന്നെ അമ്പരന്നു. റഗ്ബിയിലൂടെ ദക്ഷിണാഫ്രിക്കയെ ഒന്നിപ്പിക്കാം എന്നു കറുത്തവന്റെയും വെളുത്തവന്റെയും അതിർവരമ്പുകൾ മായിച്ചു കളയാം എന്നു മണ്ടേല തിരിച്ചറിഞ്ഞു. ഫൈനലിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിനു മുമ്പ് വെള്ളക്കാരുടെ അഭിമാനത്തിന്റെ പ്രതീകം എന്നു വിളിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ ജേഴ്സി അണിഞ്ഞ് പ്രത്യക്ഷപ്പെട്ട മണ്ടേല കായികരംഗം ഒരിക്കലും മറക്കാൻ ആവാത്ത ചിത്രം ആണ്. ആ ലോകകപ്പിൽ ജയം നേടിയ ടീം രാജ്യത്തെ ഒരുമിപ്പിക്കുക തന്നെയായിരുന്നു ചെയ്തത്.

ടീമിലെ മറ്റ് താരങ്ങൾ എന്ന പോലെ മണ്ടേലക്ക് ഏറെ പ്രിയപ്പെട്ട താരം ആയിരുന്നു ചെസ്റ്റർ. ആ ലോകകപ്പ് ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ നിർണായക പങ്ക് ആണ് ചെസ്റ്റർ വില്യംസ് നടത്തിയത്. 1993 മുതൽ 2000 വരെ ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിൽ കളിച്ച ചെസ്റ്റർ എന്നും ഓർമ്മിക്കപ്പെടുക ദക്ഷിണാഫ്രിക്കയിലെ റഗ്ബിയിലേക്ക് കറുത്തവർക്ക് ഒരു പാത തുറന്ന താരം എന്ന നിലയിൽ തന്നെയാവും. നെൽസൺ മണ്ടേല എന്ന പോലെ ആ റഗ്ബി ടീമിലെ ഓരോ അംഗങ്ങളെ എന്ന പോലെ ചെസ്റ്റർ വില്യംസും ചെയ്തത് റഗ്ബിയിലൂടെ ഒരു വലിയ രാജ്യത്തെ ഒരുമിപ്പിക്കുക എന്നത് തന്നെയായിരുന്നു. കായികപ്രേമികൾക്ക് ഒരിക്കലും മറക്കാൻ ആവാത്ത പേരുകളിൽ ഒന്ന് തന്നെയാണ് ചെസ്റ്റർ വില്യംസിന്റേത്. പലപ്പോഴും കായികരംഗത്തെ മഹത്തരം ആക്കുന്നത് ഇത് പോലുള്ള ജീവിതങ്ങൾ ആണ്, ആദരാഞ്ജലികൾ ചെസ്റ്റർ വില്യംസ്.

ചരിത്രം കുറിച്ച് ഇന്ത്യ, സിംഗപ്പൂരിനെ വീഴ്ത്തി

തങ്ങളെക്കാള്‍ വലിയ റാങ്കിലുള്ള സിംഗപ്പൂരിനെ അട്ടിമറിച്ച്, തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യ റഗ്ബി വിജയം സ്വന്തമാക്കി ഇന്ത്യ. റഗ്ബിയില്‍ 15 അംഗ ടീം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ആദ്യ വിജയമാണ് ഇത്. 21-19 എന്ന സ്കോറിനാണ് ഇന്ത്യയുടെ ഈ വിജയം. ആദ്യ മത്സരത്തില്‍ ഇന്ത്യ ഫിലിപ്പൈന്‍സിനോട് പൊരുതി തോറ്റിരുന്നു.4

വിജയത്തോടെ ഏഷ്യന്‍ റഗ്ബി വനിത ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടി. ഫിലിപ്പൈന്‍സിനോട് ഇന്ത്യ 27-32 എന്ന സ്കോറിനാണ് കീഴടങ്ങിയത്.

ഫിലിപ്പൈന്‍സിനോട് പൊരുതി തോറ്റ് ഇന്ത്യ

ഏഷ്യ റഗ്ബി വനിത ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആതിഥേയരായ ഫിലിപ്പൈന്‍സിനോട് 32-27 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 10-15 എന്ന സ്കോറിന് ഇന്ത്യ പിന്നിലായിരുന്നു. ശനിയാഴ്ച സിങ്കപ്പൂരാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

ഇന്ത്യയുടെ മത്സരങ്ങള്‍ തത്സമയം റഗ്ബി ഇന്ത്യയുടെ എഫ്ബി പേജില്‍ കാണാവുന്നതാണ്.

Exit mobile version